23 December 2024, Monday
KSFE Galaxy Chits Banner 2

ദുരന്തങ്ങൾ തുടർക്കഥയാവുമ്പോൾ

ഒക്ടോബർ 13 ലോക പ്രകൃതി ദുരന്ത നിവാരണ ദിനം 
സുനിൽ കുമാർ കരിച്ചേരി 
October 13, 2022 11:22 am

നാളിതു വരെ ഒക്ടോബർ 13 നമ്മുടെ മനസ്സിൽ ഏറെ പതിയാതെ കടന്നുപോകുന്ന ഒരു ദിനമായിരുന്നു.എന്നാൽ വർത്തമാനകാലത്ത് നാം ഓർത്ത് ആചരിക്കേണ്ട ഒരു ദിനമായി കോവിഡ് മഹാമാരിയുടേയും,ചുഴലികാറ്റിന്റേയും, ഉഷ്ണവാതങ്ങളുടേയും,പേമാരിയുടേയും, ഉരുൾപൊട്ടലിന്റേയും, വരൾച്ചയുടേയും, കാലാവസ്ഥ വ്യതിയാനത്തിന്റേയും സവിശേഷ പശ്ചാത്തലത്തിൽ ലോക പ്രകൃതി ദുരന്ത നിവാരണ ദിനമായ ഒക്ടോബർ 13 മാറിയിരിക്കുന്നു. യു.എൻ .ജനറൽ അസംബ്ലിയുടെ തീരുമാനപ്രകാരം 2009 മുതലാണ് ഒക്ടോബർ 13 ലോക പ്രകൃതി ദുരന്ത നിവാരണ ദിനമായി ആചരിക്കാൻ തുടങ്ങിയത്.
വർദ്ധിച്ചു വരുന്ന പ്രകൃതിദുരന്തങ്ങൾ നിയന്ത്രിക്കുന്നതിലേക്ക് ലോക മന:സാക്ഷിയെ ഉണർത്തുന്നതിനായാണ് ഇത്തരമൊരു ദിനാചരണം ഏറ്റെടുക്കാൻ ഐക്യരാഷ്ട്രസഭ മുന്നോട്ട് വന്നത്.

എന്താണ് ദുരന്തം?

അതിവേഗത്തിൽ സംഭവിക്കുന്നതും ജീവനും സ്വത്തിനും നാശനഷ്ടങ്ങൾ ഉണ്ടാക്കുന്നതുമായ പ്രകൃതി ദത്തമോ അല്ലാത്തതോ ആയ ഏതൊരു അവസ്ഥയും ദുരന്തമെന്നറിയപ്പെടുന്നു. പ്രവചനാതീതവും, സാമ്യമില്ലായ്മയും, വേഗതയും,ശീഘ്രതയും, അനിശ്ചിതത്വവും, ഭീഷണിയുമാണ് ദുരന്തത്തിന്റെ സ്വഭാവം.ദുരന്തങ്ങളെ പ്രധാനമായും രണ്ടായി തരം തിരിക്കാം.

1.പ്രകൃതിദുരന്തങ്ങൾ

മനുഷ്യനിർമ്മിതമായ ദുരന്തങ്ങൾ

പേരിൽ സൂചിപ്പിക്കും പോലെ പ്രകൃത്യാലുണ്ടാകുന്ന :ദുരന്തങ്ങളാണ് പ്രകൃതിദുരന്തങ്ങൾ. ഒരു പരിധി വരെ നമ്മുടെ നിയന്ത്രണങ്ങൾക്കുമപ്പുറത്താണവ.
എന്നാൽ മനുഷ്യനിർമ്മിത ദുരന്തങ്ങൾ എല്ലാത്തിനേയും വെട്ടിപിടിക്കാനുളള അത്യാർത്തി മൂലം നാം ക്ഷണിച്ചു വരുത്തുന്നവയാണ്.ഉത്ഭവത്തിന്റെ അടിസ്ഥാനത്തിൽ ദുരന്തങ്ങളെ പ്രധാനമായും ആറായി തരം തിരിക്കാം.

1. ഭൂമി ശാസ്ത്രപരമായ കാരണങ്ങളാൽ ഉണ്ടാകുന്നത്.
ഭൂകമ്പം, സുനാമി ‚അഗ്നിപർവ്വത സ്ഫോടനം, മണ്ണിടിച്ചിൽ ‚മലയിടിച്ചിൽ തുsങ്ങിയ പ്രകൃതിദുരന്തങ്ങൾ ഈ ഗണത്തിൽ പെടുന്നവയാണ്.

2. കാലാവസ്ഥാ പരമായ കാരണങ്ങളാൽ ഉണ്ടാകുന്നത് 
ചുഴലിക്കാറ്റ്, പേമാരി, അത്യുഷ്ണം, വരൾച്ച, അതിശൈത്യം, മഞ്ഞുവീഴ്ച, ഇടിമിന്നൽ തുടങ്ങിയ പ്രകൃതിദുരന്തങ്ങൾ ഇക്കൂട്ടത്തിൽപ്പെടുന്നു.

3. ജലജന്യമായ കാരണങ്ങളാൽ ഉണ്ടാകുന്നത് 

വെളളപ്പൊക്കം, ഉരുൾപ്പൊട്ടൽ, അണക്കെട്ടുകൾ തകരുന്നത്, തീര അപരദനം തുടങ്ങിയ ദുരന്തങ്ങൾ ജലജന്യ സൃഷ്ടിയാണ്.

4. രാസ ദുരന്തങ്ങൾ 

വിഷവാതകങ്ങൾ ചോരുന്നത്, രാസമാലിന്യങ്ങൾ ശുദ്ധജല സ്രോതസ്സുകളിൽ കലരുന്നത്, ആണവ ഇന്ധന ചോർച്ച, രാസായുധങ്ങൾ പ്രയോഗിക്കുന്നത് എന്നി മനുഷ്യനിർമ്മിത രാസദുരന്തങ്ങൾ നാം ക്ഷണിച്ചു വരുത്തുന്നവയാണ്.

5. ജൈവ ദുരന്തങ്ങൾ
പകർച്ചാവ്യാധികൾ, ജൈവായുധങ്ങളുടെ പ്രയോഗം എന്നിവ ഈ ഗണത്തിൽപ്പെടുന്നു.

6. ടെക്നോളജിക്കൽ ആയ കാരണങ്ങളാൽ ഉണ്ടാകുന്നത് 
റോഡ്, റെയിൽ, ജല, വായു ഗതാഗതവുമായി ബന്ധപെട്ടുണ്ടാകുന്ന വാഹന ദുരന്തങ്ങൾ, കെട്ടിടങ്ങൾ, പാലങ്ങൾ എന്നിവ തകരുന്നത്, അഗ്നിബാധ തുടങ്ങിയ മനുഷ്യനിർമ്മിത ദുരന്തങ്ങൾ ഇതിനുദാഹരണമാണ്.
ഇതിനു പുറമേ യുദ്ധം, കലാപം എന്നിവയും മനുഷ്യന്റെ അഹങ്കാരത്താൽ സൃഷ്ടിക്കപ്പെടുന്ന ദുരന്തങ്ങളാണ്.
ഇത്തരം ദുരന്തങ്ങളിൽ പലതും നമ്മെ സംബന്ധിച്ച് അടുത്ത കാലം വരെ ഗൗരവ തരമായിരുന്നില്ല.എന്നാൽ ഇന്ന് പ്രകൃത്യാലുളളതും, മനുഷ്യനിർമ്മിതവുമായ ഒട്ടനവധി ദുരന്തങ്ങളാണ് ലോകമാസകലം അരങ്ങേറുന്നത്. നമ്മുടെ കൊച്ചു കേരളവും ഇന്നിതിൽ നിന്നു മുക്തമല്ല.
2004ലെ സുനാമി കേരളക്കരയിൽ വിതച്ച നാശം നാം മറന്നിട്ടില്ല. 2017ൽ കേരള തീരത്ത് വീശിയടിച്ച ഓഖി ചുഴലിക്കാറ്റിന്റെ മുറിവുണങ്ങും മുമ്പാണ് 2018 ലും 2019 ലും പ്രളയ ദുരന്തമായി പേമാരി
പെയ്തിറങ്ങിയത്. 2020‑ൽ ഉരുൾ പൊട്ടലിന്റെ രൂപത്തിൽ ഇടുക്കിയിലെ രാജമലക്കടുത്തുള്ള പെട്ടി മുടിയിൽ ഭീകര താണ്ഡവമാടിയ ദുരന്തം നമ്മെ ഏറെ വേദനിപ്പിക്കും വിധമായിരുന്നു.
അതിതീവ്ര മഴയും മലയോര മേഖലകളിലുണ്ടാകുന്ന ഉരുൾപൊട്ടലും, മണ്ണ് — മലയിടിച്ചിലും, വെളളപ്പൊക്കവും നമ്മുടെ നാട്ടിലും നിത്യസംഭവമായിരിക്കുന്നു.വയനാട്ടിലെ പുത്തൂർ മലയും, മലപ്പുറത്തെ കവളപ്പാറയും നൽകിയ നടുക്കുന്ന ഓർമ്മകൾ വിസ്മൃതിയിലാകും മുമ്പ് നടന്ന പെട്ടിമുടി ദുരന്തം നമ്മെ നൊമ്പരപ്പെടുത്തുന്നതായിരുന്നു.
ജീവനും സ്വത്തിനും വലിയ തോതിൽ ആഘാതമേൽപ്പിച്ചാണ് ഇപ്രാവശ്യവും മഴക്കാല ദിനങ്ങൾ കടന്നു പോവുന്നത്.കേരളത്തിലെ കാലാവസ്ഥയിലും വലിയ തോതിലുള്ള മാറ്റങ്ങൾ കണ്ടു തുടങ്ങിയിരിക്കുന്നു. രാജ്യത്തിന്റെ മറ്റു പല ഭാഗങ്ങളിലും, ലോകത്താകെയും പലതരം പ്രകൃതി ദുരന്തങ്ങൾ ഈക്കാലായളവിൽ വലിയ ഭീഷണി ഉയർത്തുകയുണ്ടായി.
എന്നാൽ 2019 അവസാനം മുതൽ ലോക മന:സാക്ഷിയെ ഞെട്ടിച്ച് കൊറോണ കുഞ്ഞൻ വൈറസ് ലോകത്താകെ പടർത്തിയ ജൈവ ദുരന്തമായ
കോവിഡ് — 19 പകർച്ചവ്യാധി ഇന്നും ഭീഷണിയായി തന്നെ തുടരുന്നു.
ലോകത്താകെ 62, 726, 5007 ആളുകൾ കോവിഡ് രോഗബാധിതരായി കഴിഞ്ഞു. 65, 626,40 ആളുകളാണ് മരണത്തിന് കീഴടങ്ങിയത്. ഇന്ത്യയിലും ഇതുണ്ടാക്കിയ ഭീഷണി വളരെ വലുതാണ്. നാലര കോടിയോടടുത്ത് ആളുകൾക്ക് രോഗം ബാധിച്ചു കഴിഞ്ഞ ഇവിടെ 5.29 ലക്ഷം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു കഴിഞ്ഞു. കേരളത്തിൽ 68 ലക്ഷത്തിലേറെ പേർക്ക് രോഗം ബാധിച്ചതിൽ 71270 പേർ മരണത്തിന് കീഴടങ്ങിയെന്നത് ഏറെ ദു:ഖകരമാണ്.
പ്രകൃതി ദുരന്ത നിവാരണ സംവിധാനങ്ങൾ സംബന്ധിച്ച് ഇത്തരുണത്തിൽ നാം ഒന്ന് വിലയിരുത്തി പോകുന്നത് നന്നായിരിക്കും. പ്രകൃതിപരമോ മനുഷ്യനിർമ്മിതമോ ആയ ഒരു ദുരന്തത്തിന്റെ പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിനുളള ഒരു കൂട്ടം പ്രവർത്തനങ്ങൾ ആണ് ദുരന്തനിവാരണം അഥവാ ഡിസാസ്റ്റർ മാനേജ്മെന്റ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ദുരന്തനിവാരണ പ്രവർത്തനങ്ങളിലെ പ്രധാനപ്പെട്ട മൂന്ന് ഘടകങ്ങളാണ് ദുരന്തം വരാതെ നോക്കുക, വരുമെന്നുറപ്പുളള ദുരന്തത്തെ നേരിടാനുളള നടപടികൾ സ്വീകരിക്കുക, ദുരന്തത്തിന് ശേഷമുളള രക്ഷാപ്രവർത്തനം നടത്തുക എന്നിവ.
ദുരന്തനിവാരണത്തിൽ പ്രധാനമായും മൂന്ന് ഘട്ടങ്ങൾ ആണുളളത്.
1. ദുരന്തത്തിന് മുമ്പുളള ഘട്ടം 
ഈ ഘട്ടത്തിൽ പ്രധാനമായും നാം അപകട സാധ്യതകളെ മനസ്സിലാക്കുകയും വിലയിരുത്തുകയും ചെയ്യുന്നു. ആഘാത സാധ്യത കുറക്കലും ‚തയ്യാറെടുപ്പും, നിയമനിർമ്മാണം, ബോധവൽക്കരണം, ബഡ്ജറ്റിംഗ്, മോക്ഡ്രിൽ എന്നിവ ഈ ഘട്ടത്തിൽ വരുന്നു.

2. ദുരന്ത സമയത്തുളള ഘട്ടം 
പെട്ടെന്നുളള രക്ഷാപ്രവർത്തനം, മുന്നറിയിപ്പ് ‚ആൾക്കാരെ മാറ്റി പാർപ്പിക്കൽ, വൈദ്യസഹായം, ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങൽ എന്നിവ ഈ ഘട്ടത്തിലാണ്.

3. ദുരന്തത്തിന് ശേഷമുളള ഘട്ടം 
പുനരധിവാസം, പുനർനിർമ്മാണം, തുടർ ചികിത്സാ, ധനസഹായം എന്നിവയാണ് പ്രധാനമായും ഈ ഘട്ടത്തിൽ വരിക.
രാജ്യത്തിന് അകത്തുണ്ടാകുന്ന ദുരന്തങ്ങൾ നേരിടാൻ സുശക്തമായ ഒരു നിയമ നിർമ്മാണം 2005 മുതൽ രാജ്യത്ത് നടപ്പിൽ വരുത്തിയിട്ടുണ്ട്.
2005 ലെ ദേശീയ ദുരന്തനിവാരണ ആക്ട് പ്രകാരം പ്രധാനമന്ത്രി അധ്യക്ഷനായി ദേശീയ ദുരന്തനിവാരണ സമിതിയും, മുഖ്യമന്ത്രി ചെയർമാനായി സംസ്ഥാന ദുരന്തനിവാരണ സമിതിയും, ജില്ലാ കളക്ടർ ചെയർമാനായി ‚ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടർ ഉൾകൊളളുന്ന ജില്ലാ ദുരന്തനിവാരണ സമിതിയും പ്രവർത്തിച്ചു വരുന്നു.വിവിധ തരം ദുരന്തങ്ങൾ നേരിടാനുളള ചുമതല നോഡൽ വകുപ്പുകൾക്ക് വിഭജിച്ചു നൽകിയിട്ടുമുണ്ട്. നിയമപ്രകാരം എല്ലാ തലങ്ങളിലും ഒരു ദുരന്തനിവാരണ പ്ലാൻ ഉണ്ടാകേണ്ടതുണ്ട്.ദുരന്തകാര്യങ്ങൾ യഥാസമയം മനസ്സിലാക്കുന്നതിനാവശ്യമായ ശാസ്ത്രീയ സംവിധാനങ്ങളും, ഉദ്യോഗസ്ഥ വൃന്ദവും രാജ്യത്തുണ്ട്.
ദേശീയ ദുരന്തനിവാരണ നിയമം 35 (2) വകുപ്പു പ്രകാരം ദുരന്ത സമയത്ത് എല്ലാ വിധത്തിലും ഇടപെടൽ നടത്താൻ കേന്ദ്ര സർക്കാരിന് അധികാരമുണ്ട്. അതുപോലെ 8. 7.3ഖണ്ഡിക പ്രകാരം ദുരന്തമേഖലയെ സഹായിക്കാൻ പുറം സഹായം ഉൾപ്പെടെ സ്വീകരിക്കാനുള്ള സ്വാതന്ത്ര്യവും നിയമത്തിലുണ്ട്.നിയമം ഫലപ്രദമായി നടപ്പിൽ വരുത്തുന്നതിൽ പോരായ്മകൾ സംഭവിച്ചിട്ടുണ്ടോ എന്ന് വിലയിരുത്തി പോവുന്നത് നന്നാവും.
മണ്ണും വിണ്ണും കടലും കായലും കാടും കാട്ടാറും വിറ്റു കാശാക്കാനുളള ആർത്തി മൂത്ത മനുഷ്യന്റെ വെമ്പൽ നമ്മുടെ കാലാവസ്ഥയെ തന്നെ തകിടം മറിച്ചിരിക്കുന്നു എന്ന് ഇന്റർ ഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച് (ഐ.പി.സി.സി) തയ്യാറാക്കിയ ആറാമത് റിപ്പോർട്ടിൽ കൃത്യമായി പറഞ്ഞിരിക്കുന്നു. ലോകത്താകെയുള്ള 234 ശാസ്ത്രജ്ഞർ ചേർന്ന് തയ്യാറാക്കിയ റിപ്പോർട്ട് നാം വളരെ ഗൗരവത്തിൽ പരിഗണിക്കേണ്ടുന്ന ഒന്നാണ്. പ്രളയാനന്തരം നദികൾ വറ്റിവരളുന്നു ‚കൊടും വരൾച്ച നമ്മെ ഉറ്റുനോക്കുന്നു , ഉഷ്ണവാതങ്ങൾ വലിയ തോതിൽ ഉണ്ടാകുന്നു. ശാസ്ത്രീയ പഠനങ്ങൾ നടത്താതെ പരിസ്ഥിതി ലോല മേഖലകളിൽ ഉൾപ്പെടെ നടത്തുന്ന ഖനന പ്രവർത്തനങ്ങൾ മൂലം അസ്ഥിരപ്രദേശങ്ങളുടെ ദൈർഘ്യം വർദ്ധിക്കുന്നു. ഇന്ത്യയിൽ 85% ഭൂപ്രദേശങ്ങളും പ്രകൃതിദുരന്ത സാധ്യത പ്രദേശങ്ങളാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ആഢംബരത്വരയിൽ നാം പുറന്തളളുന്ന ഹരിത ഗ്രഹ വാതകങ്ങൾ ആഗോള താപനത്തിനും, കാലാവസ്ഥ വ്യതിയാനത്തിനും ആക്കം കൂട്ടുന്നു. മഞ്ഞുമലകളുടെനാശത്തിനും, നിമിഷ പ്രളയത്തിനും,സമുദ്ര ജലവിതാനം ഉയരാനും ഇത് കാരണമാകുന്നു. 2021 നവംബറിൽ സ്കോട്ട്ലാൻഡിലെ ഗ്ലാസ്ഗോയിൽ നടന്ന
26-ാമത് കാലാവസ്ഥ ഉച്ചകോടി ഇത്തരം വിഷയങ്ങളിൽ ആഴമേറിയ ചർച്ച നടത്തിയെങ്കിലും, തീരുമാനങ്ങൾ ഫലപ്രാപ്തിയിൽ എത്തുന്നില്ല.
2013 ലെ ഉത്തരാഖണ്ഡ് പ്രളയം, 2014 ലെ ജമ്മൂ കാശ്മീർ പ്രളയം, കഴിഞ്ഞ മൂന്നാല്‌ വർഷങ്ങളിൽ കേരള ത്തിൽ ഉണ്ടായ ദുരന്തങ്ങൾ എന്നിവയിൽ നിന്നെല്ലാം പാഠം പഠിക്കാൻ നാം തയ്യാറാകണം. പ്രകൃതിയോട് മനുഷ്യൻ കാട്ടിയ ക്രൂരതക്ക് പ്രകൃതി നൽകുന്ന മറുപടിയായി നമുക്ക് ഇത്തരം ദുരന്തങ്ങളെ കാണാൻ കഴിയണം. പ്രളയാനന്തര പുനരധിവാസവും, പുനർനിർമ്മാണവും പുരോഗമിക്കുമ്പോൾ പരിസ്ഥിതി സൗഹൃദമായ, പരിസ്ഥിതി ലോല മേഖലകളെ സംരക്ഷിച്ചു കൊണ്ടുളള ‚ആവാസവ്യവസ്ഥക്ക് കോട്ടം തട്ടാത്ത, സുസ്ഥിര വികസന കാഴ്ചപ്പാട് ഉണ്ടാകുമെന്നും, അങ്ങനെ ദുരന്തങ്ങളെ ഒരു പരിധി വരെ തടഞ്ഞു നിർത്താമെന്നും
നമ്മുക്ക് പ്രത്യാശിക്കാം.
(ജി.എച്ച്.എസ്.എസ്. ബേത്തൂർപ്പാറ ഹയർ സെക്കണ്ടറി വിഭാഗം ജിയോളജി അധ്യാപകനാണ് ലേഖകൻ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.