ഝാര്‍ഖണ്ഡില്‍ ബിജെപിയുടെ കുതിരക്കച്ചവട നീക്കം തിരിച്ചടിക്കുന്നു. 16 ബിജെപി എംഎല്‍എമാര്‍ തങ്ങള്‍ക്കൊപ്പം ചേരുന്നതിന് താല്പര്യം പ്രകടിപ്പിച്ചതായി ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം) നേതാവ് സുപ്രിയോ ഭട്ടാചാര്യ വെളിപ്പെടുത്തി. അനധികൃത ഖനനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഹേമന്ദ് സോറനെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ വേട്ടയാടുന്നതിനിടെയാണ് ജെഎംഎമ്മിന്റെ വെളിപ്പെടുത്തല്‍.
ബിജെപിക്കുള്ളില്‍ ശ്വാസംമുട്ടി കഴിയുന്നവരാണ് ഇവിടത്തെ എംഎല്‍എമാരെന്നും അവര്‍ ജെഎംഎം സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ തയാറാണെന്നും സുപ്രിയോ പറഞ്ഞു. സംസ്ഥാന ബിജെപിയില്‍ വലിയൊരു പിളര്‍പ്പുണ്ടാക്കി തന്നെ എംഎല്‍എമാര്‍ ജെഎംഎമ്മിനൊപ്പം ചേര്‍ന്നേക്കുമെന്നും അദ്ദേഹം ആവകാശപ്പെട്ടു.
ജെഎംഎം ബിജെപി എംഎല്‍എമാരെ നിരീക്ഷിക്കുകയാണ്. അവര്‍ പാര്‍ട്ടി വിടുന്ന കാര്യം ഔദ്യോഗികമായി അറിയിച്ചാല്‍ ജെഎംഎം യുക്തമായ തീരുമാനമെടുക്കും. സംസ്ഥാനത്തെ കോണ്‍ഗ്രസ് എംഎല്‍എമാരെ കൂടെചേര്ത്ത് ഭരണം അട്ടിമറിക്കാന്‍ ബിജെപി ശ്രമം നടത്തുന്നുവെന്ന് മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് സുപ്രിയോ ഇക്കാര്യങ്ങള്‍ പറഞ്ഞത്. എന്നാല്‍ ബിജെപി സംസ്ഥാന വക്താവ് പ്രതുല്‍ ഷാദിയോ ഇതിനെ തള്ളി.
81 അംഗ ഝാര്‍ഖണ്ഡ് നിയമസഭയില്‍ 51 പേരുടെ പിന്തുണയോടെയാണ് ജെഎംഎം, കോണ്‍ഗ്രസ്, ആര്‍ജെഡി, സിപിഐ, എന്‍സിപി എന്നീ കക്ഷികളുടെ സഖ്യം ഭരണം നിര്‍വഹിക്കുന്നത്. 18 അംഗങ്ങളുള്ള കോണ്‍ഗ്രസ്, ജെഎംഎം അവഗണിക്കുന്നുവെന്ന ആക്ഷേപം ഉന്നയിച്ച ഘട്ടത്തിലാണ് ബിജെപി ഇവിടെയും അട്ടിമറി സാധ്യതകള്‍ തേടിയതും മുഖ്യമന്ത്രിക്കെതിരെ കേന്ദ്ര ഏജന്‍സികളെ അഴിച്ചുവിട്ടതും.
സോറന്റെ ബന്ധുക്കളും അടുപ്പക്കാരുമായുള്ളവരുടെ കമ്പനികളിലെ ഇടപാടുകളിലും അന്വേഷണം നടക്കുന്നുണ്ട്. ഖനി ലൈസൻസുകളിലെ തിരിമറിയടക്കം ഉന്നയിച്ച് സോറനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി തെരഞ്ഞെടുപ്പ് കമ്മിഷനെയും സമീപിച്ചിട്ടുണ്ട്.
English Summary: BJP gets setback in Jharkhand; Indications are that 16 MLAs are going to support the government
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.