ഓണം മലയാളിയുടേ ദേശീയ ഉത്സവമാണ്. എല്ലാ ചിന്തകള്‍ക്കും അതീതമായി മലയാളികള്‍ ഓണം ആഘോഷിക്കുകയാണ്.ലോകത്തന്‍റെ ഏതു മുക്കിലും, മൂലയിലും ആണെങ്കിലും മലയാളികളിക്ക് ഓണം ഗൃഹാതുരത്വംപേറും കാണം വിറ്റും ഓണം ഉണണ്ണം എന്നാണ് പഴമക്കാര്‍ തന്നെ പറയുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ മലയാളിക്ക് ഓണം ആഘോഷി്ക്കുന്നവേളയില്‍ ജനങ്ങള്‍ക്ക് ഒരു തരത്തിലും ബുദ്ധിമുട്ട് സൃഷ്ടിക്കാതിരിക്കാന്‍ ഏറെ ശ്രദ്ധിച്ചിരിക്കുകയാണ്.
കോവിഡിന്റെ നിഴലിൽ വീട്ടിലിരുന്നായിരുന്നു കഴിഞ്ഞവർഷവും ഓണാഘോഷം. പ്രളയവും കോവിഡും സൃഷ്ടിച്ച കഴിഞ്ഞ മൂന്നുവർഷത്തിന്റെ ക്ഷീണം മാറ്റാനുള്ള തയ്യാറെടുപ്പിലാണ് മലയാളി. ഒപ്പം ഒരുമയും സമൃദ്ധിയും ഒരുക്കി ഓണത്തെ ഭാവിയിലേക്കുള്ള ഈടുവയ്‌പാക്കാൻ ഒരുങ്ങുകയാണ് സംസ്ഥാന സർക്കാർ. വിപണിയിലെ കാര്യക്ഷമമായ ഇടപെടൽ, ആഭ്യന്തര ഉൽപ്പന്നങ്ങൾ സംഭരിച്ച് അവ വിപണനം ചെയ്യാനുള്ള സൗകര്യമൊരുക്കൽ, ജനങ്ങളുടെ കൈകളിൽ പണം എത്തിക്കൽ, സർക്കാർ സംവിധാനങ്ങളിലൂടെ ഓണാഘോഷം സംഘടിപ്പിക്കൽ എന്നീ മാർഗങ്ങളാണ് സർക്കാർ ഇതിനായി അവലംബിച്ചിരിക്കുന്നത്.
ഒപ്പം പെൻഷനും സബ്‌സിഡിയും മറ്റ് ആനുകൂല്യങ്ങളും സമയത്ത് എത്തിച്ച് പാവപ്പെട്ടവരെ സാമ്പത്തികമായി സജ്ജരാക്കുകയും ചെയ്യുന്നു.അരിയും നെയ്യും അടക്കം 13 ഇനങ്ങളുമായി സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യുന്നു. 92 ലക്ഷം റേഷൻ കാർഡ് ഉടമകൾക്ക് ഓണത്തിനുമുമ്പുതന്നെ എത്തി. കൺസ്യൂമർഫെഡിന്റെ 1600 ഓണച്ചന്ത 29 മുതൽ പ്രവർത്തിക്കും. 13 ഇനം നിത്യോപയോഗ സാധനം സർക്കാർ സബ്‌സിഡിയിലും മറ്റിനങ്ങൾ 10 മുതൽ 40 ശതമാനംവരെ വിലക്കുറവിലും ലഭിക്കും. മിൽമ ഓണം സ്‌പെഷ്യൽ കിറ്റും കശുവണ്ടി വികസന കോർപറേഷൻ കശുവണ്ടിപ്പരിപ്പും വിലക്കിഴിവിൽ ലഭ്യമാക്കും. സഹകരണ സംഘങ്ങളും കുടുംബശ്രീയും ഓണവിപണി തുറക്കും. ഹോർട്ടികോർപ്പും പച്ചക്കറി മേളകൾ സംഘടിപ്പിക്കും. ആവശ്യത്തിന് പാലും പാലുൽപ്പന്നങ്ങളും മിൽമ ഉറപ്പാക്കും. ഓണം ഫെയറുകളിൽ 1000 മുതൽ 1200 രൂപവരെയുള്ള പ്രത്യേക ഓണക്കിറ്റും ലഭ്യമാക്കും. ഹാൻടെക്‌സിന്റെ 84 വിൽപ്പനകേന്ദ്രങ്ങളിൽ ഏഴുവരെ 20 ശതമാനം വിലക്കിഴിവുണ്ട്.
വിവിധ വിഭാഗത്തിന് തവണവ്യവസ്ഥയിൽ 10,000 രൂപയ്‌ക്കുവരെ തുണിത്തരങ്ങൾ കിട്ടും. ഇതോടൊപ്പം ടൂറിസം വകുപ്പ് ജില്ലകളിൽ വിപുലമായ ഓണാഘോഷമാണ് സംഘടിപ്പിക്കുന്നത്. നാടൻ കലകൾക്ക് പ്രാധാന്യം നൽകുന്ന ആഘോഷങ്ങൾക്കായി 35 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.രണ്ടുമാസത്തെ ക്ഷേമ പെൻഷൻ 3200 രൂപ നല്‍കി കഴിഞ്ഞു. 2100 കോടി രൂപ 57 ലക്ഷം പേർക്കായി ലഭിക്കുന്നു. ജീവനക്കാരുടെ ശമ്പളവും പെൻഷനും പതിവുപോലെ ലഭിക്കും. കഴിഞ്ഞ തവണത്തെ ബോണസും പ്രത്യേക അലവൻസും ഓണം അഡ്വാൻസുമുണ്ട്. 34,240 രൂപവരെ ശമ്പളമുള്ളവർക്ക് 4000 രൂപ ബോണസും മറ്റുള്ളവർക്ക് 1000 മുതൽ 2750 രൂപവരെ ഉത്സവബത്തയും ലഭിക്കും. 15,000 രൂപവരെ അഡ്വാൻസുമുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളിലും 8.33 ശതമാനം ബോണസ് ലഭിക്കും. അത് ഇല്ലാത്തവർക്ക് 2750 രൂപ ഉത്സവബത്തയും ഉറപ്പാക്കുന്നു.
ക്ഷേമനിധി ബോർഡ് 4,13,649 പേർക്ക് പെൻഷൻ നൽകി. 1297 പേർക്ക് സർക്കസ് കലാകാര പെൻഷനും 190 പേർക്ക് അവശ കായിക പെൻഷനും 2666 പേർക്ക് കലാകാര പെൻഷനും ലഭിച്ചു. ആധാരമെഴുത്ത്, പകർപ്പെഴുത്ത്, സ്റ്റാമ്പ് വെണ്ടർമാരുടെ ക്ഷേമനിധി അംഗങ്ങൾക്ക് 4000 രൂപ ഉത്സവബത്ത കിട്ടി. 60 വയസ്സ് കഴിഞ്ഞ പട്ടികവർഗ വിഭാഗത്തിലെ 60,602 പേർക്ക് 1000 രൂപ ഓണസമ്മാനം ലഭിച്ചു. കടൽക്ഷോഭത്തിൽ വീട് നഷ്ടപ്പെട്ട് ക്യാമ്പിൽ കഴിയുന്ന കുടുംബങ്ങൾക്ക് 5500 രൂപ നൽകി. ഇരു തൊഴിലുറപ്പിലുമായി 5.21 ലക്ഷം പേർക്ക് 1000 രൂപവീതം 52.24 കോടി രൂപ ഉത്സവബത്ത നൽകി. 14,300 റേഷൻകട ഉടമകൾക്ക് 1000 രൂപവീതം ലഭിച്ചു. പട്ടികജാതി, വർഗ വികസന വകുപ്പിലെ 1100 താൽക്കാലിക ജീവനക്കാർക്ക് 1000 രൂപ പ്രത്യേക സഹായവും നൽകി.തൊഴിലാളികളുടെയും ജീവനക്കാരുടെയും ഓണം ആനുകൂല്യങ്ങൾ ഉറപ്പാക്കുന്നതിൽ മാതൃകാ ഇടപെടലുമായി സംസ്ഥാനസർക്കാർ.
പൊതുമേഖലയിൽ കുറഞ്ഞത് 8.33 ശതമാനം ബോണസ് ഉറപ്പാക്കി. ഉൽപ്പാദനാധിഷ്ഠിത ബോണസ് ഇത്തവണ പ്രത്യേകതയാണ്. ഉയർന്ന ഉൽപ്പാദന ക്ഷമത കൈവരിച്ച സ്ഥാപനങ്ങളുടെ അധിക വരുമാനത്തിന്റെ പങ്ക് തൊഴിലാളിക്കും ലഭ്യമാക്കി.കയർ മേഖലയിൽ 29.9 ശതമാനം ബോണസുണ്ട്. കശുവണ്ടി മേഖലയിൽ 20 ശതമാനവും. കുറഞ്ഞത് 9500 രൂപ. പരമ്പരാഗത കയർ, മത്സ്യബന്ധന, കൈത്തറി, ഖാദി, ഈറ്റ–-പനമ്പ്–-കാട്ടുവള്ളി മേഖലയിൽ കുറഞ്ഞ ബോണസ് 1250 രൂപ. ഒരുവർഷത്തിലേറെയായി അടഞ്ഞുകിടക്കുന്ന സ്ഥാപനങ്ങളിൽ 2000 രൂപവീതം എക്‌സ്‌ഗ്രേഷ്യയുണ്ട്. അടഞ്ഞുകിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികൾക്ക് ഇതിനുപുറമെ 20 കിലോ അരിയും ഒരു കിലോ പഞ്ചസാരയും ഒരു ലിറ്റർ വെളിച്ചെണ്ണയും നൽകി.13 ലക്ഷത്തിലധികമുള്ള സർക്കാർ ജീവനക്കാർക്കും തൊഴിലാളികൾക്കും പെൻഷൻകാർക്കും ഓണം പ്രത്യേക സഹായമെത്തി. 4000 രൂപയാണ് ബോണസ്. ഇതിന് അർഹതയില്ലാത്തവർക്ക് 2750 രൂപ പ്രത്യേക ഉത്സവബത്ത. ജീവനക്കാർക്കെല്ലാം ഓണം അഡ്വാൻസ് 20,000 രൂപയാണ്.
പാർട്‌ടൈം, കണ്ടിൻജന്റ് ഉൾപ്പെടെ മറ്റുജീവനക്കാർക്ക് 6000 രൂപയും. സർവീസ്, പങ്കാളിത്ത പെൻഷൻക്കാർക്ക് പ്രത്യേക ഉത്സവബത്ത 1000 രൂപ ലഭിച്ചു. കരാർ, സ്കീം തൊഴിലാളികൾക്ക് കഴിഞ്ഞവർഷത്തെനിരക്കിൽ ഉത്സവബത്തയുണ്ട്. കെഎസ്ആർടിസിക്ക് അടിയന്തര സഹായമായി 50 കോടിയും പെൻഷൻ വിതരണത്തിന് 145.63 കോടിയും അനുവദിച്ചു. സ്വകാര്യമേഖലയിലും തൊഴിലാളികളുടെ ഓണം ആനുകൂല്യങ്ങൾ ഉറപ്പാക്കാനായി.ഈ പണത്തിൽ നല്ലൊരു പങ്കും പൊതുവിപണിയിൽ എത്തുന്നതോടെ സംസ്ഥാനത്തെ സമ്പദ്‌ഘടനയും കൂടുതൽ സജീവമായി.ശക്തമായ പൊതുവിതരണ സംവിധാനം മുഖേന സർക്കാരിന്റെ ഇടപെടൽ പൊതുവിപണിയിലെ വിലക്കയറ്റം പിടിച്ചുനിർത്താനും സഹായകമാകുന്നു.
വിപണിയിൽ ഇടപെട്ടുകൊണ്ട് ആഘോഷവേളയിലടക്കം വില നിയന്ത്രിക്കുന്നതിന് സംസ്ഥാന സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾ രാജ്യത്തിന് മാതൃകയാകുന്നു.രാജ്യത്തെ മൂന്ന് പതിറ്റാണ്ടിലെ ഏറ്റവും വലിയ വിലക്കയറ്റമാണ് ഇപ്പോൾ ഉള്ളതെന്ന് റിസർവ് ബാങ്ക് തന്നെ സാക്ഷ്യപ്പെടുത്തുന്നു. അത്തരം ഒരു സാഹചര്യത്തിൽ നിത്യോപയോഗ സാധനങ്ങളുടെ വില പിടിച്ചുനിർത്താൻ നടത്തുന്ന പ്രവർത്തനങ്ങളിലൂടെ രാജ്യത്തെ ഏറ്റവും കുറവ് വിലക്കയറ്റമുള്ള സംസ്ഥാനങ്ങളിലൊന്നായി കേരളം മാറി. വിലക്കുറവിൽ ഓണമുണ്ണാൻ കുടുംബശ്രീ ചന്തകളും കൃഷിവകുപ്പിന്റെ ഓണസമൃദ്ധി കർഷകച്ചന്തകളും സജീവമാണ്. ഓണക്കാലത്ത് കർഷകർക്ക് തങ്ങളുടെ വിളകൾക്ക് മെച്ചപ്പെട്ട വില ഉറപ്പാക്കുകയും ഉപഭോക്താക്കൾക്ക് വിപണിവിലയിലും കുറഞ്ഞ നിരക്കിൽ ഉൽപ്പന്നങ്ങൾ ലഭ്യമാക്കുകയുമാണ് കൃഷിവകുപ്പ് ലക്ഷ്യമിടുന്നത്.
കർഷകരിൽനിന്ന് സംഭരിച്ചതും ഹോർട്ടികോർപ് വഴി ലഭ്യമാക്കിയതുമായ പച്ചക്കറികളാണ് ചന്തകളിലുള്ളത്. ഓണസദ്യക്കുള്ള എല്ലാ പച്ചക്കറികളും ഇവിടെ ലഭ്യമാണ്.ഓണം മലയാളികൾക്ക് ആഘോഷത്തിന്റെ നാളുകളാണ്. ഓണസദ്യമുതൽ ഓണക്കോടിവരെ, കേരളീയരുടെ ജീവിതത്തെ ഇത്രമേൽ സ്‌പർശിച്ച ഒരാഘോഷം വേറെയില്ല. അതുകൊണ്ടുതന്നെ, ജനജീവിതത്തിലെ സമൃദ്ധിയാണ് ഓണനിറവിനെ നിർണയിക്കുക.
ഒപ്പം വിപണിയിലെ ഉത്സാഹവും കാണാന്‍ കഴിയുന്നത് .കനത്ത മഴയിലും പ്രളയത്തിലും അയൽസംസ്ഥാനങ്ങളിലെ കൃഷി നശിച്ചത് പൊതുവിപണിയിൽ അരിയുടെയും പച്ചക്കറിയുടെയും വരവ് കുറയാനിടയാക്കി. ഈ പ്രതിസന്ധികളെ നേരിട്ടാണ് മാവേലിക്കാലംപോലെ ജനക്ഷേമ പ്രവർത്തനങ്ങളുമായി എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്. ഒപ്പം ഓണക്കാലത്തെ വിപണി ഇടപെടലും മറ്റ് ആനുകൂല്യങ്ങളും എത്തുന്നതോടെ കാണംവിൽക്കാതെ തന്നെ ഓണം ആഘോഷിക്കാൻ മലയാളിക്ക് കഴിയുന്ന അന്തരീക്ഷമൊരുക്കാൻ എൽഡിഎഫ് സർക്കാരിന് കഴിഞ്ഞിരിക്കുന്നു.
English Summary:Onam celebration; Careful to LDF govt
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.