26 December 2024, Thursday
KSFE Galaxy Chits Banner 2

സൗജന്യ പ്രഖ്യാപനങ്ങളും ബിജെപിയുടെ ഇരട്ടത്താപ്പും

Janayugom Webdesk
August 12, 2022 5:00 am

രാഷ്ട്രീയ പാര്‍ട്ടികള്‍ വോട്ടര്‍മാര്‍ക്ക് സൗജന്യങ്ങള്‍ വാഗ്ദാനം ചെയ്ത് തെരഞ്ഞെടുപ്പിനെ നേരിടുന്നത് ചര്‍ച്ചയായിരിക്കുകയാണ്. സൗജന്യങ്ങള്‍ പ്രഖ്യാപിക്കുന്ന രാഷ്ട്രീയപാര്‍ട്ടികളുടെ അംഗീകാരം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ ചൂടേറിയ വാദപ്രതിവാദങ്ങളാണ് സുപ്രീം കോടതിയില്‍ തുടരുന്നത്. തെരഞ്ഞെടുപ്പ് വേളയിലെ ഇത്തരം പ്രഖ്യാപനങ്ങള്‍ ഖജനാവിനെ ബാധിക്കുന്നു എന്നാണ് നരേന്ദ്രമോഡിയുടെ വാദം. സൗജന്യങ്ങളും സാമൂഹ്യക്ഷേമ പദ്ധതികളും വ്യത്യസ്തമാണെന്നും സമ്പദ്‌വ്യവസ്ഥയുടെ കെട്ടുറപ്പും ദരിദ്രര്‍ക്കുവേണ്ടി പ്രഖ്യാപിക്കുന്ന ക്ഷേമ നടപടികളും സന്തുലിതാവസ്ഥ കൈവരിക്കേണ്ടതുണ്ടെന്നും കോടതിയും പറഞ്ഞിരിക്കുന്നു. ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ സൗജന്യങ്ങള്‍ പ്രഖ്യാപിക്കുന്നതിന്റെ പേരില്‍ പാര്‍ട്ടികളുടെ രജിസ്ട്രേഷന്‍ നിരോധിക്കുക എന്നത് ജനാധിപത്യ വിരുദ്ധമാണെന്നും കോടതി നിരീക്ഷിക്കുന്നുണ്ട്. വിഷയം ഗൗരവമുള്ളതാണെങ്കിലും ഇക്കാര്യത്തില്‍ അടിയന്തരമായ തീര്‍പ്പിനില്ലെന്നും സുപ്രീം കോടതി തുറന്നുപറഞ്ഞിരിക്കുന്നു. അതിനര്‍ത്ഥം വരുംകാല തെരഞ്ഞെടുപ്പുകളിലും സൗജന്യങ്ങളുടെ വാഗ്ദാനവും ഇതേക്കുറിച്ചുള്ള ചര്‍ച്ചയും തുടരുമെന്നതുതന്നെയാണ്.

ക്ഷേമം എന്ന നിലയില്‍ ബന്ധപ്പെടുത്തിയാണ് പ്രധാന കക്ഷികള്‍ സൗജന്യത്തെ വോട്ടുതേടുന്നതിനുള്ള ആയുധമാക്കുന്നത്. രാജ്യം ഭരിക്കുന്ന ബിജെപിയും ഡല്‍ഹിയില്‍ വളര്‍ന്ന് പഞ്ചാബിലേക്ക് പന്തലിക്കുകയും ഇപ്പോള്‍‍ ഗുജറാത്തില്‍ വേരൂന്നാന്‍ ശ്രമിക്കുകയും ചെയ്യുന്ന ആംആദ്മിയുമായുള്ള ചക്കളത്തിപ്പോരാട്ടം പോലും ഇന്ന് സൗജന്യവാഗ്ദാനത്തെ മുന്‍നിര്‍ത്തിയാണ്. സുപ്രീം കോടതി ഹര്‍ജി പരിഗണനയ്ക്കെടുക്കുകയും ചില നിരീക്ഷണങ്ങള്‍ നടത്തുകയും ചെയ്യുന്നതിനിടെയാണ് ആംഅദ്മി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ ഗുജറാത്തിലെ ജനങ്ങള്‍ക്ക് കഴി‍ഞ്ഞ ദിവസം സൗജന്യങ്ങള്‍ പ്രഖ്യാപിച്ചത്. 18 വയസിനുമുകളിലുള്ള സ്ത്രീകള്‍ക്കെല്ലാം ആയിരം രൂപവീതം മാസവേതനം നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. നേരത്തെ സൗജന്യ വൈദ്യുതിയും മൂവായിരം രൂപ തൊഴിലില്ലായ്മാ വേതനവും പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോഡി തന്നെ രംഗത്തെത്തി. ഇത് ബിജെപിയുടെ രാഷ്ട്രീയ ഭയമായി വേണം കരുതാന്‍. ഒപ്പം ഇരട്ടത്താപ്പും. ഈയിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലെല്ലാം ആംആദ്മിയെ വെല്ലുന്ന സൗജന്യ പ്രഖ്യാപനങ്ങളായിരുന്നു ബിജെപിയുടേത്.


ഇതുകൂടി വായിക്കു; അടിത്തറയിളകുന്ന ഇന്ത്യന്‍ സമ്പദ്ഘടന | JANAYUGOM EDITORIAL


കഴി‌‌ഞ്ഞ ദിവസങ്ങളില്‍ നടത്തിയ ഗുജറാത്ത് സന്ദര്‍ശനത്തിനിടെ നരേന്ദ്രമോഡി തന്നെ നിരവധി വാഗ്ദാനങ്ങള്‍ നിരത്തിയിരുന്നു. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന് മുമ്പ് മോഡിയും അമിത്ഷായും ആദിത്യനാഥും ഉള്‍പ്പെടെ ബിജെപി നേതാക്കളെല്ലാം മത്സരിച്ചാണ് സൗജന്യങ്ങള്‍ പ്രഖ്യാപിച്ചത്. ഉത്തരാഖണ്ഡില്‍ അധികാരത്തില്‍ തിരിച്ചെത്തിയാല്‍ 300 യൂണിറ്റ് സൗജന്യവൈദ്യുതിയാണ് ബിജെപി വാഗ്ദാനം ചെയ്തിരുന്നത്. തുടര്‍ന്ന് നാല് വര്‍ഷത്തിനുള്ളില്‍ കര്‍ഷകര്‍ക്കും മറ്റുജനവിഭാഗങ്ങള്‍ക്കും സൗജന്യവൈദ്യുതി നല്‍കുമെന്നും 2021 ജൂലൈയിലാണ് ബിജെപി പ്രഖ്യാപിച്ചത്. സമ്പന്നര്‍ക്കും യഥേഷ്ടം സൗജന്യം നല്‍കി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ അഴിമതിക്കാരായ വ്യവസായികളുടെ കിട്ടാക്കടമായ 10 ലക്ഷം കോടി സൗജന്യമായി എഴുതിത്തള്ളിയത് ബിജെപി നേതാവ് വരുണ്‍ഗാന്ധിയാണ് കഴിഞ്ഞ ദിവസം ഓര്‍മ്മപ്പെടുത്തിയത്. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ വിലയ്ക്കുവാങ്ങി സര്‍ക്കാരുകളെ അട്ടിമറിച്ച് അധികാരത്തിലേറാനുള്ള കുറുക്കുവഴികള്‍ പരീക്ഷിച്ച് വിജയിച്ച ബിജെപി സൗജന്യങ്ങളുടെ പ്രഖ്യാപനവിഷയത്തില്‍ ഇരട്ടത്താപ്പ് തുടരുന്നതില്‍ അതിശയിക്കേണ്ട. ജനങ്ങളെ വിഡ്ഢികളാക്കിയാണ് ജനപ്രതിനിധികളെ അവര്‍ വിലപേശി സ്വന്തമാക്കുന്നത്.

 


ഇതുകൂടി വായിക്കു; പ്രത്യേക സാമ്പത്തിക സഹായം അനുവദിക്കണം | Janayugom Editorial


കൂറുമാറ്റ വിഷയവും സൗജന്യ പ്രഖ്യാപനവുമെല്ലാം കോടതി ഏതുവിധേന തീര്‍പ്പിലെത്തിക്കും എന്നത് ജനങ്ങള്‍ സസൂക്ഷ്മം വീക്ഷിക്കുകയാണ്. സൗജന്യങ്ങളെക്കുറിച്ച് പഠിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കാനാണ് കോടതിയുടെ നിര്‍ദ്ദേശം. എന്നാല്‍ വിഷയത്തില്‍ കോടതി ഭാഗമാകില്ലെന്നാണ് കേസ് പരിഗണിക്കുമ്പോള്‍ പരമോന്നത നീതിപീഠം പറഞ്ഞത്. തെരഞ്ഞെടുപ്പ് കമ്മിഷനും കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും ധനകാര്യ കമ്മിഷനും നിയമ കമ്മിഷനും നിതി ആയോഗും ഉള്‍പ്പെടുന്നതാകണം സമിതി. തെരഞ്ഞെടുപ്പ് കമ്മിഷന്റെ അധികാരം ഇക്കാര്യത്തില്‍ ഏതുവിധേന വിനിയോഗിക്കും എന്ന സംശയവും കോടതിക്കുണ്ട്. ഭരണഘടനാ പ്രകാരം സ്വതന്ത്ര സംവിധാനമായ തെരഞ്ഞെടുപ്പ് കമ്മിഷനാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ കാര്യത്തില്‍ നിലപാട് സ്വീകരിക്കേണ്ടതെന്ന് കോടതി നിരീക്ഷിച്ചു. നേരത്തെ നല്‍കിയ നിര്‍ദ്ദേശം അവഗണിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇക്കാര്യത്തില്‍ അഭിപ്രായങ്ങള്‍ സമര്‍പ്പിക്കാതിരുന്നതിനെയും കോടതി വിമര്‍ശിക്കുകയാണുണ്ടായത്. മാധ്യമങ്ങള്‍ക്ക് എല്ലാ വിവരങ്ങളും കൃത്യമായി നല്‍കുന്ന കമ്മിഷന് കോടതിയില്‍ സത്യവാങ്മൂലം നല്‍കാന്‍ സമയം ലഭിച്ചില്ലേ എന്ന ചോദ്യം ശ്രദ്ധേയമാണ്. പലകോണുകളില്‍ നിന്നും തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ ആക്ഷേപങ്ങള്‍ ഉയരുന്ന ഘട്ടത്തില്‍ കോടതിയുടെ വിമര്‍ശനം ഗൗരവമുള്ളതാണ്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളെ സംശുദ്ധമാക്കുന്നതില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇടപെടലും സത്യസന്ധമാവേണ്ടതുണ്ട്. കൂറുമാറ്റ നിരോധന നിയമത്തിന്റെ കാര്യത്തിലും സൗജന്യങ്ങളുടെ പ്രഖ്യാപനത്തിലുമെല്ലാം ഇരട്ടത്താപ്പ് കാണിക്കുന്ന ബിജെപിക്ക് അരുനില്‍ക്കുന്നതാവരുത് കമ്മിഷന്റെ നിലപാടുകള്‍.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.