24 November 2024, Sunday
KSFE Galaxy Chits Banner 2

ആരാധനാലയങ്ങൾ: മറ്റൊരു സമീപനം

കുരീപ്പുഴ ശ്രീകുമാർ
വർത്തമാനം
November 24, 2022 1:35 am

വളരെ ചെറിയ ഒരു പ്രദേശമാണ് നമ്മുടെ കേരളം. തീവണ്ടിയിൽ ഒന്നുറങ്ങി എണീക്കുമ്പോൾ കേരളത്തിന്റെ അതിർത്തിയാകും. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തിയാൽ ആളെണ്ണവും കുറവാണ്. പക്ഷേ എത്രയധികം ആരാധനാലയങ്ങളാണ് കേരളത്തിലുള്ളത്. ഇത്രയും ആരാധനാലയങ്ങൾ വേണോ? ആരാധനാലയങ്ങൾക്ക് പരിധി നിർണയിക്കണം. എല്ലാ വീട്ടിലും പ്രത്യേക ആരാധനാലയങ്ങൾ കെട്ടിയിട്ടുള്ള നാടാണ് ബാലി. ആ ആരാധനാലയങ്ങൾ മൈക്ക് വച്ചും വാഹനങ്ങൾ തടഞ്ഞു നിർത്തി പണം പിടിച്ചു വാങ്ങിയും മനുഷ്യരെ ദ്രോഹിക്കുന്നില്ല. വിശ്വാസമുള്ളവർ സ്വയം പൂക്കൾ നിവേദിക്കുന്നു. ചെമ്പകപ്പൂക്കളാണ് ഇതിനായി ഉപയോഗിക്കുന്നത്. അതിനായി ചെമ്പകമരങ്ങൾ നട്ടുവളർത്തുന്നു. പൂമണവും പ്രാണവായുവും പക്ഷിക്കും പ്രാണികൾക്കുമിരിക്കാൻ തണലും സൗജന്യം. കുടുംബക്ഷേത്രങ്ങളിൽ രസീതടിച്ചു പിരിവില്ല.

ലോകത്തിലെ ഏറ്റവും സന്തുഷ്ട രാജ്യങ്ങൾ സ്കാന്റനേവിയൻ നാടുകളാണല്ലോ. അവിടെ ആരാധിക്കുവാനാരും ദേവാലയങ്ങളിൽ പോകുന്നില്ല. പള്ളികൾ മാത്രമല്ല തടവറകളും ഒഴിഞ്ഞു കിടക്കുകയാണ്. പള്ളിഭക്തരും കുറ്റവാളികളും ഇല്ല; പള്ളിപ്പിരിവുമില്ല. പുരാതനമായ ദേവാലയനിർമ്മിതികളെല്ലാം അവർ സശ്രദ്ധം സൂക്ഷിച്ചിട്ടുണ്ട്. ഒരു മതത്തിന്റെ കേന്ദ്രസ്ഥാനമായ സൗദി അറേബ്യയിൽ പള്ളിക്കുമുന്നിൽ ഭണ്ഡാരങ്ങളില്ല. വിശ്വാസികളുടെ വ്യാമോഹത്തെ അവർ പള്ളിമുറ്റത്ത് ഭണ്ഡാരരൂപത്തിൽ കച്ചവടവല്ക്കരിക്കുന്നില്ല.
‘ഭഗവാന് പണമെന്തിനാടീ നിനയ്ക്കുമ്പം നിനയ്ക്കുമ്പം പണമല്ലിയോടീ’ എന്ന പഴയ നാടകഗാനം മലയാളികൾ മറക്കാൻ പാടില്ല. ഇവിടെ ആരാധനാലയം നിർമ്മിക്കുന്നതിന് മുൻപുതന്നെ വഞ്ചിപ്പെട്ടി സ്ഥാപിക്കുകയാണ് ചെയ്യുന്നത്. നാരായണഗുരുവിന്റെ മുന്നിൽപ്പോലും കാണിക്കവഞ്ചിയുണ്ട്. ദൈവങ്ങളെ പോലെ നവോത്ഥാനനായകനേയും നമ്മൾ ഭണ്ഡാരത്തിന്റെ പിന്നിലിരുത്തുന്നു. വാസ്തവത്തിൽ ഭക്തർ പണമിടുന്നത് എന്തിന് വേണ്ടിയാണ്? ആരാധനാലയത്തിലെ ജീവനക്കാർക്ക് വേതനം കൊടുക്കാനല്ല. ദൈവം അവർക്ക് അരിയും തുണിയും വാങ്ങാനുള്ള പണം കൊടുക്കില്ലല്ലോ. അതിനു പണം വേറെ കണ്ടെത്തണം. അവർക്കും ജീവിക്കണമല്ലോ. മറ്റെന്തെങ്കിലും പണിയെക്കുറിച്ച് അവരാലോചിക്കാതിരിക്കാനുള്ള എല്ലാ പണിയും ജാതിയുടെ പേരിൽ ഉണ്ടാക്കിയിട്ടുണ്ട്. ആളുകൾ നേർച്ചനേരുന്നത് റഷ്യ‑ഉക്രെയ്‌ൻ യുദ്ധം അവസാനിപ്പിക്കാനോ റോഡിലെ കുഴിയടയ്ക്കാനോ ഒന്നുമല്ല. സ്വന്തം കാര്യം നടത്തിക്കിട്ടാനായി കൊടുക്കുന്ന കൈക്കൂലിയാണത്. മഹാകവി ചങ്ങമ്പുഴ ഈ കൈക്കൂലിയേർപ്പാടിനെ ഗംഭീരമായി വിമർശിച്ചിട്ടുണ്ട്. ‘രണ്ടു തുട്ടേകിയാൽ ചുണ്ടിൽ ചിരി വരും/ തെണ്ടിയല്ലേ മതം തീർത്ത ദൈവം’ എന്നും ‘കൂദാശ കിട്ടുകിൽ കൂസാതെ പാപിയിൽ/ കൂറുകാട്ടും ദൈവമെന്തു ദൈവ’മെന്നും ‘പാൽപ്പായസം കണ്ടാൽ സ്വർഗത്തിലേക്കുടൻ/ പാസ്പോർട്ടെഴുതുവോൻ എന്തുദൈവം’ എന്നുമൊക്കെ ചങ്ങമ്പുഴ ചോദിച്ചിട്ടുണ്ടല്ലോ.

ആരാധനാലയത്തിൽ പണമോ പട്ടോ മെഴുകുതിരിയോ ചന്ദനത്തിരിയോ കാഴ്ചവച്ചാൽ കാര്യം നടക്കും എന്ന ധാരണയിൽ നിന്നാണ് കൈക്കൂലി സമ്പ്രദായം ഉടലെടുത്തത്. സര്‍ക്കാർ ഓഫീസിലെ ഗുമസ്തദൈവങ്ങള്‍ക്കും ഡോക്ടർ, എൻജിനീയർ തുടങ്ങി സമസ്ത ദൈവങ്ങൾക്കും കൈക്കൂലി കൊടുക്കുന്ന സമ്പ്രദായത്തിന്റെ വിത്തുകൾ ആരാധനാലയങ്ങളിലാണ് ആദ്യം വിതച്ചത്. വെടിവഴിപാടു മുതൽ ലക്ഷങ്ങൾ മുടക്കിയുള്ള വഴിപാടുകൾ വരെയുണ്ട്. ഇത് വേണ്ടെന്ന് വച്ചാൽ അഴിമതിരഹിതമായ ഒരു സമൂഹമായി നമ്മൾ മാറും. കുമ്പളങ്ങ ബലി മുതൽ നരബലി വരെയുള്ള അർത്ഥരഹിതവും നീചവുമായ കൈക്കൂലിയിൽ നിന്നും ഒരു സാക്ഷരസമൂഹം രക്ഷപ്പെടേണ്ടതായിട്ടുണ്ട്. കാര്യസിദ്ധിപൂജ എന്നൊരു പൂജ തന്നെ നിലവിലുണ്ട്. എന്തുകാര്യം സിദ്ധിക്കാനാണ്? ഈ അന്ധവിശ്വാസങ്ങൾ സംരക്ഷിച്ചു വോട്ടാക്കുന്നവർ സമൂഹത്തെ ഇരുണ്ട നൂറ്റാണ്ടുകളിലേക്ക് പിടിച്ച് വലിക്കുകയാണ്.
ആരാധനാലയം സംബന്ധിച്ച സമീപനത്തിൽ മാറ്റമുണ്ടാകുന്നത് സമൂഹത്തിനു നല്ലതാണ്. നേർച്ചപ്പെട്ടികളും വഴിപാടുകളും ഉച്ചഭാഷിണിവച്ചുള്ള അലർച്ചകളും ഗതാഗത തടസം സൃഷ്ടിക്കാത്ത രീതിയിലുള്ളതുമായ ഒരു സമീപനം സമൂഹത്തിനു നല്ലതാണ്.

TOP NEWS

November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.