23 December 2024, Monday
KSFE Galaxy Chits Banner 2

മുംബൈയ്ക്ക് മുന്നിൽ മുട്ടിടിച്ചു

നിഖിൽ എസ് ബാലകൃഷ്ണൻ
കൊച്ചി
October 28, 2022 10:27 pm

ഒന്നും സംഭവിച്ചില്ല. കരുത്തരായ മുംബൈ സിറ്റി എഫ്‌സിക്കെതിരെ ബ്ലാസ്റ്റേഴ്സിന് കൊച്ചിയുടെ മണ്ണിൽ ഏകപക്ഷീയമായ രണ്ട് ഗോളുകളുടെ തോൽവി. ആദ്യപകുതിയുടെ 21-ാം മിനിറ്റിൽ മെഹ്താബും 31-ാം മിനിറ്റിൽ പെരേര ഡയസും നേടിയ ഗോളുകളിലാണ് മുംബൈ സിറ്റി എഫ്‌സി ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തിയത്. ലീഗിൽ തുടർച്ചയായ മൂന്നാം തോൽവി വഴങ്ങിയ കേരള ബ്ലാസ്റ്റേഴ് പോയിന്റ് ടേബിളിൽ ഒമ്പതാം സ്ഥാനത്താണ്. വിജയത്തോടെ മുംബൈ സിറ്റി എഫ്‌സി രണ്ടാം സ്ഥാനത്തേക്ക് കയറി. ഇനി നവംബർ അഞ്ചിന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത കളി.
പിഴവുകൾ തിരുത്തി തിരിച്ചുവരാൻ ഒരാഴ്ചയിലേറെ സമയം ബ്ലാസ്റ്റേഴ്സിന് മുന്നിലുണ്ട്. അടിമുടിമാറ്റങ്ങളുമായിട്ടാണ് കേരള ബ്ലാസ്റ്റേഴ്സ് മുംബൈയ്ക്കെതിരെ ഇറങ്ങിയത്. ദിമിത്രിയോഡ് ഡയമന്റകോസിനൊപ്പം കൂട്ടിന് കെ പി രാഹുലായിരുന്നു മുൻ നിരയിൽ. കൊച്ചിയിൽ നടന്ന അവസാന രണ്ട് കളിയിലും ഗോൾ നേടിയ ഇവാൻ കലിയൂഷ്നിയെ ബെഞ്ചിലിരുത്തിയപ്പോൾ മധ്യനിരയിൽ മാറ്റമുണ്ടായില്ല. ലൂണ‑സഹൽ‑പൂട്ടിയ‑ജീക്സൺ സഖ്യമാണ് മധ്യനിരയിൽ കളിച്ചത്. പ്രതിരോധ നിരയിലെ വിശ്വസ്തൻ ഹോർമിപാമിനെ പുറത്തിരുത്തി വിക്ടർ മോംഗിലിനും പരിശീലകൻ ഇവാൻ വുകുമനോവിച്ച് അവസരം നൽകി. മറുവശത്ത് കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സ് നിരയിൽ ഗോളടിച്ചുകൂട്ടിയ പെരേര ഡയസിസ് നേതൃത്വം നൽകുന്ന മുന്നേറ്റ നിരയുമായാണ് മുംബൈ ഇറങ്ങിയത്. ഡയസിനൊപ്പം ബിപിൻ സിങ്ങും, ഗ്രേഗ് സ്റ്റുവർട്ടും ലാലിയൻസുവാല ചാങ്തേയും മുന്നേറ്റനിരയിൽ അണിനിരന്നു.
കൃത്യമായ പാസിങ്ങിലൂടെ ആദ്യ മിനിറ്റുകളിൽ തന്നെ മുംബൈ ആധിപത്യം പുലർത്തി. അഞ്ച് മിനിറ്റിനുള്ളിൽ രണ്ട് തവണ ബ്ലാസ്റ്റേഴ്സ് പോസ്റ്റ് ഉന്നംവയ്ക്കാൻ മുംബൈയ്ക്കായി. എടികെയുമായുള്ള വലിയ തോൽവി നൽകിയ പാഠം ഉൾക്കൊണ്ട് പ്രതിരോധത്തിന് പ്രാധാന്യം നൽകിയാണ് ബ്ലാസ്റ്റേഴ്സ് കളി മെനഞ്ഞത്. 10-ാം മിനിറ്റിൽ മുംബൈയ്ക്ക് അനുകൂലമായ മത്സരത്തിലെ ആദ്യകോർണറോടെയാണ് മത്സരത്തിന് ജീവൻവച്ചത്. കോർണർ അനുകൂലമാക്കാൻ സന്ദർശകർക്ക് സാധിച്ചില്ലെങ്കിലും പിന്നീട് പല വലിയ മുന്നേറ്റങ്ങൾക്കുമുള്ള തുടക്കമായിരുന്നു അത്. ഗ്രേഗ് സ്റ്റുവർട്ടും ബിപിൻ സിങ്ങും അടങ്ങിയ മുന്നേറ്റനിര നിരന്തരം ബ്ലാസ്റ്റേഴ്സ് ബോക്സിനെ ഉന്നംവച്ചപ്പോൾ പ്രതിരോധത്തിന് പിടിപ്പത് പണിയാവുകയും ചെയ്തു. മറുവശത്ത് ദിമിത്രിയോസ് ഡയമന്റകോസിന് പന്ത് കിട്ടാതാവുകയും ചെയ്തതോടെ ആദ്യ 20 മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് ചിത്രത്തിലേയില്ലായിരുന്നു. 21-ാം മിനിറ്റിൽ മുംബൈ അവരുടെ അക്കൗണ്ട് തുറന്നു. കോർണർ കിക്കിൽ നിന്ന് തട്ടിതെറിച്ചുവന്ന പന്ത് ബോക്സിനുള്ളിൽ കാത്ത് നിന്ന മെഹ്താബിന്റെ കാലുകളിൽ. അവസരം മുതലാക്കിയ മെഹ്താബിന്റെ മിന്നൽ കിക്ക് മഞ്ഞപ്പടയുടെ കാവൽക്കാരൻ പ്രഭ്സുഖൻ ഗില്ലിനെ മറികടന്ന ഗോൾ വല കുലുക്കി. മറുപടി ഗോളിനായി ബ്ലാസ്റ്റേഴ്സ് ആഞ്ഞ് പിടിച്ചെങ്കിലും ലക്ഷ്യം മറന്നുകളിച്ച മധ്യനിരയുടെ പിടിപ്പുകേട് അവർക്ക് വിനയായി. 31-ാം മിനിറ്റിൽ പഴയ ബ്ലാസ്റ്റേഴ്സ് താരം പെരേര ഡയസിലൂടെ മുംബൈ ലീഡ് ഉയർത്തി. ആർത്തിരമ്പി എത്തിയ ആരാധകർക്ക് മുന്നിൽ കളി മറന്നുകളിച്ച ബ്ലാസ്റ്റേഴ്സിന് മുംബൈ ആക്രമണത്തിന് ആദ്യപകുതിയിൽ മറുപടിയില്ലായിരുന്നു.
രണ്ടുഗോളിന്റെ കടവുമായി ഇറങ്ങിയ ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിയുടെ തുടക്കത്തിൽ തിരിച്ചുവരവിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നു. തുടക്കത്തിൽ ലഭിച്ച രണ്ട് കോർണർ കിക്കുകൾ നിർഭാഗ്യത്തിന്റെ പോസ്റ്റിൽതട്ടിയാണ് പുറത്തേക്ക് പോയത്. കൂടുതൽ ഒത്തിണക്കത്തോടെ കളിക്കുന്ന ബ്ലാസ്റ്റേഴ്സിനെയാണ് പിന്നീട് കണ്ടത്. വലതുവിങ്ങിലേക്ക് അഡ്രിയാൺ ലൂണ കയറി കളിച്ചതിന്റെ മികവ് ബ്ലാസ്റ്റേഴ്സ് മുന്നേറ്റത്തിലും പ്രകടമായിരുന്നു. ബോക്സിനുള്ളിൽ പക്ഷെ മുന്നേറ്റങ്ങൾക്ക് ഫലമില്ലാതെ പോയതാണ് മഞ്ഞപ്പടയ്ക്ക് തിരിച്ചടിയായത്. 70-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന്റെ ടോപ്സ്കോറർ ഇവാൻ കലിയൂഷ്നി മൈതാനത്തിലേക്ക്. തൊട്ടുപിന്നാലെ ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റം. ബോക്സിനുള്ളിൽ നിന്ന് ലൂണയുടെ മനോഹരമായ ഷോട്ട് മുംബൈ ക്രോസ്ബാറിൽ ഇടിച്ച് പുറത്തേക്ക്. നിർഭാഗ്യം ഇന്നലെ കൊച്ചിയിൽ ബ്ലാസ്റ്റേഴ്സിനെ വിടാതെ പിന്തുടരുന്നുണ്ടെന്നതിന്റെ ഏറ്റവും വലിയ സൂചനയായിരുന്നു അത്. അക്രമണം രൂക്ഷമായതോടെ മുന്നേറ്റനിരക്കാരെ പൂർണമായും പിന്‍വലിച്ച് പ്രതിരോധത്തിലൂന്നിയാണ് മുംബൈ പിന്നീട് കളിച്ചത്. ഗോൾ മടക്കാനുളള ബ്ലാസ്റ്റേഴ്സിന്റെ ശ്രമങ്ങൾക്ക് തടയിടാൻ മുംബൈയ്ക്കായതോടെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് തുടർച്ചയായ മൂന്നാം തോൽവി ഏറ്റുവാങ്ങി ബ്ലാസ്റ്റേഴ്സ് മൈതാനംവിട്ടു. 

Eng­lish Sum­ma­ry: Mum­bai city FC defeat­ed Ker­ala blasters 

You may also like this video 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.