24 November 2024, Sunday
KSFE Galaxy Chits Banner 2

കേരള യാത്രയും വിവേകാനന്ദന് നേരിട്ട ജാതീയ അവഗണനയും

രാകേഷ് ജി നന്ദനം
ചരിത്രവീഥിയിലൂടെ…
December 7, 2022 11:31 pm

വിശ്വമാനവന്‍ സ്വാമി വിവേകാനന്ദന്റെ കേരള സന്ദ‍ര്‍ശനത്തിന് ഞായറാഴ്ച 130 വ‍ര്‍ഷം തികഞ്ഞു. ശ്രീരാമകൃഷ്ണ പരമഹംസരുടെ ആശയങ്ങള്‍ ജനങ്ങളിലെത്തിക്കാനായി വിവേകാനന്ദന്‍ ഭാരതപര്യടനത്തിനായി പുറപ്പെട്ടു. വാരാണസി, അയോധ്യ എന്നിവിടങ്ങളിലൂടെ ഹിമാലയത്തിലേക്കായിരുന്നു 1888ലെ ആദ്യ യാത്ര. പിന്നീട് തെക്കെ ഇന്ത്യയിലേക്ക് പുറപ്പെട്ട അദ്ദേഹം 1892ല്‍ ബാംഗ്ലൂര്‍വഴി ഷൊര്‍ണൂരിലെത്തി. കൊടുങ്ങല്ലൂരും കൊച്ചിയും സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹം തിരുവനന്തപുരത്ത് എത്തുന്നത്. ഈ മണ്ണില്‍ നിന്നാണ് കാല്‍നടയായി നാഗര്‍കോവില്‍ വഴി കന്യാകുമാരിയിലേക്കുള്ള അദ്ദേഹത്തിന്റെ പ്രസിദ്ധമായ യാത്ര. നാരായണഗുരുവിന്റെ ശിഷ്യനായ ഡോ. പല്‍പ്പുവില്‍ നിന്നും കേരളത്തില്‍ അന്ന് കൊടികുത്തിവാണ ജാതിവ്യവസ്ഥയേയും അയിത്തം തൊട്ടുകൂടായ്മ തീണ്ടിക്കൂടായ്മ മുതലായ അനാചാരങ്ങളെയും കുറിച്ചറിഞ്ഞപ്പോള്‍ ‍അദ്ദേഹം ഇവിടം സന്ദര്‍ശിക്കാൻ തീരുമാനിക്കുകയായിരുന്നു. കൊടുങ്ങല്ലൂരില്‍വച്ചനുഭവിച്ച ജാതീയമായ അവഗണനയുടെ കയ്പ്പേറിയ അനുഭവവും പേറിയായിരുന്നു പിന്നീടുള്ള അദ്ദേഹത്തിന്റെ യാത്ര. ആ യാത്രയ്ക്കിടയില്‍ വിവേകാനന്ദൻ മഹായോഗിയായ ചട്ടമ്പിസ്വാമിയുമായും കൂടിക്കാഴ്ച നടത്തുന്നു. ആ രണ്ട് മഹാമനീഷികളുടെ കൂടിക്കാഴ്ചയുടെ ധന്യസ്മരണകള്‍ കൂടിയാണ് കടന്നുപോയത്. “ഞാന്‍ മലബാറില്‍ ഒരു അത്ഭുത മനുഷ്യനെ കണ്ടു” എന്ന് സ്വാമിവിവേകാനന്ദന്‍ തന്റെ ഡയറിയില്‍ കുറിച്ചുവെച്ചു.

ചട്ടമ്പി സ്വാമികള്‍

1892 നവംബര്‍ 22 മുതല്‍ ഡിസംബര്‍ 27 വരെയായിരുന്നു വിവേകാനന്ദന്റെ കേരള പര്യടനം. കൊടുങ്ങല്ലൂരില്‍ നിന്ന് വഞ്ചിയില്‍ പുറപ്പെട്ട അദ്ദേഹം ഡിസംബര്‍ മൂന്ന്, നാല്, അഞ്ച് തീയതികളിലായി എറണാകുളത്ത് താമസിച്ചു. നരേന്ദ്രനാഥ ദത്ത അക്കാലത്ത് വിവേകാനന്ദനെന്ന പേര് സ്വീകരിച്ചിരുന്നില്ല. വിവേകാനന്ദന്‍ കൊച്ചി ദിവാന്റെ പേഴ്സണല്‍ സെക്രട്ടറി രാമയ്യയുടെ വസതിയില്‍ താമസിച്ചു. അതേസമയം ചട്ടമ്പിസ്വാമികള്‍ ആലുവയില്‍ ശിഷ്യനായിരുന്ന ഒരു നാട്ടുവൈദ്യന്റെ അടുത്തെത്തി ആയുര്‍വേദ ചികിത്സയുമായി കഴിയുകയായിരുന്നു. പൊലീസ് സൂപ്രണ്ട് ചന്തുലാല്‍ അദ്ദേഹത്തെ വീട്ടിലേക്ക് ക്ഷണിക്കുന്നു. വിവേകാനന്ദന്‍ താമസിച്ച ബംഗ്ലാവിന്റെ തെക്ക് ഭാഗത്തെ ഒരു തണല്‍മരച്ചുവട്ടിലായിരുന്നു ഇരുവരുടേയും സമാഗമം. ചന്തുലാലാണ് വിവേകാനന്ദന് ചട്ടമ്പിസ്വാമിയെ പരിചയപ്പെടുത്തിയത്. സംസ്കൃതത്തിലായിരുന്നു അവര്‍ തമ്മില്‍ സംസാരിച്ചത്. ആത്മീയവും ഭൗതികവുമായ വിഷയങ്ങളിലൂടെ കടന്നുപോകവെ ചിന്മുദ്രയെക്കുറിച്ചുള്ള സ്വാമി വിവേകാനന്ദന്റെ സംശയത്തിന് ഉത്തരമായി ചട്ടമ്പി സ്വാമികള്‍ വിരലുയര്‍ത്തി മുദ്രകാട്ടുകയും ചിന്മുദ്രയുടെ എല്ലാ ഭാവങ്ങളും പ്രയോജനങ്ങളും വിശദീകരിച്ചുകൊടുക്കുയും ചെയ്തു. വിവേകാനന്ദന്‍ ചട്ടമ്പിസ്വാമികളുടെ ഇരുകൈയ്യും കവര്‍ന്ന് അനുഗ്രഹസൂചകമായി തന്റെ തലയില്‍ വച്ചുവത്രെ. 

ബോധേശ്വരൻ

ബംഗാളിലെ മഹിഷാസുര മര്‍ദ്ദിനി ഗീതം സ്വാമി വിവേകാനന്ദന്‍ ഭാവസാന്ദ്രമായി ആലപിച്ചു. ശങ്കരാചാര്യര്‍ രചിച്ച ദേവീസ്തുതി ചട്ടമ്പിസ്വാമികള്‍ തിരിച്ചുപാടി. അപൂര്‍വങ്ങളായ നിമിഷങ്ങളാണ് അതെന്ന് സ്വാമികള്‍ പല അവസരങ്ങളിലും പറഞ്ഞിട്ടുള്ളതായി നിരവധി പുസ്തകങ്ങളില്‍ കാണാം. സ്വാമികളില്‍ നിന്ന് നേരിട്ടുകേട്ട കവി ബോധേശ്വരനും പിന്നീട് അനുസ്മരിച്ചിട്ടുണ്ട്. വിവേകാനന്ദനുമായുള്ള കൂടിക്കാഴ്ചയെ അനുസ്മരിക്കുമ്പോള്‍ സ്വാമിയുടെ കണ്ണുകളില്‍ അപൂര്‍വമായൊരു തിളക്കം അനുഭവപ്പെട്ടിരുന്നതായി ശിഷ്യനായിരുന്ന കുമ്പളത്ത് ശങ്കുപ്പിള്ള പറഞ്ഞിട്ടുണ്ട്. ചട്ടമ്പിസ്വാമികള്‍ തന്റെ അവസാന കാലത്ത് കൊല്ലത്ത് തോട്ടുവയലില്‍ ബംഗ്ലാവില്‍ താമസിക്കുന്ന കാലം. അവിടെവച്ചുണ്ടായ ഒരു സംഭാഷണം പ്രാക്കുളം നാണുപിള്ള ഇതിനെ അനുസ്മരിക്കുന്നു. വിവേകാനന്ദനുമായുള്ള കൂടിക്കാഴ്ചയെ കുറിച്ച് ചോദിച്ചപ്പോള്‍ കണ്ണിന് ഒന്‍പത് ഗുണങ്ങള്‍ ശാസ്ത്രീയമായി ഉണ്ടെന്നും അവ ഒന്‍പതും തികഞ്ഞ കണ്ണുകള്‍ വിവേകാനന്ദനല്ലാതെ മറ്റാര്‍ക്കും കണ്ടിട്ടില്ലെന്നുമായിരുന്നു ചട്ടമ്പിസ്വാമിയുടെ മറുപടിയത്രെ.

വിവേകാനന്ദ പാറ

എറണാകുളത്തു നിന്നും 1892 ഡിസംബര്‍ 13ന് വിവേകാനന്ദന്‍ തിരുവനന്തപുരത്തെത്തി. അശ്വതിതിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ അധ്യാപകനായിരുന്ന പ്രൊഫ. സുന്ദര രാമയ്യയുടെ വീട്ടില്‍ താമസിച്ചു. വിവേകാനന്ദന്റെ ചിത്രം അശ്വതി തിരുനാള്‍ പകര്‍ത്തിയിട്ടുണ്ട്. ഒന്‍പത് നാള്‍ അദ്ദേഹം തിരുവനന്തപുരത്ത് താമസിച്ചു. 22ന് കാല്‍നടയായി നാഗര്‍കോവില്‍ വഴി കന്യാകുമാരിയിലെത്തി. 24ന് കന്യാകുമാരിയിലെത്തിയ വിവേകാനന്ദന്‍ കടലില്‍ കണ്ട വലിയ പാറയിലേക്ക് നീന്തി മൂന്ന് ദിവസം (1892 ഡിസംബര്‍ 25, 26, 27) തപസ് അനുഷ്ഠിച്ചതും പരിവ്രാജകവൃത്തിയില്‍ പരിപൂര്‍ണത നേടിയതും ചരിത്രം.

TOP NEWS

November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.