23 December 2024, Monday
KSFE Galaxy Chits Banner 2

തൊഴിലാളികളോട് കാലം ആവശ്യപ്പെടുന്നത്

അജിത് കൊളാടി
വാക്ക്
December 17, 2022 4:18 am

ശയങ്ങളില്ലാത്ത ജീവിതം നിരർത്ഥകമാണ്. ആശയങ്ങളാണ് ലോകത്ത് പ്രകാശം ചൊരിഞ്ഞിട്ടുള്ളത്. അവയ്ക്കുവേണ്ടി പൊരുതുന്നതിനെക്കാൾ സന്തോഷകരമായി മറ്റൊന്നുമില്ല. ജനാധിപത്യ ചിന്തകരും, സ്വാതന്ത്ര്യം കാംക്ഷിക്കുന്നവരും പങ്കുവച്ച അഭിപ്രായമാണിത്. തത്വചിന്തയും മതവും കലയും സാഹിത്യവും ശാസ്ത്രവും വ്യത്യസ്ത വഴികളിലൂടെ മനുഷ്യ ജീവിതത്തിൽ ആശയങ്ങളുടെ പ്രാധാന്യം പറഞ്ഞിട്ടുണ്ട്. ആശയലോകം നിർജീവമാകുമ്പോൾ ആദർശങ്ങളും മൂല്യങ്ങളും നിറംകെട്ട് നിർവീര്യമാകും. ബോധത്തിലെ അറിവുകൾക്കപ്പുറം അബോധതലത്തിലും കാലങ്ങളായി നിലനിൽക്കുന്ന ആശയങ്ങളുടെ അവശിഷ്ടങ്ങൾ ഉണ്ടാകും. അവസാനത്തെ അവശിഷ്ടങ്ങളോട് കണക്കുതീർക്കുമ്പോഴാണ് ഒരാൾ ആന്തരികതലത്തിൽ വെളിച്ചത്തിന്റെ വിസ്മയ ലോകത്തിലേക്ക് കടക്കുന്നത്.
മനുഷ്യരെ അവരുടെ നിലനില്പിന്റെ ശക്തികൾക്കെതിരെ തിരിച്ചുവിടുന്ന രാഷ്ട്രീയ മഹാരോഗത്തിന്റെ പേരാണ് ഫാസിസം എന്ന് ജനാധിപത്യവാദികൾ മനസിലാക്കണം. ശീതയുദ്ധത്തിന്റെ അന്ത്യത്തിനും സോവിയറ്റ് യൂണിയന്റെ തകർച്ചക്കും ശേഷം ലോക രാഷ്ട്രീയത്തിലും സമ്പദ്‌വ്യവസ്ഥയിലും സംഭവിച്ച മാറ്റങ്ങൾ ഇന്നു പുതിയ ഘട്ടത്തിലാണ്. ആഗോളവല്‍ക്കരിക്കപ്പെട്ട കോർപറേറ്റ് മുതലാളിത്ത വ്യവസ്ഥ, ലെനിൻ പറഞ്ഞതുപോലെ സ്വതന്ത്ര ദേശരാഷ്ട്രങ്ങൾ മൂലധനം കയറ്റുമതി ചെയ്യുന്ന പഴയ സാമ്രാജ്യത്വത്തിന്റേതല്ല. മുതലാളിത്ത മൂലധനം ഇന്ന് പഴയ അതിരുകളെ ഭേദിച്ച് ലോകമാകെ മേധാവിത്തമുള്ള ആഗോള പ്രതിഭാസമാണ്.
ഇന്ത്യൻ മുതലാളിത്ത സമ്പദ്‌വ്യവസ്ഥയ്ക്കും രാഷ്ട്രീയത്തിനും ലോകമുതലാളിത്തത്തിന്റെയും രാഷ്ട്രീയത്തിന്റെയും ഘടനാപരമായ ഈ പരിവർത്തനത്തിൽ നിന്ന് മാറി നിൽക്കാനാകില്ല. രാജ്യത്തുണ്ടാകുന്ന പല സംഭവങ്ങളും അത് തെളിയിക്കുന്നു. ഒരു കാലത്ത് അവഗണിക്കാവുന്ന ശക്തിയായിരുന്ന ആർഎസ്എസ് ഇന്ന് ഇന്ത്യൻ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിൽ ഏറ്റവും പ്രമുഖമായി മാറി. മാത്രമല്ല അത് ഭരണകൂടാധികാരം കയ്യാളുകയും ചെയ്യുന്നു. ഇത് താല്ക്കാലികമോ യാദൃച്ഛികമോ ആയ സംഭവമല്ല. ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഉപരിതലത്തിൽ പൊന്തിവന്ന പ്രത്യയശാസ്ത്ര പ്രതിഭാസവും അല്ല. പുതിയ ആഗോള മുതലാളിത്ത മൂലധന സാമ്രാജ്യവും അതിന്റെ ഇന്ത്യയിലെ കൈകാര്യ കർതൃത്വത്തിലേക്ക് ഉയർന്ന ആർഎസ്എസ് ശക്തികളും തമ്മിലുള്ള ബന്ധം യാഥാർത്ഥ്യമാണ്. അധികാരരൂപങ്ങളും സാമ്പത്തിക ശക്തിയും സമന്വയിക്കപ്പെട്ട ഒരു സമകാലീന രാഷ്ട്രീയ യാഥാർത്ഥ്യമാണ് ഇന്നത്തെ സംഘപരിവാർ. അവരുടെ അപകടകരമായ ആശയത്തിനെയാണ് മാനവിക ആശയംകൊണ്ട് തൊഴിലാളി വർഗം എതിർക്കേണ്ടത്.
മനുഷ്യ ചരിത്രത്തെ നിർണയിച്ചിട്ടുള്ളത് സമരങ്ങളാണ്. ഈ യാഥാർത്ഥ്യത്തെക്കുറിച്ചുള്ള തിരിച്ചറിവിന് പഴയ ലിബറൽ രാഷ്ട്രതന്ത്രത്തെ അപ്രസക്തമാക്കുന്ന ആഗോള മൂലധന സാമ്രാജ്യവ്യവസ്ഥയും, അതിന്റെ പ്രവർത്തനത്തിന് അനിവാര്യമായി തീരുന്ന ആർഎസ്എസ് പോലുള്ള ജനാധിപത്യവിരുദ്ധ പ്രസ്ഥാനങ്ങളും തമ്മിലുള്ള പരസ്പര പൂരകമായ ബന്ധത്തിന്റെ പുതിയ രാഷ്ട്രീയസാഹചര്യം വിശദമായി പഠിക്കണം ട്രേഡ് യൂണിയനുകൾ. ആഗോള മൂലധന സാമ്രാജ്യം ജീവിതത്തെയും പ്രകൃതിയെയും ഒന്നാകെ ഗ്രസിക്കാൻ ഒരുവശത്ത് ലോകത്തെ ഏകീകരിക്കുന്നു. മറുവശത്ത് ലോകത്തെ ഭിന്നിപ്പിക്കുകയും കലഹിപ്പിക്കുകയും ചെയ്യുന്ന വ്യവസ്ഥ സൃഷ്ടിക്കുന്നു. ഇന്ന് ലോകരാജ്യങ്ങൾ പുറത്തുനിന്നും അകത്തുനിന്നുമുള്ള വിവിധതരം യുദ്ധങ്ങളുടെയും ആക്രമണങ്ങളുടെയും മധ്യത്തിലാണ്. യുദ്ധങ്ങളും ആക്രമണങ്ങളും പലായനങ്ങളും നിത്യജീവിതത്തിന്റെ ഭാഗമായി മാറി. ഇന്ന് യുദ്ധം സാമാന്യവും, ശാന്തി അപവാദവുമാണ്. അശാന്തി സാമാന്യവല്‍ക്കരിക്കപ്പെട്ട വര്‍ത്തമാനകാലത്ത് പലയിടത്തും രാഷ്ട്രീയ അടിയന്തരാവസ്ഥ ഒരു നിത്യജീവിതാവസ്ഥയായി മാറിയിരിക്കുന്നു. പല രാഷ്ട്രങ്ങളിലും ജനാധിപത്യം ജീവിതത്തിൽ നിന്ന് റദ്ദാക്കപ്പെട്ടു. ഇത്തരം അപകടപരമായ സാഹചര്യങ്ങൾക്കെതിരെ ഇന്ത്യയിലെ തൊഴിലാളിവർഗം കൃത്യമായി ജനങ്ങൾക്കിടയിൽ ബോധവല്‍ക്കരണം നടത്തുകയും ജനാധിപത്യധ്വംസകർക്കെതിരെ സന്ധിയില്ലാ പോരാട്ടങ്ങൾ നടത്തുകയും വേണം.


ഇതുകൂടി വായിക്കൂ: അധിനിവേശത്തിന്റെ ശൈത്യം


ദേശീയതയും ദേശസ്നേഹവും ദേശഭക്തിയും ചെലവേറിയ പരസ്യപ്രചാരണ പ്രവർത്തനങ്ങളിലൂടെയും ഭരണ സംവിധാനങ്ങൾ ഉപയോഗിച്ചും നിശ്ചിത സമയക്രമമനുസരിച്ച് നടപ്പാക്കേണ്ട കെട്ടുകാഴ്ചകളോ പൂരക്കാഴ്ചകളോ ആക്കി മാറ്റിക്കൊണ്ടിരിക്കുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. ഇങ്ങനെ കാണിച്ചുകൂട്ടുന്ന നാനാതരം ഗോഷ്ഠികളിലും ആചാരങ്ങളിലും മനംമടുത്ത് മാറിനിൽക്കുന്ന ദേശാഭിമാനികൾ വളരെ വേഗം ദേശവിരുദ്ധരായി മുദ്രകുത്തപ്പെടാൻ സാധ്യതയുള്ള സ്ഥലമായി നമ്മുടെ രാജ്യം മാറി. ദേശസ്നേഹത്തിന്റെയും ദേശീയ സ്വാതന്ത്ര്യസമര പാരമ്പര്യത്തിന്റെയും ചരിത്രം അവനവന്റെ പേരിൽ വസൂലാക്കാനുള്ള, അതിന് യാതൊരു അവകാശവും ഇല്ലാത്ത ചിലരുടെ ഉദ്യമം കൂടിയാണ് ദേശസ്നേഹത്തിന്റെ പേരിലുള്ള ശബ്ദമലിനീകരണം. നാം സ്വീകരിച്ച ദേശീയ സങ്കല്പത്തെ, ബഹുസ്വരതയെ തമസ്കരിക്കാനും ആ സ്ഥാനത്ത് നമ്മൾ തള്ളിക്കളഞ്ഞ മതദേശീയതയെ പ്രതിഷ്ഠിക്കാനുമാണ് ബഹളം. നമ്മുടെ രാഷ്ട്രത്തിന്റെ ഉജ്വലമായ സ്വഭാവവും ഘടനയും സംസ്കാരവും എന്തെന്ന കൃത്യമായ തിരിച്ചറിവ് അതീവ നിർണായകമാണ്. ആ അറിവ് തൊഴിലാളികൾ സ്വായത്തമാക്കിയേ മതിയാകൂ. വലിയ ആർഭാടത്തോടെ, ശബ്ദഭേരിയോടെ, വർണപ്പകിട്ടോടെ നമ്മുടെ മുന്നിലേക്ക് വരുന്ന വ്യാജദേശീയതയെ തിരിച്ചറിയാൻ ഇത് അനിവാര്യമാണ്. ഈ രാജ്യത്തിന്റെ ദേശഘടനയുടെ യഥാർത്ഥ സ്വഭാവം എന്തെല്ലാമെന്ന് സമൂഹത്തെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നത് മഹത്തായ സാംസ്കാരിക, രാഷ്ട്രീയ, പ്രവർത്തനമാണ്. അത് നിറവേറ്റാൻ ട്രേഡ് യൂണിയനുകൾക്ക് ഉത്തരവാദിത്തമുണ്ട്.
വിഭജനത്തിനും അതിന്റെ ഫലമായി അരങ്ങേറിയ കൂട്ടക്കൊലകൾക്കും രക്തത്തിന്റെ രൂക്ഷഗന്ധത്തിനുമിടയിലാണ് നമ്മുടെ രാഷ്ട്രത്തിന്റെ ഘടനയും സ്വഭാവവും കൃത്യമായി നിർവചിക്കപ്പെട്ട ഭരണഘടന രൂപപ്പെടുത്തിയത്. നാടു മുഴുവൻ കടുത്ത വികാരങ്ങൾ കത്തിനിന്ന സന്ദർഭത്തിൽ, അത്തരം വികാരങ്ങളാൽ ഒട്ടും സ്വാധീനിക്കപ്പെടാതെ അസാമാന്യ സമചിത്തതയോടെ ഭരണഘടനാ നിർമ്മാണസഭ മഹത്തായ ആ കാര്യം നിർവഹിച്ചു. സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നീ മൂന്നു ദർശനങ്ങൾ ഭരണഘടനയ്ക്ക മകുടം ചാർത്തി. നാം നമുക്കുവേണ്ടി സമർപ്പിച്ച ഭരണഘടന ഏറ്റവും ഉദാത്തമായ മാനവിക സ്നേഹത്തിൽ അധിഷ്ഠിതമാണ്. ആ ഭരണഘടനയെ പാടെ അവഗണിക്കുന്ന, സംഘ്പരിവാർ പ്രവൃത്തികൾക്കും ചിന്തകൾക്കും എതിരെ പോരാടുക എന്നത് ഏവരുടെയും കടമയാണ്.
അന്ധവിശ്വാസങ്ങളും പാരമ്പര്യാരാധനയും വർധിക്കുന്നു. യുക്തിയും സ്വതന്ത്ര ചിന്തയും നിരസിക്കപ്പെടുന്നു. വിയോജിപ്പുകളെ വിശ്വാസ വഞ്ചനയായി കാണുന്ന സമീപനം, നാനാത്വത്തിന്റെ നിരാസം, ജനങ്ങളെ വഞ്ചിക്കുന്ന പൊള്ളയായ പ്രഭാഷണം, ദേശത്തിന്റെ നിഷേധാത്മകമായ നിർവചനം, ‘അപരരെ’ സൃഷ്ടിച്ചുകൊണ്ട് എല്ലാ കുഴപ്പത്തിനും അവരാണ് കാരണമെന്നു പറയുക, ചരിത്രം നിഷ്ഠുരമായി ദുർവ്യാഖ്യാനിക്കുക തുടങ്ങിയ മനുഷ്യവിരുദ്ധ ചിന്തകൾക്കതിരെ ശക്തമായ ആശയ പോരാട്ടം അനിവാര്യമാണ്.


ഇതുകൂടി വായിക്കൂ: എഴുത്തുകാർ ചെയ്യേണ്ടത്


സ്വേച്ഛാധിപത്യത്തിന്റെ മുകളിൽ നിന്നുള്ള അധികാര പ്രയോഗരീതിയെക്കാൾ താഴെ നിന്ന് ജനങ്ങളെ ജനാധിപത്യത്തിനെതിരെ പ്രവർത്തിപ്പിക്കുന്ന രീതിയാണ് ഫാസിസത്തിന്റേത്. സ്വേച്ഛാധിപത്യം ജനങ്ങളുടെ പൗരാവകാശങ്ങളും അധികാരങ്ങളും റദ്ദ് ചെയ്തുകൊണ്ട് അധികാരപ്രയോഗം മുകളിൽ കേന്ദ്രീകരിക്കുമ്പോൾ, അധികാര കേന്ദ്രങ്ങൾക്ക് അടിയറവു പറയുന്ന ജനങ്ങളെ താഴെനിന്ന് അണിനിരത്തി ജനകീയ പ്രതീതി സൃഷ്ടിക്കുകയാണ് ഫാസിസം ചെയ്യുന്നത്. സംഘ്പരിവാര്‍ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം, അഭിപ്രായ സ്വാതന്ത്ര്യത്തിനും വിശ്വാസ സ്വാതന്ത്ര്യത്തിനും ഭക്ഷണ സ്വാതന്ത്ര്യത്തിനും എതിരെ നടന്ന ആർഎസ്എസിന്റെ രാഷ്ട്രീയ ഇടപെടലുകളിലെല്ലാം ഫാസിസത്തിന്റെ കപട ജനകീയശൈലി പ്രകടമാണ്. ഫാസിസ്റ്റ് ഭരണകർത്താക്കൾക്ക് സ്വന്തം പിണിയാളന്മാരെ മുന്നിൽ നിർത്തി ജനകീയ മുഖംമൂടി ധരിച്ചുകൊണ്ട്, ഏതു ജനാധിപത്യ ധ്വംസനത്തോടും നിസംഗത പുലർത്താൻ കഴിയും. ജനാധിപത്യ വിശ്വാസികളെ ഇളക്കിമറിക്കുന്ന പല പ്രശ്നങ്ങളിലും ആർഎസ്
എസ് ഭരണകർത്താക്കൾ പുലർത്തുന്ന നീണ്ട മൗനങ്ങൾ ഇതിന്റെ തെളിവാണ്. വലിയ ഉത്തരവാദിത്തബോധത്തോടെ ട്ര‌േഡ് യൂണിയനുകൾ, സംഘപരിവാറിന്റെ കപടതകൾക്കെതിരെ ജനങ്ങളെ അണിനിരത്തണം. സ്വാതന്ത്ര്യം കിട്ടിയിട്ട് ഏഴര ദശകങ്ങൾ പിന്നിട്ടിട്ടും ആദിവാസികളുടെയും ദളിതരുടെയും തീരവാസികളുടെയും പിന്നാക്ക വിഭാഗക്കാരുടെയും, ന്യൂനപക്ഷങ്ങളുടെയും സ്ത്രീകളുടെയും കടുത്ത ജീവിത ദുരിതങ്ങൾ നാം വിസ്മരിക്കരുത്.


ഇതുകൂടി വായിക്കൂ: ആമസോണും വാൾമാർട്ടും ഇന്ത്യ കീഴടക്കുമ്പോൾ


വിർച്വൽ റിയാലിറ്റി സാങ്കേതികവിദ്യ ഫേസ്ബുക്കിന്റെ പക്കലാണ്. നാളെത്തെ നിരീക്ഷണ സംവിധാനങ്ങൾ ഇന്നേ നിലവില്‍ വന്നു. അതിന്മേൽ മേൽക്കൈ ഉണ്ടാവുക എന്നതാണ് ആഗോള ഭീമന്മാരുടെ ലക്ഷ്യം. ദൃശ്യതയുടെ എല്ലാ മേഖലകളിലും മേൽക്കെെ നേടാൻ പരക്കം പായുന്നു. ഗൂഗിൾ ഗ്ലാസ് അമേരിക്കയിൽ പ്രചാരത്തിലാണ്. അത് ധരിച്ചാല്‍ അരികിലൂടെ കടന്നുപോകുന്നവരുടെ സംഭാഷണ ശകലങ്ങൾ കൂടി അത് പിടിച്ചെടുക്കുന്നു. മുതലാളിത്തത്തിന് വേണ്ടി മറ്റുള്ളവരെ നിരീക്ഷിക്കാൻ കൂടി ഇത് ഉപയോഗിക്കുന്നു. ഇതിന്റെ ജൈവ രാഷ്ട്രീയം കൂടുതൽ പ്രധാനമാണ്. ഗൂഗിൾ മനുഷ്യ ശരീരത്തെ പഠിക്കുന്നു. ആരോഗ്യമുള്ള ശരീരം എന്നാൽ എന്താണ് എന്ന് പഠിക്കുന്നു. എങ്ങനെ സെല്ലുകളും തന്മാത്രകളും ഉപയോഗിച്ച് ആരോഗ്യമുള്ള ശരീരത്തെ നിർവചിക്കാം എന്നതാണ് ഗൂഗിളിന്റെ ഗവേഷണം. ഗൂഗിളിന്റെ തന്നെ രഹസ്യ ഗവേഷണ ശാലയിലാണ് ഈ പരീക്ഷണം നടന്നു കൊണ്ടിരിക്കുന്നത് എന്ന് പറയപ്പെടുന്നു. ഇതിന്റെയൊക്കെ നൈതിക രാഷ്ട്രീയം എന്താണ്? ഇതെവിടെക്കാണ് നമ്മെ എത്തിക്കുക? സ്വകാര്യത പാടെ നഷ്ടപ്പെട്ട ലോകം. മുതലാളിത്തത്തിന്റെ ജനാധിപത്യ സമ്പ്രദായത്തിനു നൽകിയ സമ്മിതി ആ ഭരണത്തിന്റെ പ്രാതിനിധ്യ സ്വഭാവത്തെ തന്നെ ഇല്ലാതാക്കും. ഇവിടെ നഗ്നരായ ഭരണകൂടത്തിനൊപ്പം പ്രജകളും നഗ്നരാണ്. എന്നാൽ ആരും അത് പറയുന്നില്ല. ഈ ഐറണിയാണ് സമകാല ചരിത്രത്തെ ഏറ്റവും ഭീതിജനകമാക്കുന്നത്. നാം ദിവസവും സമൂഹ മാധ്യമങ്ങളിലൂടെ ഒപ്പിട്ടു നല്കുന്ന കരാറുകൾ, സമ്മിതികൾ എന്തൊക്കെയാണ് എന്ന് നാം തന്നെ അറിയുന്നില്ല. ഭരണകൂടത്തിനും കോർപറേറ്റുകൾക്കും വേണ്ടി ഏറ്റെടുക്കുന്ന നിരീക്ഷണ ചുമതലകൾ എന്തൊക്കെയാണ് എന്ന് നമുക്ക് ബോധ്യമില്ല.
അധ്വാനം ശ്രേഷ്ഠമാണ്. അത് ഉയർന്ന പരിഗണന അർഹിക്കുന്നു. അധ്വാനിക്കുന്നവർ, ഗഹനമായ ചിന്തയിലൂടെ, ആശയ ബോധവല്‍ക്കരണത്തിലൂടെ മനുഷ്യ ജീവിതത്തിന്റെ അഭിമാനത്തെയും വ്യക്തിത്വത്തെയും സർഗാത്മകതയെയും സ്വാതന്ത്ര്യത്തെയും സംരക്ഷിക്കാൻ അനുസ്യൂതമായ, സർവശക്തമായ പോരാട്ടത്തിൽ അണിചേർന്നേ മതിയാകൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.