വിദേശ റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട ഒഡെപെക്കിന്റെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമെന്ന് പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. താജ് ഹോട്ടലിൽ സംഘടിപ്പിച്ച ഒഡെപെക്ക് ഇന്റർനാഷണൽ എജ്യൂക്കേഷൻ എക്സ്പോ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവിധ രാജ്യങ്ങളിലെ ഉപരിപഠന- തൊഴിൽ സാധ്യതകളെക്കുറിച്ച് മനസിലാക്കാനുള്ള അവസരമാണ് ഒഡെപെക്ക് എക്സ്പോയിലൂടെ ഒരുക്കുന്നത്. യുഎസ്എ, ഓസ്ട്രേലിയ, യുകെ, കാനഡ, ന്യൂസിലാൻഡ്, ജർമനി, സ്വിറ്റ്സർലാൻഡ്, അയർലൻഡ്, ഫ്രാൻസ് എന്നീ ഒൻപത് വിദേശ രാജ്യങ്ങളിൽ നിന്നുള്ള നാൽപ്പതിൽപ്പരം യൂണിവേഴ്സിറ്റികളുടെ പ്രതിനിധികൾ ഇതുവരെ എക്സ്പോകളിൽ പങ്കെടുത്തു കഴിഞ്ഞു.
നിലവിൽ ഉപരിപഠനത്തിനായി വിദേശത്ത് പോകുന്ന വിദ്യാർത്ഥികളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ അനുയോജ്യമായ കോഴ്സ്, യൂണിവേഴ്സിറ്റികൾ എന്നിവ തെരഞ്ഞെടുക്കാനുള്ള മാർഗ നിർദേശങ്ങൾ, വിസ പ്രോസസിംഗുമായി ബന്ധപ്പെട്ട സേവനങ്ങൾ, അഡ്മിഷന് മുന്നോടിയായുള്ള പരിശീലനം, വിദേശഭാഷാ പരിശീലനം തുടങ്ങിയ സേവനങ്ങൾ ഒഡെപെക്ക് ലഭ്യമാക്കും. കൂടാതെ വിദേശത്ത് എത്തിയ ശേഷം എയർപോർട്ട് പിക്ക് അപ്പ്, സിറ്റി ഓറിയന്റേഷൻ, അക്കമൊഡേഷൻ സർവീസസ് തുടങ്ങിയവും നൽകും.
എക്സ്പോയിലൂടെ സ്പോട്ട് അഡ്മിഷന് അർഹരായവർക്ക് സ്കോളർഷിപ്പ് ലഭ്യമാക്കുന്നതിനുള്ള അവസരം ഉണ്ടായിരിക്കും. ഇതിന് പുറമേ ഗവൺമെന്റിന്റെ വിവിധ വകുപ്പുകളുടെ കീഴിലുള്ള പദ്ധതികളെക്കുറിച്ച് മനസിലാക്കി സാമ്പത്തിക കാര്യങ്ങളിൽ ശരിയായ മാർഗനിർദ്ദേശങ്ങൾ നേടാനും സാധിക്കും.
ചടങ്ങിൽ തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ഒഡെപെക്ക് ചെയർമാൻ അഡ്വ. കെ പി അനിൽ കുമാർ, ഒഡെപെക്ക് മാനേജിംഗ് ഡയറക്ടർ കെ എ അനൂപ്, വിദ്യാർത്ഥികൾ രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
English Summary: ODEPEC International Education Expo has started
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.