7 May 2024, Tuesday

Related news

May 7, 2024
May 7, 2024
May 6, 2024
May 5, 2024
May 4, 2024
May 4, 2024
May 2, 2024
April 30, 2024
April 29, 2024
April 29, 2024

ഇനി കോണ്‍ഗ്രസുകാര്‍ സംസാരിക്കട്ടെ

Janayugom Webdesk
November 16, 2022 5:00 am

ടുത്തമാസമാദ്യം നടക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ 178 സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് മൂന്നുതവണയായി ബിജെപി പ്രസിദ്ധീകരിച്ചിരിക്കുന്നത്. അതില്‍ 39 പേര്‍ മുന്‍ കോണ്‍ഗ്രസുകാരായിരുന്നു. നിയമസഭാംഗങ്ങളായിരുന്ന പലരും അടുത്തിടെ ബിജെപിയില്‍ ചേര്‍ന്നവരുമാണ്. രാജ്യത്ത് മധ്യപ്രദേശ്, കര്‍ണാടക, അസം, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ബിജെപി ഭരണം സൃഷ്ടിക്കപ്പെട്ടതു തന്നെ കോണ്‍ഗ്രസ് നിയമസഭാംഗങ്ങള്‍ കൂട്ടത്തോടെ ബിജെപിക്കാരായതോടെയാണ്. ജനങ്ങള്‍ ഭൂരിപക്ഷം നല്കേണ്ടെന്ന് തീരുമാനിച്ച ബിജെപിക്കെതിരെ വോട്ടുവാങ്ങി ജയിച്ചശേഷം തങ്ങളുടെ പക്ഷത്തെത്തിയ കോണ്‍ഗ്രസുകാരെക്കൊണ്ടാണ് പല സംസ്ഥാനത്തും ബിജെപി ഭരണം നിലനിര്‍ത്തുന്നതുതന്നെ. അത്തരക്കാരില്‍ കാണാവുന്ന പൊതുസ്വഭാവം ആദ്യമവര്‍ ബിജെപിക്കാരെ പോലെ സംസാരിച്ചു തുടങ്ങുമെന്നതാണ്. കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ചുള്ള വേട്ടയാടല്‍ ഭയന്നും മെച്ചപ്പെട്ട സ്ഥാനമാനങ്ങള്‍ നല്കാമെന്നുള്ള പ്രലോഭനങ്ങളുമാണ് പാര്‍ട്ടി മാറുന്നതിനുള്ള യഥാര്‍ത്ഥ കാരണങ്ങളെങ്കിലും അക്കാര്യം മറച്ചുവച്ച് കോണ്‍ഗ്രസിന് രാജ്യത്തെ രക്ഷിക്കാനാവില്ലെന്നോ ഇതിനെക്കാള്‍ മെച്ചപ്പെട്ടത് ബിജെപിയെന്നോ ഒക്കെ കാരണങ്ങള്‍ പറഞ്ഞ് പെട്ടെന്നോ അല്ലെങ്കില്‍ അല്പം കഴി‍ഞ്ഞോ അവരെല്ലാം ബിജെപിയില്‍ ചേരുകയെന്നതാണ് പതിവ്. നമ്മുടെ തൊട്ടടുത്ത കര്‍ണാടകയില്‍ നിന്നുപോലും അത്തരം വാര്‍ത്തകള്‍ നാം കേള്‍ക്കുകയും പാര്‍ട്ടിമാറുന്നത് കാണുകയും ചെയ്തിരുന്നു.


ഇതുകൂടി വായിക്കൂ: ബിജെപിക്ക് വെല്ലുവിളിയായി വിമതശല്യം


ബിജെപിക്ക് വേണ്ടത്ര അടിവേരുകളുണ്ടാക്കുവാന്‍ സാധിക്കുന്നില്ല എന്നതിനാലും തദ്ദേശഭരണ ജനപ്രതിനിധിസഭകളില്‍ നാമമാത്ര പങ്കാളിത്തം മാത്രമേ ഉണ്ടാക്കാനാകുന്നുള്ളൂ (നിയസഭയില്‍ ഇപ്പോള്‍ വട്ടപ്പൂജ്യം മാത്രം) എന്നതുകൊണ്ടും കേരളത്തില്‍ നിയമസഭാംഗങ്ങള്‍ക്ക് കോണ്‍ഗ്രസ് വിട്ട് ബിജെപി യില്‍ ചേരേണ്ട സന്ദര്‍ഭമുണ്ടായില്ല. പക്ഷേ കോണ്‍ഗ്രസിനെ അടപടലം ബിജെപിയിലെത്തിക്കുന്നതിനുള്ള ശ്രമം ഏറ്റെടുത്തതുപോലെയാണ് ഇപ്പോഴത്തെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. അധ്യക്ഷനായി വന്ന് അധികനാള്‍ കഴിയുന്നതിന് മുമ്പ് തന്നെ, ശരിയെന്ന് തോന്നിയാല്‍ ബിജെപിയില്‍ ചേരുമെന്ന് അദ്ദേഹം പറഞ്ഞിരുന്നതാണ്. അതിനുശേഷവും അതേ പ്രസ്താവന ആവര്‍ത്തിക്കുകയും ചെയ്തു. കഴിഞ്ഞയാഴ്ചയാണ് ആര്‍എസ്എസ് ശാഖയ്ക്ക് താന്‍ കാവലിന് ആളെ അയച്ച കാര്യം അദ്ദേഹം പ്രസംഗത്തില്‍ വെളിപ്പെടുത്തിയത്. ആര്‍എസ്എസിനും പ്രവര്‍ത്തിക്കുവാനുള്ള ജനാധിപത്യപരമായ അവകാശമുണ്ടെന്നും അത് തടയാനുള്ള ശ്രമമുണ്ടായപ്പോഴാണ് സംരക്ഷണം നല്കിയതെന്നും അദ്ദേഹം പ്രസ്താവനയെ പിന്നീട് ന്യയീകരിക്കുകയും ചെയ്തു.
ജവഹര്‍ലാല്‍ നെഹ്രുവും പൂര്‍വകാല നേതാക്കളും ആര്‍എസ്എസ് നാസി ആശയങ്ങള്‍ പിന്തുടരുന്ന തീവ്ര സംഘടനയാണെന്ന് മുന്നറിയിപ്പ് നല്കിയിരുന്നുവെന്ന ചരിത്രം അറിയാത്തത് സുധാകരനു മാത്രമാണ്. ഗാന്ധി വധത്തിനു പിന്നില്‍ ആര്‍എസ്എസായിരുന്നുവെന്നതും ഇന്ത്യയുടെ ആദ്യപ്രധാനമന്ത്രിയായിരിക്കേ നെഹ്രുവും പിന്നീടുള്ള കോണ്‍ഗ്രസ് നേതാക്കളും അവരില്‍ നിന്ന് നേരിടേണ്ടിവന്ന വെല്ലുവിളികളും മറന്നുപോകാറായിട്ടുമില്ല. അടുത്ത കാലത്ത് പോപ്പുലര്‍ ഫ്രണ്ടിനെ സര്‍ക്കാര്‍ നിരോധിച്ചപ്പോള്‍ ആര്‍എസ്എസിനെയാണ് ആദ്യം നിരോധിക്കേണ്ടത് എന്ന് അഭിപ്രായപ്പെട്ടവരില്‍ കോണ്‍ഗ്രസിന്റെ നേതാക്കളുമുണ്ടായിരുന്നു.


ഇതുകൂടി വായിക്കൂ: ബിജെപിയുടെ സിവില്‍ കോഡോ, പ്രിയങ്കയുടെ അഗ്നിവീറോ


ഇത്തരമൊരു പശ്ചാത്തലമുള്ളപ്പോഴാണ് ആര്‍എസ്എസ് ശാഖയ്ക്ക് സംരക്ഷണം നല്കിയെന്ന പ്രസ്താവനയുമായി കെപിസിസി അധ്യക്ഷന്‍ രംഗത്തെത്തിയത്. ഒടുവില്‍ തന്റെ ആര്‍എസ്എസ് സംരക്ഷണത്തെ ന്യായീകരിക്കുന്നതിന് അദ്ദേഹം നെഹ്രുവിനെ തന്നെ, വര്‍ഗീയ ഫാസിസവുമായി സന്ധി ചെയ്തയാളെന്ന് ഉളുപ്പേതുമില്ലാതെ വിശേഷിപ്പിക്കുകയും ചെയ്തിരിക്കുന്നു. ശ്യാമപ്രസാദ് മുഖര്‍ജിയെ മന്ത്രിസഭയില്‍ അംഗമാക്കിയതു സൂചിപ്പിച്ചാണ്, മതേതരവാദിയെന്ന് എക്കാലവും പ്രകീര്‍ത്തിക്കപ്പെടുന്ന നെഹ്രുവിനെ തള്ളിപ്പറഞ്ഞ് തന്റെ ഭാഗം ന്യായീകരിക്കുന്നത്. കോണ്‍ഗ്രസുകാര്‍ തങ്ങള്‍ക്കൊപ്പം വരുമെന്ന് ഇന്നലെ ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞപ്പോള്‍ അതിനെതിരെ സുധാകരന്‍ രംഗത്തെത്തിയെങ്കിലും ബിജെപിയുടെ, പിറക്കാതെ പോയ സഹോദരനാണെന്ന് തോന്നിപ്പിക്കും വിധമാണ് സുധാകരന്റെ പ്രവര്‍ത്തനങ്ങള്‍. ഇത്രയും പച്ചയായി ആര്‍എസ്എസിനെ സംരക്ഷിക്കുന്നതിന് കെപിസിസി അധ്യക്ഷന്‍ തന്നെ ശ്രമിക്കുന്നുവെന്നത് സംശയാസ്പദമാണ്. ബിജെപിക്ക് തനിച്ച് ജയിക്കാന്‍ സാധിക്കാത്ത മറ്റ് പല സംസ്ഥാനങ്ങളിലുമെന്നതുപോലെ കാര്യങ്ങള്‍ എളുപ്പമാക്കുന്നതിനുള്ള കരാര്‍ സുധാകരന്‍ ഏറ്റെടുത്തിരിക്കുന്നുവെന്നാണ് സംശയിക്കേണ്ടത്. ആ അപകട സൂചന ചില യുഡിഎഫ് ഘടക കക്ഷികള്‍ക്കും മനസിലായിട്ടുണ്ട്. അതുകൊണ്ട് കേരളത്തില്‍ ആര്‍എസ്എസ് പ്രചാരകനെ പോലൊരു വ്യക്തി കെപിസിസി അധ്യക്ഷനായിരിക്കുന്നതിനെതിരെ യഥാര്‍ത്ഥ കോണ്‍ഗ്രസുകാരാണ് ഇനി സംസാരിക്കേണ്ടത്. നെഹ്രുവിനെയും ഗാന്ധിജിയെയും മറന്നുപോയിട്ടില്ലാത്തവര്‍ ഇപ്പോഴും അവശേഷിക്കുന്നുവെന്ന് ബോധ്യപ്പെടണമെങ്കില്‍ യഥാര്‍ത്ഥ കോണ്‍ഗ്രസുകാര്‍ സുധാകരനെതിരെ രംഗത്തുവരണം. അല്ലെങ്കില്‍ കേരളത്തിലും കോണ്‍ഗ്രസ് ഇല്ലാതാകുന്നതിന് അവര്‍ക്ക് സാക്ഷിയാകേണ്ടിവരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.