സംസ്ഥാനത്തെ റോഡ് അറ്റകുറ്റപ്പണികളുടെ ഏകോപനത്തിനായി സംസ്ഥാന ഐടി മിഷൻ വികസിപ്പിച്ചെടുത്ത സുഗമ പോർട്ടലിൽ റോഡ് കുഴിക്കാനായി ഇതുവരെ ലഭിച്ചത് 28,387 അപേക്ഷകൾ. കൂടുതൽ അപേക്ഷകൾ ലഭിച്ചത് തിരുവനന്തപുരത്താണ്, 5485 എണ്ണം. കുറവ് വയനാട് ജില്ലയിലും, 327. 4355 അപേക്ഷകളിലാണ് റോഡ് കുഴിക്കാൻ അനുമതി നൽകിയത്. ഏകോപനമില്ലാതെ റോഡുകൾ തോന്നിയപടി കുഴിക്കുന്നത് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് 2020ൽ ആര്‍ഒഡബ്ല്യു എന്ന പോർട്ടൽ ആരംഭിച്ചത്. പിന്നീടതിന് സുഗമ എന്ന പേര് നൽകുകയായിരുന്നു.
ജലഅതോറിറ്റിയാണ് പോർട്ടലിൽ ഇതുവരെ ഏറ്റവും കൂടുതൽ അപേക്ഷകൾ നൽകിയിട്ടുള്ളത്. 25,379 അപേക്ഷകളാണ് പൊതുമരാമത്തു വകുപ്പിന്റെ പരിഗണനയ്ക്കായി ജലഅതോറിറ്റി സമർപ്പിച്ചത്. ഇതിൽ 3197 അപേക്ഷകൾക്ക് അനുവാദം നൽകി. മറ്റ് ഏജൻസികളുടെ കീഴിൽ റോഡിന്റെ അറ്റകുറ്റപ്പണികളോ റോഡിൽ കുഴിയെടുക്കുകയോ ചെയ്യുന്ന സന്ദർഭത്തിൽ സുരക്ഷാക്രമീകരണങ്ങളുടെയും റോഡ് പൂർവസ്ഥിതിയിലാക്കേണ്ടതിന്റെയും ചുമതല നവീകരണ പ്രവർത്തനങ്ങൾ നടത്തുന്ന ഏജൻസിക്കാണ്.
റോഡ് കുഴിക്കുന്നതിനു പുറമെ റോഡിൽ മറ്റെന്തെങ്കിലും പണി നടത്തുന്നതിനും അനുമതി വാങ്ങണം. മുൻകാലങ്ങളിൽ റോഡ് കുഴിക്കാൻ അനുമതിക്കായി ചുമതലയുള്ള ഏജൻസിയുടെ ഒന്നിലധികം ഓഫീസുകൾ സന്ദർശിക്കേണ്ടിയിരുന്നു. കൂടാതെ യാതൊരു അനുമതിയില്ലാതെയും ചിലർ റോഡുകൾ കുഴിച്ചിരുന്നു.
മറ്റു വ്യക്തികൾക്കും വകുപ്പുകൾക്കും സംഘടനകൾക്കും റോഡ് ഏതെങ്കിലും ആവശ്യത്തിനായി കുഴിക്കേണ്ടി വന്നാൽ പോർട്ടൽ വഴി അപേക്ഷ നൽകണം. പണിക്കു ശേഷം റോഡ് പുനഃസ്ഥാപന തുക ഓൺലൈനായി അടയ്ക്കുകയും ചെയ്യാം.
റോഡ് സ്‌കെച്ച്, റോഡ് കട്ടിങ്ങിന്റെ ജിഐഎസ് ഭൂപടം തുടങ്ങിയ രേഖകൾ ഓൺലൈനായി തന്നെ സമർപ്പിക്കാനും സാധിക്കും. ഇതിനു പുറമെ പൊതുമരാമത്തു വകുപ്പ്, വാട്ടർ അതോറിട്ടി എന്നീ ഏജൻസികൾ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പ്രവർത്തികളുടെ സമയക്രമവും പോർട്ടലിൽ ലഭ്യമാകും. (www.rowservices. keralagov.in) പോർട്ടലിലൂടെ ഓൺലൈനായി അപേക്ഷ നൽകാം. പൊതുമരാമത്ത് വകുപ്പിന്റെ വിവിധ വിഭാഗങ്ങളും വിവിധ ഏജൻസികളും പോർട്ടലിൽ ലോഗിൻ ചെയ്യണം.
English Summary:28,387 applications were received for road digging
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.