27 December 2024, Friday
KSFE Galaxy Chits Banner 2

13 ജീവനെടുത്ത ദുരന്തത്തിന് നാളെ ഒരാണ്ട്; നൊമ്പരക്കനലുമായി തിരിച്ചുവരവിന് കൂട്ടിക്കല്‍

സരിത കൃഷ്ണൻ
കോട്ടയം
October 15, 2022 8:30 am

കോട്ടയത്തിന്റെ മലയോരമേഖലയിലെ ജനങ്ങളുടെ സ്വത്തും സമ്പാദ്യവുമെല്ലാം പ്രകൃതി കവർന്ന കൂട്ടിക്കൽ ദുരന്തത്തിന് നാളെ ഒരാണ്ട്. ഇക്കഴിഞ്ഞ ഒക്ടോബർ 16നാണ് കോട്ടയത്തിന്റെ കിഴക്കൻ മേഖലയിലും ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളിലും ദുരന്തം പെരുമഴയായി പെ­യ്തിറങ്ങിയത്. തലചായ്ക്കാനുണ്ടായിരുന്ന കൂരയും ഇത്തിരി ഭൂമിയും അടക്കം ഉരുളെടുത്തപ്പോൾ മലയോര മേഖലയ്ക്ക് നഷ്ടമായത് 13 ജീവനുകൾ കൂടിയാണ്.
ഇടുക്കി ജില്ലയോട് ചേർന്ന മലയോരഗ്രാമമാണ് കൂട്ടിക്കൽ. കനത്തപേമാരിയിലും ഉരുൾപൊട്ടലിലും നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തത്തിനാണ് ആ മലയോരഗ്രാമം സാക്ഷ്യം വഹിച്ചത്. ഗ്രാമത്തിലെ പല പ്രദേശങ്ങളിലും ചെറുതും വലുതുമായ ഉരുൾപൊട്ടലുണ്ടായി. വലിയ ഉരുൾപൊട്ടലില്‍ വാർത്താവിനിമയ ഉപാധികളടക്കം തകർന്നതോടെ വിവരം പുറംലോകമറിയാൻ വൈകി. പലയിടത്തേക്കും രക്ഷാപ്രവർത്തകർക്ക് കടന്നുചെല്ലാനാവാത്ത വിധം റോഡുകളടക്കം തകർന്നു. ഉരുൾപൊ­ട്ടലിൽ പല പ്രദേശങ്ങളും ഒറ്റപ്പെട്ടതോടെ ഇവിടെ കുടുങ്ങിയവരെ പുറത്തേക്ക് റോഡ് മാർഗം എത്തിക്കാനുള്ള സഹചര്യം ഇല്ലാതായി. പലയിടങ്ങളിലും മണ്ണിടിച്ചിൽ ഉണ്ടാകുകയും റോഡ് ഒലിച്ചുപോയതുമാണ് രക്ഷാപ്രവർത്തനത്തിന് തിരിച്ചടിയായത്. ഇതോടെ കോട്ടയം ജില്ലാ ഭരണകൂടം സൈന്യത്തിന്റെ സഹായം തേടിയിരുന്നു. 

കൂട്ടിക്കലിലെ പ്ലാപ്പള്ളി, കാവാലി പ്രദേശങ്ങളിലാണ് ഏറ്റവും വലിയ ദുരന്തമുണ്ടായത്. ര­ണ്ടിടത്തുമായി ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലുമായി 10 പേർക്കാണ് അന്ന് ജീവൻ നഷ്ടമായത്. കാവാലിയിൽ ഒറ്റലാങ്കൽ മാർട്ടിന്റെ കുടുംബമൊന്നാകെ മലവെള്ളത്തിൽ ഒലിച്ചുപോയിരുന്നു. കു­ന്നിൻപ്രദേശത്തുള്ള ഇ­വരുടെ വീടിന് മുകളിലേക്ക് ഉരുൾപൊട്ടിയെത്തിയ മണ്ണും വെള്ളവും പതിക്കുകയായിരുന്നു. മഴയ്ക്കൊപ്പം ഉരുൾപൊട്ടലും കൂ­ടിയായതോടെ പുല്ലകയാർ നി­റഞ്ഞു, കൂട്ടിക്കൽ ടൗണും പ­രിസരവും വെള്ളത്തിൽ മുങ്ങി. റോഡുകളും, പാലങ്ങളും, വൈദ്യുതി ബന്ധങ്ങളും അടക്കം അടിസ്ഥാ­ന സൗകര്യങ്ങളെല്ലാം മലവെള്ളപ്പാച്ചിലിൽ തകർന്നു.
കനത്തമഴയിൽ മുണ്ടക്കയം ന­ഗരത്തിലെ പല പ്രദേശങ്ങളും വെ­ള്ളത്തിനടിയിലായി. ടൗണിലെ കെട്ടിടങ്ങളുടെ മുകളിലൂടെ പുല്ലകയാർ കരകവിഞ്ഞൊഴുകി. ഇരുകരകളിലെയും വീടുകളും വ്യാപാരസ്ഥാപനങ്ങളും മു­ങ്ങി. വൈദ്യുതമേഖലയിൽ മാത്രം നാല് കോടിയോളം രൂപയുടെ നഷ്ടമുണ്ടായി. കാർഷിക മേ­ഖലയിലും പശ്ചാത്തലമേഖലയിലും ഉണ്ടായ നഷ്ടങ്ങൾ അതിലും എത്രയോ ഇരട്ടിയായിരുന്നു. 

മലയോര മേഖലയ്ക്ക് മാത്രമായിരുന്നില്ല മഴയിലും ഉരുൾപൊട്ടലിലും നാശം. പുല്ലകയാറിനൊപ്പം, മണിമലയാറും മീനച്ചിലാറും കരകവിഞ്ഞതോടെ മലയോ­­ര പ്രദേശമാകെ ഉരുൾപൊട്ടലിൽ നശിച്ചപ്പോൾ ജില്ലയുടെ പടിഞ്ഞാറൻ മേഖല മുഴുവൻ വെള്ളത്തിൽ മുങ്ങി. ചരിത്രത്തിലാദ്യമായി കാഞ്ഞിരപ്പള്ളി ടൗണിലടക്കം വെള്ളം കയറി. ഉ­രുൾ പൊട്ടലിനെ തുടർന്ന് മീനച്ചിലാർ കരകവിഞ്ഞൊഴുകി പെരിങ്ങുളം പൂ­ഞ്ഞാർ തെക്കേക്കര, പൂഞ്ഞാർ ഈരാറ്റുപേട്ട എന്നിവിടങ്ങളിലെ വ്യാപാരസ്ഥാപനങ്ങളിൽ വെള്ളം കയറി ലക്ഷങ്ങളുടെ നാ­­ശനഷ്ടം സംഭവിച്ചു.
കനത്ത മഴയിൽ തീക്കോയി, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തുകളിലെ മലയോര മേഖലയിൽ ഉ­രുൾ പൊട്ടലും മണ്ണിടിച്ചിലുമുണ്ടാ­­യി. മീനച്ചിലാർ കര കവിഞ്ഞതിനെ തുടർന്ന് മലവെള്ളപ്പാച്ചിലിൽ ഈരാറ്റുപേട്ട നഗരത്തിലെ താഴ്ന്ന പ്രദേശങ്ങൾ വെ­ള്ളത്തിന് അടിയിലായി.
ഇപ്പോള്‍ മെല്ലെയെങ്കിലും തിരിച്ചുവരവിന്റെ പാതയിലാണ് കൂട്ടിക്കൽ ഗ്രാമം. പാലങ്ങളും, റോഡുകളും അടക്കം പുനഃസ്ഥാപിച്ചു തുടങ്ങിയെങ്കിലും മലയോരമേഖലയുടെ നെഞ്ചിലെ കനലണയുന്നില്ല. 

Eng­lish Sum­ma­ry: Koot­tikkal tragedy; Tomor­row is one year since the tragedy that took 13 lives

You may like this video also

TOP NEWS

December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.