ഭീകരവാദ ബന്ധം ആരോപിച്ച് ബിജെപി ഭരിക്കുന്ന അസമിൽ ഓഗസ്റ്റ് മാസത്തിൽ മൂന്നു മദ്രസകൾ ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തി. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ അൽഖ്വയ്ദയുമായി ബന്ധമുള്ള ‘അൻസറുല്ല ബംഗ്ലാ ടീമി‘ൽപ്പെട്ട ഇമാംമാർ ഈ മദ്രസകൾ സന്ദർശിച്ചു എന്ന് ആരോപിച്ചായിരുന്നു ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവനുസരിച്ച് ഇടിച്ചുനിരത്തൽ നടന്നത്. അസമിലെ ബോംഗായ്ഗാവ് ജില്ലയിൽ ഓഗസ്റ്റ് 31ന് ഇടിച്ചുനിരത്തപ്പെട്ട മദ്രസയിൽ ഇരുനൂറിലധികം വിദ്യാർത്ഥികൾ പഠനം നടത്തി വന്നിരുന്നതായാണ് റിപ്പോർട്ട്. ഭീകരവാദികളെയോ അവർക്കു അഭയംനൽകിയ ആരെയെങ്കിലുമോ അറസ്റ്റ് ചെയ്തതായി യാതൊരു സൂചനയും ഇല്ല. തകർക്കപ്പെട്ട മദ്രസകളിലെ വിദ്യാർത്ഥികൾക്ക് പഠനം തുടരാൻ ബദൽ സംവിധാനം ഒരുക്കിയതായും അറിവില്ല. ‘ഭീകര പ്രവർത്തന കേന്ദ്രങ്ങളായ’ മദ്രസകൾ ഇനിയും ഇടിച്ചുനിരത്താനുണ്ടെന്ന സൂചനയും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ഇതിനകം നൽകിക്കഴിഞ്ഞു. ഇടിച്ചുനിരത്തപ്പെട്ട മദ്രസകൾ ബംഗാളി മുസ്‌ലിങ്ങളുടേതാണ്. സംസ്ഥാനത്തെ എഴുനൂറില്പരം മദ്രസകൾ രജിസ്ട്രേഷൻ ഇല്ലെന്നപേരിൽ നേരത്തെ അടച്ചുപൂട്ടിച്ചിരുന്നു. അസമിനൊപ്പം ഉത്തർപ്രദേശിലും മദ്രസകൾക്കെതിരെ ആസൂത്രിതനീക്കം ആരംഭിച്ചതായി റിപ്പോർട്ടുകളുണ്ട്.
അംഗീകാരം ഇല്ലാത്ത മദ്രസകളെപ്പറ്റി സർവേ നടത്തി പട്ടിക തയാറാക്കാൻ യുപി സർക്കാർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നല്കിക്കഴിഞ്ഞു. അവിടെയും അംഗീകാരമില്ലെന്നപേരിൽ മദ്രസകൾ പൊളിച്ചുനീക്കുമെന്ന ആശങ്കയിലാണ് മുസ്‌ലിം ജനവിഭാഗങ്ങളും പ്രതിപക്ഷപാർട്ടികളും. നിലവിൽ സംസ്ഥാനത്ത് 16,461 മദ്രസകൾ പ്രവർത്തിക്കുന്നതായാണ് കണക്കുകൾ. അവയിൽ 560 എണ്ണത്തിന് മാത്രമാണ് സർക്കാർ ഗ്രാന്റ് നൽകുന്നത്. കഴിഞ്ഞ ആറുവർഷമായി പുതിയ ഒരു മദ്രസയ്ക്കുപോലും അവിടെ ഗ്രാന്റ് അനുവദിച്ചിട്ടില്ല. പതിനായിരക്കണക്കിന് കുട്ടികളാണ് പഠനത്തിനായി അവിടെ മദ്രസകളെ ആശ്രയിക്കുന്നത്.
മദ്രസകൾക്കു നേരെയുള്ള ബിജെപി സർക്കാരുകളുടെ നീക്കത്തിന് പുതുമയില്ല. ഭീകരവാദ ബന്ധവും ദേശവിരുദ്ധ പ്രവർത്തനവും സംബന്ധിച്ച ആരോപണങ്ങൾ മദ്രസകൾക്കെതിരായ നീക്കങ്ങൾക്കുള്ള ന്യായീകരണങ്ങൾ മാത്രമാണ്. മദ്രസകളിലെ പാഠ്യപദ്ധതി സംബന്ധിച്ഛ് ബിജെപിക്കും സംഘ്പരിവാറിനും അവരുടേതായ വിമർശനങ്ങളുണ്ട്. മതപഠനത്തിന് മദ്രസകൾ അമിത പ്രാധാന്യം നൽകുന്നു എന്നതുമാത്രമല്ല പരാതി. മതപഠനത്തിന്റെ പേരിൽ ദേശവിരുദ്ധ ആശയങ്ങൾ കുട്ടികളുടെമേൽ അടിച്ചേല്പിക്കുന്നു എന്നതാണ് കുറ്റാരോപണം. മതന്യൂനപക്ഷം നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നനിലയിൽ മതപഠനം ഭരണഘടന അവർക്ക് ഉറപ്പുനൽകുന്ന അവകാശമാണ്. സംഘ്പരിവാറിന്റെ കുടക്കീഴിൽ പ്രവർത്തിക്കുന്ന ആയിരക്കണക്കിന് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്ന് വ്യത്യസ്തമായ ഒന്നല്ല അതെന്നു അംഗീകരിക്കാൻ അവർ തയാറല്ലെന്ന് മാത്രം. മതപഠനം ഏതായാലും അംഗീകൃത പരീക്ഷകൾ വിജയിക്കാതെ തൊഴിൽവിപണിയിൽ മത്സരിക്കാൻ ആർക്കും കഴിയില്ലെന്നതാണ് ആത്യന്തികമായ വസ്തുത.
അതിനനുസരിച്ചുള്ള പാഠ്യക്രമം നിശ്ചയിക്കാനും നിരീക്ഷിക്കാനും ഉറപ്പുവരുത്താനുമുള്ള അധികാരം ബന്ധപ്പെട്ട സർക്കാരിൽ നിക്ഷിപ്തമാണ്. അത് ഉറപ്പുവരുത്താതെ ബുൾഡോസറുമായി മദ്രസകൾ ഇടിച്ചുനിരത്താൻ ഇറങ്ങിപ്പുറപ്പെടുന്നത് ശുദ്ധ അസംബന്ധവും സ്വന്തം ഉത്തരവാദിത്തത്തിൽനിന്നുള്ള ഒളിച്ചോടലുമാണ്. അത് ഒരു ജനവിഭാഗത്തിന് വിദ്യാഭ്യാസവും സാമൂഹ്യ നീതിയും നിഷേധിക്കാൻ ലക്ഷ്യംവച്ചുള്ളതാണ്. അസമിലോ ഉത്തർപ്രദേശിലോ ബിജെപി സർക്കാരുകളുടെ ഉത്ക്കണ്ഠ വിദ്യാർത്ഥികളുടെ ഭാവിയോ ഭീകരവാദമോ ദേശസ്നേഹമോ അല്ല. മറിച്ച്, മതത്തിന്റെ അടിസ്ഥാനത്തിൽ ജനങ്ങളെ ഭിന്നിപ്പിച്ചും ഹിന്ദുത്വ വികാരം ആളിക്കത്തിച്ചും അധികാരത്തിൽ തുടരുക എന്നത് മാത്രമാണ്.
ബുൾഡോസർ ബിജെപി രാഷ്ട്രീയത്തിന്റെ മുഖമുദ്രയായി മാറിയിരിക്കുന്നു. ഭരണഘടനയിൽ അധിഷ്ഠിതമായ നിയമവാഴ്ചയുടെ സ്ഥാനത്ത് അവർ ബുൾഡോസർ രാഷ്ട്രീയവും ബുൾഡോസർ നീതിയും പ്രതിഷ്ഠിച്ചിരിക്കുന്നു. ബിജെപിയുടെ രാഷ്ട്രീയത്തെയും ഭരണ നയങ്ങളെയും വിമർശിക്കുന്നവരെ മാത്രമല്ല അവരുടെ നിരപരാധികളായ കുടുംബങ്ങളെയും അവരുൾപ്പെട്ട സമൂഹങ്ങളെയും ശിക്ഷിക്കുകയും വഴിയാധാരമാക്കുകയും കൂടിയാണ് ബുൾഡോസർ രാഷ്ട്രീയത്തിന്റെ ലക്ഷ്യം. ഉത്തർപ്രദേശിലും മധ്യപ്രദേശിലും ഡൽഹിയിലും ഇപ്പോൾ അസമിലും അത് ആവർത്തിക്കുന്നു. ബിജെപിയുടെ ഈ ബുൾഡോസർ നീതി ഇന്ത്യയെയും അതിലെ 140കോടി ജനങ്ങളെയും പരിഷ്കൃതലോകത്തിനു മുന്നിൽ അപഹാസ്യരും അപമാനിതരുമാക്കി മാറ്റുന്നു. വിശ്വഗുരുവെന്ന് അനുയായികൾ പ്രകീർത്തിക്കുകയും സ്വയം അഭിമാനിക്കുകയും ചെയ്യുന്ന പ്രധാനമന്ത്രി ഇത്തരം സംസ്കാര ശൂന്യതയ്ക്കും വൈകൃതത്തിനുമെതിരെ പാലിക്കുന്ന മൗനം ഇന്ത്യൻ ഫാസിസത്തിന്റെ ഭയാനകതയാണ് തുറന്നുകാട്ടുന്നത്.
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.