കളമശ്ശേരിയില്‍ ബസ് കത്തിച്ച കേസിൽ മൂന്ന് പ്രതികൾക്ക് തടവ്ശിക്ഷ. തടിയന്റെവിട നസീർ, സാബിർ എന്നീ പ്രതികൾക്ക് ഏഴുവർഷവും താജുദ്ദീന് ആറ് വർഷം തടവും പിഴയുമാണ് ശിക്ഷ. കൊച്ചി എൻഐഎ കോടതിയാണ് ശിക്ഷ വിധിച്ചത്. തടിയന്റവിട നസീറിന് 1,75000 രൂപ പിഴയും സാബിറിന് 1,75000 രൂപയും താജുദ്ദീന് 1,10000 രൂപയും പിഴ ചുമത്തിയിട്ടുണ്ട്.
വിചാരണ പൂർത്തിയാക്കാതെയാണ് മൂന്ന് പ്രതികൾക്ക് കോടതി ഇന്ന് ശിക്ഷ വിധിച്ചത്. എൻഐഎ ചുമത്തിയ കുറ്റങ്ങൾ സമ്മതിക്കുന്നതായി പ്രതികൾ കോടതിയെ അറിയിച്ച പശ്ചാത്തലത്തിലാണിത്. നിലവിലെ റിമാൻഡ് കാലാവധി ശിക്ഷാ കാലാവധിയായി കണക്കാക്കുമെന്നാണ് സൂചന.
അബ്ദുൽ നാസർ മഅ്ദനിയുടെ ഭാര്യ സൂഫിയ മഅ്ദനി ഉൾപ്പെടെ കേസിൽ 13 പ്രതികളുണ്ട്. ഇതിൽ അഞ്ചാം പ്രതി അനുപ് കുറ്റസമ്മതം നടത്തിയതിനെ തുടർന്ന് നേരത്തെ ശിക്ഷ വിധിച്ചിരുന്നു. കുറ്റം സമ്മതിക്കാത്ത പ്രതികളുടെ വിചാരണ ഉടൻ ആരംഭിക്കും.
2005 സെപ്തംബർ ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം. എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്ന് സേലത്തേക്ക് പോകുന്ന തമിഴ്‌നാട് ട്രാൻസ്പോർട്ട് ബസ് ആണ് രാത്രി 9.30ന് പ്രതികൾ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിയെടുത്തത്. യാത്രക്കാരെ ഇറക്കിവിട്ട ശേഷം ബസ് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു.
കോയമ്പത്തൂർ സ്ഫോടന കേസിൽ ജയിലിൽ കഴിയുന്ന പിഡിപി നേതാവ് അബ്ദുന്നാസർ മഅ്ദനിയെ ജയിലിൽനിന്നും മോചിപ്പിക്കണമെന്നായിരുന്നു ആവശ്യം. തടിയന്റവിട നസീറാണ് കേസിലെ ഒന്നാം പ്രതി. 2010 ഡിസംബറിലാണ് എൻഐഎ കുറ്റപത്രം സമർപ്പിച്ചത്.
English summary;Bus burning case in Kalamassery; Three accused were sentenced to imprisonment
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.