21 April 2025, Monday
KSFE Galaxy Chits Banner 2

തെരുവുനായകൾക്ക്‌ വാക്‌സിൻ ; 4 ലക്ഷം ഡോസുകൂടി വാങ്ങും

Janayugom Webdesk
തിരുവനന്തപുരം
September 16, 2022 10:16 am

പേവിഷ പ്രതിരോധ നടപടികൾ ഊർജിതപ്പെടുത്തി സർക്കാർ. നായകൾക്കുള്ള വാക്‌സിനേഷൻ യഞ്‌ജത്തിന്റെ ഭാഗമായി മൃഗസംരക്ഷണവകുപ്പ്‌ നാലുലക്ഷം ഡോസ് കൂടി വാങ്ങും. ഇതിന്‌ ഓർഡർ നൽകിയതായി മന്ത്രി ജെ ചിഞ്ചുറാണി അറിയിച്ചു. വശമുണ്ടായിരുന്ന ആറ്‌ ലക്ഷം ഡോസ്‌ വാക്സിൻ 14 ജില്ലയ്‌ക്കും വീതംവച്ചു. 20 മുതൽ വാക്സിൻയജ്ഞം ആരംഭിക്കുന്നതോടെ കൂടുതൽ ഡോസ്‌ വേണ്ടിവരും. ഇതുകൂടി കണ്ടാണ്‌ സംഭരണം.

വാക്സിൻ നൽകും മുമ്പായി 170 പ്രദേശം തെരുവുനായ ഹോട്ട്‌സ്‌പോട്ടായി കണ്ടെത്തിയിട്ടുണ്ട്. വാക്‌സിൻ മൃഗസംരക്ഷണ വകുപ്പ് സൗജന്യമായി വിതരണം ചെയ്യും. നായപിടിത്തക്കാർ, വാഹനം തുടങ്ങിയ ചെലവുകൾ തദ്ദേശസ്ഥാപനങ്ങൾ വഹിക്കും. ക്യാമ്പയിനായി 78 ഡോക്ടർമാരെ കണ്ടെത്തി. കൂടുതൽ പേർക്ക് പരിശീലനം നൽകും. തെരുവുനായകളെ പുനരധിവസിപ്പിക്കാൻ പ്രാദേശികതലത്തിൽ അനിമൽ ഷെൽട്ടർ ആരംഭിക്കാനും നടപടി പൂർത്തിയാകുന്നു.

മൃഗസംരക്ഷണവകുപ്പിന് കീഴിലുള്ള ആശുപത്രികളിൽ അടിസ്ഥാന സൗകര്യമൊരുക്കി കരാറടിസ്ഥാനത്തിൽ ഡോക്ടർമാരെയും ജീവനക്കാരെയും നിയോഗിക്കും. തെരുവുനായ വന്ധ്യംകരണത്തിന്‌ കുടുംബശ്രീക്ക് ഹൈക്കോടതി അനുമതി നിഷേധിച്ച സാഹചര്യത്തിലാണിത്‌. എബിസി കേന്ദ്രങ്ങൾ ആരംഭിക്കുന്നതിനെതിരെ ചിലയിടങ്ങളിൽ ജനങ്ങളുടെ എതിർപ്പുണ്ട്‌. ഇക്കാര്യത്തിൽ കൂടുതൽ ബോധവൽക്കരണം ആവശ്യമാണെന്ന്‌ മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് 340 തദ്ദേശസ്ഥാപനത്തിൽ എബിസി പദ്ധതിക്കായി 7.7 കോടി രൂപ മാറ്റിവച്ചതായി മന്ത്രി പറഞ്ഞു. കൂടുതൽ തദ്ദേശസ്ഥാപനങ്ങളോട്‌ പദ്ധതി ഏറ്റെടുക്കാൻ നിർദേശിക്കണമെന്ന്‌ ജില്ലാ ആസൂത്രണ സമിതി ചെയർമാൻമാരോട് ആവശ്യപ്പെട്ടു. ഓരോ എബിസി യൂണിറ്റിലെയും പരിധിയിൽ വരുന്ന പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, കോർപറേഷനുകൾ എന്നിവ പ്രദേശത്തെ തെരുവുനായകളുടെ എണ്ണത്തിനനുസരിച്ചുള്ള തുകയുൾപ്പെടുത്തി പദ്ധതിവിവരം സമർപ്പിക്കണം. ഫലപ്രദമായ നടത്തിപ്പിന് ഒരു മേൽനോട്ട സമിതി ഓരോ എബിസി യൂണിറ്റിലും പ്രവർത്തിക്കും.

Eng­lish Summary:Vaccination for street dogs; 4 lakh dos­es will be purchased

You may also like this video:

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.