കർഷക — തൊഴിലാളി അവകാശ സമര പോരാട്ടങ്ങൾ ചോര കൊണ്ടു ചുവപ്പിച്ച മലനാടിന്റെ ചരിത്ര വീഥികളെ കോരിത്തരിപ്പിച്ച് നൂറുകണക്കിന് ചുവപ്പു സേനാംഗങ്ങൾ അണിനിരന്ന ഉജ്ജ്വല പ്രകടനത്തോടെ സിപിഐ ജില്ലാ സമ്മേളനത്തിന് നെടുമങ്ങാട്ട് രക്ത പതാക ഉയർന്നു.
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കരുത്ത് വിളിച്ചോതിയ റെഡ് വോളന്റിയർ പരേഡും ബഹുജന റാലിയും അക്ഷരാർത്ഥത്തിൽ മലനാടിനെ പ്രകമ്പനം കൊള്ളിച്ചു. കേരളീയ വേഷം ധരിച്ച നൂറു കണക്കിന് വനിതാ പ്രവർത്തകരുടെ പങ്കാളിത്തം റാലിയെ ശ്രദ്ധേയമാക്കി. വനിതാ ശിങ്കാരിമേളവും ഇരുചക്ര വാഹനങ്ങളും താളമേളങ്ങളും കെട്ടുകാഴ്ചകളും അലങ്കരിച്ച കുതിരകളും അകമ്പടിയായി.
പാർട്ടി അംഗങ്ങളും വർഗ — ബഹുജന പ്രസ്ഥാനങ്ങളിലെ ആയിരക്കണക്കിന് പ്രവർത്തകരും ചിട്ടയോടെ നീങ്ങിയ ജാഥയുടെ മുൻ നിര സമ്മേളന നഗരിയിൽ എത്തുമ്പോഴും പിറകിലെ നിര ജാഥാസംഗമ കേന്ദ്രമായ പഴകുറ്റി ജങ്ഷനിൽ നിന്ന് പുറപ്പെട്ടിരുന്നില്ല. പ്രധാന ബാനറിനു കീഴിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി ആർ അനിൽ, സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ , സംഘാടക സമിതി ചെയർമാൻ അരുൺ കെ എസ്, ജനറൽ കൺവീനർ പാട്ടത്തിൽ ഷെരീഫ് എന്നിവരുടെ നേതൃത്വത്തിൽ മുതിർന്ന നേതാക്കൾ ബഹുജന റാലിക്ക് നേതൃത്വം നൽകി.
പ്രവർത്തകരുടെ അണമുറിയാത്ത ഒഴുക്കും മാനംമുട്ടെ ഉയർന്ന ഇന്‍ക്വിലാബിന്റെ പ്രകമ്പനവും പൈതൃക നഗരിയുടെ രാഷ്ട്രീയ ചരിത്രത്തിൽ പുതിയൊരദ്ധ്യായത്തിന് തുടക്കമിട്ടു.
ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് സാംസ്കാരിക ഘോഷയാത്രകളുടെ അകമ്പടിയിൽ പുറപ്പെട്ട പതാക — കൊടിമര- ബാനർ — ദീപശിഖാ ജാഥകൾ വൈകിട്ട് മൂന്നരയോടെ ആവേശത്തിരകളുയർത്തി പഴകുറ്റി ജങ്ഷനിൽ സംഗമിച്ചതോടെയാണ് റെഡ് വോളന്റിയർ മാർച്ചും ബഹുജന റാലിയും സമാരംഭിച്ചത്.
ഉച്ച കഴിഞ്ഞതോടെ ജാഥാ സംഗമകേന്ദ്രത്തിലേയ്ക്ക് മലയോര മണ്ഡലങ്ങളിലെ പാർട്ടി പ്രവർത്തകരുടെ നിലയ്ക്കാത്ത ഒഴുക്കായിരുന്നു. ബാന്റുമേളത്തിനു തൊട്ടുപിന്നിലായി ചുവപ്പുസേനയുടെ പരേഡ്. പാർട്ടി ജില്ല കൗൺസിലിനു കീഴിലുള്ള 17 മണ്ഡലം കമ്മിറ്റികളിലായി 30 ഓളം പ്ലാറ്റൂണുകളാണ് പരേഡിൽ പങ്കെടുത്തത്. നെടുമങ്ങാട്, അരുവിക്കര, പാലോട് വെഞ്ഞാറമൂട്, വട്ടിയൂർക്കാവ്, പാറശാല, വെള്ളറട, നെയ്യാറ്റിൻകര, കോവളം, വർക്കല, കിളിമാനൂർ , ചിറയിൻകീഴ് ആറ്റിങ്ങൽ, നേമം, കഴക്കൂട്ടം, തിരുവനന്തപുരം എന്നിങ്ങനെ ബാനറുകളുടെ കീഴിലാണ് പരേഡും പ്രകടനവും ക്രമീകരിച്ചിരുന്നത്.
ആയിരത്തിലേറെ വോളന്റിയർമാരിൽ പകുതിയും വനിതാ വോളന്റിയർമാരായിരുന്നു. പിന്നാലെ ചെണ്ടമേളവും ശിങ്കാരിമേളവും പൂക്കുടകളും കേരളീയ വേഷം ധരിച്ച വനിതകളും റാലിയെ വർണ്ണാഭമാക്കി മുന്നേറി. പ്രതിനിധി സമ്മേളന വേദിയായ സത്രം മുക്കിലും ബസ് സ്റ്റാൻഡ് പ്രവേശന കവാടത്തിലും കച്ചേരി നടയിലും വിവിധ ബഹുജന സംഘടനാ പ്രർത്തകർ പരേഡിനും റാലിക്കും അഭിവാദ്യമർപ്പിച്ചു.
ബഹുജന റാലിയുടെ പിറകിലായി ആദ്യം ദീപശിഖ ജാഥയും തൊട്ടുപിന്നിൽ കൊടിമരവും ബാനർ പതാക ജാഥകളും ചന്തമുക്കിലെ പൊതുസമ്മേളന സ്ഥലമായ പി എം സുൽത്താൻ നഗറിലേക്ക് നീങ്ങി. ഒരേ സ്വരത്തിൽ മുദ്രാവാക്യങ്ങളും മുഷ്ടികളും മാനംമുട്ടെ ഉയരവെ, ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ സുൽത്താൻ നഗറിൽ രക്തപതാക ഉയർത്തി. പതാകയ്ക്കൊപ്പം മാനത്ത് മാരിവില്ലു വിരിയിച്ച് കാതടപ്പിക്കുന്ന കതിനാ വെടികളും മുഴങ്ങി.
തിരുവനന്തപുരം: പ്രതിനിധി സമ്മേളനം നാളെ രാവിലെ 10 മണിക്ക് എം സുജനപ്രിയന്‍ നഗറില്‍ (ധനലക്ഷ്മി ഓഡിറ്റോറിയം) സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ദേശീയ എക്‌സിക്യൂട്ടീവ് അംഗം കെ ഇ ഇസ്മായില്‍, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യന്‍ മൊകേരി, എക്‌സിക്യൂട്ടീവ് അംഗം സി ദിവാകരന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
നാളെ രാവിലെ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ പ്രകാശ് ബാബു, ദേശീയ കൗണ്‍സില്‍ അംഗം എന്‍ രാജന്‍ എന്നിവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്യും.
ജില്ലയിലെ 24,000 ലധികം വരുന്ന പാര്‍ട്ടി അംഗങ്ങളെ പ്രതിനിധീകരിച്ച് 17 മണ്ഡലങ്ങളില്‍ നിന്നായി 365 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ദീര്‍ഘമായ ഒരിടവേളയ്ക്കു ശേഷം നെടുമങ്ങാട് നടക്കുന്ന സിപിഐ ജില്ലാ സമ്മേളനം സംഘടനാ കെട്ടുറപ്പിന്റെയും വളർച്ചയുടെയും നേർക്കാഴ്ചയ്ക്കാണ് വേദിയായിരിക്കുന്നത്.
English Summary: The flag was hoisted for the CPI district conference
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.