8 May 2024, Wednesday

Related news

May 8, 2024
May 5, 2024
May 5, 2024
May 5, 2024
May 4, 2024
May 4, 2024
May 3, 2024
May 2, 2024
May 2, 2024
May 2, 2024

ആരും ചെറുക്കില്ലെന്ന മൂഢബോധം

അധികാരങ്ങളെല്ലാം തന്നിലേക്ക് കേന്ദ്രീകരിക്കാന്‍ അന്ധഭക്തസേനയെയും രഹസ്യപ്പൊലീസിനെയും ഉപയോഗിക്കുന്നു
Janayugom Webdesk
August 17, 2022 7:19 pm

പ്രധാനമന്ത്രി നരേന്ദ്രമോഡിയെ ഇന്ത്യ സൃഷ്ടിച്ച ഏറ്റവും ദീര്‍ഘവീക്ഷണമുള്ള രാഷ്ട്രീയ നേതാവായി ഉര്‍ത്തിക്കാണിക്കുവാന്‍ ആര്‍എസ്എസും അദ്ദേഹത്തെ അന്ധമായി ആരാധിക്കുന്നവരും തീവ്രമായി പരിശ്രമിക്കുകയാണ്. എന്നാല്‍ രാഷ്ട്രീയ അധികാര തത്വങ്ങളുടെ പ്രാഥമികപാഠം പോലുമറിയാത്ത ഒരാളാണ് താനെന്ന് തെളിയിക്കുന്ന തരത്തിലാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍. രാഷ്ട്രീയ പിടിവാശികളല്ലാതെ സത്യസന്ധവും ദാര്‍ശനികവുമായ യാതൊരു കാഴ്ചപ്പാടും മോഡിയില്‍ കാണാനാവുന്നില്ല. അധികാരത്തിലേക്ക് വന്നെങ്കിലും രാഷ്ട്രീയമായി അതിജീവിക്കാന്‍ പ്രയത്നിക്കുന്നു. മോഡിയുടെ വാക്കുകളെ ഇതിഹാസമായ വിധിയെന്ന നിലയില്‍ കാണുകയും വിശ്വസിക്കുകയും ചെയ്യുന്ന ഭക്തസംഘത്ത ഇതിനെല്ലാമായി തയാറാക്കി വച്ചിരിക്കുകയാണ്.

സര്‍ക്കാരിനുള്ള അധികാരങ്ങളെല്ലാം തന്നിലേക്ക് കേന്ദ്രീകരിക്കാന്‍ തന്റെ അന്ധഭക്തസേനയെയും രഹസ്യപ്പൊലീസിനെയും കേന്ദ്ര അന്വേഷണ ഏജന്‍സികളെയുമാണ് നരേന്ദ്രമോഡി ഉപയോഗിച്ചത്. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് രാജ്യത്തെ രാഷ്ട്രീയക്കാരെയും സാധാരണ ജനവിഭാഗങ്ങളെയും നിരന്തരം പീഡിപ്പിക്കുന്നത്, അവരൊരിക്കലും തന്റെ ദുഷ്പ്രവര്‍ത്തികളെ ചെറുക്കാനോ അതിനെതിരെ ശബ്ദമുയര്‍ത്താനോ പാടില്ലെന്നുറച്ചാണ്. മറ്റുള്ളവരെല്ലാം ധാര്‍മ്മികമായി മുരടിക്കുമെന്ന വിശ്വാസത്തിലാണ് മോഡിയുടെ നീക്കം. ഇത്രയും നാള്‍ സ്വീകരിച്ച രാഷ്ട്രീയ കുതന്ത്രത്താല്‍ ഉണ്ടാക്കിയ അധികാരങ്ങളും നേട്ടങ്ങളും ഉയര്‍ച്ചയുമെല്ലാം സേച്ഛാധിപത്യ മോഹങ്ങളുടെ വേഗംകൂട്ടാനാണ് മോഡി ഉപയോഗിക്കുന്നത്.

ഇന്ത്യന്‍ ജനത സ്വതവേ നിയമം അനുസരിക്കുന്നവരും ഭരണകൂടമായോ രാഷ്ട്രീയ സംവിധാനങ്ങളോടോ ഏറ്റുമുട്ടാന്‍ താല്പര്യം ഇല്ലാത്തവരുമാണ്. തങ്ങളുടെ വിമര്‍ശകരെയും എതിരാളികളെയും കൊന്നൊടുക്കാന്‍ കഠാരകളുമായി തുനിഞ്ഞിറങ്ങുന്ന മോഡിയുടെ മധ്യവര്‍ഗ ഭക്തരെ പോലെയല്ല മഹാഭൂരിപക്ഷം ഇന്ത്യക്കാരും. ഒരു സാധാരണ ഇന്ത്യക്കാരന്റെ സ്ഥിരോത്സാഹത്തിന്റെയും സഹിഷ്ണുതയുടെയും അളവ് വളരെ ഉയര്‍ന്നതാണ്. തങ്ങള്‍ക്ക് ഏല്‍ക്കേണ്ടിവരുന്ന അപമാനത്തിനും അനുഭവിണ്ടിവരുന്ന കീഴ്പ്പെടുത്തലുകള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കും പ്രതികാരം ചെയ്യാനുള്ള കെല്പുള്ളവര്‍ കൂടിയാണ് ഓരോരുത്തരും. സേച്ഛാധിപതികളായ മുന്‍കാല രാഷ്ട്രീയ നേതാക്കള്‍ക്കും അതിന് അവസരമൊരുക്കിയ പ്രസ്ഥാനങ്ങള്‍ക്കും ഉണ്ടായ അനുഭവങ്ങള്‍ ആ ചരിത്രത്തെ അടിവരയിടുന്നു. ഇവിടത്തെ സാധാരണക്കാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ചിന്തകര്‍ക്കും രാഷ്ട്രീയക്കാര്‍ക്കുമെല്ലാം എതിരെ ഇഡിയെയും സിബിഐയെയും എന്‍ഐഎയെയും അഴിച്ചുവിടുന്നത് ബഹുമതിയും പ്രശസ്തിയും നേടിത്തരുമെന്ന ധാരണയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി.

ഇടതുപക്ഷം ഉള്‍പ്പെടെ ഒട്ടുമിക്ക പ്രതിപക്ഷ പാര്‍ട്ടികളും സാധാരണ ജനങ്ങളും മോഡിയുടെ വിരട്ടലില്‍ ഭയന്ന് മൗനംപാലിക്കുന്നില്ലെന്ന് കാണാം. ജനങ്ങള്‍ അവരുടേതായ രീതിയില്‍ പോരാടുന്നുണ്ട്, പ്രക്ഷോഭം നയിക്കുന്നുണ്ട്. അത് കര്‍ഷക പ്രക്ഷോഭമായാലും പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള പോരാട്ടമായാലും. തീവ്രവാദവും കള്ളപ്പണവും തടയുന്നതിനോ ദേശീയജീവിതത്തില്‍ വിശുദ്ധിയും നൈപുണ്യവും നിലനിര്‍ത്താനോ അല്ല മോഡി പരിശ്രമിക്കുന്നത്.

മുന്‍കാലങ്ങളേക്കാള്‍ തിരക്കിലും ആവേശത്തിലുമാണ് ആദായനികുതി വകുപ്പിലെയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റിലേയും മറ്റും ഉദ്യോഗസ്ഥര്‍. ഇവര്‍ കണ്ടെത്തിക്കൊണ്ടുവരുന്ന കേസുകളൊന്നും കോടതിയിലൂടെ ബോധ്യപ്പെടുത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് ഔദ്യോഗിക രേഖകള്‍ തന്നെ പറയുന്നു. സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുക്കപ്പെട്ട ബിജെപി വിരുദ്ധ സര്‍ക്കാരുകളെ താഴെയിറക്കാനാണ് ഇഡിയെ അധികവും ഉപയോഗിച്ചിരിക്കുന്നത്. രാഷ്ട്രീയ പ്രതിയോഗികളെ ഭീഷണിപ്പെടുത്താനുള്ള ആയുധമായി ഇഡിയെ മാറ്റിക്കഴിഞ്ഞു. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമം (പിഎംഎല്‍എ), ഫോറിന്‍ എക്സേചേഞ്ച് മാനേജ്മെന്റ് ആക്ട് (ഫെമ) തുടങ്ങിയവ ലംഘിച്ചെന്നാരോപിച്ച് ജനങ്ങളെ ഇരകളാക്കുകയാണ് മോഡി ഭരണകൂടം.

മോഡി സര്‍ക്കാര്‍ ഇതുവരെ 1,700 റെയ്ഡുകളാണ് പിഎംഎല്‍എയുടെ പേരില്‍ നടത്തിയത്. ഇതില്‍ വെറും ഒമ്പത് കേസുകളില്‍ മാത്രമാണ് ശിക്ഷ ഉറപ്പാക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. അവയില്‍‍ ഭൂരിഭാഗവും നിസാരമായ കേസുകളാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ പിഎംഎല്‍എ പ്രകാരം 3,985 ക്രിമനല്‍ പരാതികളും ഫെമ പ്രകാരം 24,893 ക്രിമനല്‍ പരാതികളും ഇഡി ഫയല്‍ ചെയ്തിട്ടുണ്ട്. 2022 മാര്‍ച്ച് 31വരെ പിഎംഎല്‍എ അനുസരിച്ച് 5,400 കോടി രൂപ കണ്ടെടുത്തതായി ധനകാര്യസഹമന്ത്രി പങ്കജ് ചൗധരി നേരത്തെ പാര്‍ലമെന്റില്‍ അവതരിപ്പിച്ച മറുപടിയില്‍ വ്യക്തകാക്കുന്നുണ്ട്. ഏകദേശം 1.04,702 കോടി രൂപയുടെ ക്രമക്കേട് നടന്നതായുള്ള 992 കേസുകളില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും 869.31 കോടി രൂപ കണ്ടുകെട്ടിയെന്നും പറയുന്നു.

സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരടക്കം കോണ്‍ഗ്രസ് നേതാക്കളെ പ്രതിപട്ടികയിലാക്കി നാഷണല്‍ ഹെറാള്‍ഡ് കേസ്, ഭൂപേന്ദര്‍ സിങ് ഹണിയെ പ്രതിയാക്കിയ മണല്‍ ഖനനക്കേസ്, കാര്‍ത്തി ചിദംബരം അകപ്പെട്ട ചൈനീസ് വിസ കേസ്, സഞ്ജയ് റാവത്തിനെ ഉള്‍പ്പെടുത്തി പത്ര ചാള്‍ അഴിമതി കേസ്, ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയുമായും ഫാറൂഖ് അബ്ദുള്ളയുമായും ബന്ധം ഉണ്ടെന്ന് പറഞ്ഞ് മഹാരാഷ്ട്രയിലെ മുന്‍ മന്ത്രിയും എന്‍സിപി നേതാവുമായ നവാബ് മാലികിനെതിരെയുള്ള കേസ്, ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന്‍ ഫണ്ട് കുംഭകോണവുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയ്ക്കെതിരെയുള്ള അനുബന്ധകുറ്റപത്രം എന്നിവയാണ് ഇതില്‍ പ്രധാനം.

ദീര്‍ഘവീക്ഷണമുള്ള നേതാക്കള്‍ ജനങ്ങളുടെ ആഗ്രഹങ്ങളാലും അഭിലാഷങ്ങളാലും അവരെ നയിക്കും. എല്ലാവരെയും ഓരേ ദിശയില്‍ കൊണ്ടുവരാനുള്ള ഏകോപനവും നടത്തും. തന്ത്രപരമായി ചിന്തിച്ച് വികസന ദര്‍ശനങ്ങള്‍ ആസൂത്രണം ചെയ്യും. രാജ്യത്തിന്റെ ഭാവിയെ നോക്കിക്കാണാനും ദീര്‍ഘവീക്ഷണമുള്ള നേതാക്കള്‍ക്കേ കഴിയൂ. സാമൂഹിക സമ്മര്‍ദ്ദങ്ങളായിരിക്കും അവരെ സ്വാധീനിക്കുക. എന്നാല്‍ നരേന്ദ്രമോഡിയെ സംബന്ധിച്ചിടത്തോളം പ്രതികൂലസാഹചര്യങ്ങളുടെ ചുറ്റുപാടിനകത്താണ് ഭരണം നിര്‍വഹിക്കേണ്ടിവരുന്നത്. അതിനെ നേരിടാന്‍ മോഡിക്ക് ഭയവുമാണ്. വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ അദ്ദേഹം അമ്പേ പരാജയപ്പെട്ടു. നോട്ടുനിരോധനം പോലെ അബദ്ധനീക്കങ്ങളുണ്ടായി. മഹാത്മാഗാന്ധിയുടെ ജന്മദിനത്തിന് ഇന്ത്യയെ വെളിയിട മലമൂത്രവിസര്‍ജനമുക്ത രാജ്യമാക്കുമെന്ന പ്രഖ്യാപനം ഉണ്ടായിരുന്നു. എന്നാല്‍ കോടിക്കണക്കിന് രൂപ ഒഴുക്കിയ ഈ പദ്ധതി അഴിമതിയുടേതായി. എട്ട് വര്‍ഷത്തിനിടെ നിരവധി പദ്ധതി പ്രചാരണങ്ങള്‍ (അഭിയാന്‍) ആരംഭിച്ചു. എല്ലാം ദൗത്യം പൂര്‍ത്തീകരിക്കാതെ അകാലചരമം പ്രാപിച്ചു. പലതും പക്ഷെ മുസ്‌ലിങ്ങളോടുള്ള വിദ്വേഷം ഉണര്‍ത്താന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.