19 December 2024, Thursday
KSFE Galaxy Chits Banner 2

വിസ്മയങ്ങളുടെ വിക്രാന്ത്; ചെറുത്തുനില്പിന്റെയും

Janayugom Webdesk
September 3, 2022 5:30 am

കൊച്ചിയിൽ ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ഐഎൻഎസ് വിക്രാന്ത് എന്ന യുദ്ധക്കപ്പൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി രാഷ്ട്രത്തിന് സമർപ്പിച്ചപ്പോൾ പുതിയൊരു ചരിത്രമാണ് പിറന്നത്. കൊച്ചി കപ്പൽശാലയുടെ സുവർണജൂബിലി വർഷത്തിലാണ് രാജ്യത്തിനുവേണ്ടി ആദ്യ യുദ്ധക്കപ്പൽ നിർമ്മാണം പൂർത്തിയാക്കിയത് എന്നതാണ് ഒരു ചരിത്രം. അതിലും പ്രധാനമായത് ഉദ്ഘാടന ചടങ്ങിൽ പുകഴ്ത്തല്‍ നടത്തിയ അതേ പ്രധാനമന്ത്രി മുമ്പ് വില്പനയ്ക്ക് വച്ചിരുന്ന കപ്പൽശാലയാണ് ലോകചരിത്രത്തിലേക്ക് വിക്രാന്തിനെ ഒരുക്കിയത് എന്നതാണ്. നഷ്ടക്കണക്കുപറഞ്ഞ് കപ്പൽശാല സ്വകാര്യവല്ക്കരിക്കാൻ കേന്ദ്രം നീക്കം നടത്തിയപ്പോൾ അതിനെതിരെ തൊഴിലാളികളും ഇടതുപക്ഷവും നടത്തിയ ചെറുത്തുനില്പിന്റെ കൂടി വിജയമാണ് ഈ അഭിമാനനേട്ടം.

 

 

2017 ലാണ് കപ്പൽശാലയുടെ 3.4 കോടിയോളം ഓഹരികൾ വിറ്റഴിക്കാനുള്ള പ്രാഥമിക നടപടിക്ക് കേന്ദ്ര സർക്കാർ തുടക്കമിട്ടത്. സ്വകാര്യവല്ക്കരണം ലക്ഷ്യമിട്ട് സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) അനുമതി തേടുകയും ചെയ്തു. 26,56,000 പുതിയ ഓഹരികൾ ഇറക്കാനും സർക്കാരിന്റെ കൈവശമുള്ള 1,13,2000 ഓഹരികൾ വില്ക്കാനും രാഷ്ട്രപതി അനുമതി നല്കി. ജീവനക്കാർ അന്ന് നടത്തിയ പ്രതിരോധമാണ് കപ്പൽശാലയെ പൊതുമേഖലയിൽ നിലനിർത്തിയതും ഇച്ഛാശക്തിയുടെ പ്രതീകമെന്ന് പ്രധാനമന്ത്രിയെക്കൊണ്ടു തന്നെ പറയിച്ചതും.

20,000 കോടി ചെലവിൽ ഇന്ത്യയിൽ ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും വലിയ കപ്പലാണ് ഐഎൻഎസ് വിക്രാന്ത്. 262 മീറ്റർ നീളവും 62 മീറ്റർ വീതിയുമുള്ള യുദ്ധകപ്പൽ കമ്മിഷൻ ചെയ്തതോടെ ലോകത്തിലെ ഏറ്റവും വലിയ നാവിക ശക്തികളിൽ ഒന്നായി ഇന്ത്യ മാറുകയാണ്.
നേവൽ ആർക്കിടെക്ചർ വിഭാഗമാണ് വിക്രാന്ത് രൂപകല്പന ചെയ്തത്. കപ്പൽശാലയിൽ നിർമ്മാണത്തിന് ചുക്കാൻപിടിച്ച 100 എൻജിനീയർമാരിൽ 20 പേർ വനിതകളായിരുന്നു. നിർമ്മാണത്തിന്റെ 13 വർഷങ്ങളിൽ അവസാന രണ്ടുവർഷം കോവിഡ് വെല്ലുവിളി ഉയർത്തിയെങ്കിലും നിർമ്മാണം നിലയ്ക്കാക്കാതിരിക്കാൻ എല്ലാവരും ഉത്സാഹിച്ചു. രാജ്യത്തെ പ്രമുഖ വ്യവസായ സ്ഥാപനങ്ങളും 100ലധികം എംഎസ്എംഇകളും വിതരണം ചെയ്ത തദ്ദേശീയ ഉപകരണങ്ങളും യന്ത്രങ്ങളും ഉപയോഗിച്ചാണ് യുദ്ധക്കപ്പൽ നിർമ്മിച്ചിരിക്കുന്നതെന്നതാണ് എടുത്തു പറയേണ്ട സവിശേഷത.

 

ഐഎൻഎസ് വിക്രാന്തിന്റെ നിർമ്മാണത്തോടെ യുഎസ്, യുകെ, റഷ്യ, ചൈന, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ചേർന്നു. 262 മീറ്റർ നീളവും 62 മീറ്റർ വീതിയുമുള്ള വിക്രാന്തിൽ മിഗ്-29 കെ യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും ഉൾപ്പെടെ 30 വിമാനങ്ങൾ ഉൾക്കൊള്ളിക്കാനാകും. 1971ലെ പാകിസ്ഥാനുമായുള്ള യുദ്ധത്തിൽ നിർണായക പങ്കുവഹിച്ച ഇന്ത്യയുടെ ആദ്യത്തെ വിമാനവാഹിനിക്കപ്പലായ ‘വിക്രാന്തി‘ന്റെ പേരാണ് പുതിയ കപ്പലിനും നൽകിയത്. വിക്രാന്തിന്റെ നിർമ്മാണത്തിന് ആവശ്യമായ ഗ്രേഡ് ഉരുക്ക് സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് (സെയിൽ) വഴി ഡിഫൻസ് റിസർച്ച് ആന്റ് ഡെവലപ്മെന്റ് ലബോറട്ടറി (ഡിആർഡിഎൽ), ഇന്ത്യൻ നേവി എന്നിവയുടെ സഹകരണത്തോടെയാണ് തദ്ദേശീയമായി നിർമ്മിച്ചത്.
2006ലാണ് തദ്ദേശീയമായി വിമാനവാഹിനി നിർമ്മിക്കാനുള്ള പ്രവർത്തനങ്ങൾ കേന്ദ്ര സർക്കാർ ആരംഭിച്ചത്. ഇന്ത്യൻ നാവികസേനയ്ക്കുണ്ടായിരുന്ന ആദ്യ വിമാനവാഹിനിയായ വിക്രാന്ത് ഡീകമ്മിഷൻ ചെയ്തതിനെ തുടർന്നാണ് അതേപേരിൽ മറ്റൊരു കപ്പൽ നിർമ്മിക്കാൻ തീരുമാനിച്ചത്. 2009 ഫെബ്രുവരിയിൽ കപ്പലിന് കീലിട്ടു. 2013 ഓഗസ്റ്റിൽ ആദ്യമായി നീറ്റിലിറക്കി. അന്നത്തെ പ്രതിരോധമന്ത്രി എ കെ ആന്റണിയുടെ ഭാര്യ എലിസബത്താണ് കപ്പല്‍ നീറ്റിലിറക്കിയത്. തുടർന്ന് ഒക്ടോബറിൽ കൂടുതൽ ജോലികൾക്കായി വിക്രാന്ത് റിപ്പയർ ഡോക്കിലേക്ക് മാറ്റി. ഇവിടെയാണ് യന്ത്രഭാഗങ്ങൾ ഘടിപ്പിക്കൽ ഉൾപ്പെടെ കൂടുതൽ ജോലികൾ പൂർത്തിയാക്കിയത്.

 

ഏകദേശം 43,000 ടൺ വരെ ഭാരം വഹിക്കാനാവും. മണിക്കൂറിൽ 55 കിലോമീറ്ററോളം കപ്പലിന് വേഗതയുമുണ്ടാകും. വനിതാ ഓഫീസർമാരും നാവികരും ഉൾപ്പെടെ 1,600 ഓളം ക്രൂകൾക്കായി രൂപകല്പന ചെയ്ത 2,200 ഓളം കമ്പാർട്ടുമെന്റുകളാണുള്ളത്. ഫിസിയോതെറാപ്പി ക്ലിനിക്, ഐസിയു, ലബോറട്ടറികൾ, ഐസൊലേഷൻ വാർഡ് എന്നിവയുൾപ്പെടെ അത്യാധുനിക സജ്ജീകരണങ്ങളുള്ള സമ്പൂർണ മെഡിക്കൽ കോംപ്ലക്സും കപ്പലിലുണ്ട്. തദ്ദേശീയമായി നിർമ്മിച്ച അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്ററുകൾ (എഎൽഎച്ച്), ലൈറ്റ് കോംപാറ്റ് എയർക്രാഫ്റ്റുകൾ (എൽസിഎ) എന്നിവയ്ക്കു പുറമെ മിഗ്-29കെ യുദ്ധവിമാനങ്ങൾ, കമോവ്-31, എംഎച്ച്-60ആർ മൾട്ടി റോൾ ഹെലികോപ്റ്ററുകൾ എന്നിവ ഉൾപ്പെടെ 30 വിമാനങ്ങൾ അടങ്ങുന്ന എയർ വിങ് പ്രവർത്തിപ്പിക്കാനുള്ള ശേഷിയുമുണ്ട്.

മൂന്ന് മെഗാവാട്ട് ശേഷിയുള്ള എട്ട് ഡീസൽ ഓൾട്ടർനേറ്ററുകളിൽ നിന്നായി 24 മെഗാവാട്ട് പ്രതിദിന വൈദ്യുതി ഉല്പാദനമുള്ള രാജ്യത്തെ ആദ്യത്തെ കപ്പൽ, ത്രിഡി മോഡലിങ് സംവിധാനം ഉപയോഗപ്പെടുത്തി രൂപകല്പന ചെയ്ത രാജ്യത്തെ ആദ്യ വിമാന വാഹിനി എന്നീ സവിശേഷതകളും വിക്രാന്തിനുണ്ട്. ഷോർട്ട് ടേക്ക് ഓഫ് ബട്ട് അറെസ്റ്റഡ് റിക്കവറി (സ്റ്റോബാർ) എന്നറിയപ്പെടുന്ന പുതിയ എയർക്രാഫ്റ്റ് ഓപ്പറേഷൻ മോഡ് ഉപയോഗിച്ച്, ഐഎസിയിൽ വിമാനം വിക്ഷേപിക്കുന്നതിനുള്ള ഒരു സ്കീ-ജമ്പ് സജ്ജീകരിച്ചിരിട്ടുണ്ട്. 14,000 കിലോമീറ്ററാണ് വിക്രാന്തിന് നിർത്താതെ സഞ്ചരിക്കാനാവുക.

 

ഇന്ത്യാ-പസഫിക്, ഇന്ത്യൻ മഹാസമുദ്ര മേഖലകളിൽ സമാധാനവും സുസ്ഥിരതയും ഉറപ്പാക്കാൻ ഐഎൻഎസ് വിക്രാന്ത് സംഭാവന ചെയ്യുമെന്നാണ് ഇന്ത്യൻ നേവി വൈസ് ചീഫ് വൈസ് അഡ്മിറൽ എസ് എൻ ഘോർമാഡെ പറയുന്നത്. വിക്രാന്തിലെ വിമാന ലാന്‍ഡിങ് പരീക്ഷണങ്ങൾ നവംബറിൽ ആരംഭിക്കുമെന്നും 2023 പകുതിയോടെ അത് പൂർത്തിയാകുമെന്നും മിഗ്-29 കെ ജെറ്റുകൾ ആദ്യ കുറച്ച് വർഷങ്ങളിൽ യുദ്ധക്കപ്പലിൽ നിന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം പറയുന്നു. രാജ്യത്തിന്റെ മൂന്നാമത്തെ വിമാനവാഹിനിക്കപ്പലാണെങ്കിലും വിക്രാന്ത് കൂടി പ്രവ‍ർത്തനസജ്ജമാകുന്നതോടെ രണ്ട് വിമാനവാഹിനികളാണ് ഇന്ത്യക്ക് ഉണ്ടാവുക. സോവിയറ്റ് യൂണിയനിൽ നിന്ന് വാങ്ങിയ ഐഎൻഎസ് വിക്രമാദിത്യയാണ് നിലവിലുള്ളത്. മുമ്പ് ഐഎൻഎസ് വിക്രാന്ത്, ഐഎൻഎസ് വിരാട് എന്നീ രണ്ട് കപ്പലുകൾ ഉണ്ടായിരുന്നു. അവ രണ്ടും ഡീകമ്മീഷൻ ചെയ്തു.

നിര്‍മ്മാണ നാള്‍വഴി

1999 പ്രൊജക്ട് സമര്‍പ്പണം
2002 മന്ത്രിസഭാ അംഗീകാരം
2005 ഏപ്രിൽ –പ്ലേറ്റ് കട്ടിങ്
2006 നവംബർ – ഫാബ്രിക്കേഷൻ
2009 ഫെബ്രുവരി– കീലിട്ടു
2013 ഓഗസ്റ്റ്– നീറ്റിലിറക്കി
2020 നവംബർ– ബേസിൻ ട്രയൽ
2021 ഓഗസ്റ്റ് – സമുദ്ര പരീക്ഷണം
2022 ജൂലൈ–അവസാന സമുദ്രപരീക്ഷണം
2022 ജൂലൈ–നാവികസേനയ്ക്കു കൈമാറി
2022 സെപ്റ്റംബർ– രാജ്യത്തിന് സമർപ്പിച്ചു

ചെെനയുടെ ഭീഷണി ചെറുക്കാൻ

ഐഎൻഎസ് വിക്രാന്തിന് സമാന്തരമായി മറ്റൊരു ഭീമൻ വിമാനവാഹിനിക്കപ്പൽ തയാറാക്കുന്ന തിരക്കിലാണ് ചൈന എന്ന് റിപ്പോർട്ടുണ്ട്. ഷാങ്ഹായിൽ നിർമ്മിച്ച കപ്പൽ ഏതാനും ദിവസം മുമ്പ് നീറ്റിലിറങ്ങിയെന്ന് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇന്ത്യ തദ്ദേശീയമായി നിർമ്മിക്കുന്ന ആദ്യ വിമാനവാഹിനിയാണ് വിക്രാന്തെങ്കിൽ ഫുജിയാൻ ചൈനയുടെ മൂന്നാമത്തെ വിമാനവാഹിനിയാണ്. തർക്കമേഖലയായ തെക്കൻ ചൈനാക്കടലിൽ അടക്കം നാവികസേനയെ ശക്തിപ്പെടുത്താൻ ചൈന ഒരുങ്ങുന്നതിനിടയിലാണ് പുതിയ വിമാനവാഹിനി കൂടി രംഗത്തിറക്കുന്നത്. ഇതാദ്യമായാണ് ചൈന ഇത്രയും വലിയ വിമാനവാഹിനി സ്വന്തമായി നിർമ്മിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.

അമേരിക്കയുടേത് അടക്കമുള്ള വിമാനവാഹിനികളോട് കിടപിടിക്കുന്ന സംവിധാനങ്ങൾ ഇതിലുണ്ടെന്നാണ് റിപ്പോ‍ർട്ടുകൾ. വലിപ്പത്തിൽ വിക്രാന്തിനെക്കാൾ ഒരു പടി മുന്നിലാണ് ഫുജിയാൻ എന്നും പുറത്തുവന്നിട്ടുണ്ട്. 312 മീറ്റർ നീളമുള്ള കപ്പലിൽ നിന്ന് വിമാനങ്ങൾക്ക് ഞൊടിയിടയിൽ പറന്നുയരാൻ കാറ്റോബാർ സംവിധാനവും വൈദ്യുതകാന്തിക സംവിധാനവുമുണ്ട്. കപ്പലിന്റെ ഭാരത്തെപ്പറ്റിയോ മറ്റു സാങ്കേതിക ഘടകങ്ങളെപ്പറ്റിയോ കാര്യമായ വിവരങ്ങളൊന്നും പുറത്തു വന്നിട്ടില്ല. എങ്കിലും അമേരിക്കയുടെ ജെറാൾഡ് ആർ ഫോർഡ് വിമാനവാഹിനിയോട് കിടപിടിക്കുന്നതായിരിക്കും ഫുജിയാൻ എന്നാണ് വിദഗ്ധര്‍ വെളിപ്പെടുത്തുന്നത്.

വിക്രാന്തും ബജാജും

1961 മുതൽ വിമാന വാഹിനി കപ്പലുകൾ ഉപയോഗിക്കുന്ന രാജ്യമാണ് ഇന്ത്യ. 20 വർഷം മുമ്പ് ഡീകമ്മിഷൻ ചെയ്ത ആദ്യത്തെ ഐഎൻഎസ് വിക്രാന്ത് ബ്രിട്ടീഷ് നിർമ്മിത വിമാനവാഹിനിയായിരുന്നു. 2014–15ൽ കപ്പൽ പൊളിച്ചുവിറ്റപ്പോൾ അത് സ്വന്തമാക്കിയത് ഇരുചക്ര നിർമ്മാതാക്കളായ ബജാജ് ആണ്. പൂനെ ആസ്ഥാനമായുള്ള ബജാജ് ഓട്ടോ ലിമിറ്റഡ്, 2016ൽ പുറത്തിറക്കിയ ബജാജ് വി 15 എന്ന ബൈക്കിന്റെ ഇന്ധന ടാങ്ക് നിർമ്മിക്കാൻ ഐഎൻഎസ് വിക്രാന്തിന്റെ ലോഹമാണ് ഉപയോഗിച്ചത്. ബജാജ് വി 15 എന്നതിലെ വി വിക്രാന്തിനെയാണ് സൂചിപ്പിക്കുന്നത്. വിമാനവാഹിനിക്കപ്പലുമായുള്ള ബന്ധം മൂലം വില്പനയുടെ ആദ്യ നാളുകളിൽ മികച്ച പ്രതികരണം നേടിയ മോഡലായിരുന്നു ഇത്. കമ്പനിയുടെ പ്രധാന പ്രചരണവും ഐഎൻഎസ് വിക്രാന്ത് തന്നെയായിരുന്നു. വിക്രാന്തിന്റെ റോഡിലെ പുനർജന്മമായ വി 15ന് കമ്പനി 150 സിസി ഡിടിഎസ്- ഐ എൻജിനാണ് നല്കിയത്. അക്കാലത്തെ വ്യത്യസ്തമായ ശബ്ദവും വാഹനം വാഗ്ദാനം ചെയ്തിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.