3 May 2024, Friday

Related news

May 3, 2024
May 3, 2024
May 2, 2024
April 30, 2024
April 21, 2024
April 15, 2024
April 13, 2024
April 4, 2024
March 18, 2024
March 12, 2024

പണക്കൊഴുപ്പിന്റെ കൂടാരമാകുകയാണോ ക്രിക്കറ്റ്; പന്ന്യന്‍ രവീന്ദ്രന്‍ എഴുതുന്നു

Janayugom Webdesk
July 17, 2022 11:01 pm

പണം വാരിക്കൂട്ടുന്ന കളിയാണ് ക്രിക്കറ്റ്. പഴയകാലത്ത് ഇംഗ്ലീഷ് മടിയന്മാർ സൃഷ്ടിച്ചതായിരുന്നു അത്. ഏകദിന മത്സരങ്ങൾ വന്നപ്പോൾ കളിമാറി. ആസ്വാദകർക്ക് ഹരംനൽകുന്ന മത്സരം തന്നെയായി. ട്വന്റി20യിൽ ഐപിഎല്ലിന്റെ വരവോടെ ചടുലമായ കളിയും ആവേശവും വളർന്നുവന്നു. വലിയ കാത്തിരിപ്പില്ലാതെ കളി തീരുന്നതും റൺമഴ പെയ്യുന്നതും ആവേശത്തിരയിളക്കം തന്നെ സൃഷ്ടിച്ചു. ഏകദിനത്തിൽ അമ്പത് ഓവറിൽ അടിച്ചെടുക്കുന്ന റണ്ണുകളെ നിഷ്പ്രഭമാക്കുന്ന തരത്തിൽ ഇരുപത് ഓവറിൽ റണ്ണൊഴുക്ക് സാധാരണമായി. 

ലോകക്രിക്കറ്റിൽ ഇന്ത്യൻ താരങ്ങൾ ഒട്ടേറെ റെക്കോഡുകൾ സ്വന്തമാക്കിയവരാണ്. ചരിത്രത്തിന്റെ നാൾവഴികളിൽ ഇന്ത്യയുടെ ടീം ആരോടും മത്സരിക്കാനും ജയിക്കാനും പറ്റുന്ന സംഘമായിരുന്നു. ടെസ്റ്റിലും ഏകദിനത്തിലും ട്വന്റി20യിലും വമ്പന്മാരും വിജയികളുമായിരുന്നു. ഒത്തിരി പ്രതിഭാശാലികളുടെ രാജ്യവുമാണ്. കഴിഞ്ഞ ദിവസം ലണ്ടനിലെ ഓവൽ സ്റ്റേഡിയത്തിൽ ഇംഗ്ലണ്ടിനെ തകർത്തെറിഞ്ഞത് പത്ത് വിക്കറ്റിന് ആയിരുന്നു. 188 പന്തുകൾ ബാക്കി നിൽക്കെ ഇംഗ്ലീഷുകാരെ അത്ഭുതപ്പെടുത്തിയാണ് വിജയം സ്വന്തമാക്കിയത്. ജസ്പ്രീത് ബുംറയാണ് ഇംഗ്ലണ്ടിന്റെ ചിറകരിഞ്ഞത്. പത്തൊമ്പത് റൺമാത്രം വിട്ടുകൊടുത്ത്, ആറ് വിക്കറ്റാണ് ബുംറ പിഴുതെടുത്തത്. 

ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ ഏറ്റവും കുറഞ്ഞ സ്കോറും ഈ കളിയിലായിരുന്നു. നമ്മുടെ താരനിരയിൽ ആരെയും വെല്ലാനും നിർഭയം പോരാടി ജയിച്ചു കയറാനും പറ്റിയ കളിക്കാരുണ്ടെന്നത് നഗ്നസത്യമാണ്. എന്നാൽ പ്രധാന കളിക്കാരുടെ ഇഷ്ടത്തിനും അനിഷ്ടത്തിനും വഴങ്ങുന്ന സ്ഥിതി പലപ്പോഴും പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്. പഴയ മുതിര്‍ന്ന കളിക്കാരനായ സുനിൽ ഗവാസ്കർ ശ്രദ്ധേയമായൊരു വസ്തുത പറഞ്ഞു. നമ്മുടെ സീനിയർ കളിക്കാർക്ക് ഇടയ്ക്കിടെ അവധി കൊടുക്കുന്നത് അനുചിതമാണെന്നാണ് അദ്ദേഹം പരസ്യമായി പ്രതികരിച്ചത്. സീനിയർ താരങ്ങൾ പലരും കളിയിൽ അവരുടെ അത്യാവശ്യം എന്തെന്ന് ബോധ്യപ്പെട്ടിട്ടും ഇടയ്ക്കിടെ വിശ്രമം ആവശ്യപ്പെടുന്നു. പണത്തിന്റെ കാര്യത്തിൽ പഞ്ഞമില്ല. സച്ചിനെപ്പോലുള്ളവർ മാതൃകയായിരുന്നു. കളിക്കുന്നത് രാജ്യത്തിന് വേണ്ടിയാണെന്ന ചിന്ത അവരെ ബാധിക്കുന്നേയില്ല. വിശ്രമം ആവശ്യപ്പെട്ട് മാറിനിൽക്കുന്നവർ ഐപിഎല്ലിൽ ഒരു കുഴപ്പവുമില്ലാതെ കളിക്കുന്നുണ്ടല്ലോ. അവിടെ അസുഖം അവധിക്കുപോവുകയാണോ? ഗവാസ്കർ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് ഇതു പറഞ്ഞത്. ഐപിഎല്ലിൽ കൂടിയ പണം കിട്ടുന്നതുകൊണ്ട് കളിക്കാർക്ക് ഒരുതരത്തിലുള്ള മുടക്കവുമില്ല. കളിയിലും സത്യസന്ധത കാട്ടേണ്ടത് ഓരോ കളിക്കാരന്റെയും കടമയാണ്. 

ഗവാസ്കർ തുടർന്നു, ഈ മാസം ഒടുവിൽ നടക്കുന്ന വെസ്റ്റിൻഡീസിനെതിരായ ഏകദിനപരമ്പരയിൽ രോഹിത് ശർമ്മ, കോലി, ബുംറ, ഹർദിക് പാണ്ഡ്യ, റിഷഭ് പന്ത് എന്നിവർക്ക് വിശ്രമം കൊടുത്തു. ഇത് ശരിയല്ല. ‘കളിക്കാർ ഇങ്ങനെ വിശ്രമം ആവശ്യപ്പെടുന്നത് ശരിയല്ല. ഐപിഎല്ലിൽ തുടർച്ചയായി രണ്ടു മാസം കളിക്കുന്നതിനിടെ ആരും വിശ്രമം ആവശ്യപ്പെടുന്നില്ലല്ലോ?’ രാജ്യത്തിനുവേണ്ടി കളിക്കാൻ താരങ്ങൾ തയാറാകണം. ടെസ്റ്റിൽ ആണെങ്കിൽ ഒരു ദിവസം മുഴുവൻ ഗ്രൗണ്ടിൽ നിൽക്കണം. അത് കളിക്കാരെ ക്ഷീണിപ്പിക്കും. പക്ഷെ ട്വന്റി20 മത്സരത്തിൽ 20 ഓവറല്ലേയുള്ളു. ഗവാസ്കർ പറയുന്നത് ശരിയാണ്, പക്ഷെ അദ്ദേഹം അതിൽ ഒരു കാര്യം ബോധപൂർവം വിട്ടുകളഞ്ഞു. അത് സെലക്ഷനിൽ കാണിക്കുന്ന വിവേചനവും അനീതിയുമാണ്. മലയാളിയായ സഞ്ജു സാംസണ് കളിയിൽ ഇടമില്ലാത്തത് എന്തുകൊണ്ടാണെന്ന് ഉത്തരവാദപ്പെട്ടവർ പറയുന്നില്ല. പൊതുവിൽ പറഞ്ഞാൽ പണമുണ്ടാക്കാനുള്ള വഴിതേടിപ്പോകുന്നവരുടെ കൂടാരമാകുകയാണോ ക്രിക്കറ്റ് ഭരണകർത്താക്കൾ എന്ന സംശയം ബലപ്പെട്ടുവരികയാണ്. കളിയും അതിൽ കൂടി രാജ്യവും ജയിക്കണം എന്നല്ല അവർ ചിന്തിക്കുന്നത്. താല്പര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടി മാത്രമായ ഒരു സംവിധാനമായി മാറുന്നു ഇന്ത്യൻ ക്രിക്കറ്റിന്റെ പിന്നാമ്പുറം. ലോക റാങ്കിങ്ങിൽ താഴെ ആയാലും അവർക്ക് ഒരു പ്രശ്നവും ഇല്ലല്ലോ. 

Eng­lish Summary:Is crick­et becom­ing a tent of money?
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.