റോഡുകളുടെ മോശം അവസ്ഥക്കെതിരെ വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി. റോഡ് നന്നാക്കാതെ പാലിയേക്കരയിൽ എങ്ങനെ ടോൾ പിരിക്കും എന്ന് ഹൈക്കോടതി ചോദിച്ചു. റോഡ് നന്നാക്കാൻ പുതിയ കരാറുകാരെ ഏൽപ്പിച്ചാൽ പഴയ കരാറുകാരന് ടോൾ പിരിക്കാൻ കഴിയുമോ എന്നും ഹൈക്കോടതി ആരാഞ്ഞു. മണ്ണുത്തി — ഇടപ്പള്ളി ദേശീയപാതയുടെ കരാർ എടുത്തിരിക്കുന്നത് ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ് ആണ്. അതേസമയം റോഡ് കൃത്യമായി നന്നാക്കാനോ സഞ്ചാരയോഗ്യമാക്കാനോ കമ്പനി തയാറായിരുന്നില്ല. അതിനാൽ റോഡിലെ കുഴി അടയ്ക്കുന്നതിന് മറ്റൊരു കരാറുകാരനെ ചുമതലപ്പെടുത്തി എന്ന് ദേശീയപാതാ അതോറിറ്റി ഹൈക്കോടതിയിൽ അറിയിച്ചു.
ഈ സാഹചര്യത്തിലാണ് പഴയ കരാറുകാരായ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡിന് എങ്ങനെ ടോൾ പിരിക്കാൻ കഴിയും എന്ന് ഹൈക്കോടതി ചോദിച്ചത്. ഇക്കാര്യത്തിൽ ദേശീയപാതാ അതോറിറ്റിയാണ് കൃത്യമായ വിശദീകരണം നൽകേണ്ടത്. അതേസമയം റോഡിലെ ക്രമക്കേട് സംബന്ധിച്ച പരിശോധന നടത്തിയ വിജിലൻസിനെ ഹൈക്കോടതി അഭിനന്ദിച്ചു.
അറ്റകുറ്റപ്പണി ക്രമക്കേട്: റിപ്പോർട്ട് സമർപ്പിക്കണം
കൊച്ചി: ദേശീയപാതയിലെ റോഡ് അറ്റകുറ്റപ്പണിയിലെ ക്രമക്കേട് സംബന്ധിച്ച വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ വിജിലൻസിന് ഹൈക്കോടതിയുടെ നിർദ്ദേശം. ദേശീയപാതയിൽ അപകടത്തിൽ ആളുകൾ മരിക്കുന്നത് സംബന്ധിച്ച് കേസ് പരിഗണിക്കവേയാണ് ഹൈക്കോടതി നിർദ്ദേശം നൽകിയത്.
വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം കോടതിയിൽ ഹാജരായി സ്വീകരിച്ച നടപടികൾ വിശദീകരിച്ചു. 107 റോഡുകളിൽ നിർമ്മാണത്തിലെ അപാകത സംബന്ധിച്ച പരിശോധന വിജിലൻസ് നടത്തിയതായും രണ്ട് കേസ് രജിസ്റ്റർ ചെയ്തതായും വിജിലൻസ് ഡയറക്ടർ കോടതിയെ അറിയിച്ചു. തുടർന്നാണ് ഒക്ടോബർ ആറിന് മുമ്പായി നാഷണൽ ഹൈവേയോട് ഇത് സംബന്ധിച്ച് വിശദ വിവരങ്ങൾ രേഖാമൂലം അറിയിക്കാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദ്ദേശിച്ചത്.
പിഡബ്ല്യൂഡി റോഡുകളുടെ അറ്റകുറ്റപ്പണി സംബന്ധിച്ചുള്ള വിവരങ്ങൾ രേഖാമൂലം സമർപ്പിക്കാൻ പൊതുമരാമത്ത് വകുപ്പിന് കോടതി നിർദ്ദേശം നൽകി. പെരുമ്പാവൂർ‑മൂന്നാർ റോഡ് പണി സംബന്ധിച്ചും പ്രത്യേകം വിവരം നൽകണം. കലൂർ‑കടവന്ത്ര റോഡ് അറ്റകുറ്റപ്പണി സംബന്ധിച്ച് ജിസിഡിഎയും വിവരം നൽകണം.
English Summary: How to collect toll without repairing the road?
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.