25 November 2024, Monday
KSFE Galaxy Chits Banner 2

Related news

July 12, 2024
September 22, 2023
July 23, 2023
July 21, 2023
March 13, 2023
December 21, 2022
August 20, 2022
August 9, 2022
August 6, 2022
August 3, 2022

ഉരുള്‍പൊട്ടല്‍ കൂടുതല്‍ കേരളത്തില്‍

കെ രംഗനാഥ്
തിരുവനന്തപുരം
August 6, 2022 10:43 pm

ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന് ഉരുള്‍പൊട്ടല്‍ രാജ്യത്തുതന്നെ ഏറ്റവും കൂടുതലെന്ന് കണക്കുകള്‍. കിഴക്കന്‍ മലയോരങ്ങളിലെ കൂടുതല്‍ മേഖലകളിലേക്ക് ഭൂമി വിണ്ടുകീറി മലയിടിച്ചിലില്‍ കുത്തിയൊലിക്കുന്ന പ്രവണതയും ആശങ്കാജനകമായി വ്യാപിക്കുന്നുവെന്ന് പഠനങ്ങള്‍.
വനങ്ങള്‍തന്നെ ഒഴുകിപ്പോവുന്നതും എല്ലാ വര്‍ഷവും തുടര്‍ക്കഥയാവുന്നു. ഏഴുവര്‍ഷത്തിനിപ്പുറമാണ് ഉരുള്‍പൊട്ടലുകളുടെ എണ്ണം ആണ്ടോടാണ്ട് കുതിച്ചുയരുന്നതെന്നും കണ്ടെത്തി. ഏഴുവര്‍ഷത്തിനുള്ളില്‍ ഇന്ത്യയൊട്ടാകെ 3,782 ഉരുള്‍പൊട്ടലുകള്‍ ഉണ്ടായപ്പോള്‍ 2,239 എണ്ണവും കേരളത്തിലായിരുന്നു. ചെറുകിട ഉരുള്‍പൊട്ടലുകള്‍ വേറെയും. ആയിരത്തില്പരം ഉരുള്‍പൊട്ടലുകള്‍ ഉണ്ടായ സംസ്ഥാനം കേരളമാണെന്ന് ശാസ്ത്രസാങ്കേതികകാര്യ സഹമന്ത്രി ജിതേന്ദ്ര സിങ് കഴിഞ്ഞ ദിവസം ലോക്‌സഭയെ അറിയിച്ചു.
കേരളത്തില്‍ ചുരുങ്ങിയ കാലയളവിനുള്ളില്‍ 2,239 ഉരുള്‍പൊട്ടലുകളുണ്ടായപ്പോള്‍ രണ്ടാം സ്ഥാനത്തു നില്ക്കുന്ന പശ്ചിമബംഗാളിലുണ്ടായത് 376 എണ്ണം മാത്രം. തമിഴ്‌നാട്ടില്‍ 196, കര്‍ണാടകയില്‍ 194, ജമ്മു കശ്മീരില്‍ 184 എന്നിങ്ങനെയാണ് കണക്ക്. ഓരോ വര്‍ഷം കഴിയുന്തോറും മഴയുടെ തീവ്രത അഭൂതപൂര്‍വമായി വര്‍ധിക്കുന്നതിനാലാണ് ഉരുള്‍പൊട്ടലുകളുടെ സംഖ്യയും വര്‍ധിക്കുന്നതെന്ന് ഭൂവിജ്ഞാനീയ – പരിസ്ഥിതി ശാസ്ത്രജ്ഞനായ ഡോ. എസ് ശ്രീകുമാര്‍ ചൂണ്ടിക്കാട്ടുന്നു. മുമ്പൊക്കെ 24 മണിക്കൂറിനുള്ളില്‍ ഒരു മേഖലയില്‍ 50 മില്ലീമീറ്റര്‍ മഴ പെയ്തിരുന്നത് ഇപ്പോള്‍ ഒരു മണിക്കൂറിനകം തന്നെ തീവ്രമായ പേമാരി തലയറഞ്ഞു പെയ്യുന്നുവെന്നും അദ്ദേഹം പറയുന്നു.
കഴിഞ്ഞ പ്രളയകാലത്ത് ഉരുള്‍പൊട്ടലില്‍ ഏറ്റവുമധികം ആള്‍നാശമുണ്ടായ ഇടുക്കിയിലെ പെട്ടിമടയില്‍ ഇന്നലെ ആവര്‍ത്തിച്ചുണ്ടായ ഉരുള്‍പൊട്ടലില്‍ നിരവധി വീടുകളും ഒരു ക്ഷേത്രവുമാണ് മണ്ണിനടിയിലായത്. ആളപായമില്ലെങ്കിലും റോഡുകളാകെ തകര്‍ന്ന് വട്ടവടയും ബാഹ്യലോകവുമായുള്ള ബന്ധം തന്നെ വിച്ഛേദിക്കപ്പെട്ടു. മലപ്പുറത്തെ നിലമ്പൂര്‍ മേഖലയിലും ആവര്‍ത്തിച്ച് ഉരുള്‍പൊട്ടലുകളുണ്ടാകുന്നു. കഴിഞ്ഞ തവണ ഇവിടെ 57 മരണങ്ങളാണുണ്ടായത്. മൂന്നു വര്‍ഷം കഴിഞ്ഞിട്ടും മണ്ണിനടിയിലായ മൃതദേഹങ്ങള്‍ മിക്കവയും തിരിച്ചെടുക്കാനായിട്ടില്ല.
കിഴക്കന്‍ മലങ്കാടുകളിലെ ഭൂമി കയേറ്റം, പരിസ്ഥിതിക്കു യോജിക്കാത്ത കൃഷിരീതികള്‍, അശാസ്ത്രീയമായ ഭൂവിനിയോഗം, അനുദിനം വര്‍ധിച്ചുവരുന്ന അനധികൃത ക്വാറികളുടെ എണ്ണം തുടങ്ങിയവയാണ് ഉരുള്‍പൊട്ടലുകള്‍ വര്‍ധിക്കുന്നതിന്റെ മുഖ്യ കാരണം. ഉരുള്‍പൊട്ടലിനൊപ്പം ഉള്‍വനങ്ങളിലുണ്ടാകുന്ന മിന്നല്‍ പ്രളയം കൂടിയാകുമ്പോള്‍ വന്മരങ്ങളും കാടുകളും ഫലഭൂയിഷ്ടമായ മേല്‍മണ്ണും കുത്തിയൊലിച്ച് നദികളിലും അണക്കെട്ടുകളിലും ജലവൈദ്യുത പദ്ധതികളുടെ സംഭരണികളിലുമെത്തുന്നു. ഇതുമൂലം അണക്കെട്ടുകളുടെ സംഭരണശേഷി എക്കലടിഞ്ഞു ശോഷിക്കുന്നു. സംഭരണികള്‍ ഇക്കാരണത്താല്‍ ഇടയ്ക്കിടെ തുറന്നുവിടേണ്ടിവരുന്നത് നദിക്കരകളിലെ ജനജീവിതം ദുരിതമയമാക്കുകയും ആയിരക്കണക്കിനു വീടുകള്‍ വെള്ളത്തിനടിയിലാവുകയും ചെയ്യുന്നു. നദികള്‍ക്ക് ഉരുള്‍പൊട്ടലിനെത്തുടര്‍ന്നുണ്ടാകുന്ന മലവെള്ളപ്പാച്ചിലിനെ ഉള്‍ക്കൊള്ളാനാവാതെ വരുമ്പോള്‍ വീടുകള്‍ക്കുള്ളിലേക്ക് എക്കല്‍ കയറുന്നതും മറ്റൊരു പ്രതിസന്ധിയാവുന്നു. 

Eng­lish Sum­ma­ry: Land­slides more hap­pens in Kerala

You may like this video also

TOP NEWS

November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.