24 November 2024, Sunday
KSFE Galaxy Chits Banner 2

Related news

October 13, 2022
October 9, 2022
September 25, 2022
July 15, 2022
April 10, 2022
April 9, 2022
April 9, 2022
April 9, 2022
April 9, 2022
April 8, 2022

24-ാം പാർട്ടി കോൺഗ്രസ് : കൊല്ലം മുതൽ വിജയവാഡ വരെ

അഡ്വ. കെ പ്രകാശ്ബാബു
ജാലകം
October 9, 2022 5:30 am

2018 ലെ 23-ാം പാർട്ടി കോൺഗ്രസിനു ശേഷം നീണ്ട 54 മാസങ്ങൾ കടന്നുപോയി. രാജ്യത്തെയും വിവിധ സംസ്ഥാനങ്ങളിലെയും രാഷ്ട്രീയ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമാകുന്ന ചിത്രമാണ് ഈ കാലയളവിൽ നാം കണ്ടുകൊണ്ടിരിക്കുന്നത്. 23-ാം കോൺഗ്രസ് അംഗീകരിച്ച രാഷ്ട്രീയ പ്രമേയത്തിലെ മതേതര-ജനാധിപത്യ ഇടതുപക്ഷ വിശാലവേദി എന്ന ആശയത്തിന്റെ വ്യത്യസ്ത രൂപങ്ങളും തലങ്ങളും ഇന്ന് ഉരുത്തിരിഞ്ഞു വരുന്നു എന്നത് ആശ്വാസകരമാണെങ്കിലും ഈ വേദിയെ ഒരു ഫാസിസ്റ്റു വിരുദ്ധ ബദലായി വളർത്തിയെടുക്കാൻ നമുക്ക് കഴിഞ്ഞിട്ടില്ലായെന്ന രാഷ്ട്രീയ യാഥാർത്ഥ്യം സിപിഐ ഉൾപ്പെടെയുള്ള ഇടതുപക്ഷ ശക്തികളെ തുറിച്ചുനോക്കുന്നുണ്ട്. 23-ാം പാർട്ടി കോൺഗ്രസിനെ ഇന്ത്യൻ ജനതയുടെ മുൻപിൽ ശ്രദ്ധേയമാക്കിയത് സിപിഐ മുന്നോട്ടു വച്ച രാഷ്ട്രീയ സമസ്യയായിരുന്നെങ്കിൽ ഒട്ടേറെ സംഘടനാ തീരുമാനങ്ങൾ പാർട്ടി അംഗങ്ങളുടെ സജീവ അജണ്ടയിൽ കൊണ്ടുവരാൻ ആ ദേശീയ സമ്മേളനത്തിന് കഴിഞ്ഞു. അതിൽ ഏറ്റവും പ്രധാനമായിരുന്നു പാർട്ടിയുടെ അടിസ്ഥാന ഘടകമായ ബ്രാഞ്ചുകളെ ശക്തിപ്പെടുത്തുകയും സക്രിയമാക്കുകയും ചെയ്തുകൊണ്ട് പാർട്ടിയുടെ ജനകീയ ബന്ധം പുനരുജ്ജീവിപ്പിക്കുകയെന്നത്. ജനങ്ങളുമായി നിരന്തര ബന്ധവും അവരിൽ നിന്ന് പാഠങ്ങൾ പഠിക്കുന്നതും അവരെ വിശ്വാസത്തിലെടുക്കേണ്ടതും ജനകീയ പ്രശ്നങ്ങൾ ഏറ്റെടുക്കുന്നതിനും അതിനുള്ള പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുന്നതിനും അനിവാര്യമാണ്. എല്ലാ തലങ്ങളിലും പാർട്ടി കേഡർമാർക്ക് വിദ്യാഭ്യാസം നല്കുന്നതും പാർട്ടി പ്രസിദ്ധീകരണങ്ങളുടെ പ്രചാരം വർധിപ്പിക്കുന്നതും പാർട്ടി കോൺഗ്രസ് അംഗങ്ങളുടെ കടമയായി നിർവചിച്ചിരുന്നു. പാർട്ടിയെ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും 23-ാം കോൺഗ്രസ് ഊന്നിപ്പറഞ്ഞിരുന്നു.

രാജ്യത്തിന്റെ രാഷ്ട്രീയാന്തരീക്ഷത്തെ കൂടുതൽ സങ്കീർണമാക്കിയത് പാർലമെന്റിന്റെ ഇരുസഭകളും അംഗീകരിച്ച് ഡിസംബറിൽ രാഷ്ട്രപതി ഒപ്പുവച്ച് അനുമതി നൽകിയ പൗരത്വ ഭേദഗതി നിയമം ‑2019 ആണ്. ഒരു ഇന്ത്യൻ പൗരന്റെ പൗരത്വം അംഗീകരിക്കുന്നതിൽ ‘മതം’ മുൻപൊരിക്കലും ഒരു ഘടകമായിരുന്നില്ലായെങ്കിൽ മോഡി ഭരണകൂടം ”മതം ഒരു മാനദണ്ഡമാണെന്ന്” തീരുമാനിച്ചു. ഈ നിയമ ഭേദഗതി ജനങ്ങൾക്കിടയിൽ ഭീതിയും അസ്വസ്ഥതയും ജനിപ്പിക്കുന്ന ഒന്നായി മാറി. പൗരത്വത്തിന്റെ അടിസ്ഥാനം മതമാണെന്ന് അംഗീകരിക്കുകയും, അതിൽ നിന്നും മുസ്‌ലിം മതവിഭാഗക്കാരെ മാത്രം ഒഴിവാക്കുകയും ചെയ്യുമ്പോൾ അത് ഇന്ത്യൻ മുസ്‌ലിങ്ങൾക്ക് നല്കുന്ന സന്ദേശം വളരെ വ്യക്തമാണ്. സംഘ്പരിവാർ ഉയർത്തുന്ന വെറുപ്പിന്റെ പ്രത്യയശാസ്ത്രം മാത്രമാണ് ഈ നിയമഭേദഗതിക്കു പിന്നിൽ. തന്നെയുമല്ല ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന സവിശേഷതകളുടെ നിരാസം കൂടിയാണ് ഈ ഭേദഗതി നിയമം. 2019 ആഗസ്റ്റ് ഒമ്പതിനാണ് ജമ്മു ആന്റ് കശ്മീർ റീ ഓർഗനൈസേഷൻ ആക്ടിന് രാഷ്ട്രപതിയുടെ അനുമതി ലഭിച്ചത്. ഈ നിയമം അനുസരിച്ച് ജമ്മു കശ്മീർ സംസ്ഥാനത്തെ ജമ്മു ആന്റ് കശ്മീർ യൂണിയൻ ടെറിട്ടറിയെന്നും ലഡാക്ക് യൂണിയൻ ടെറിട്ടറിയെന്നും പേരുള്ള രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയാണ് ചെയ്തിരിക്കുന്നത്. ആർട്ടിക്കിൾ 370 നല്കിയിരുന്ന എല്ലാ വിശേഷാൽ അധികാരങ്ങളും അവകാശങ്ങളും പൂർണമായും മരവിപ്പിച്ചുകൊണ്ടാണ് ഈ ബില്ല് നിയമമാക്കിയത്.


ഇതുകൂടി വായിക്കൂ:അഡാനിയുടെ വളര്‍ച്ചയും ചങ്ങാത്ത മുതലാളിത്തവും  


ഇന്ത്യൻ ഭരണഘടനയിൽ ആർട്ടിക്കിൾ 370 ഉൾപ്പെടുത്തിയതിനെ കുറിച്ച് പഠിക്കാനോ ആർട്ടിക്കിൾ 35എയുടെ സാഹചര്യം മനസിലാക്കാനോ സംഘ്പരിവാർ ശക്തികളാൽ നയിക്കപ്പെടുന്ന മോഡി ഭരണകൂടം തയാറായില്ല. കശ്മീരിലെ മനുഷ്യരെയും മണ്ണിനെയും കളങ്കപ്പെടുത്താനുള്ള മോഡി ഭരണത്തിന്റെ ദുഷ്ടലാക്കുകൾ പ്രകൃതിയുടെ വരദാനമായ കശ്മീരിനെ മലിനപ്പെടുത്തുന്ന ഒന്നായി വിലയിരുത്തപ്പെടുന്നു. കോവിഡ് 19 എന്ന മഹാമാരി മാനവസമൂഹത്തെ ഗ്രസിച്ച സന്ദർഭത്തിൽ ഫലപ്രദമായ പരിഹാര നടപടികളും മെച്ചപ്പെട്ട ആതുരസേവന സൗകര്യങ്ങളും ഒരുക്കുന്നതിനു പകരം അപ്രതീക്ഷിത ലോക്ഡൗൺ (അടച്ചുപൂട്ടൽ) പ്രഖ്യാപിക്കുകയാണ് മോഡി സർക്കാർ ചെയ്തത്. കേരളത്തിലെ ഇടതു ജനാധിപത്യ മുന്നണി സർക്കാർ സാമൂഹ്യ അടുക്കള സജ്ജീകരിച്ചുകൊണ്ടും സൗജന്യ ഭക്ഷ്യധാന്യങ്ങൾ കുടുംബങ്ങളിൽ എത്തിച്ചും ഒരാൾ പോലും പട്ടിണി കിടന്നു മരിക്കാൻ പാടില്ലായെന്ന കരുതൽ നടപടിയെടുത്തപ്പോൾ രാജ്യത്തിന്റെ ഇതര ഭാഗങ്ങളിൽ വിശന്നു വലഞ്ഞും നടന്നു തളർന്നും പാവപ്പെട്ട മനുഷ്യർ റയിൽവേ ട്രാക്കുകളിലും നിരത്തുവക്കിലും മരണം വരിച്ചു. ദിവസങ്ങൾ കഴിഞ്ഞു പ്രഖ്യാപിച്ച സൗജന്യ ഭക്ഷ്യധാന്യ വിതരണം ഉദ്ദേശിച്ച ഫലം കണ്ടതുമില്ല. ഈ സന്ദർഭത്തിലും തൊഴിലാളി കർഷകദ്രോഹ പ്രവൃത്തികൾ സർക്കാർ തുടർന്നു. കോവിഡിന്റെ നാളുകളിലാണ് 2020 സെപ്റ്റംബറിൽ മൂന്നു കർഷക ദ്രോഹ നിയമങ്ങൾ പാസാക്കിയെടുത്തത്. പാർലമെന്റിൽ ലഭിച്ച ഭൂരിപക്ഷത്തെ രാജ്യത്തിന്റെ നട്ടെല്ലായ കർഷകരെയും തൊഴിലാളികളെയും ദ്രോഹിക്കുന്നതിനുള്ള അവസരമായിട്ടാണ് മോഡി സർക്കാർ ഉപയോഗിച്ചത്. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും തീക്ഷ്ണവും ദൈർഘ്യമേറിയതുമായ കർഷക സമരത്തിനു മുമ്പിൽ അവസാനം മോഡി സർക്കാരിന് മുട്ടുമടക്കേണ്ടി വന്നു.

പാർലമെന്റ് പാസാക്കിയ കർഷകവിരുദ്ധ കോർപറേറ്റ് അനുകൂല കാർഷിക ബില്ലുകൾ കേന്ദ്ര സർക്കാരിന് മറ്റൊരു നിയമ നിർമ്മാണത്തിൽക്കൂടി പിൻവലിക്കേണ്ടിവന്നു. നാഷണൽ മോണിറ്റൈസേഷൻ പൈപ്പ് ലൈൻ പദ്ധതിയിൽക്കൂടി പൊതുമേഖലാ സ്ഥാപനങ്ങളെ മാത്രമല്ല, രാജ്യത്തിന്റെ പൊതു ഉടമസ്ഥതയിലുള്ള സ്ഥാവര‑ജംഗമ വസ്തുക്കളെയെല്ലാം സ്വകാര്യ മേഖലയ്ക്കു വില്പന നടത്തി ധനസമ്പാദനം നടത്താൻ മോഡി സർക്കാർ പദ്ധതിയിട്ടു. മുൻ കേന്ദ്ര സർക്കാരുകൾ രൂപീകരിച്ചതും ഇന്ത്യൻ സമ്പദ്ഘടനയ്ക്ക് മുതൽക്കൂട്ടായതുമായ ദേശീയ സമ്പത്തെല്ലാം സ്വകാര്യ മൂലധനത്തിനു വില്പന നടത്തുന്ന ഇടനിലക്കാരനായി നരേന്ദ്രമോഡി മാറുന്ന ദയനീയ കാഴ്ചയാണ് ഇന്നു നാം കണ്ടുകൊണ്ടിരിക്കുന്നത്. രാജ്യത്തെ തൊഴിലില്ലായ്മാ നിരക്കാകട്ടെ 45 വർഷത്തിനിടയിൽ ഏറ്റവും ഉയർന്ന തോതിലെത്തി നില്ക്കുന്നു. പ്രതിവർഷം രണ്ടു കോടി പുതിയ തൊഴിൽ നല്കുമെന്നു പറഞ്ഞ് അധികാരത്തിൽ വന്ന നരേന്ദ്രമോഡിക്ക് പ്രതിവർഷം രണ്ടു ലക്ഷം തൊഴിൽ നല്കാൻ പോലും കഴിഞ്ഞില്ല. തൊഴില്‍രഹിത വളർച്ചയെന്ന മുതലാളിത്ത വ്യവസ്ഥിതിയെ താലോലിക്കുന്ന നരേന്ദ്രമോഡി കോർപറേറ്റ് കമ്പനികൾക്ക് നല്കിയ ഇളവുകൾ അമ്പരപ്പിക്കുന്നവയാണ്. 2019–20 ൽ മാത്രം 5.51 ലക്ഷം കോടിയുടെ ഇളവുകൾ അവർക്ക് അനുവദിച്ചു. ശതകോടീശ്വരന്മാരുടെ എണ്ണം കൂട്ടുന്നതിൽ തല്പരരായ മോഡി ഭരണകൂടം ഇന്ത്യയിലെ ദരിദ്ര നാരായണന്മാരുടെ എണ്ണം ഭയാനകമായ തോതിൽ കൂട്ടുന്നു. ഒരു ജനാധിപത്യ ഭരണകൂടം എന്ന സങ്കല്പം തന്നെ മോഡിയും കൂട്ടരും തച്ചുതകർക്കുകയാണ്. രൂപീകരണ കാലഘട്ടം മുതൽ ഹിന്ദു രാഷ്ട്ര നിർമ്മിതിക്കായി ശ്രമിക്കുന്ന ആർഎസ്എസ് ഇന്ത്യൻ ഭരണഘടനയെ ഉടച്ചുവാർക്കുന്നതിനുള്ള ശ്രമത്തിലാണിന്ന്.


ഇതുകൂടി വായിക്കൂ: ജിഡിപി വളര്‍ച്ചാനിരക്കു വര്‍ധന ആര്‍ക്കുവേണ്ടി? എന്തിനുവേണ്ടി


ഭരണകൂടത്തെയും പാർലമെന്റിനെയും വരുതിയിലാക്കിയ സംഘ്പരിവാർ ശക്തികൾ ഇന്ത്യൻ ജുഡീഷ്യറിയെയും പലതരം സമ്മർദ്ദങ്ങളിൽക്കൂടി സ്വാധീനിക്കുവാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. മതനിരപേക്ഷതയെ അംഗീകരിക്കാത്ത സംഘ്പരിവാറുകാർ ഇന്ത്യൻ ഭരണഘടനയെ ഹിന്ദുരാഷ്ട്രവാദികളുടെ താല്പര്യത്തിനായി ഉടച്ചുവാർക്കും. അത്യന്തം ഭീതിജനകമായ ഈ രാഷ്ട്രീയാന്തരീക്ഷത്തിലാണ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ 24-ാം പാർട്ടി കോൺഗ്രസ് വിജയവാഡയിൽ നടക്കുന്നത്. 23-ാം പാർട്ടി കോൺഗ്രസ് അംഗീകരിച്ച രാഷ്ട്രീയ പ്രമേയത്തിൽ രാജ്യത്തെ എല്ലാ മതേതര-ജനാധിപത്യ പുരോഗമന ശക്തികളെയും അവരുടെ ബഹുജന സംഘടനകളെയും മോഡി സർക്കാരിന്റെ നവ‑ലിബറൽ ഫാസിസ്റ്റ് ആക്രമണങ്ങൾക്കെതിരെ അണിനിരത്തണമെന്നു പറഞ്ഞപ്പോഴും അത് രാഷ്ട്രീയ ബദലാണെന്നോ തെരഞ്ഞെടുപ്പ് മുന്നണിയാണെന്നോ കണക്കാക്കേണ്ടതില്ലായെന്നു വ്യക്തമാക്കിയിരുന്നു. എന്നാൽ 24-ാം പാർട്ടി കോൺഗ്രസിന്റെ രാഷ്ട്രീയ പ്രമേയം (കരട്) തെരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ പ്രാഥമിക ലക്ഷ്യം ബിജെപി — ആർഎസ്എസ് ദ്വയത്തെ അധികാരത്തിൽ നിന്നും പുറത്താക്കുക എന്നതായിരിക്കണം എന്നു വ്യക്തമാക്കുന്നുണ്ട്. സംസ്ഥാനങ്ങളിലെ തന്ത്രങ്ങൾ അതാതു സംസ്ഥാനങ്ങളിലെ വസ്തുനിഷ്ഠ രാഷ്ട്രീയ സാഹചര്യങ്ങളും അവിടെയുള്ള രാഷ്ട്രീയ ശക്തികളുമായുള്ള ബന്ധവും കണക്കിലെടുത്തായിരിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ജനാധിപത്യ‑മതേതര പുരോഗമന ശക്തികൾക്ക് പ്രതീക്ഷയും പ്രത്യാശയും നല്കുന്ന രാഷ്ട്രീയ‑സംഘടനാ തീരുമാനങ്ങൾ സിപിഐയുടെ 24-ാം പാർട്ടി കോൺഗ്രസിനെ ശ്രദ്ധേയമാക്കുകതന്നെ ചെയ്യും.

TOP NEWS

November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.