25 November 2024, Monday
KSFE Galaxy Chits Banner 2

Related news

October 20, 2024
September 29, 2024
September 6, 2024
August 29, 2024
August 27, 2024
August 23, 2024
July 19, 2024
July 18, 2024
May 13, 2024
May 6, 2024

സാഹിത്യകാരന്‍ സതീഷ് ബാബു പയ്യന്നൂര്‍ അന്തരിച്ചു

Janayugom Webdesk
തിരുവനന്തപുരം
November 24, 2022 4:11 pm

പ്രശസ്ത സാഹിത്യകാരൻ സതീഷ്ബാബു പയ്യന്നൂർ അന്തരിച്ചു. 59 വയസായിരുന്നു. ഇന്നലെയാണ് അദ്ദേഹത്തെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. കഥാകൃത്തും നോവലിസ്റ്റും കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമാണ്.
തിരുവനന്തപുരം വഞ്ചിയൂരിലെ ഫ്ലാറ്റിൽ സതീഷ്ബാബുവും ഭാര്യയുമായിരുന്നു താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം നാട്ടിലേക്ക് പോയ ഭാര്യ, ഇന്നലെ രാവിലെ മുതൽ സതീഷ്ബാബുവിനെ ഫോണിൽ വിളിച്ച് കിട്ടാത്തതിനെത്തുടർന്ന് ബന്ധുക്കളെ വിവരം അറിയിച്ചു. തുടര്‍ന്ന് പൊലീസെത്തി ഫ്ലാറ്റിന്റെ വാതിൽ തുറന്ന് പരിശോധിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഫോറൻസിക് സംഘവും പൊലീസും പരിശോധന നടത്തി. 

കേരള സാഹിത്യ അക്കാദമിയിലും കേരള ചലച്ചിത്ര അക്കാദമിയിലും അംഗമായിട്ടുള്ള സതീഷ്ബാബു, ടെലിവിഷന്‍ ചിത്രങ്ങളും ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്. ഭാരത് ഭവന്റെ മെമ്പര്‍ സെക്രട്ടറിയായി അഞ്ച് വര്‍ഷം സേവനമനുഷ്ഠിച്ചു. 1992ല്‍ പുറത്തിറങ്ങിയ നക്ഷത്രക്കൂടാരം എന്ന ചിത്രത്തിന് തിരക്കഥയെഴുതിയ ഇദ്ദേഹം ഓ ഫാബി എന്ന സിനിമയുടെ രചനയിലും പങ്കാളിയായിരുന്നു. പേരമരം എന്ന ചെറുകഥാ സമാഹാരത്തിന് 2012 ലെ ചെറുകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. കാരൂര്‍ പുരസ്‌കാരം, മലയാറ്റൂര്‍ അവാര്‍ഡ്, തോപ്പില്‍ രവി അവാര്‍ഡ് എന്നീ അവാര്‍ഡുകള്‍ക്കും അര്‍ഹനായി.

കാവുമ്പായി കര്‍ഷക സമരവും സേലം ജയില്‍ വെടിവയ്പ്പും ആസ്പദമാക്കിയുള്ള ‘മണ്ണ്’ എന്ന നോവല്‍ ഏറെ ശ്രദ്ധേയമായിരുന്നു. മൂന്ന് പ്രണയ നോവലെറ്റുകള്‍, ഖമറുന്നീസയുടെ കൂട്ടുകാരി, ഏകാന്ത രാത്രികള്‍, കുടമണികൾ കിലുങ്ങിയ രാവിൽ, കലികാൽ തുടങ്ങിയവയാണ് മറ്റ് പ്രധാന കൃതികള്‍.
നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം അഡ്വ. പി സന്തോഷ് കുമാര്‍ എംപി, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, സ്പീക്കര്‍ എ എന്‍ ഷംസീര്‍ തുടങ്ങിയവരും അനുശോചിച്ചു. 

സതീഷ്ബാബു പയ്യന്നൂരിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രിയുടെ അനുശോചനം

മലയാള സാഹിത്യത്തിന് തന്റേതായ സംഭാവനകൾ നൽകിയ സതീഷ്ബാബു പയ്യന്നൂരിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. 

ലളിതമായ ഭാഷയിൽ എഴുതിയിരുന്ന അദ്ദേഹത്തിന്റെ കഥകൾ മലയാളി വായനക്കാർക്ക് പ്രിയപ്പെട്ടതാണ്. ദൃശ്യമാധ്യമ രംഗത്തും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. ഭാരത് ഭവന്റെ മെമ്പർ സെക്രട്ടറി എന്ന നിലയിൽ സാംസ്കാരിക വിനിമയത്തിനുതകുന്ന പരിപാടികൾ സംഘടിപ്പിക്കുന്നതിൽ സജീവമായി ഇടപെട്ടു.

അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.

Eng­lish Sum­ma­ry: writer Satish Babu Payyan­noor passed away

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.