വരും ദിവസങ്ങളിൽ നിർണായക നിയമസഭാ യോഗം ചേരാനിരിക്കെ കോൺഗ്രസിലെ തമ്മിലടിയിൽ ലീഗ് നേതൃത്വത്തിന് അതൃപ്തി. ഇന്നലെ മലപ്പുറത്ത് ലീഗ് ആസ്ഥാനത്ത് ചേർന്ന എംഎൽഎമാരുടെ യോഗത്തിലാണ് കോൺഗ്രസിന്റെ വിഭാഗീയത മുഖ്യ ചർച്ചയായത്. ശശി തരൂർ വിഷയത്തിൽ കോൺഗ്രസിലെ അഭിപ്രായവ്യത്യാസമെല്ലാം അവസാനിച്ചെന്ന് കരുതിയ സമയത്താണ് കോട്ടയത്ത് നിന്നും നിലവിൽ പുതിയ പ്രശ്നങ്ങൾ ഉയർന്നു വരുന്നത്. യുഡിഎഫ് മുന്നണിയെ തന്നെ പ്രതിസന്ധിയിലാക്കുന്ന തരത്തിൽ കോൺഗ്രസിലെ തർക്കങ്ങൾ വളരുന്ന കാഴ്ചയാണ്. ഇനിയും കാഴ്ചക്കാരായി നോക്കി നിൽക്കാൻ കഴിയില്ലെന്ന നിലപാടിലാണ് മുസ്‌ലിം ലീഗ്. നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി ചേരുന്ന യുഡിഎഫ് യോഗത്തിൽ ലീഗ് ഇക്കാര്യങ്ങൾ ഉന്നയിക്കും എന്നത് ഇന്നലെ നടന്ന യോഗത്തോടെ വ്യക്തമായി.
നിലവിൽ തന്നെ ഗവർണർക്കെതിരായ ഓർഡിനൻസ് അടക്കമുള്ള കാര്യങ്ങളിൽ മുസ്‌ലിം ലീഗിന് കോൺഗ്രസിന്റെ നിലപാടല്ല. അഭിപ്രായ വ്യത്യാസങ്ങൾ എല്ലാം മുന്നണിക്ക് ഉള്ളിൽ ചർച്ച ചെയ്തു പരിഹരിക്കും എന്ന് പി കെ കുഞ്ഞാലിക്കുട്ടി പറയുമ്പോൾ മുന്നണിക്കുള്ളിൽ ലീഗിന്റെ നിലപാട് ശക്തമായി തന്നെ അവതരിപ്പിക്കും എന്ന് വ്യക്തമാണ്. ഗവർണർക്ക് എതിരായ ഓർഡിനൻസ് സഭയിൽ കൊണ്ടുവരുമ്പോൾ യുഡിഎഫ് എന്ന നിലയിൽ എടുക്കുന്ന തീരുമാനം അനുസരിച്ച് വോട്ട് ചെയ്യുമെങ്കിലും സഭയ്ക്ക് അകത്തും മുന്നണിക്ക് അകത്തും ലീഗിന്റെ നിലപാട് ഉന്നയിക്കും എന്നാണ് തീരുമാനം. സർക്കാർ കൊണ്ടുവരുന്ന ബില്ലിനെയും ഓർഡിനൻസിനെയും പിന്തുണച്ചാൽ അത് യുഡിഎഫിന് പ്രതിസന്ധിയാകും എന്നിരിക്കെ അത്തരം ഒരു തീരുമാനം എടുക്കേണ്ട എന്ന നിലപാടിലാണ് ലീഗ്. എന്നാൽ ആർഎസ്എസ് വക്താവായ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പൂർണമായി അംഗീകരിക്കാനും കഴിയില്ല.
വിഴിഞ്ഞം തുറമുഖം യുഡിഎഫിന്റെ സ്വപ്ന പദ്ധതി ആണ് എന്നായിരുന്നു മുസ്‌ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന പി എം എ സലാമിന്റെ പ്രസ്താവന. പദ്ധതി വരേണ്ടതുണ്ട്. എന്നാൽ മത്സ്യത്തൊഴിലാളികൾ ഉന്നയിക്കുന്ന ആവശ്യങ്ങൾ കണ്ടില്ലെന്ന് നടിക്കാനാകില്ല. എല്ലാവരെയും കേൾക്കാൻ സർക്കാർ തയാറാകണം. വി അബ്ദുറഹ്മാനെ തീവ്രവാദി എന്ന് വിളിച്ച ഫാദർ തിയോഡേഷ്യസ് ഡിക്രൂസ് നടത്തിയ പരാമർശത്തിലും കോൺഗ്രസിന്റെ അഭിപ്രായമല്ല ലീഗിനുള്ളത്. ഉന്നതസ്ഥാനത്ത് ഇരിക്കുന്നവർ വാക്കുകൾ പ്രയോഗിക്കുമ്പോൾ ശ്രദ്ധിക്കണം എന്നായിരുന്നു പി എം എ സലാമിന്റെ പ്രതികരണം. അപക്വമായ പരാമർശം എന്നതിൽ തർക്കം ഇല്ല, എന്നാൽ അതിനെതിരെ ശക്തമായ പ്രതികരണം നടത്തി രാജ്യത്തു കുഴപ്പം ഉണ്ടാക്കാൻ ലീഗ് ആഗ്രഹിക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന നിയമസഭാ സമ്മേളനം എന്തുകൊണ്ടും യുഡിഎഫിന് ഏറെ നിർണായകമാകുമെന്നും ഇതോടെ ഉറപ്പായിട്ടുണ്ട്.
English Summary:League among Congress; Can’t be a spectator
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.