23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

November 5, 2024
August 29, 2024
August 17, 2024
July 25, 2024
May 9, 2024
March 15, 2024
March 3, 2024
February 13, 2024
February 7, 2024
October 1, 2023

റാങ്ക് ലിസ്റ്റ് നിലവിലുള്ള ഒരു തസ്തികയിലും താല്‍ക്കാലിക നിയമനം പാടില്ല

ഗിരീഷ് അത്തിലാട്ട്
തിരുവനന്തപുരം
November 13, 2022 10:32 pm

പിഎസ്‌സി റാങ്ക് ലിസ്റ്റ് നിലവിലുള്ള ഒരു തസ്തികയിലും എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് മുഖേനയോ ദിവസക്കൂലി/കരാര്‍ അടിസ്ഥാനത്തിലോ ഉള്ള താല്‍ക്കാലിക നിയമന രീതികളൊന്നും അവലംബിക്കാന്‍ പാടില്ലെന്ന് കര്‍ശന നിര്‍ദ്ദേശം. പബ്ലിക് സര്‍വീസ് കമ്മിഷന്‍ വഴിയുള്ള നിയമനങ്ങള്‍ ഊര്‍ജിതമാക്കാന്‍ 2023 ജനുവരി ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെ ഓരോ തസ്തികകളിലും ഉണ്ടാകാന്‍ സാധ്യതയുള്ള ഒഴിവുകള്‍ വകുപ്പ് തലവന്മാരും/നിയമനാധികാരികളും ഈ മാസം 30നകം പിഎസ്‌സിയെ അറിയിക്കണമെന്നും ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് സര്‍ക്കുലറിലൂടെ നിര്‍ദ്ദേശിച്ചു. വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. 

വിരമിക്കല്‍, ഉദ്യോഗക്കയറ്റം, തസ്തിക സൃഷ്ടിക്കല്‍, അന്യത്രസേവനം മുതലായവ മൂലമുണ്ടാകുന്ന പ്രതീക്ഷിത ഒഴിവുകള്‍ മുന്‍കൂട്ടി കണക്കാക്കി പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്ന് നേരത്തെ നിര്‍ദ്ദേശമുണ്ടായിരുന്നു. ഇതോടൊപ്പം, നിയമന ശുപാര്‍ശ നല്‍കുന്ന ഉദ്യോഗാര്‍ത്ഥി സര്‍വീസില്‍ പ്രവേശിക്കാത്തതുകൊണ്ട് ഉണ്ടായ ഒഴിവുകളും ഉടന്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതുണ്ട്. ഒഴിവുകള്‍ പ്രതീക്ഷിക്കുന്നില്ലെങ്കില്‍ അക്കാര്യം വ്യക്തമാക്കി റിപ്പോര്‍ട്ട് നല്‍കണമെന്നും സര്‍ക്കാര്‍ ഉത്തരവിലൂടെ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു.

എന്നാല്‍, ഇവ കൃത്യമായി പാലിക്കപ്പെടാത്ത സാഹചര്യമാണ് പലപ്പോഴും ഉണ്ടാകാറുള്ളത്. ഈ സാഹചര്യത്തിലാണ് കൂടുതല്‍ യുവജനങ്ങള്‍ക്ക് സര്‍ക്കാര്‍ മേഖലയില്‍ തൊഴിലവസരം നല്‍കുന്ന നയം കര്‍ശനമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി, ഒഴിവുകള്‍ കാലതാമസം ഇല്ലാതെ റിപ്പോര്‍ട്ട് ചെയ്യുന്നതിന് സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയത്. ആറ് മാസമോ അതിലധികമോ ദൈര്‍ഘ്യമുള്ള അവധി ഒഴിവുകള്‍, അന്യത്ര സേവന ഒഴിവുകള്‍ എന്നിവ പ്രതീക്ഷിത ഒഴിവുകളായി കണക്കാക്കി പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്നും ആറ് മാസം വരെയുള്ള അവധി ഒഴിവ് ദീര്‍ഘകാലം നിലനിന്നേക്കാനും (പ്രസവാവധി ഉള്‍പ്പെടെ) പുതിയ ഒഴിവുകള്‍ അക്കാലയളവില്‍ ഉണ്ടായേക്കാനും സാധ്യതയുണ്ടെങ്കില്‍ അതും പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്നും നിര്‍ദ്ദേശം നല്‍കി.
കഴിഞ്ഞ ആറ് വര്‍ഷക്കാലത്തിനിടയില്‍ രണ്ട് ലക്ഷത്തോളം നിയമനങ്ങള്‍ പിഎസ്‌സി വഴി സംസ്ഥാനത്ത് നടന്നിരുന്നു. പിഎസ്‌സി നിയമനങ്ങള്‍ പൂര്‍ണമായും കാലതാമസമില്ലാതെ നടപ്പിലാക്കുകയെന്ന എല്‍ഡിഎഫ് നയത്തിന് അനുസൃതമായാണ് നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന സര്‍ക്കാരിന്റെ സര്‍ക്കുലര്‍.

Eng­lish Summary:No tem­po­rary appoint­ment shall be made to any post exist­ing in the rank list
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.