17 June 2024, Monday

Related news

June 14, 2024
June 12, 2024
June 12, 2024
June 12, 2024
June 12, 2024
June 12, 2024
June 12, 2024
June 12, 2024
June 10, 2024
June 10, 2024

നിയമ യുദ്ധം; സുപ്രീം കോടതിയെ വീണ്ടും അവഹേളിച്ച് കിരണ്‍ റിജിജു

Janayugom Webdesk
ന്യൂഡൽഹി
December 16, 2022 10:52 pm

ജഡ്ജിമാരുടെ നിയമന വിഷയത്തിൽ കേന്ദ്ര സർക്കാരും സുപ്രീം കോടതിയും തമ്മിലുള്ള വാദപ്രതിവാദം പുതിയതലത്തിലേക്ക്. കേസുകള്‍ കെട്ടിക്കിടക്കുന്നത് കോടതികളുടെ അനാവശ്യമായ അവധികള്‍ മൂലമാണെന്ന് കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു കഴിഞ്ഞദിവസം രാജ്യസഭയില്‍ വിമര്‍ശിച്ചു. ഇതിന് മറുപടിയായി ഇന്ന് മുതൽ ജനുവരി ഒന്ന് വരെയുള്ള ശൈത്യകാല അവധിക്കാലത്ത് സുപ്രീം കോടതി ബെഞ്ച് ലഭ്യമല്ലെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഇന്നലെ വ്യക്തമാക്കി. ജാമ്യാപേക്ഷകളും നിസാരമായ പൊതുതാല്പര്യ ഹർജികളും കേൾക്കുന്നതിൽ നിന്ന് സുപ്രീം കോടതി വിട്ടുനിൽക്കണമെന്നും ഭരണഘടനയുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കണമെന്നും കിരൺ റിജിജു പറഞ്ഞിരുന്നു. വ്യക്തിസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നടപടിയെടുക്കേണ്ടത് സുപ്രീം കോടതിയുടെ കടമയാണെന്ന് നിയമമന്ത്രിക്ക് ചീഫ് ജസ്റ്റിസ് മറുപടി നല്‍കി. കോടതിയെ സംബന്ധിച്ചിടത്തോളം ഒരു കേസും ചെറുതല്ല. പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കുകയല്ലാതെ മറ്റെന്താണ് കോടതിക്ക് ചെയ്യാനുള്ളതെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു. 

ജഡ്ജിമാരെ നിയമിക്കാൻ രാജ്യത്തിന് ഒരു പുതിയ സംവിധാനം ആവശ്യമാണെന്ന പ്രസ്താവന കിരൺ റിജിജു വ്യാഴാഴ്ച രാജ്യസഭയിൽ ആവര്‍ത്തിച്ചു. കോടതികളുടെ നീണ്ട അവധികള്‍ നീതിന്യായ നിര്‍വഹണത്തെ തടസപ്പെടുത്തുന്നുവെന്നും നിയമമന്ത്രി പറഞ്ഞു. കോടതികളിൽ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം കൂടുന്നത് ജഡ്ജിമാരുടെ ഒഴിവുമായി ബന്ധപ്പെട്ടിരിക്കുന്നു. നിയമനങ്ങൾക്കായി ഒരു പുതിയ സംവിധാനം വികസിപ്പിക്കുന്നതുവരെ ഈ പ്രശ്നം പരിഹരിക്കപ്പെടില്ല- എന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം.

കോടതികളിലെ നീണ്ട അവധിക്കാലം അനാവശ്യമാണെന്ന തോന്നൽ ജനങ്ങൾക്കിടയിൽ ഉണ്ട്. രാജ്യത്തെ കേസുകളുടെ എണ്ണം അഞ്ച് കോടിയോടടുത്താണ്. ഇതിന് പ്രധാനകാരണം ജഡ്ജിമാരുടെ നിയമനത്തിലെ താമസവും ഒഴിവുകളുമാണ്. ഈ ഒഴിവുകൾ കുറയ്ക്കുന്നതിന് സർക്കാരിന് പരിമിതമായ അധികാരമേ ഉള്ളൂ. കോടതിയുടെ അധികാരത്തിൽ സർക്കാർ ഇടപെടാൻ ശ്രമിക്കുന്നതായി ആരോപണമുള്ളതിനാൽ കൂടുതൽ പ്രതികരിക്കാൻ ആഗ്രഹിക്കുന്നില്ല. ജഡ്ജിനിയമനത്തിന് പുതിയ സംവിധാനം ഏർപ്പെടുത്തുന്നത് വരെ ഈ അവസ്ഥ തുടരുമെന്നും മന്ത്രി പറഞ്ഞു.

കോടതിയുടെ അവധിക്കെതിരെയുള്ള വിമർശനത്തിന് അവധി പ്രഖ്യാപനത്തിലൂടെ തന്നെ ചീഫ് ജസ്റ്റിസ് മറുപടി നൽകി. 17 മുതൽ ജനുവരി ഒന്ന് വരെ‌ സുപ്രീം കോടതിയിലെ ഒരു ബെഞ്ചും ലഭ്യമാകില്ലെന്ന് ഇന്നലെ കോടതി മുറിയിലെത്തിയ ഉടൻ തന്നെ ചീഫ് ജസ്റ്റിസ് അഭിഭാഷകരെ അറിയിച്ചു. ജഡ്ജിമാർ രാവിലെ 10 മുതൽ വൈകിട്ട് നാല് വരെ മാത്രം ജോലി ചെയ്യുകയും ഇടക്കാലത്തെല്ലാം അവധി ആസ്വദിക്കുകയാണെന്നും തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണെന്ന് മുൻ ചീഫ് ജസ്റ്റിസ് എൻ വി രമണ ഉൾപ്പെടെയുള്ളവർ വ്യക്തമാക്കിയിരുന്നു. ‘ഞങ്ങൾ വാരാന്ത്യങ്ങളിലും അവധി ദിവസങ്ങളിലും തീർപ്പുകൽപ്പിക്കാത്ത വിധികളെ കുറിച്ച് പഠനം നടത്താനായി ജോലി തുടരുന്നു. ഇതുമൂലം ജീവിതത്തിലെ പല സന്തോഷങ്ങളും നഷ്ടമാകുന്നുണ്ടെ‘ന്നും ജസ്റ്റിസ് എൻ വി രമണ പറഞ്ഞിരുന്നു. കോടതികളുടെ അവധി വിദ്യാലയങ്ങളുടെ അവധിപോലെയാണെന്ന പൊതുധാരണ ശരിയല്ലെന്നും, ജഡ്ജിമാരുടെ കഠിനാധ്വാനം വിലയിരുത്താന്‍ ഉചിതമായ സംവിധാനമുണ്ടാകണമെന്നും ഡൽഹി ഹൈക്കോടതിയിലെ മുൻ ജഡ്ജി ജയന്ത് നാഥ് പറഞ്ഞിരുന്നു.

Eng­lish Summary:legal bat­tle; Kiran Riji­ju again insult­ed the Supreme Court
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.