23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 21, 2024
December 5, 2024
December 5, 2024
December 2, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024

കോടിയേരിക്ക് അന്തിമോപചാരമര്‍പ്പിക്കാന്‍ നേതാക്കളും, പ്രവര്‍ത്തകരും കണ്ണൂരിലേക്ക്

Janayugom Webdesk
തിരുവനന്തപുരം
October 2, 2022 11:34 am

കോടിയേരി ബാലകൃഷ്ണന് അന്തിമോപചാരമര്‍പ്പിക്കാന്‍ നേതാക്കള്‍ ഉള്‍പ്പെടെ ജീവിതത്തിന്‍റെ വിവിധമേഖലകളിലുള്ളവര്‍ കണ്ണൂരിലേക്ക് എത്തി തുടങ്ങി. ഇന്ന് ഉച്ചയോടെ കണ്ണൂര്‍ വിമാനത്താവളത്തില്‍ മൃതദേഹം എത്തിക്കും. വിദേശയാത്ര ഉപേക്ഷിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ കണ്ണൂരിലേക്ക് പുറപ്പെട്ടിരിക്കുന്നു. നേതാവിനോടുള്ള ആദരസൂചകമായി പാര്‍ട്ടി ഓഫീസുകളില്‍ പതാക താഴത്തികെട്ടി.

കണ്ണൂര്‍ ജില്ലയില്‍ ജനത്തിരക്ക് നിയന്ത്രിക്കാന്‍ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.ജില്ലയിലുള്ളവര്‍ പയ്യാമ്പലത്തേക്ക് വരരുതെന്നും മട്ടന്നൂര്‍ മുതല്‍ തലശേരി വരെ 14 കേന്ദ്രങ്ങളില്‍ വിലാപയാത്ര നിര്‍ത്തുമെന്നും സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ അറിയിച്ചുമൃതദേഹം തുറന്ന വാഹനത്തില്‍ വിലാപ യാത്രയായി തലശ്ശേരി ടൗണ്‍ ഹാളിലേക്ക് കൊണ്ടുപോകും. വിലാപ യാത്ര കടന്നു പോകുന്ന വഴിയില്‍ 14 കേന്ദ്രങ്ങളില്‍ ജനങ്ങള്‍ക്ക് അന്ത്യാഭിവാദ്യം അര്‍പ്പിക്കാനായി വാഹനം നിര്‍ത്തും.

മട്ടന്നൂര്‍ ടൗണ്‍, നെല്ലൂന്നി, ഉരുവച്ചാല്‍, നീര്‍വേലി, മൂന്നാംപിടിക, തൊക്കിലങ്ങാടി, കൂത്തുപറമ്പ്, പൂക്കോട്, കോട്ടയംപൊയില്‍, ആറാം മൈല്‍, വേറ്റുമ്മല്‍, കതിരൂര്‍, പൊന്ന്യം സ്രാമ്പി, ചുങ്കം എന്നിവിടങ്ങളിലാണ് വിലാപയാത്ര നിര്‍ത്തുക.തുടര്‍ന്ന് ഇന്ന് മുഴുവന്‍ തലശ്ശേരി ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും.തിങ്കളാഴ്ച രാവിലെ 10 മണി മുതല്‍ മാടപ്പീടികയില്‍ അദ്ദേഹത്തിന്റെ വീട്ടിലും 11 മണി മുതല്‍ സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലും പൊതു ദര്‍ശനമുണ്ടാകും. തിങ്കളാഴ്ച മൂന്ന് മണിക്ക് പയ്യാമ്പലത്ത് സംസ്‌കാരത്തിനായി വിപുലമായ ഒരുക്കങ്ങളാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തുന്നത്.

ഇന്നും നാളെയുമായി സംസ്ഥാനത്തിന്റെ പല ഭാഗത്ത് നിന്നും പ്രിയ നേതാവിനെ അവസാനമായി ഒരു നോക്കു കാണാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒഴുകിയെത്തും. കോടിയേരിയോടുള്ള ആദരസൂചകമായി നാളെ തലശ്ശേരി, ധര്‍മ്മടം, കണ്ണൂര്‍ മണ്ഡലങ്ങളില്‍ ഹര്‍ത്താല്‍ ആചരിക്കും. പാര്‍ട്ടിയെ ജീവശ്വാസമായി കരുതിക്കൊണ്ട് വാക്കും, പ്രവൃത്തിയും, ജീവിതവും പാര്‍ട്ടിക്കായി സമര്‍പ്പിച്ച സമാനതയില്ലാത്ത ജീവിതമായിരുന്നു കോടിയേരിയുടേത് .

വ്യക്തിജീവിതത്തെ പൂര്‍ണമായും പാര്‍ടി ജീവിതത്തിനു കീഴ്‌പ്പെടുത്തിയ മാതൃകാ രാഷ്ട്രീയ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു കോടിയേരി ബാലകൃഷ്‌ണന്‍. കടുത്ത ശാരീരിക വിഷമതകള്‍ പോലും പാര്‍ടി ഏല്‍പ്പിച്ച ചുമതലകള്‍ക്കു തടസ്സമാവരുത്‌ എന്ന കാര്യത്തില്‍ അസാധാരണ നിഷ്‌കര്‍ഷയായിരുന്നു അചഞ്ചലമായ പാര്‍ടി കൂറും, പ്രതിബദ്ധതയും കൊണ്ട്‌ മാതൃകയായിത്തീര്‍ന്ന മഹത്തായ കമ്യണിസ്റ്റ്‌ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്‌.

Eng­lish Summary:
Lead­ers and work­ers to Kan­nur to pay their last respects to Kodiyeri

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.