19 December 2024, Thursday
KSFE Galaxy Chits Banner 2

സംസ്ഥാന സ്കൂള്‍ കായികമേളയുടെ സന്ദേശം

Janayugom Webdesk
December 10, 2022 5:00 am

64ാമത് സംസ്ഥാന സ്കൂള്‍ കായികമേള നാലുദിവസം മുമ്പാണ് തലസ്ഥാന നഗരിയില്‍ സമാപിച്ചത്. കോവിഡ് കാരണം നടക്കാതെ പോയ രണ്ടു കായികമേളയുടെ ഇടവേള പിന്നിട്ടാണ് ഇക്കുറി തിരുവനന്തപുരത്ത് മേള നടന്നത്. സംസ്ഥാനത്തെ വിവിധ വിദ്യാഭ്യാസ ജില്ലകളില്‍ നിന്നായി 98 ഇനങ്ങളില്‍ ആയിരക്കണക്കിന് ഇളം കായിക താരങ്ങള്‍ മത്സരിച്ച മേളയില്‍ പാലക്കാടാണ് ജേതാക്കളായത്. 32 സ്വർണവും 21 വെള്ളിയും 18 വെങ്കലവുമായി 269 പോയിന്റുകളോടെയാണ് പാലക്കാടന്‍ കായികതാരങ്ങള്‍ നേട്ടം കൊയ്തത്. 13 സ്വർണം, 17 വെള്ളി, 14 വെങ്കലം എന്നിവയുള്‍പ്പെടെ സ്വന്തമാക്കി 149 പോയിന്റുമായി മലപ്പുറത്തെ കുട്ടികള്‍ രണ്ടാമതെത്തി. സ്കൂള്‍ കായികമേളയുടെ ചരിത്രത്തിലെ തങ്ങളുടെ ഏറ്റവും മികവാര്‍ന്ന പ്രകടനവുമായാണ് മലപ്പുറം രണ്ടാം സ്ഥാനമുറപ്പിച്ചത്. എട്ടു സ്വര്‍ണവും 16 വീതം വെളളിയും വെങ്കലവും നേടി കോഴിക്കോട് മൂന്നാമതെത്തി. 122 പോയിന്റാണ് കോഴിക്കോടിന്റെ കണക്കിലുള്ളത്. കഴിഞ്ഞ തവണ രണ്ടാമതായിരുന്ന എറണാകുളം അഞ്ചാം സ്ഥാനത്തേക്ക് പോയി. കായിക മേളയില്‍ ആധിപത്യത്തിന്റെ പരമ്പരാഗത പേരുകളെ പിന്നിലാക്കി സ്കൂള്‍ വിഭാഗത്തില്‍ ഇക്കുറി മലപ്പുറം കടകശേരി ഐഡിയല്‍ ഇഎച്ച്എസ് സ്കൂളാണ് ഓവറോള്‍ ചാമ്പ്യന്മാരായത്. പാലക്കാട് കുമരംപുത്തൂര്‍ കല്ലടി ഹൈസ്കൂള്‍ രണ്ടും കോഴിക്കോട് പുല്ലൂരാംപാറ എസ്ജെഎച്ച്എസ് മൂന്നും സ്ഥാനങ്ങള്‍ നേടി. ആറു റെക്കോഡുകളാണ് ഇത്തവണ സംസ്ഥാന സ്കൂള്‍ കായിക മേളയില്‍ പിറന്നത്.


ഇതുകൂടി വായിക്കൂ: കാര്‍ഷികാശ്വാസ നടപടികളുമായി കേരള സര്‍ക്കാര്‍


സാധാരണ ആദ്യ സ്ഥാനങ്ങള്‍ നേടുന്നവരെ കുറിച്ചാണ് നാം ചര്‍ച്ച ചെയ്യാറുള്ളതും പരിഗണിക്കാറുള്ളതും. പാലക്കാട് ഒന്നാമതും മലപ്പുറവും കോഴിക്കോടും രണ്ട് മൂന്ന് സ്ഥാനങ്ങളിലുമെത്തിയത് നാം ആഘോഷിച്ചു. കോട്ടയവും എറണാകുളവും തൃശൂരുമൊക്കെ പിന്നീടുള്ള സ്ഥാനങ്ങളിലെത്തുകയും ചെയ്തു. എന്നാല്‍ ഏറ്റവും പിറകില്‍ നിന്ന, പത്തനംതിട്ട, വയനാട്, ഇടുക്കി, കൊല്ലം ജില്ലകളുടെ കാര്യവും പരിശോധിക്കേണ്ടതാണ്. പത്തനംതിട്ടക്ക് ഒന്ന്, വയനാടിന് അഞ്ച്, ഇടുക്കിക്ക് എട്ട്, കൊല്ലത്തിന് ഒമ്പത് വീതം പോയിന്റുകളാണ് ലഭിച്ചത്. ആദ്യ സ്ഥാനങ്ങള്‍ ലഭിച്ചവരെ അപേക്ഷിച്ച് ബഹുദൂരം പിന്നിലാണ് ഈ ജില്ലകള്‍. കായിക മേളയില്‍ പിറകില്‍ നില്ക്കുവാനുള്ള കാരണം, ഈ ജില്ലകളില്‍ കായികതല്പരരായ കുട്ടികള്‍ ഇല്ലാത്തതായിരിക്കുമെന്ന് തോന്നുന്നില്ല. ഇത്തരം ജില്ലകളിലെ കുട്ടികളെയും കൂടെച്ചേര്‍ത്തുള്ള ഒരുക്കങ്ങള്‍ നടത്തുവാന്‍ ശ്രദ്ധിക്കേണ്ടതുണ്ട് എന്ന സന്ദേശമാണ് മേള നല്‍കുന്നത്.


ഇതുകൂടി വായിക്കൂ: പ്രവാസികളെ ചേർത്തു പിടിച്ച ഇടതുപക്ഷ സർക്കാർ


കായിക വിദ്യാഭ്യാസരംഗത്ത് നാം എത്രത്തോളം ശ്രദ്ധ പുലര്‍ത്തുന്നുവെന്ന് പറഞ്ഞാലും പോരായ്മകളും കുറവല്ലെന്ന് വ്യക്തമാക്കുന്ന ചില അനുഭവങ്ങളും നാലുനാള്‍ നീണ്ടുനിന്ന മത്സരം കൊടിയിറങ്ങുമ്പോള്‍ ബാക്കിയാകുന്നുണ്ട്. സ്വന്തമായി സ്പൈക്കില്ലാത്തതിനാല്‍ സംസ്ഥാന മേളയില്‍ പങ്കെടുക്കാന്‍ സാധിക്കുമോയെന്ന് സംശയിച്ചു നിന്ന പാലക്കാട് കല്ലടി സ്കൂളിലെ മുഹമ്മദ് മഷൂദ് അതിലൊരാളാണ്. നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതിനാല്‍ അവരാണ് സ്പൈക്ക് വാങ്ങി നല്കിയത്. അങ്ങനെയെത്തിയ മഷൂദ് പക്ഷേ നാട്ടുകാരുടെ സ്വപ്നം 3000 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണത്തിലൂടെ സാക്ഷാത്കരിച്ചു. മുള വെട്ടിയെടുത്ത് പോള്‍വാട്ടില്‍ പരിശീലനം നേടിയ മലപ്പുറം കെഎച്ച്എംഎച്ച്എസ്എസിലെ പ്ലസ്‍വൺ വിദ്യാര്‍ത്ഥി മുഹമ്മദ് നിയാസാണ് മറ്റൊരാള്‍. പച്ച മുളയുമായാണ് നിയാസ് തിരുവനന്തപുരത്തെത്തിയത്. ഇതുപോലെ എത്രയോ താരങ്ങള്‍ പല പല കാരണങ്ങളാല്‍ കായിക രംഗത്ത് വലിയ പ്രയാസങ്ങള്‍ നേരിടുന്നുണ്ട്. ഇത്തരം പ്രയാസങ്ങള്‍ കാരണം ട്രാക്കും ഫീല്‍ഡും ഉപേക്ഷിച്ചുപോയവരും കുറവല്ല. ഈ പ്രശ്നങ്ങള്‍ കൂടി അഭിസംബോധന ചെയ്യുന്ന വിധം നമ്മുടെ കായിക വിദ്യാഭ്യാസത്തെ പരിഷ്കരിക്കേണ്ടതുണ്ടെന്നതാകണം ഇത്തവണത്തെ സംസ്ഥാന കായിക മേളയുടെ സന്ദേശം. അതിനനുസരിച്ച് തുടര്‍നടപടികളുമുണ്ടാകണം. കായിക തല്പരരായ വിദ്യാര്‍ത്ഥികളെ കണ്ടെത്തുന്നതിനും പരിശീലിപ്പിക്കുന്നതിനും മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി നല്കുന്നതിനുമുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും കായികമേളയുടെ ഉദ്ഘാടന, സമാപന ചടങ്ങുകളില്‍ പ്രഖ്യാപിക്കുകയുണ്ടായി. അഞ്ചു ഘട്ടങ്ങളിലായി 10 മുതൽ 12 വയസ് വരെയുളള അഞ്ച് ലക്ഷം വിദ്യാർത്ഥികൾക്ക് 1000 കേന്ദ്രങ്ങളിലൂടെ ഫുട്ബോൾ പരിശീലനം, ജൂഡോക്കു വേണ്ടി ജൂഡോക്കോ, ബോക്സിങ്ങിന് വേണ്ടി പഞ്ച് എന്നീ പദ്ധതികള്‍ സ്‌കൂൾതലത്തിൽ ആരംഭിച്ചു.


ഇതുകൂടി വായിക്കൂ: എന്തുകൊണ്ട്; എന്തിനായി ഇടതുപക്ഷം?


5000 വിദ്യാർത്ഥികൾക്ക് അത്‌ലറ്റിക് പരിശീലനം നൽകുന്നതിന്റെ ആദ്യഘട്ടമായി 10 സ്‌കൂളുകളിൽ സ്പ്രിന്റ് എന്ന പദ്ധതിയും തുടങ്ങി. കുന്നംകുളത്ത് സ്പോർട്സ് ഡിവിഷൻ സ്ഥാപിക്കുന്നതിനും കാഞ്ഞിരപ്പള്ളി കുന്നുംഭാഗം സ്‌കൂളിനെ സ്പോർട്സ് സ്‌കൂളായി ഉയർത്തുന്നതിനുമുള്ള നടപടികളും ആരംഭിച്ചു. പുതിയ പാഠ്യപദ്ധതിയില്‍ കായിക വിദ്യാഭ്യാസത്തിന് പ്രത്യേക ഊന്നല്‍ നല്കുന്നതിനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതെല്ലാം ലക്ഷ്യം വയ്ക്കുന്നത് കായികതല്പരരായ എല്ലാവരെയും വളര്‍ത്തിയെടുക്കുക എന്നതാണ്. നിലവിലെ സാഹചര്യത്തില്‍ അഭിരുചിയുള്ളവര്‍ സ്വന്തമായോ, അല്ലെങ്കില്‍ കായികമേളകളില്‍ പങ്കെടുക്കാതിരിക്കുന്നത് ശരിയല്ലെന്ന അക്കാദമിക സമ്മര്‍ദ്ദങ്ങള്‍ കൊണ്ടോ പങ്കാളിത്തമുണ്ടാകുന്നതാണ് നമ്മുടെ കായികമേളകള്‍. പ്രയാസപ്പെട്ടാണെങ്കിലും സ്വയം ഒരുങ്ങുന്നവര്‍ രംഗത്തു തുടരുന്നു. ഒരുങ്ങുവാന്‍ സാഹചര്യങ്ങളില്ലാത്തവര്‍ രംഗംവിട്ടുപോകുകയും ചെയ്യുന്നു. അതുകൊണ്ട് ഓരോ വര്‍ഷവും നടക്കുന്ന കായിക മേളയ്ക്കുവേണ്ടി ഒരുങ്ങുന്നവരെയല്ല കായികരംഗത്തോട് താല്പര്യമുള്ള എല്ലാ കുട്ടികളെയും ഒരുക്കുന്നതിനാകണം നമ്മുടെ ശ്രദ്ധ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.