അട്ടപ്പാടി മധു വധക്കേസിലെ 11-ാം പ്രതിയുടേത് ഒഴികെയുള്ള പതിനൊന്ന് പേരുടെ ജാമ്യം റദ്ദാക്കിയ വിചാരണ കോടതി ഉത്തരവ് ഹൈക്കോടതി ശരിവെച്ചു. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റേതാണ് ഉത്തരവ്. 11-ാം പ്രതി ഷംസുദ്ദീന്റെ ജാമ്യം റദ്ദാക്കിയ വിചാരണ കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു. മരക്കാർ, അനീഷ്, ബിജു, സിദ്ധിഖ് അടക്കമുള്ളവരുടെ ഹർജികളാണ് തളളിയത്. സാക്ഷികളെ സ്വാധീനിച്ചുവെന്ന് വ്യക്തമായതോടെയാണ് കോടതി പ്രതികളുടെ ജാമ്യം റദ്ദാക്കിയത്.
പാലക്കാട് പ്രത്യേക കോടതിയിൽ അന്ന് ഹാജരായ മൂന്ന് പ്രതികളെ അന്നു തന്നെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലാക്കിയിരുന്നു. ഇതിനെതിരെയാണ് പ്രതികൾ അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചത്.
വിചാരണക്കോടതി ഉത്തരവിൽ അപാകതയില്ലെന്നും സാക്ഷികളെ സ്വാധീനിച്ചുവെന്ന കണ്ടെത്തലിൽ ജാമ്യം റദ്ദാക്കിയ നടപടി ശരി വയ്ക്കുകയുമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. മൂന്ന് പേർ നിലവിൽ ജയിലിലുണ്ട്. മറ്റുള്ളവരെക്കൂടി ഇനി അറസ്റ്റ് ചെയ്ത് ജയിലിലാക്കും.
അതിനിടെ, കൊലക്കേസിൽ ഒരു സാക്ഷികൂടി മൊഴിമാറ്റി. 46-ാം സാക്ഷി അബ്ദുൽലത്തീഫാണ് കൂറുമാറിയത്. പ്രതികൾ മധുവിനെ പിടിച്ചു കൊണ്ടുവരുന്നതും മർദ്ദിക്കുന്നതും കണ്ടുവെന്നായിരുന്നു അബ്ദുൽ ലത്തീഫ് ആദ്യം നൽകിയ മൊഴി. ഇതാണ് വിചാരണക്കോടതിയിൽ തിരുത്തിയത്. മധുകൊലക്കേസിലെ പ്രതികളായ നജീബ്, മുനീർ എന്നിവരുടെ പിതാവാണ് അബ്ദുല്‍ലത്തീഫ്.
ഇന്നലെ വിസ്തരിച്ച 44-ാം സാക്ഷി ഉമ്മറും 45-ാം സാക്ഷി മനോജും പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകി. മധുവിന്റെ അമ്മയുടേയും സഹോദരിയുടേയും വിസ്താരം നിശ്ചയിച്ചിരുന്നെങ്കിലും മാറ്റി. വിചാരണ നടപടികൾ ചിത്രീകരിക്കണമെന്ന അമ്മ മല്ലിയുടെ ഹർജിയിൽ തീർപ്പ് കൽപ്പിച്ച ശേഷമാകും വിസ്താരം. കോടതിയെ തെറ്റിദ്ധരിപ്പിച്ച 29-ാം സാക്ഷി സുനിൽ കുമാറിനെതിരെ നടപടി വേണമെന്ന ഹർജി വ്യാഴാഴ്ച വിചാരണക്കോടതി പരിഗണിക്കും.
English Summary: Attapadi Madhu murder case: Bail cancellation order upheld
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.