ഇന്ത്യൻ സൂപ്പർലീഗിന് ഇന്ന് തുടക്കമാകും. കൊച്ചി കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് കൊൽക്കത്ത ടീമായ ഈസ്റ്റ്ബംഗാൾ എഫ് സിയെ നേരിടും. വൈകിട്ട് 7.30നാണ് കിക്കോഫ്. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കാണികൾക്ക് പ്രവേശനം നൽകി സൂപ്പർലീഗ് നടക്കുന്നത്. കോവിഡിനെ തുടർന്നാണ് സ്റ്റേഡിയത്തിലേയ്ക്ക് കാണികൾക്ക് പ്രവേശനം നിഷേധിച്ചത്. വീണ്ടും വർധിച്ച വീര്യത്തോടെ ലീഗ് ആരംഭിക്കുമ്പോൾ ആരാധകരുടെ ആവേശത്തിനാണ് കലൂർ സ്റ്റേഡിയം കാതോർക്കുന്നത്. കഴിഞ്ഞ സീസണിൽ ഫൈനലിൽ നഷ്ടമായ കിരീടം തിരികെ പിടിക്കാൻ ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് വിജയത്തിൽ കുറഞ്ഞതൊന്നും ആഗ്രഹിക്കുന്നില്ല. തുടർച്ചയായി അഞ്ച് വർഷം അമ്പേ പരാജയമായ സീസണുകൾക്കൊടുവിൽ കഴിഞ്ഞ വർഷമാണ് ബ്ലാസ്റ്റേഴ്സ് ഒന്ന് മിന്നിയത്. വിജയങ്ങൾക്ക് പക്ഷെ സാക്ഷിയാകാൻ കേരളത്തിലെ ആരാധകർക്ക് കഴിഞ്ഞതുമില്ല. അതുകൊണ്ട് തന്നെ വീണ്ടും വിജയങ്ങൾക്കൊണ്ട് ആരാധകരുടെ മനസ് കുളിർപ്പിക്കുകയാണ് ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യമെന്ന് കോച്ച് ഇവാൻ വുകമാനോവിച്ച് വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ടീമിലെ മലയാളി താരങ്ങളെ ഉൾപ്പെടെ മുന്നിൽ കണ്ടുകൊണ്ടാണ് ഗെയിം പ്ലാൻ തയാറാക്കിയിരിക്കുന്നതെന്നും അദേഹം പറഞ്ഞു. കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം കാഴ്ച്ചവച്ചതിന് ശേഷം ഈ സീസണിൽ മറ്റ് ക്ലബ്ബുകൾ തേടി മികച്ച താരങ്ങൾ പോയതിൽ നിരാശയില്ലെന്നും ഈ സീസണിൽ പുതിയ പദ്ധതികളാണ് തയാറാക്കുന്നതെന്നും അദേഹം പറഞ്ഞു. മഞ്ഞക്കടൽ ഇരമ്പുന്നതിന് കാത്തിരിക്കുകയാണെന്നായിരുന്നു ക്യാപ്റ്റൻ ജെസൽ കർണെയ്റോ പറഞ്ഞു. മറുവശത്ത് തികഞ്ഞ ആത്മവിശ്വാസത്തിലാണ് കൊച്ചിയിൽ കളിക്കാനിറങ്ങുന്നതെന്ന് എഫ്‌സി ഈസ്റ്റ്ബംഗാൾ കോച്ച് സ്റ്റീഫൻ കോൺസ്റ്റാന്റെയിൻ പറഞ്ഞു. കഴിഞ്ഞ സീസണിൽ ഏറ്റവും ഒടുവിലായാണ് ഈസ്റ്റ് ബംഗാൾ ഫിനിഷ് ചെയ്തത്. അതെല്ലാം പഴങ്കഥകളാണെന്നായിരുന്നു ഈസ്റ്റ് ബംഗാൾ കോച്ചിന്റെ പ്രതികരണം. ഈ സീസണിൽ ബ്ലാസ്റ്റേഴ്സ് ആക്രമണങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് ഗ്രീക്ക് താരമായ ദിമിത്രിയോസ് ഡയമാന്റകോസും ഓസ്ട്രേലിയൻ താരമായ അപ്പൊസ്തോലസ് ജിയാനുവുമാണ്. കഴിഞ്ഞ സീസണിൽ മിന്നും പ്രകടനം കാഴ്ച്ചവച്ച അഡ്രിയാൻ ലൂണയിലും ആരാധകർ വിശ്വാസമർപ്പിക്കുന്നുണ്ട്.
English summary; Indian Super League will start today;
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.