19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

October 16, 2024
December 15, 2023
May 6, 2023
May 6, 2023
March 22, 2023
November 27, 2022
October 20, 2022
September 21, 2022
September 15, 2022
September 2, 2022

ഇന്ത്യക്കാര്‍ക്ക് തിരിച്ചടി; ബ്രിട്ടനില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തും

Janayugom Webdesk
ലണ്ടന്‍
November 27, 2022 8:52 am

കുടിയേറ്റം നിയന്ത്രിക്കാനുള്ള നടപടികള്‍ക്കൊരുങ്ങി ബ്രിട്ടന്‍. കുടിയേറ്റം കുറയ്ക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താനാണ് റിഷി സുനക് സര്‍ക്കാരിന്റെ തീരുമാനം. വിദ്യാര്‍ത്ഥികള്‍ക്ക് പുറമേ ആശ്രിത വിസയില്‍ എത്തുന്നവര്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തിയേക്കും. ഗുണനിലവാരം കുറ‍ഞ്ഞ ബിരുദങ്ങള്‍ക്കായി എത്തുന്ന വിദ്യാര്‍ത്ഥികളെയാകും ആദ്യ ഘട്ടത്തില്‍ പരിഗണിക്കുക. എന്നാല്‍ കുറഞ്ഞ നിലവാരമുള്ള ബിരുദങ്ങള്‍ ഏതൊക്കെയാണെന്ന് നിര്‍വചിച്ചിട്ടില്ല. രാജ്യത്തെ കുടിയേറ്റക്കാരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവുണ്ടായതോടെയാണ് നിയന്ത്രണമാര്‍ഗങ്ങളിലേക്ക് സര്‍ക്കാര്‍ നീങ്ങുന്നത്. ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകള്‍ പ്രകാരം 5,04,000 കുടിയേറ്റക്കാരാണ് രാജ്യത്തുള്ളത്. 2021 ല്‍ 1,73,000 പേരില്‍ നിന്ന് 3,31,000 ആളുകളുടെ വര്‍ധനവാണ് ഉണ്ടായത്. വിദ്യാര്‍ത്ഥി വിസകളില്‍ രാജ്യത്തെത്തുന്നവരില്‍ ഭൂരിഭാഗവും ഇന്ത്യ, ചെെന പൗരന്മാരാണ്. 

എന്നാല്‍ വിദേശവിദ്യാര്‍ത്ഥികളെ നിയന്ത്രിച്ചുകൊണ്ട് കുടിയേറ്റക്കാരെ നിയന്ത്രിക്കുന്നത് സര്‍വകലാശാലകള്‍ക്ക് തിരിച്ചടിയാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ബ്രിട്ടീഷ് സര്‍വകലാശാലകള്‍ വിദേശവിദ്യാര്‍ത്ഥികളില്‍ നിന്ന് ഉയര്‍ന്ന ഫീസാണ് ഈടാക്കുന്നത്. നിലവാരം കുറ‍‍ഞ്ഞ ബിരുദങ്ങള്‍ കൃത്യമായി നിര്‍വചിക്കപ്പെടുന്നതിനു പിന്നാലെ ചില സര്‍വകലാശാലകള്‍ പാപ്പരാകാനുള്ള സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ കുടിയേറ്റ സ്ഥിതിവിവരക്കണക്കുകളില്‍ നിന്ന് വിദേശ വിദ്യാര്‍ത്ഥികളെ ഒഴിവാക്കണമെന്ന് ഇ­ന്ത്യന്‍ കമ്മ്യൂണിറ്റി നേതൃത്വത്തിലുള്ള വിദ്യാര്‍ത്ഥി സംഘടന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. 

അതേസമയം, ഏറ്റവും കൂടുതല്‍ തൊഴിലാളി വിസ അനുവദിക്കുന്നതും ഇ­ന്ത്യന്‍ പൗരന്മാര്‍ക്കാണെന്ന് ഇന്ത്യയിലെ ബ്രിട്ടീഷ് ഹെെക്കമ്മിഷന്‍ കണക്കുകള്‍ പുറത്തുവിട്ടിരുന്നു. മൊത്തം തൊഴിലാളി വിസയുടെ 39 ശതമാനം അനുവദിക്കുന്നത് ഇന്ത്യക്കാര്‍ക്കാണ്. 56,042 വിസകളാണ് 2021ല്‍ അനുവദിച്ചത്. 2019നെ അപേക്ഷിച്ച് 90 ശതമാനം വര്‍ധനവാണുണ്ടായതെന്നും ഹൈ­­ക്കമ്മിഷന്‍ പറഞ്ഞു. 2022 ജൂണില്‍ , ഇന്ത്യക്കാർക്ക് ഏകദേശം 1,03,000 തൊഴിൽ വിസകളും ലഭിച്ചു.

ഓഗസ്റ്റ് 25ന് പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ യുകെ ഇമിഗ്രേഷൻ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, 2022 ജൂണിൽ അവസാനിക്കുന്ന വർഷത്തിൽ ഏകദേശം 1,18,000 ഇന്ത്യൻ വിദ്യാർത്ഥികൾക്ക് സ്റ്റുഡന്റ് വിസ ലഭിച്ചു. സന്ദര്‍ശക വിസകളില്‍ 28 ശതമാനമാണ് ഇന്ത്യക്കാര്‍ക്ക് അനുവദിച്ചത്. 2022 ല്‍ 2,58,000 ലധികം ഇന്ത്യൻ പൗരന്മാർക്ക് സന്ദർശന വിസ ലഭിച്ചു. 

Eng­lish Summary:Foreign stu­dents will be restrict­ed in Britain
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.