22 November 2024, Friday
KSFE Galaxy Chits Banner 2

Related news

September 29, 2024
September 17, 2024
September 16, 2024
August 23, 2024
August 14, 2024
August 4, 2024
July 20, 2024
July 16, 2024
June 7, 2024
May 28, 2024

കത്തിയമര്‍ന്ന് യൂറോപ്പ്; നദികള്‍ വറ്റി വരണ്ടു

Janayugom Webdesk
July 18, 2022 10:45 pm

യൂറോപ്പിന് ഭീഷണിയായി ഉഷ്ണതരംഗം ശക്തമാകുന്നു. താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ബ്രിട്ടനില്‍ റെഡ് അലര്‍ട്ടും അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചു. പ­കല്‍ സമയങ്ങളില്‍ പുറത്തിറങ്ങരുതെന്നും ജാഗ്രതാ നിര്‍ദ്ദേശമുണ്ട്. അടുത്ത തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ താപനില പരിധിവിട്ടുയരാമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം. താപനില ഉയരുമ്പോള്‍ ഉണ്ടാകുന്ന ഗുരുതര ആരേ­ാഗ്യപ്രശ്നങ്ങള്‍ കണക്കിലെടുത്താണ് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ലണ്ടന്‍, മാഞ്ചസ്റ്റര്‍, വേല്‍ ഓഫ് യോര്‍ക്ക് തുടങ്ങിയ മേഖലകളിലാണ് താപനില ഏറ്റവും കൂടുതല്‍ ഉയരുക. യുകെയില്‍ ഇതിന് മുമ്പ് രേഖപ്പെടുത്തിയ ഉയര്‍ന്ന താപനില 38.7 ഡിഗ്രി സെല്‍ഷ്യസാണ്. 2019 ലായിരുന്നു ഇത്.

യൂറോപ്പിലുടനീളം കാട്ടുതീ രൂക്ഷമായി തുടരുകയാണ്. ആഴ്ചകളുടെ വ്യത്യാസത്തില്‍ യൂറോപ്പിനെ ബാധിച്ച രണ്ടാമത്തെ ഉഷ്ണതരംഗമാണിത്. ഫ്രാന്‍സിലും താപനില റെക്കോഡിലെത്തുമെന്നാണ് പ്രവചനം. കാട്ടുതീ കടുത്ത നാശം വിതച്ച തെക്ക് പടിഞ്ഞാറ് പ്രദേശമായ ജിറോണ്ടെ ഉള്‍പ്പെടെ ഫ്രാന്‍സിലെ 15 മേഖലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഫ്രാന്‍സ്, ഗ്രീസ്, പോര്‍ച്ചുഗല്‍, സ്പെയിന്‍ എന്നിവിടങ്ങളിലുണ്ടായ കാട്ടുതീ വ്യാപക നാശനഷ്ടമുണ്ടാക്കി. ജിറോ­ണ്ടെയിലെ തീപിടിത്തത്തില്‍ 13,000 ഹെക്ടര്‍ ( 32,000 ഏക്കര്‍) വനഭൂമിയാണ് നശിച്ചത്. ഫ്രാന്‍സിലെ ലാന്‍ഡസ് വനമേഖലയില്‍ താപനില 42 സെല്‍ഷ്യസിന് മുകളിലായിരിക്കുമെന്നാണ് പ്രവചനം. ശക്തമായ കാറ്റ് വീശിയടിക്കുന്ന സാഹചര്യത്തില്‍ 16,200 വിനോദ സഞ്ചാരികളെ മേഖലയില്‍ നിന്ന് മാറ്റിപ്പാര്‍പ്പിച്ചു. ആറ് യൂണിറ്റുകളിലായി 200 അഗ്നിശമന സേനാംഗങ്ങളും മൂന്ന് വിമാനങ്ങളും രക്ഷാപ്രവര്‍ത്തനത്തിനായി വിന്യസിച്ചുവെന്ന് ഫ്രഞ്ച് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ മണല്‍ക്കൂനയായ പിലാറ്റ് ഡ്യൂണിന് സമീപമുള്ള ലാ ലഗൂണിലെ കടല്‍ത്തീരത്ത് തീ പടരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

സ്പെയിനില്‍ 22,000 ഹെക്ടറിലധികം വനപ്രദേശങ്ങളാണ് ഇതുവരെ കത്തി നശിച്ചത്. തെക്ക് പടിഞ്ഞാറന്‍ സ്പെയിനില്‍ രണ്ട് മാസങ്ങളിലായി അതി തീവ്ര ചൂടാണനുഭവപ്പെടുന്നത്. സ്വയംഭരണ പ്രദേശമായ എക്സട്രിമദൂരയിലും, ലാസ് ഹാർഡെസിലെ കോമാർക്കയിലും കാട്ടുതീ നിയന്ത്രണാതീതമായി തുടരുകയാണ്. ആളുകളോട് പുറത്തിറങ്ങരുതെന്നാണ് നിര്‍ദ്ദേശം. തീ അണയ്ക്കാനുള്ള ശ്രമത്തിനിടെ മൂന്ന് അഗ്നിശമന സേനാംഗങ്ങള്‍ക്ക് പൊള്ളലേറ്റു. സ്പെയിനില്‍ പല തൊഴില്‍ സ്ഥാപനങ്ങളും ചൂട് കൂടിയതിനാല്‍ പൂട്ടി. ഇറ്റലിയില്‍ 70 വര്‍ഷത്തിനിടെ ആദ്യമായി പോ നദി ഏറ്റവും വലിയ വരള്‍ച്ചയെ നേരിടുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പോര്‍ച്ചുഗീസില്‍ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന താപനിലയായ 47 ഡിഗ്രി സെല്‍ഷ്യസ് അലിജോയിൽ രേഖപ്പെടുത്തി. 27 വര്‍ഷത്തിനിടയിലെ റെ­ക്കോ­ഡ് ചൂടാണ് രേഖപ്പെടുത്തിയത്. കാലാവസ്ഥാ വ്യതിയാനമാണ് യൂറോപ്പിനെ വലയ്ക്കുന്ന ഉഷ്ണതരംഗത്തിന് കാരണമെന്നാണ് വിദഗ്‍ധര്‍ പറയുന്നത്. ഭൂമിയിലെ ഏറ്റവും ചൂടേറിയ സ്ഥലങ്ങളിലൊന്നായ ഡെത്ത് വാലിയിലെ താപനിലയുമായി താരതമ്യപ്പെടുത്തുമ്പോൾ 200 വർഷത്തിനിടയിലെ ഏറ്റവും തീവ്രമായ താപ തരംഗങ്ങളിലൊന്നിലൂടെയാണ് യൂറോപ്പ് കടന്നുപോകുന്നത്. 

Eng­lish Summary;Europe on fire; The rivers dried up
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.