19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 11, 2024
December 10, 2024
December 10, 2024
December 10, 2024
December 9, 2024
December 9, 2024
December 9, 2024
December 9, 2024
December 9, 2024
December 8, 2024

കോണ്‍ഗ്രസിന് നിര്‍ണ്ണായകമാകുന്ന ഗുജറാത്തിലെ രണ്ടാംഘട്ട പോളിംങ്

Janayugom Webdesk
ന്യൂഡല്‍ഹി
December 5, 2022 11:46 am

ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. 93 മണ്ഡലങ്ങളിലാണ് ഇന്ന് ജനവിധിയെഴുതുന്നത്. ഈ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് നിര്‍ണ്ണായമാണ്. ബി ജെ പിയും കോണ്‍ഗ്രസും എ എ പിയും തമ്മില്‍ ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങളാണ് രണ്ടാംഘട്ടത്തില്‍ പോളിങ് ബൂത്തിലേക്ക് നീങ്ങുന്നത്. എഎപിയുടെ കടന്ന് വരും കോണ്‍ഗ്രസിന് എത്രമേല്‍ ആഘാതം ഏല്‍പ്പിക്കുമെന്ന് വ്യക്തമാവുക രണ്ടാംഘട്ടത്തിലെ മണ്ഡലങ്ങളുടെ ജനവിധി അറിയുന്നതോടെയാവും.

ആദ്യഘട്ടത്തില്‍ വോട്ടിങ് ശതമാനം കുറഞ്ഞതിനാല്‍ രണ്ടാംഘട്ടത്തില്‍ എല്ലാവരോടും വോട്ട് ചെയ്യണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തെത്തിയിട്ടുണ്ട്. 56.88% പോളിങ് മാത്രമായിരുന്നു ആദ്യഘട്ടത്തില്‍ രേഖപ്പെടുത്തിയത്.സൗരാഷ്ട്ര, കച്ച്, ദക്ഷിണ ഗുജറാത്ത് എന്നിവിടങ്ങളിലെ 89 സീറ്റുകളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് ഡിസംബർ ഒന്നിനായിരുന്നു നടന്നത്. ഭരണകക്ഷിയായ ബി ജെ പി, പ്രതിപക്ഷമായ കോൺഗ്രസ്, എഎപി, സ്വതന്ത്രർ എന്നിവരുൾപ്പെടെ അറുപതോളം രാഷ്ട്രീയ പാർട്ടികളിൽ നിന്നായി 833 സ്ഥാനാർത്ഥികളാണ് രണ്ടാം ഘട്ടത്തിൽ മത്സരിക്കുന്നത്. മധ്യ, വടക്കൻ ഗുജറാത്തിലെ മണ്ഡലങ്ങളാണ് വോട്ടെടുപ്പ്.സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കനുസരിച്ച് നോമിനേറ്റുകളിൽ 285 സ്വതന്ത്രരും ഉൾപ്പെടുന്നു.

ബിജെപിയും അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള എ എ പിയും 93 സീറ്റുകളിലും മത്സരിക്കുന്നു. കോൺഗ്രസ് 90 സീറ്റുകളിലും സഖ്യകക്ഷിയായ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ സി പി) രണ്ട് സീറ്റുകളിലുമാണ് മത്സരിക്കുന്നത്.മറ്റ് പാർട്ടികളിൽ ഭാരതീയ ട്രൈബൽ പാർട്ടി (ബി ടി പി) 12 സ്ഥാനാർത്ഥികളെയും ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) 44 പേരെയും നിർത്തിയിട്ടുണ്ട്. അഹമ്മദാബാദ്, ഗാന്ധിനഗർ, മെഹ്‌സാന, പാടാൻ, ബനസ്‌കന്ത, സബർകാന്ത, ആരവലി, മഹിസാഗർ, പഞ്ച്മഹൽ, ദാഹോദ്, വഡോദര, ആനന്ദ്, ഖേഡ, ഛോട്ടാ ഉദയ്പൂർ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന 93 സീറ്റുകളാണ് രണ്ടാം ഘട്ടത്തിലുള്ളത്.ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ മത്സരിക്കുന്ന ഘട്‌ലോഡിയയാണ് അവസാന ഘട്ടത്തിലെ പ്രധാന മണ്ഡലം. പാട്ടിദാർ നേതാവ് ഹാർദിക് പട്ടേൽ ബി ജെ പി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന വിരാംഗം, അൽപേഷ് താക്കൂർ മത്സരിക്കുന്ന ഗാന്ധിനഗർ സൗത്ത് എന്നിവയും രണ്ടാം ഘട്ടത്തിലുള്‍പ്പെടുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോഡി ഡിസംബർ 1, 2 തീയതികളിൽ അഹമ്മദാബാദിൽ രണ്ട് ബാക്ക് ടു ബാക്ക് റോഡ് ഷോകൾ ഉൾപ്പെടെ ബി ജെ പി സ്ഥാനാർത്ഥികൾക്കായി വലിയ പ്രചരണമായിരുന്നു നടത്തിയത്. ശനിയാഴ്ച ബിജെപി തങ്ങളുടെ താരപ്രചാരകരുടെ റോഡ്ഷോകളും റാലികളും സംഘടിപ്പിച്ചു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ശനിയാഴ്ച ധോൽക്ക, മഹുധ, ഖംഭാത് പട്ടണങ്ങളിൽ റാലികൾ നടത്തിയപ്പോള്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി വടക്കൻ ഗുജറാത്തിലെ മൊദാസ, സിദ്ധ്പൂർ പട്ടണങ്ങളിലായിരുന്നു റോഡ് ഷോകളിൽ പങ്കെടുത്തത്കോൺഗ്രസിന് വേണ്ടി തെലങ്കാന കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റും മുൻ ക്രിക്കറ്റ് താരവുമായ മുഹമ്മദ് അസ്ഹറുദ്ദീൻ, എഐസിസി ഗുജറാത്ത് ഇൻചാർജ് രഘു ശർമ, ജി പി സിസി പ്രസിഡന്റ് ജഗദീഷ് താക്കൂർ തുടങ്ങിയ നേതാക്കൾ ശനിയാഴ്ച വിവിധ മണ്ഡലങ്ങളിൽ പ്രചാരണം നടത്തി.

എഎപിക്ക് വേണ്ടി അരവിന്ദ് കെജ് രിവാളും ഡല്‍ഹിയിലേയും പഞ്ചാബിലേയും വിവിധ മന്ത്രിമാരും പ്രചരണത്തിനെത്തിച്ചേർന്നു. ആദ്യഘട്ട വോട്ടെടുപ്പിൽ കുറഞ്ഞ പോളിംഗ് രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് രണ്ടാം ഘട്ടത്തിൽ വൻതോതിൽ വോട്ടുചെയ്യാൻ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിഐ) ശനിയാഴ്ച സംസ്ഥാനത്തെ വോട്ടർമാരോട് അഭ്യർത്ഥിച്ചത്. 2017 ലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ 66.79% ആയിരുന്നു വോട്ടിംഗ് ശതമാനം. അസംബ്ലി മണ്ഡലങ്ങളിലെ വോട്ടിംഗ് ശതമാനം 2017 ലെ തെരഞ്ഞെടുപ്പിലെ പോളിംഗ് ശതമാനത്തിലെത്താന്‍ ശരാശരി 65 ശതമാനം പോളിങ് ഓരോ ഘട്ടത്തിലും നടക്കേണ്ടതുണ്ട്. രണ്ടാംഘട്ടത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷൻ 26,409 പോളിംഗ് ബൂത്തുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇവിടേക്കായി 36,000 ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ (ഇവിഎം) ഉപയോഗിക്കും. 14 ജില്ലകളിലായി 29,000 പ്രിസൈഡിംഗ് ഓഫീസർമാരെയും 84,000 പോളിംഗ് ഓഫീസർമാരെയും തിരഞ്ഞെടുപ്പ് സുഗമമാക്കാൻ വിന്യസിച്ചിട്ടുണ്ട്.

ആകെയുള്ള 26,409 പോളിംഗ് സ്റ്റേഷനുകളിൽ 93 മോഡൽ പോളിംഗ് ബൂത്തുകളും 93 പരിസ്ഥിതി സൗഹൃദ ബൂത്തുകളുമാണ്, മറ്റൊരു 93 എണ്ണം ഭിന്നശേഷിക്കാരും 14 എണ്ണം യുവാക്കളും നിയന്ത്രിക്കുന്നു. രണ്ടാം ഘട്ടത്തിൽ 13,319 പോളിങ് ബൂത്തുകളിൽ വെബ്കാസ്റ്റിംഗ് നടത്തും. ആകെ 2,51,58,730 വോട്ടർമാരിൽ 1,29,26,501 പുരുഷന്മാരും 1,22,31,335 സ്ത്രീകളും 894 ട്രാന്‍സ്ജന്‍ഡേഴ്സുമാണ്

Eng­lish Summary:
The sec­ond phase of polling in Gujarat will be deci­sive for the Congress

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.