29 December 2024, Sunday
KSFE Galaxy Chits Banner 2

ആസാദി കാ അമൃത് മഹോത്സവ്; തിരിഞ്ഞുനോക്കുമ്പോൾ

രമേശ് ബാബു
August 25, 2022 5:15 am

“ഒരു പുതിയ നക്ഷത്രം, പൗരസ്ത്യ ദേശത്തിലെ സ്വാതന്ത്ര്യത്തിന്റെ നക്ഷത്രം ഉദിക്കുകയാണ്. ഒരു പുതിയ ആശ ഉടലെടുക്കുകയാണ്. ചിരകാല പ്രാർത്ഥിതമായ ഒരു സ്വപ്നം നിറവേറ്റുകയാണ്. ആ നക്ഷത്രം അസ്തമിക്കാതിരിക്കട്ടെ. ആ ആശ വഞ്ചിക്കപ്പെടാതിരിക്കട്ടെ”. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അന്ത്യം കുറിച്ചുകൊണ്ട് 1947 ഓഗസ്റ്റ് 14 പാതിരാത്രി ജവഹർലാൽ നെഹ്രു നടത്തിയ, രാജ്യം കാതോർത്തിരുന്ന ‘വിധിയുമായുള്ള കൂടിക്കാഴ്ച’ എന്ന പ്രസംഗത്തിൽ ഇന്ത്യ എന്ന സ്വതന്ത്രരാഷ്ട്രത്തെക്കുറിച്ചുള്ള പ്രതീക്ഷാനിർഭരമായ ചിന്തകളാണ് പങ്കുവച്ചത്. ചെങ്കോട്ടയിൽ ത്രിവർണ പതാക പാറിയപ്പോൾ അത് ഒരു ജനതയുടെ പോരാട്ടത്തിന്റെയും ത്യാഗത്തിന്റെയും ലക്ഷ്യത്തോടെയുള്ള സ്വാതന്ത്ര്യമോഹങ്ങളുടെ ഫലപ്രാപ്തിയും സാക്ഷാത്ക്കാരവുമായിരുന്നു. ഭാരതീയർ മുഴുവൻ സ്വാതന്ത്ര്യത്തിന്റെ ആഹ്ലാദത്തിമിർപ്പിൽ മുഴുകാൻ തുടങ്ങുമ്പോൾ തന്നെ ഹൃദയത്തിനേറ്റ മുറിവുപോലെ രണ്ടു രാജ്യങ്ങളായി ഇന്ത്യ വിഭജിക്കപ്പെടുകയും ചെയ്തു. ദശലക്ഷക്കണക്കിന് ആളുകൾക്കാണ് അവർ ജനിച്ച നാടും വീടും വിട്ട് പലായനം ചെയ്യേണ്ടിവന്നത്. സാങ്കല്പിക അതിർത്തി രേഖയ്ക്കപ്പുറത്തേക്ക് ഉറ്റവരെയും ഉടയവരെയും വിട്ടുപോകാൻ നിർബന്ധിതരായവരുടെ വേദന ഈ അമൃത് മഹോത്സവവേളയിലും ശമനമില്ലാതെ തുടരുന്നു. വിഭജനാനന്തരമുണ്ടായ ജാതീയവും വംശീയവുമായ രക്തരൂഷിത കലാപത്തിൽ രണ്ടുലക്ഷത്തിലേറെ പേരാണ് കൊല്ലപ്പെട്ടത്. ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീകളുടെയും പെൺകുട്ടികളുടെയും എണ്ണം അതിലും ഭീകരമാണെന്ന് ചരിത്ര രേഖകൾ വെളിപ്പെടുത്തുന്നു.

എഴുപത്തിയഞ്ചിൽ എത്തുന്ന ഇന്ത്യൻ സ്വാതന്ത്ര്യം ആഘോഷിക്കപ്പെടാൻ ഒട്ടേറെ കാരണങ്ങൾ ഇന്ന് മുന്നിലുണ്ടെങ്കിലും വിഭജനകാലത്തിന്റെ മായ്ച്ചാലും മായാത്ത രക്തക്കറകളിൽ നിന്ന് അതിന് മോചനമില്ല. സ്വാതന്ത്യാനന്തരം ഇന്ത്യ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി നിലകൊള്ളുകയും ഗൂഢമായ വെല്ലുവിളികളെ അതിജീവിച്ച് മറ്റേതൊരു രാജ്യത്തെക്കാളും ജനാധിപത്യത്തെ ജനത ഭംഗിയായി കാത്തുസൂക്ഷിക്കുകയും ചെയ്യുന്നുവെന്നാണ് 75-ാം വർഷത്തെ പ്രസക്തമാക്കുന്നത്. 1975ൽ ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥ മാത്രമാണ് സ്വതന്ത്ര ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തിൽ കറുത്ത ഏടായി നിൽക്കുന്നത്. ലോക ജനസംഖ്യയിൽ ആറിലൊന്നിലധികം പേർ അധിവസിക്കുന്ന ഇന്ത്യ 75 വർഷം കൊണ്ട് വികസിത രാഷ്ട്രങ്ങളോട് പലരംഗത്തും മത്സരിക്കാവുന്ന അവസ്ഥയിലേക്ക് തീർച്ചയായും വളർന്നിട്ടുണ്ട്. ശാസ്ത്ര സാങ്കേതികരംഗത്തും അടിസ്ഥാന സൗകര്യങ്ങളിലും ഇന്ത്യ ഇന്ന് വികസിതമാണ്. ഗുണമേന്മ, ഉല്പാദനക്ഷമത, ബഹിരാകാശ ഗവേഷണം, വിവരനിയമം, വിദേശനാണ്യ ശേഖരം, ഹരിത ധവള വിപ്ലവം തുടങ്ങിയ മേഖലകളിലെല്ലാം അതിശയകരമായ പുരോഗതിയാണ് രാജ്യത്തിനുണ്ടായിട്ടുള്ളത്.


ഇതുകൂടി വായിക്കുക: ചരിത്രപാഠങ്ങള്‍


സിനിമ, സാഹിത്യം, സംഗീതം, സ്പോർട്സ്, പല വിധ കമ്പോള വിപണി തുടങ്ങിയ രംഗങ്ങളിലും ഇന്ത്യ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. എന്നാൽ മനുഷ്യജീവന് ആദ്യം വേണ്ട ഭക്ഷണമെന്ന അടിസ്ഥാന ആവശ്യം ഉറപ്പാക്കുന്ന കാര്യത്തിൽ ഇന്ത്യ ഇപ്പോഴും പിന്നിലാണെന്നത് ആഘോഷങ്ങൾക്ക് മങ്ങലേല്പിക്കുന്നു. ദാരിദ്ര്യത്തെ ഇനിയും നിർമ്മാർജനം ചെയ്യാനായിട്ടില്ല. ലോക രാജ്യങ്ങളിൽ വിശപ്പിന്റെ സൂചികയിൽ ഇന്ത്യ 101-ാം സ്ഥാനത്താണിപ്പോഴും. ആരോഗ്യരംഗത്തും പിന്നാക്കാവസ്ഥിയിലാണ് രാജ്യം. മാതൃമരണനിരക്ക് ഇന്ത്യയിലെ 640 ജില്ലകളിൽ 456 ലും 140ൽ അധികമാണ്. പുരുഷനും സ്ത്രീക്കും തുല്യമായി അവസരങ്ങളും വിഭവങ്ങളും പങ്കുവയ്ക്കുന്ന സാമൂഹിക ക്രമീകരണങ്ങളിലേക്കും രാജ്യം ഇതുവരെ എത്തപ്പെട്ടിട്ടില്ലെന്ന് ഗ്ലോബൽ ജന്റർ ഗ്യാപ് റിപ്പോർട്ട് സൂചിപ്പിക്കുന്നു. 2022ലെ കണക്കനുസരിച്ചുതന്നെ ഇന്ത്യ പട്ടികയിൽ 135-ാം സ്ഥാനത്താണ്. ബംഗ്ലാദേശ് പോലും പട്ടികയിൽ 71-ാം സ്ഥാനത്താണ്. സ്ത്രീകൾക്കെതിരെയുള്ള അതിക്രമത്തിലും ഗണ്യമായ വർധനവാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. 1990ൽ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള അക്രമങ്ങളുടെ മൊത്ത പട്ടികയിൽ സ്ത്രീകൾക്കെതിരെ നടന്നത് 4.3 ശതമാനമായിരുന്നെങ്കിൽ 2019ൽ പുറത്തുവന്ന ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുപ്രകാരം 12.57 ശതമാനമായി ഉയർന്നു. തുല്യനീതി വാഗ്ദാനം ചെയ്യുന്നതും മതേതരത്വത്തിൽ അധിഷ്ഠിതവുമായ ലോകോത്തര ഭരണഘടനയാണ് ഇന്ത്യയുടെ കരുത്തെങ്കിലും അവസര സമത്വത്തിൽ ഇന്ത്യക്ക് ഇനിയും ബഹുദൂരം സഞ്ചരിക്കാനുണ്ടെന്നാണ് വർത്തമാനകാല സംഭവങ്ങൾ തെളിയിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യയും അതിന്റെ ജാതിവ്യവസ്ഥയും നിതാന്തമായ അസമത്വത്തിൽ തന്നെ നിലനില്ക്കുകയാണെന്ന് ദിനംപ്രതി ദളിതർക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. സാമ്പത്തിക മേഖലയിലും അസമത്വം ഏറിവരികയാണ്. 2020ൽ ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ കണക്ക് 102 ആയിരുന്നത് 2021ൽ 142 ആയി. 2020–21 വർഷം ലോകത്തെ കോവിഡ് മഹാമാരി ഗ്രസിച്ചിരുന്ന ഘട്ടത്തിലാണ് ഇന്ത്യയിൽ ശതകോടീശ്വരന്മാരുടെ വർധനയുണ്ടായിരിക്കുന്നത്.

സമ്പന്നരും അവരടങ്ങുന്ന മേൽജാതിക്കാരുമാണ് ഭരണരംഗത്തെയും സമ്പദ്ഘടനയെയും നിയന്ത്രിക്കുന്നത്. അതിന് തെളിവാണ് 50 ശതമാനം വരുന്ന താഴേതട്ടുകാരുടെ ദേശീയ സ്വത്തിലെ വിഹിതം ആറ് ശതമാനമായി കുറഞ്ഞതിന് കാരണമെന്ന് സാമ്പത്തിക നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇന്ത്യൻ ജനാധിപത്യം വരേണ്യവർഗ ജനാധിപത്യമായി മാറാനും സാമൂഹിക ജനാധിപത്യം ഒരു സങ്കല്പം മാത്രമായി നിലനില്ക്കാനുമുള്ള സാധ്യതകൾക്കാണ് ഏറിവരുന്ന അസമത്വം വഴിവയ്ക്കുന്നതെന്നും നിരീക്ഷിക്കപ്പെടുന്നുണ്ട്. അതുപോലെ ജാതിമത വർഗ പ്രീണനത്തിലൂടെ തെരഞ്ഞെടുപ്പുകളിൽ ഭൂരിപക്ഷം തെളിയിക്കപ്പെടുമ്പോൾ ജനാധിപത്യത്തിന്റെ മേന്മയ്ക്കും ശോഭ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്.


ഇതുകൂടി വായിക്കുക: ജനതയുടെ സ്വാതന്ത്ര്യം പുലരട്ടെ 


2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച എംപിമാരിൽ 43 ശതമാനം പേരും ക്രിമിനൽ കേസ് പ്രതികളാണ്. അതായത് 543 എംപിമാരിൽ 233 പേർ. 58 മന്ത്രിമാരിൽ 51 പേരും കോടീശ്വരന്മാരുമാണ്. 22 പേർ ക്രിമിനൽ കേസ് നേരിടുന്നവരും. ചുരുക്കത്തിൽ സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷമെത്തുമ്പോൾ ഭരണകൂടം സമ്പന്നരുടെയും ക്രിമിനലുകളുടേതുമായി മാറിയിരിക്കുകയാണ്. ആഭ്യന്തരമായി ഇന്ത്യ ഇനിയും പൂർണ സ്വാതന്ത്ര്യം നേടിയിട്ടില്ലെന്ന് സാരം. വരും കാലങ്ങളിൽ രാജ്യം വളരെ വേഗം പരിഹരിക്കേണ്ട പ്രശ്നം ജനസംഖ്യാ നിയന്ത്രണമാണെന്ന് സാമ്പത്തിക വിദഗ്ധർ അടിവരയിടുന്നു. ഇന്ത്യയിൽ ലഭ്യമായ ഭൂമിക്കും വിഭവങ്ങൾക്കും ഇത്രയും ജനതയെ ഉൾക്കൊള്ളാൻ വരുംകാലങ്ങളിൽ ആകില്ലായെന്നാണ് നിഗമനം. അതുപോലെ ഊർജ ഉപഭോഗത്തിൽ ശ്രദ്ധവച്ചില്ലെങ്കിൽ താങ്ങാനാവാത്ത ചൂടിൽ സമീപഭാവിയിൽ തന്നെ ഇന്ത്യയുടെ പല ഭാഗങ്ങളും വാസയോഗ്യമല്ലാതാകുമെന്നും ശാസ്ത്രജ്ഞൻമാർ പ്രവചിക്കുന്നുണ്ട്. നമ്മുടെ രാഷ്ട്ര ശില്പികൾ പ്രസ്താവിച്ചതുപോലെ ഇന്ത്യയുടെ സംസ്കാരം പുറംതള്ളൽ സ്വഭാവമുള്ളതല്ല, ഉൾക്കൊള്ളൽ സ്വഭാവമുള്ളതാണ്. മഹത്തരവും പൗരാണികവുമായ പൈതൃകങ്ങളുള്ള ഭാരതത്തിന്റെ ഭാവി തുടർന്നും ഈ സവിശേഷതകളിൽ അധിഷ്ഠിതമാണെങ്കിൽ മാത്രമേ ലോക നേതൃത്വത്തിലേക്ക് രാഷ്ട്രം ഉയരുകയുള്ളൂ. സ്വാതന്ത്ര്യാനന്തരം മഹർഷി അരബിന്ദോ വിഭാവനം ചെയ്തതുപോലെ ദേശീയത അതിന്റെ സമരോത്സുകമായ ഭാവം കൈവെടിയട്ടെ, ലോകം ഏകത്വത്തിലേക്ക് ചെന്നെത്തട്ടെ… ഭാരതവും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.