ടി ബി എസിന്റെയും പൂർണ്ണ പബ്ലിക്കേഷൻസിന്റെയും ഉടമ എൻ ഇ ബാലകൃഷ്ണമാരാർ (90) അന്തരിച്ചു. പുതിയറയിലെ വീട്ടിലായിരുന്നു അന്ത്യം. 1932 കണ്ണൂർ ജില്ലയിലെ കണ്ണവം തൊടീക്കളത്ത് തൃശിലേരി മീത്തലെ വീട്ടിൽ കുഞ്ഞിക്കൃഷ്ണമാരാരുടെയും മാധവി മാരസ്യാരുടെയും മകനായാണ് ജനനം. ഒന്നര വയസ്സിലേ പിതാവ് മരണപ്പെട്ടു. രണ്ടാനച്ഛനായ കമ്മ്യൂണിസ്റ്റുകാരൻ പി വി രാഘവമാരാർക്കൊപ്പമായിരുന്നു ബാല്യവും കൗമാരവും.
കഴിഞ്ഞ ദിവസമായിരുന്നു മാരാരുടെ നവതി ആഘോഷം. സംസ്ക്കാരം ഇന്ന് മൂന്നിന് പുതിയപാലം ശ്മശാനത്തിൽ. ഭാര്യ: സരോജം. മക്കൾ: എൻ ഇ മനോഹർ, ഡോ. അനിത. മരുമക്കൾ: പ്രിയ, ഡോ. സേതുമാധവൻ. കണ്ണൂർ കൂത്തുപറമ്പ് കണ്ണവം തൊടിക്കുളത്തെ തറവാട്ടിൽ നിന്ന് പതിമൂന്നാമത്തെ വയസ്സിലാണ് മാരാർ കോഴിക്കോട്ടെത്തുന്നത്. തുടക്കം പത്രവിൽപ്പനക്കാരനായി. തുടര്‍ന്ന് പ്രഭാത് ബുക്ക് ഹൗസിൽ കമ്മീഷൻ ഏജന്റായി. തലച്ചുമടായി പുസ്തകങ്ങൾ കൊണ്ട് നടന്ന് വിൽപ്പന നടത്തിയ കാലം.
പിന്നീട് സൈക്കിളിലായി പുസ്തകവുമായുള്ള യാത്രകൾ. പിന്നീട് ടൂറിങ് ബുക് സ്റ്റാള്‍ തുടങ്ങി. 1957ൽ മിഠായിത്തെരുവിൽ 25 രൂപ വാടകയ്ക്കെടുത്ത കെട്ടിടത്തിലേക്ക് ബുക് സ്റ്റാൾ മാറി. പൂർണ്ണയിലൂടെ പ്രശസ്തരും അപ്രശസ്തരുമായ എഴുത്തുകാരുടെ ഏഴായിരത്തോളം പുസ്തകങ്ങളാണ് പുറത്ത് വന്നത്. ജീവിതകഥ കണ്ണീരിന്റെ മാധുര്യം എന്ന പേരില്‍ പുറത്തിറങ്ങി. പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന എൻ ഇ ബാലറാം അടുത്ത ബന്ധുവായിരുന്നു. ബാലകൃഷ്ണമാരാരുടെ നിര്യാണത്തില്‍ സിപിഐ ജില്ലാ സെക്രട്ടറി കെ കെ ബാലന്‍, സംസ്ഥാന കൗണ്‍സില്‍ അംഗം ടി വി ബാലന്‍, ഇ കെ വിജയന്‍ എം എല്‍ എ തുടങ്ങിയവര്‍ അനുശോചിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.