19 December 2024, Thursday
KSFE Galaxy Chits Banner 2

വീണ്ടും ഭീതി പരത്തി അമേരിക്ക

ഇന്ന് ഹിരോഷിമ ദിനം
അഡ്വ. വി ബി ബിനു
August 6, 2022 5:15 am

മനുഷ്യരാശിക്ക് വൻനാശം വിതച്ച ലോക മഹായുദ്ധങ്ങളുടെ കാർമേഘങ്ങൾ റഷ്യ- ഉക്രെയ്ൻ യുദ്ധത്തിലൂടെയും ചൈന‑അമേരിക്ക സംഘർഷങ്ങളിലൂടെയും ഭീതിപ്പെടുത്തുന്ന സമയത്താണ് ഇത്തവണത്തെ ഹിരോഷിമ, നാഗസാക്കി ദിനാചരണങ്ങൾ കടന്നുവരുന്നത്. ലോകചരിത്രത്തിലാദ്യമായി നിരപരാധികളായ മനുഷ്യർക്ക് നേരെ മാരകമായ ആറ്റംബോംബ് വർഷിച്ച അതേ അമേരിക്ക തന്നെയാണ് റഷ്യ- ഉക്രെയ്ൻ യുദ്ധത്തിലും ചൈന‑തായ്‌വാൻ സംഘർഷത്തിലും ഒരു ഭാഗത്ത് എന്നത് ലോക ജനതയെ ഭീതിപ്പെടുത്തുന്നതാണ്.
സോവിയറ്റ് യൂണിയൻ ഇല്ലാതായതോടെ ശീതയുദ്ധം അവസാനിച്ചു എന്ന് കരുതിയ ലോകത്ത് നാറ്റോ സഖ്യം യൂറോപ്പും കടന്ന് ഏഷ്യ പസഫിക് മേഖലയിലേക്കും വിപുലീകരിക്കുന്ന അമേരിക്കൻ നയപരിപാടികൾ വലിയ ആശങ്ക ഉളവാക്കുന്നതാണ്. ആണവ ശക്തിയായ റഷ്യയെ നേരിടാൻ ഉക്രെയ്‌ന് അമേരിക്ക ആയുധങ്ങൾ നൽകി സംഘർഷം വർധിപ്പിക്കുന്നതും ഐക്യരാഷ്ട്രസഭയുടെ നിസഹായാവസ്ഥയും ഇത്തരുണത്തിൽ ആശങ്ക വര്‍ധിപ്പിക്കുന്നു. ഫെബ്രുവരി 24ന് റഷ്യ‑ഉക്രെയ്ൻ യുദ്ധം പതിനായിരങ്ങളുടെ ജീവൻ അപഹരിക്കുകയും ലക്ഷക്കണക്കിന് ഉക്രെയ്ൻ ജനത അഭയാർത്ഥികളായി രാജ്യം വിട്ട് പാലായനം ചെയ്തിട്ടും യുദ്ധം അവസാനിപ്പിക്കുന്നതിനോ സംഘർഷം ഒഴിവാക്കുന്നതിനോ ഐക്യരാഷ്ട്ര സഭയ്ക്ക് കാര്യമായ ഒരു ഇടപെടലും നടത്താൻ കഴിയുന്നില്ല. പ്രകൃതി വാതകത്തിന്റെയും എണ്ണയുടെയും കയറ്റുമതിയിൽ പ്രഥമ സ്ഥാനത്തു നിൽക്കുന്ന റഷ്യയും യൂറോപ്പിലെ ഭക്ഷ്യ കലവറയെന്ന് അറിയപ്പെടുന്ന ഉക്രെയ്‌നും തമ്മിൽ നീണ്ടു നിൽക്കുന്ന യുദ്ധത്തെ തുടർന്ന് ലോകരാജ്യങ്ങളിലാകെ ദുരിതവും പണപ്പെരുപ്പവും കടക്കെണിയും നേരിൽ അനുഭവപ്പെട്ടു തുടങ്ങിയിരിക്കുന്നു. കോവിഡ് മഹാമാരിയും പട്ടിണിയും ദുരിതവും നിലനിൽക്കുന്ന സാഹചര്യത്തിലും ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ കോടാനുകോടി രൂപ മുടക്കി രാജ്യസുരക്ഷയുടെ പേരിൽ അത്യാധുനിക ആണവായുധങ്ങളും മിസൈലുകളും വാങ്ങിക്കൂട്ടുന്ന അവസ്ഥയാണ് ഈ സംഘർഷങ്ങളുടെയും യുദ്ധത്തിന്റെയും ഫലമായി ഉണ്ടായിട്ടുള്ളത്. ആയുധക്കച്ചവടക്കാരായ സാമ്രാജ്യത്വ രാഷ്ട്രങ്ങൾ വൻ സമ്പത്താണ് ഈ സംഘർഷങ്ങളുടെ മറവിൽ വാരികൂട്ടുന്നത്.


ഇതുകൂടി വായിക്കൂ: യുദ്ധം ആരാണ് ശരി എന്ന് നിർണയിക്കുന്നില്ല


1945 ഓഗസ്റ്റ് ആറിന് പുലർച്ചെ 8.15ന് ഹിരോഷിമയിലും ഓഗസ്റ്റ് ഒന്‍പതിന് പകൽ 10.55ന് നാഗസാക്കിയിലും അണുബോംബ് വർഷിച്ച് സമാനതകളില്ലാത്ത കൊടുംക്രൂരത അമേരിക്ക നടപ്പാക്കുകയായിരുന്നു. അണുസ്ഫോടനത്തിൽ ജപ്പാൻ നഗരങ്ങളായ ഹിരോഷിമയിൽ നിമിഷങ്ങൾക്കകം ഒരുലക്ഷത്തി നാല്പതിനായിരത്തിലധികം മനുഷ്യർ വെന്തുമരിച്ചു. നാഗസാക്കിയിൽ എൺപതിനായിരത്തിലധികം മനുഷ്യർ നിമിഷങ്ങൾക്കകം കത്തി ചാമ്പലായി. മനുഷ്യർ മാത്രമല്ല, പ്രകൃതിയിലെ സകല ജീവജാലങ്ങളും വെന്തു വെണ്ണീറായി. അന്തരീക്ഷത്തിലെ ഊഷ്മാവ് രണ്ടായിരത്തി അഞ്ഞൂറിലധികം ഡിഗ്രിയായി ഉയർന്നു. വെന്തു കരിഞ്ഞ ശരീരങ്ങളുമായി ആർത്തലച്ച് ജീവനുവേണ്ടി സ്ത്രീകളും കുഞ്ഞുങ്ങളും നാലുപാടും ഓടി. നദിയിലും പുഴയിലും കിണറുകളിലും എല്ലാം വെള്ളം തിളച്ചുമറിഞ്ഞു. ചൂടു സഹിക്കാനാവാതെ ജനങ്ങൾ ജപ്പാൻ നഗരത്തിലൂടെ ഒഴുകുന്ന ഓഹിയോ നദിയിലേക്ക് എടുത്തുചാടി. അവർ കൂട്ടത്തോടെ വെന്തുമരിച്ചു. നിമിഷങ്ങൾകൊണ്ട് സകലതും അഗ്നിജ്വാലകൾ ഭസ്മമാക്കി. പതിറ്റാണ്ടുകൾ പിന്നിടുമ്പോഴും അണുസ്ഫോടനത്തിന്റെ പാർശ്വഫലങ്ങളായി ലുക്കീമിയ പോലുള്ള കാൻസറുകളും മാരക രോഗങ്ങളും ജപ്പാൻ ജനതയെ കാർന്നുതിന്നുകൊണ്ടിരിക്കുന്നു.
ശാസ്ത്ര സാങ്കേതിക രംഗത്തെ വലിയ കുതിച്ചുചാട്ടത്തിനാണ് ലോകം ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്. ‘മാൻഹട്ടൻ പ്രോജക്ട്’ എന്ന രഹസ്യ ദൗത്യത്തിലൂ‍ടെ നാലുബില്യൻ ഡോളർ ചെലവിട്ട് അമേരിക്ക വികസിപ്പിച്ച ബ്രഹ്മാസ്ത്രമായിരുന്നു ഹിരോഷിമയിൽ വർഷിച്ച ”ലിറ്റിൽ ബോയ്” എന്ന അണുബോംബ്. ഇന്ന് അതിനേക്കാൾ ആയിരം മുതൽ അയ്യായിരം മടങ്ങുവരെ സ്ഫോടന ശേഷിയുള്ള ഹൈഡ്രജൻ ബോംബുകൾ കോടാനുകോടി രൂപ ചെലവഴിച്ച് ലോകരാഷ്ട്രങ്ങൾ പലതും വികസിപ്പിച്ച് പരസ്പരം വെല്ലുവിളിച്ചുകൊണ്ടിരിക്കുകയാണ്. ഒരു ബോംബിനുള്ളിൽ ആയിരക്കണക്കിന് ബോംബുകൾ ഒളിപ്പിച്ചുവച്ചിരിക്കുന്ന വൻപ്രഹരശേഷിയുള്ള തെർമോ ന്യൂക്ലിയർ ബോംബാണ് ഹൈഡ്രജൻ ബോംബുകൾ.


ഇതുകൂടി വായിക്കൂ: മരിയെ റോസ: തെക്കേ അമേരിക്ക ഇടതുപക്ഷത്തേക്ക്


ലോകം കോവിഡ് മഹാമാരിയുടെ നീരാളിപ്പിടിത്തത്തിൽ വലിയ സാമ്പത്തിക പ്രതിസന്ധികളെ നേരിടുമ്പോഴും ആരോഗ്യമേഖലയ്ക്ക് ചെലവാക്കേണ്ട വൻതുകകളാണ് ഇന്ത്യ അടക്കമുള്ള ലോക രാഷ്ട്രങ്ങൾ ആയുധങ്ങൾ വാങ്ങിക്കൂട്ടുന്നതിന് വേണ്ടി ചെലവഴിക്കുന്നത്. അന്താരാഷ്ട്ര സമാധാന ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട്, സ്റ്റോക്ക് ഹോം പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ ആയുധം ഇറക്കുമതി ചെയ്യുന്ന രാഷ്ട്രമായി ഇന്ത്യ മാറിക്കഴിഞ്ഞു. അയൽ രാഷ്ട്രങ്ങളായ ചൈനയുടെയും പാകിസ്ഥാന്റെയും ഇറക്കുമതിയുടെ മൂന്നുമടങ്ങാണ് ഇന്ത്യയുടെ ആയുധ ഇറക്കുമതി. ആയുധങ്ങളുടെയും സൈന്യത്തിന്റെയും നവീകരണത്തിനായി വലിയ തുകയാണ് വാർഷിക ബജറ്റിൽ നാം മാറ്റി വയ്ക്കുന്നത്. പുതിയ അന്തർവാഹിനികൾ, വിമാനവാഹിനികൾ, യുദ്ധ വിമാനങ്ങൾ എന്നിവ വാങ്ങിക്കൂട്ടിയതിന്റെ കണക്കുകൾ അമ്പരപ്പിക്കുന്നവയാണ്.
അമേരിക്കൻ സമ്പദ്ഘടനയുടെ അടിത്തറ ആയുധനിർമ്മാണ വ്യവസായമാണ്. രാഷ്ട്രങ്ങൾ തമ്മിൽ സംഘർഷവും യുദ്ധസാഹചര്യങ്ങളും നിലനിൽക്കേണ്ടത് ആയുധക്കച്ചവടക്കാരുടെ ലക്ഷ്യമാണ്. അമേരിക്ക, ഇസ്രയേൽ, ഫ്രാൻസ് തുടങ്ങിയ രാഷ്ട്രങ്ങളിൽ നിന്നാണ് ഇന്ത്യയുടെ ഇറക്കുമതിയിൽ ഭൂരിപക്ഷവും. മോഡി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം അമേരിക്ക ഉൾപ്പെടെയുള്ള രാഷ്ട്രങ്ങളുമായി ആയുധ പങ്കാളിത്തം കൂടുതൽ ശക്തമാക്കുകയും ആയുധ ഇറക്കുമതി വൻതോതില്‍ വർധിപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്. അഴിമതി ആരോപണങ്ങളുടെ നടുവിൽ നിന്നുകൊണ്ട് ഫ്രാൻസിൽ നിന്നും അൻപത്തിയെണ്ണായിരം കോടി രൂപയ്ക്ക് റഫാൽ യുദ്ധ വിമാനങ്ങൾ ഇറക്കുമതി ചെയ്തു. 2021 ഓഗസ്റ്റ് മാസത്തിൽ തന്നെ എൺപത്തിരണ്ട് ദശലക്ഷം യുഎസ് ഡോളർ ചെലവഴിച്ച് ഇന്ത്യ അമേരിക്കയിൽ നിന്ന് ഹാർപൂൺ മിസൈലുകൾ വാങ്ങാനെടുത്ത തീരുമാനം പുറത്തുവന്നുകഴിഞ്ഞു. ഭാരതത്തിന്റെ പൈതൃകവും ജനാധിപത്യവും തകർത്ത് ഇസ്രയേലുമായുള്ള മോഡി സര്‍ക്കാരിന്റെ പെഗാസസ് ചാരസോഫ്റ്റ്‌വേർ ഇടപാട് രാജ്യത്തെ വലിയ ആഭ്യന്തര സംഘർഷത്തിലേക്ക് മോഡി സർക്കാർ എത്തിച്ചു.


ഇതുകൂടി വായിക്കൂ: ഓര്‍മ്മയില്‍ ഉറക്കമുണരുന്ന മൂന്നു ചിത്രങ്ങള്‍


ലോകരാഷ്ട്രങ്ങൾ മാത്രമല്ല, താലിബാൻ, അൽഖ്വയ്ദ, ഐഎസ് തുടങ്ങി അന്താരാഷ്ട്ര ഭീകരസംഘടനകളും അമേരിക്ക ഉൾപ്പെടെയുള്ള സാമ്രാജ്യത്വ രാഷ്ട്രങ്ങളുടെ സഹായത്തോടെ വൻ സ്ഫോടക ശേഷിയുള്ള ആയുധങ്ങൾ സ്വന്തമാക്കിക്കഴിഞ്ഞു. മഹാഭാരതത്തിലെ അരക്കില്ലത്തെ ഓർമ്മപ്പെടുത്തുന്നതാണ് ഇന്ന് ഭൂഗോളം. മനുഷ്യരാശിയെ ഒന്നാകെ ചുട്ടുചാമ്പലാക്കുവാൻ കഴിയുന്ന മാരകായുധങ്ങളുമായി നമുക്കുചുറ്റും കഴുകന്റെ കണ്ണുകളുമായി കാത്തിരിക്കുന്നവരെ നമുക്ക് തിരിച്ചറിയുവാൻ കഴിയണം. നാടിന്റെ എല്ലാ വികസനത്തിലും സംഘർഷമില്ലാത്ത സമാധാനപരമായ സാഹചര്യം അനിവാര്യമാണ്. ”യുദ്ധം മരണമാണ് സമാധാനമാണ് ജീവിതം” എന്ന ഐപ്സോ സന്ദേശം ഇത്തരുണത്തിൽ ശ്രദ്ധേയമാണ്. വലിയ ജനകീയ പ്രതിരോധം തീർത്ത് സമാധാനത്തിനും നിരായുധീകരണത്തിനും വേണ്ടിയുള്ള ബഹുജനപ്രസ്ഥാനം വളർത്തിക്കൊണ്ടുവരിക എന്നതാണ് ഈ ഹിരോഷിമ ദിനത്തിന്റെ സന്ദേശം.

(ജനറൽ സെക്രട്ടറി
ഐപ്സോ സംസ്ഥാന കൗൺസിൽ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.