26 December 2024, Thursday
KSFE Galaxy Chits Banner 2

അധികാരമുറപ്പിക്കാന്‍ വീണ്ടും അട്ടിമറി രാഷ്ട്രീയം

Janayugom Webdesk
September 1, 2022 5:00 am

മഹാരാഷ്ട്രയ്ക്ക് പിന്നാലെ പ്രതിപക്ഷം ഭരിക്കുന്ന ഇതര സംസ്ഥാനങ്ങളിലും അധികാരം പിടിക്കാനുള്ള തീവ്രയത്നത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോഡിയും ബിജെപിയും. അവരുടെ അടിയന്തര ലക്ഷ്യം ഡൽഹിയും ഝാർഖണ്ഡുമാണ്. 2024 ൽ നടക്കാൻ പോകുന്ന പൊതുതെരഞ്ഞെടുപ്പിൽ വിജയിച്ചു തുടർച്ചയായി മൂന്നാം തവണയും കേന്ദ്രത്തിൽ അധികാരം ഉറപ്പിക്കാനുള്ള വ്യഗ്രതയിലാണ് അവർ. ലോക്സഭയിൽ ഭൂരിപക്ഷത്തിന്റെ പിൻബലത്തിൽ കീഴ്‌വഴക്കങ്ങളെയും പാർലമെന്ററി മര്യാദകളെയും മറികടന്നു നിർമ്മിച്ചെടുത്ത നിയമത്തിന്റെ മറവിലും, നിയമവിരുദ്ധമായും ആർജിച്ച പണക്കൊഴുപ്പ് ഉപയോഗിച്ചും സാമാജികരെ വിലയ്ക്കെടുത്ത് തെരഞ്ഞെടുപ്പിന് മുൻപേതന്നെ കഴിയാവുന്ന സംസ്ഥാനങ്ങളിലെല്ലാം ഭരണമാറ്റമാണ് അവരുടെ ലക്ഷ്യം. അവിടങ്ങളിലെല്ലാം സിബിഐ, ഇഡി തുടങ്ങിയ കേന്ദ്ര ഏജൻസികളുടെ ഇടപെടലുകളും യഥാവിധി ഉറപ്പുവരുത്തിയിട്ടുണ്ട്. ഝാർഖണ്ഡിൽ ഖനി ഇടപാടുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി ഹേമന്ത് സൊരേനെതിരെ ഇഡി വ്യാപകമായ തിരച്ചിലും മറ്റും നടത്തിയിരുന്നു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ മുഖ്യമന്ത്രിയെ അയോഗ്യനാക്കിയെന്നും, ഗവർണർ അദ്ദേഹത്തിന്റെ രാജി ഉടൻ ആവശ്യപ്പെടുമെന്നും പ്രചാരണമുണ്ടായി. പിന്നാലെ കോടാനുകോടികൾ നൽകി സാമാജികരെ വിലയ്ക്കെടുക്കാനുള്ള നീക്കവും ആരംഭിച്ചു. തുടർന്നാണ് കോൺഗ്രസിന്റെയും ഝാർഖണ്ഡ് മുക്തി മോർച്ചയുടെയും നേതാക്കൾ ഉള്‍പ്പെടെയുള്ള 31 എംഎൽഎമാരെ കോൺഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഢിലേക്കു കഴിഞ്ഞദിവസം മാറ്റിയത്’. കർണാടകത്തിലും മഹാരാഷ്ട്രയിലും അരങ്ങേറിയ നാടകത്തിന്റെ ആവർത്തനമാണ് രാജ്യം ലജ്ജയോടെ വീക്ഷിക്കുന്നത്. വേറിട്ട ഭരണം വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയവർ രാജ്യത്തെ ഏക ഗോത്രവർഗ മുഖ്യമന്ത്രിയെ കയ്യിലെടുക്കാനോ, സമ്മർദ്ദത്തിലാക്കാനോ, അതിനു വഴങ്ങുന്നില്ലെങ്കിൽ അട്ടിമറിക്കാനോ ഒരുമ്പെട്ടിറങ്ങിയിരിക്കുന്ന കാഴ്ച കൗതുകകരം തന്നെ. രാജ്യത്തെ പ്രഥമ ഗോത്രവർഗ രാഷ്ട്രപതിയെക്കുറിച്ചുള്ള ഇവരുടെ ഊറ്റംകൊള്ളലിന്റെ പൊള്ളത്തരംകൂടിയാണ് തുറന്നുകാട്ടപ്പെടുന്നത്.


ഇതുകൂടി വായിക്കു; കര്‍ണാടക ബിജെപി സര്‍ക്കാരിന്റെ അഴിമതി | Janayugom Editorial


സഹകരണാത്മക ഫെഡറലിസത്തെക്കുറിച്ചുള്ള നരേന്ദ്രമോഡിയുടെയും ബിജെപിയുടെയും തനിനിറമാണ് ഡൽഹിയിൽ ആം ആദ്മി പാർട്ടിയോടുള്ള അവരുടെ ഓരോ സമീപനവും മറനീക്കി പുറത്തു കൊണ്ടുവരുന്നത്. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിലെ ആം ആദ്മി പാർട്ടിയുടെ വിജയം ഹിമാചലിലും ഗുജറാത്തിലും നടക്കാൻ പോകുന്ന തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ തെല്ലൊന്നുമല്ല ബിജെപിയെ അസ്വസ്ഥമാക്കുന്നത്. ഇപ്പോൾ ഡൽഹിയിൽ അരങ്ങേറുന്ന നാടകങ്ങളിൽ പ്രതിഫലിക്കുന്നത് ബിജെപിയുടെ അങ്കലാപ്പാണ്. ഡൽഹിയിലെ എക്സൈസ് നയത്തിന്റെ പേരിൽ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കെതിരെ സിബിഐയെ ഉപയോഗിച്ച് വ്യാപകമായ തിരച്ചിലുകൾ സംഘടിപ്പിക്കുന്നു. അതുവഴി കുറ്റകരമായി യാതൊന്നും കണ്ടെത്താനായിട്ടില്ല. ആം ആദ്മി പാർട്ടി എംഎൽഎമാരെ വിലയ്ക്കെടുക്കാനുള്ള നീക്കവും വിജയിച്ചിട്ടില്ല. ആം ആദ്മി പാർട്ടി ബിജെപിക്കും നരേന്ദ്രമോഡിക്കും അവരുടെ നാണയത്തിൽ തന്നെ തിരിച്ചടിച്ച് രാഷ്ട്രീയക്കളിയിൽ ഒരുചുവടു മുന്നിൽത്തന്നെ നിലയുറപ്പിച്ചിരിക്കുന്നു. സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സമവാക്യങ്ങളെയും ഭരണ സംവിധാനങ്ങളെയും അട്ടിമറിക്കാതെയും തങ്ങളുടെ നിയന്ത്രണത്തിൽ കൊണ്ടുവരാതെയും മൂന്നാം തവണയും തെരഞ്ഞെടുപ്പ് വിജയവും അധികാരവുമെന്ന സ്വപ്നം അസ്ഥാനത്താവുമെന്ന തിരിച്ചറിവ് നരേന്ദ്രമോഡിയുടെയും കൂട്ടരുടെയും ഉറക്കം കെടുത്തുന്നുണ്ട്.

തങ്ങൾ മുന്നോട്ടുവയ്ക്കുന്ന ഹിന്ദുത്വ രാഷ്ട്രീയത്തിനും ഭരണാധികാരം വഴി ആർജിച്ച അളവറ്റ പണക്കൊഴുപ്പിനും നിർണായകമായ ജനപിന്തുണ ഉറപ്പുവരുത്താനും ആഗ്രഹിക്കുംവിധം അധികാരം നിലനിർത്താനും പര്യാപ്തമായിരിക്കില്ലെന്നു മറ്റാരേക്കാളും നന്നായി മോഡിയും അദ്ദേഹത്തിന്റെ ഏറ്റവുമടുത്ത ഉപജാപക വൃന്ദങ്ങളും തിരിച്ചറിയുന്നു. അതിന്റെ ഫലമായാണ് നാളിതുവരെ തങ്ങൾക്കു പച്ചതൊടാൻ അവസരം നൽകാത്ത ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പദ്ധതി തയാറാക്കാൻ അവരെ നിർബന്ധിതരാക്കിയത്. രാജ്യത്തു രണ്ടാമത് ഏറ്റവുമധികം ലോക്‌സഭാംഗങ്ങളെ തെരഞ്ഞെടുത്തയയ്ക്കുന്ന ബിഹാറിൽ നിതീഷ്‌കുമാറിന് ഒപ്പമുണ്ടായിരുന്ന മുന്നണിയുടെ തകർച്ചയും ബിജെപിയുടെ വിജയ പ്രതീക്ഷകൾക്ക് മങ്ങലേല്പിക്കുന്നു. മഹാരാഷ്ട്രയിൽ അധികാരം കുടിലതന്ത്രങ്ങളിലൂടെ തിരിച്ചുപിടിക്കാനായെങ്കിലും എൻസിപിയും കോൺഗ്രസും ശിവസേനയും സഖ്യ ശക്തികളും തെരഞ്ഞെടുപ്പിൽ ശക്തമായ വെല്ലുവിളി ഉയർത്തുമെന്ന് അവർ ഭയപ്പെടുന്നു. ഈ പശ്ചാത്തലത്തിലാണ് ഡൽഹിയും ഝാർഖണ്ഡും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ അട്ടിമറി രാഷ്ട്രീയം ബിജെപിക്കു അനിവാര്യമായി മാറുന്നത്. ബിജെപിക്കു എതിരെ ഫലപ്രദമായ ഒരു ബദൽ ഉയർത്തിക്കൊണ്ടുവരുന്നതിൽ സംസ്ഥാനങ്ങളിലെ പ്രതിപക്ഷ സര്‍ക്കാരുകൾക്ക് നിർണായക പങ്ക് വഹിക്കാനാവും. അത് മുളയിലേ നുള്ളാനാണ് ബിജെപി ശ്രമിക്കുന്നത്. അത് ഒറ്റക്കെട്ടായി തടയാൻ പ്രതിപക്ഷത്തിന് രാഷ്ട്രീയവും ധാർമ്മികവുമായ ഉത്തരവാദിത്തമുണ്ട്.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.