18 October 2024, Friday
KSFE Galaxy Chits Banner 2

Related news

October 17, 2024
September 30, 2024
September 12, 2024
September 10, 2024
September 7, 2024
September 7, 2024
September 2, 2024
September 1, 2024
August 24, 2024
August 23, 2024

കെകെ രാഗേഷിന്റെ മകളല്ല, ഒന്നിച്ചു ജീവിക്കാം എന്നൊരു കരാര്‍ മാത്രം, പ്രിയ വര്‍ഗീസ് എന്ന വ്യക്തിക്ക് സങ്കടപ്പെടാന്‍ ഒന്നുമില്ല; ഫേസ്ബുക്ക് പോസ്റ്റ്

Janayugom Webdesk
കണ്ണൂര്‍
November 18, 2022 11:42 am

കണ്ണൂര്‍ സര്‍വകലാശാല മലയാളം അസോസിയേറ്റ് ഫ്രൊഫസര്‍ നിയമന റാങ്ക് പട്ടിക പനഃപരിശോധിക്കണമെന്ന് ഹൈക്കോടതി ഉത്തരവിന് പിന്നാലെ ഫെയ്‌സ്ബുക്ക് കുറിപ്പുമായി പ്രിയ വര്‍ഗീസ്. നടക്കുന്നത് ഒരു അപ്പക്കഷണത്തിനുവേണ്ടിയുള്ള പോര് മാത്രമെന്നും അത് പ്രിയ വര്‍ഗീസും ജോസഫ് സ്‌കറിയയും തമ്മിലെന്നും കുറിപ്പില്‍ പറയുന്നു. സര്‍ക്കാര്‍ ഗവര്‍ണര്‍ പോര് എന്ന് അതിനെ പൊലിപ്പിക്കേണ്ടതില്ല. താനും കെകെ രാഗേഷും തമ്മില്‍ ഉള്ളത് അച്ഛന്‍ മകള്‍ ബന്ധമൊന്നുമല്ല. ഒന്നിച്ചു ജീവിക്കാം എന്നൊരു കരാര്‍ മാത്രമാണ് ആ കരാര്‍ ഞങ്ങളില്‍ ആരെങ്കിലും ഒരാള്‍ അവസാനിപ്പിച്ചാല്‍ പിന്നെ നിങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന്റെ ഭാര്യ എന്ന് സ്റ്റോറി കൊടുക്കാനുള്ള സ്‌കോപ്പ് അതോടെ അവസാനിക്കുമെന്നും പ്രിയ കുറിപ്പില്‍ പറയുന്നു.

പ്രിയ വര്‍ഗീസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

യഥാർത്ഥത്തിൽ ഒരു ജോസഫ് സ്‌കറിയയും ഒരു പ്രിയാ വർഗീസും തമ്മിൽ ഒരു അപ്പകഷ്ണത്തിന് വേണ്ടി പഴയ മുത്തശ്ശി കഥകളിലെ പൂച്ചകളെപ്പോലെ പോയി അപ്പമൊന്നും കിട്ടാതെ തിരിച്ചു വന്ന കഥയെയാണ് സർക്കാർ ഗവർണർ പോര് പാർട്ടി പോര് Vs തലമുറകൾക്ക് വേണ്ടിയുള്ള പോര് എന്നൊക്കെ പൊലിപ്പിക്കുന്നത്. എന്റെ പൊലിപ്പീരുകാരെ ഒറ്റ ഒരു കാര്യം ചോദിച്ചോട്ടെ ഞാനും കെ. കെ. രാഗേഷും തമ്മിൽ ഉള്ളത് അച്ഛൻ മകൾ ബന്ധമൊന്നുമല്ല. ഒന്നിച്ചു ജീവിക്കാം എന്നൊരു കരാർ മാത്രമാണ് ആ കരാർ ഞങ്ങളിൽ ആരെങ്കിലും ഒരാൾ അവസാനിപ്പിച്ചാൽ പിന്നെ നിങ്ങൾക്ക് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന്റെ ഭാര്യ എന്ന് സ്റ്റോറി കൊടുക്കാനുള്ള സ്കോപ്പ് അതോടെ അവസാനിക്കും. അല്ലെങ്കിൽ അത്രയേ ഉള്ളൂ നിങ്ങടെ സ്റ്റോറിക്ക് കെട്ടുറപ്പ്.

ഇനി അതല്ല കെ. കെ. രാഗേഷ് എന്ന പാർട്ടി അംഗത്തെ പാർട്ടി അങ്ങ് പുറത്താക്കി എന്ന് വെക്കുക. അപ്പോഴും സ്റ്റോറിലൈൻ പൊട്ടും. പാലോറ മാത മുതൽ പുഷ്പൻ വരെയുള്ള ഈ പ്രസ്ഥാനത്തിൽ കെ. കെ. രാഗേഷ് എന്നത് എപ്പൊ വേണമെങ്കിലും ഒരു പൂവ് വീഴുമ്പോലെ വീഴാവുന്ന ഒരാളാണെന്ന് കാണാൻ നിങ്ങൾ പഠിച്ച സ്കൂളുകളിൽ ഒന്നും വാങ്ങാൻ കിട്ടുന്ന കണ്ണട വെച്ചാൽ പറ്റില്ല എന്നറിയാം. എങ്കിലും യഥാർത്ഥ കാഴ്ച ഇല്ലാതാവുന്നില്ല. അത് പറഞ്ഞു എന്ന് മാത്രം.

2021നവംബർ 18ന് നടന്ന ഒരു ഇന്റർവ്യൂവിന്റെ ‑യഥാർത്ഥത്തിൽ ഇന്റർവ്യൂവിന്റെ അല്ല ചുരുക്കപ്പട്ടികയുടെ ‑റാങ്ക് ലിസ്റ്റ്നെ ചൊല്ലിയാണല്ലോ തർക്കം.(നിയമനവും നിയമന ഉത്തരവ് പോലും സംഭവിച്ചിട്ടില്ല ‑മാധ്യമ ഭാഷ കണ്ടു തെറ്റിദ്ധരിച്ചു പോകരുത് ) ഇതിലിപ്പോ പ്രിയാ വർഗീസ് എന്ന വ്യക്തിക്ക് സങ്കടപ്പെടാൻ മാത്രം ഒന്നുമില്ല. പൊന്നു തമ്പുരാന്റെ ചക്രമല്ല കേരള സർക്കാരിന്റെ ശമ്പളം മാസാമാസം വാങ്ങുന്ന ഒരാളാണ് നിലവിൽ തന്നെ ആയാൾ.2012ൽ അസിസ്റ്റന്റ് പ്രൊഫസർ ആയി ജോലിയിൽ പ്രവേശിച്ച ഒരാൾക്ക് അസോസിയേറ്റ് പ്രൊഫസർ ആകാൻ പുതിയ ഒരു നിയമനം തേടി പോകേണ്ട കാര്യമൊന്നുമില്ല ജീവിച്ചിരിപ്പുണ്ടെങ്കിൽ അത് ആയിരിക്കും. പിന്നെ ഈ കളിയിൽ പന്തുരുട്ടാൻ എനിക്കുണ്ടായിരുന്ന ഒരു കൗതുകം ഈ തള്ളിമറിക്കുന്നവരെ മാന്താൻ എനിക്ക് പണ്ടേ ഇഷ്ടമായിരുന്നു എന്നതാണ്. റിട്ടയർ ചെയ്യാൻ കാലും നീട്ടി ഇരിക്കുമ്പോഴും അസോസിയേറ്റ് പ്രൊഫസർ പോലും ആകാത്ത ഒരാൾ ചാനലിൽ വന്നിരുന്നു എന്റെ ചരിത്രപ്രബന്ധം വായിക്കാത്ത ചരിത്രകാരന്മാർ ഭൂമിമലയാളത്തിൽ ഉണ്ടാവില്ല എന്നൊക്കെ ഗീർവാണമടിക്കുന്നത് കേട്ടപ്പോൾ.

ആഹാ കൊള്ളാല്ലോ എന്ന് തോന്നിയ ഒരു തോന്നൽ. ഞാൻ പഠിപ്പിച്ച കുട്ടികളോ അവരുടെ പ്രായത്തിലുള്ള കുട്ടികളോ പങ്കെടുക്കുന്ന ഒരു മത്സരത്തിലും വർത്തമാനത്തിലും ഭാവിയിലും പങ്കെടുക്കുകപോലും ചെയ്യില്ല എന്ന ഉറച്ച തീരുമാനമെടുത്തിട്ടുള്ള ഒരാൾ എന്ന നിലക്ക് അത്തരം ധാർമിക പ്രശ്നങ്ങളൊന്നും ഈ പോരാട്ടത്തിന് തടസ്സവുമായില്ല. മാത്രമല്ല ആ റാങ്ക് പട്ടികയിൽ ഉള്ള ഏക സ്ത്രീ ഞാൻ ആയിരുന്നു. കണ്ണൂര് തന്നെ ഞാൻ ആരാധിക്കുന്ന സ്ത്രീകളായ നിരവധി മലയാളം അധ്യാപികമാർ ഉണ്ട് ഡോ. ആർ. രാജശ്രീയെപ്പോലെ ഡോ. ജിസ ജോസിനെപ്പോലെ. അവരൊന്നും അപേക്ഷിക്കാത്തത്കൊണ്ടു കൂടിയാവണം എനിക്ക് ഈ ചുരുക്കപ്പട്ടികയിൽ തന്നെ വരാനായത് എന്നാണ് ഞാൻ കരുതുന്നത്. ഇതൊക്കെയാണ് പ്രിയാ വർഗീസ് എന്ന വ്യക്തിക്ക് ഇക്കാര്യത്തിൽ പറയാനുള്ളത്. പക്ഷേ ബിരുദാനന്തര തലത്തിൽ ബോധനശാസ്ത്രം(Pedagogy )പഠിച്ച ഒരു വിദ്യാർത്ഥി എന്ന നിലയിൽ, ഇപ്പോഴും പഠിക്കാൻ താല്പര്യമുള്ള ഒരു വിദ്യാർത്ഥി എന്ന നിലയിൽ ചില സംശയങ്ങൾ.

Eng­lish Summary:just an agree­ment to live togeth­er, Priya Vargh­ese has noth­ing to be sad about; Face­book post
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.