പ്രാചീന സാമൂഹ്യപശ്ചാത്തലത്തില്‍ നിന്ന് നവോത്ഥാനത്തിന്റെ പന്ഥാവിലേക്ക് നടന്ന കേരളത്തിന് തലകുനിക്കേണ്ടിവന്നിരിക്കുന്നു. മതത്തിനും വിശ്വാസത്തിനും ആചാരങ്ങള്‍ക്കും അമിത പ്രാധാന്യവും സംരക്ഷണവും ഏറിവരുന്നതിന്റെ ദോഷമാണ്, നവോത്ഥാന പോരാട്ടത്തിന്റെ വിജയനാളുകളില്‍ നിന്ന് ഇലന്തൂരിലേക്കുള്ള ഈ പിന്‍നടത്തത്തിന്റെ പ്രേരണ. പൊതുസമൂഹത്തെയാകെ ഞെട്ടിക്കുന്നതാണ് കൊച്ചിയില്‍ നിന്ന് രണ്ട് സ്ത്രീകളെ തട്ടിക്കൊണ്ടുപോയി നരബലി എന്നപേരില്‍ പൈശാചികമായി കൊലപ്പെടുത്തിയ വാര്‍ത്ത. നരബലി സംബന്ധിച്ച് രേഖകളും തെളിവുകളും ചരിത്രത്തിലേറെയുണ്ട്. എന്നാല്‍ ഒരിടത്തും കേട്ടുകേള്‍വിയില്ലാത്ത രീതിയാണ് ഇലന്തൂരിലെ ക്രൂരത. രഹസ്യഭാഗങ്ങളില്‍ മുറിവേല്പിച്ച് രക്തം ചീന്തിക്കുകയും രാത്രിമുഴുവന്‍ ക്രൂരമായ പീഡനത്തിന് വിധേയരാക്കുകയും, തലയറുത്ത്, അസ്ഥികള്‍ അടിച്ചുതകര്‍ത്ത്, ശരീരം വെട്ടിനുറുക്കി ചാക്കുകളിലാക്കി കുഴിച്ചുമൂടുകയുമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. രാജഭരണകാലത്ത് രാജാക്കന്മാര്‍ മരിച്ചാല്‍ അവരെ അനുനയിക്കാന്‍ നൂറുകണക്കിനാളുകളെ ഒരുമിച്ച് കൊന്നൊടുക്കി കുഴിച്ചുമൂടിയിരുന്ന ചൈനയിലെയും ഈജിപ്റ്റിലെയും സംഭവങ്ങള്‍ ഗവേഷകഗ്രന്ഥങ്ങളില്‍ കേട്ടിട്ടുണ്ട്.
ദൈവപ്രീതിക്കും ആഭിചാരക്രിയകളുടെ ഭാഗമായും വിവിധ നിര്‍മ്മാണങ്ങളുടെ പൂര്‍ണതയ്ക്കായും യുദ്ധാരംഭത്തിനുമെല്ലാം ആളുകളെ കഴുത്തറുത്ത് കൊലപ്പെടുത്തിയിരുന്നതും നാഗരികതയ്ക്ക് മുമ്പുള്ള കാലത്തിന്റെ ആചാര വിനോദമായിരുന്നു. മന്ത്രവാദത്തിനും പൂജയ്ക്കും താല്പര്യം കാണിക്കാതിരുന്നതിന്റെ പേരില്‍ ഗവ.വനിതാ കോളജിലെ വൈസ് പ്രിന്‍സിപ്പലും ഭാര്യയും ചേര്‍ന്ന് രണ്ട് പെണ്‍മക്കളെ വ്യായാമത്തിനുപയോഗിക്കുന്ന ഡംബല്‍കൊണ്ട് അടിച്ചുകൊന്നത് ഈയടുത്ത് ആന്ധ്രാപ്രദേശിലെ ചിറ്റൂരിലാണ്. ആഭിചാരക്രിയകളും മന്ത്രവാദങ്ങളും നരബലിയും കര്‍ണാടകത്തിലും തമിഴ്‌നാട്ടിലും ഉണ്ടായിരുന്നുവെന്നും ചില സംഭവങ്ങളുടെ അന്വേഷണ റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാണ്. എന്നാല്‍, കേരളം ഇത്ത രത്തിലൊരു വാര്‍ത്തയുടെ ഉറവിടമാകുന്നത് ഒരിക്കലും വിശ്വസിക്കാനാവുന്നില്ല. പരിഷ്കൃത സമൂഹമെന്ന് ഇനി നമുക്ക് ഊറ്റംകൊള്ളാനാവുമോ എന്ന ചോദ്യമാണ് ഇലന്തൂരിലെ നരബലി ഉയര്‍ത്തുന്നത്. സര്‍ക്കാരുകള്‍ക്കും സംവിധാനങ്ങള്‍ക്കും ഇത്തരം കാര്യങ്ങള്‍ മുന്‍കൂട്ടി കണ്ടെത്തുവാന്‍ പരിമിതികളേറെയാണ്. എങ്കിലും ജാഗ്രതക്കുറവുണ്ടാകുവാനും പാടില്ല. അന്ധവിശ്വാസത്തിനും അനാചാരത്തിനുമെതിരെ നിയമം കൊണ്ടുവരാനുള്ള ശ്രമങ്ങളുണ്ടാകണം. കൊല്ലപ്പെട്ടവരിലൊരാളുടെ ബന്ധുക്കള്‍ സെപ്റ്റംബര്‍ 26ന് കടവന്ത്ര പൊലീസില്‍ നല്കിയ പരാതിയോടെയാണ് ഈ കൊടുംക്രൂരതയുടെ ചുരുളഴിയുന്നത്.
കഴിഞ്ഞ ഓഗസ്റ്റ് 17നാണ് തൃശൂര്‍ വടക്കാഞ്ചേരി സ്വദേശിയായ റോസ്‌ലിയെ കാണാനില്ലെന്ന പരാതി കാലടി സ്റ്റേഷനില്‍ ലഭിക്കുന്നത്. ഇതില്‍ അന്വേഷണപുരോഗതി ഉണ്ടായിരുന്നില്ല. പത്മയെ തേടിയുള്ള കേസിലാണ് തുമ്പുണ്ടായത്. അതുവരെ സമൂഹമധ്യത്തില്‍ ആര്‍ക്കും പിടികൊടുക്കാത്തവിധം വിലസുകയായിരുന്നു രണ്ടുപേരെ കൊന്നൊടുക്കിയ പെരുമ്പാവൂര്‍ സ്വദേശി മുഹമ്മദ് ഷാഫിയും, ഇലന്തൂരിലെ വൈദ്യനായ ഭഗവല്‍സിങ്ങും ഇയാളുടെ ഭാര്യ ലൈലയും. കേസിന് മാധ്യമങ്ങള്‍ നല്‍കിയ പേരാണ് നരബലി എന്നത്. കൊലയ്ക്ക് പിന്നില്‍ മറ്റേതെങ്കിലും കാരണമുണ്ടോ, മുന്‍പും ഇത്തരം കൃത്യങ്ങള്‍ ഇവര്‍ ചെയ്തിട്ടുണ്ടോ എന്നും വിശദമായി അന്വേഷിക്കുകയും തെളിയിക്കുകയും ചെയ്യേണ്ടതുണ്ട്. അന്നന്നത്തെ അന്നത്തിനായി കൈത്തൊഴിലുമായി കഴിയുന്ന സ്ത്രീകളെയാണ് ഇവര്‍ ഇരകളാക്കിയിട്ടുള്ളത്. കൊല്ലപ്പെട്ട പത്മ, റോസ്‌ലി എന്നിവരെപ്പോലെ കൂലിവേല ചെയ്ത് ജീവിക്കുന്ന കൊച്ചിയിലെ മറ്റുപല സ്ത്രീകളെയും ഇവര്‍ സമീപിച്ചിരുന്നതായാണ് പൊലീസ് നല്‍കുന്ന വിവരം. ഷാഫിയെന്ന ആള്‍ കളമശേരിയിലെ മറ്റൊരു കൊലപാതകക്കേസില്‍ പ്രതിയാണെന്ന വിവരവും പൊലീസ് തരുന്നു. സമ്പത്തുണ്ടാകാന്‍ നരബലി ഉത്തമമെന്ന് ഭഗവല്‍സിങ്ങിനോടും ഭാര്യയോടും ഓതിക്കൊടുത്ത ഷാഫിക്ക്, രണ്ട് ഇരകളെ എത്തിച്ചതിന് 10 ലക്ഷമാണ് വാഗ്ദാനമുണ്ടായിരുന്നത്.
മാനസിക വൈകല്യങ്ങള്‍ കൊണ്ടും പണക്കൊതികൊണ്ടും ഇത്തരം തുടര്‍ക്കൊലകള്‍ ചെയ്യുന്നവരും അതിനായി സമ്പത്തും ഐശ്വര്യവും കൊതിക്കുന്നവരെ പാട്ടിലാക്കുന്നവരും സമൂഹത്തിലുണ്ടെന്നതാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്. നരബലിയായാലും അല്ലാത്തതായാലും ഒരാളുടെ ജീവനെടുക്കുക എന്നത് കൊടുംകുറ്റമാണ്. ഇത്തരം അസാധാരണ സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാനുള്ള ഇടപെടലുകള്‍ക്ക് ഉത്തരവാദിത്തപ്പെട്ട സമൂഹം ശ്രമിക്കണം. വലിയ ജാഗ്രത ഇക്കാര്യത്തില്‍ ഭരണകൂടങ്ങളും പാലിക്കണം. സമൂഹത്തില്‍ രാഷ്ട്രീയ മേലങ്കിയണിഞ്ഞും പൊതുസേവകരായും മാന്യതചമയുന്നവര്‍ പോലും ഈവിധം ക്രൂരതകള്‍ക്ക് മുതിരുന്നു എന്ന ആരോപണം ഗൗരവമുള്ള കാര്യമാണ്. അങ്ങനെയൊന്നുണ്ടാവാതിരിക്കാന്‍ രാഷ്ട്രീയ ഇടപെടലുകളും അനിവാര്യമാണ്. രാഷ്ട്രീയപ്രവര്‍ത്തകര്‍ സമൂഹത്തില്‍ കൂടുതല്‍ വേരൂന്നുകയും ചലനങ്ങള്‍ അറിയുകയും വേണമെന്നത് ഇവിടെ പ്രസക്തമാകുകയാണ്. തീവ്ര മതചിന്തയും വിശ്വാസവും ആചാരവും മന്ത്രവാദവും മതിഭ്രമവുമെല്ലാം തുടച്ചുനീക്കുവാനും നൂറ്റാണ്ടുകള്‍ പിറകോട്ട് നയിക്കുന്ന മതരാഷ്ട്ര ലക്ഷ്യങ്ങളില്‍ നിന്ന് നാടിനെ നവോത്ഥാനമൂല്യങ്ങളാല്‍ സംരക്ഷിക്കാനും സമൂഹവും ജാഗ്രതകാണിക്കണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.