23 December 2024, Monday
KSFE Galaxy Chits Banner 2

കണിയന്‍ പുഴക്കരയിലെ രണസ്മരണ

എൻ വിനോദ് കുമാര്‍ കരിവെള്ളൂര്‍
December 20, 2022 8:45 am

കരിവെള്ളൂര്‍ സമരത്തിന്റെ വാര്‍ഷികാചരണത്തിന്റെ ഭാഗമായുള്ള പരിപാടികള്‍ ഇന്ന് സമാപിക്കുകയാണ്. 1946 ഡിസംബർ 20 കണിയൻ പുഴയോരത്ത് വച്ച് നടന്ന ഉജ്ജ്വലമായ കർഷക സമരമാണ് കണ്ണൂർ ജില്ലയിലെ കരിവെള്ളൂർ ഗ്രാമത്തെ ചോര കൊണ്ട് ചരിത്രത്തിൽ അടയാളപ്പെടുത്തിയത് ഉത്തരകേരളത്തെ ചുവപ്പിച്ച കമ്മ്യൂണിസ്റ്റ് കർഷക പോരാട്ടങ്ങൾക്ക് കൃത്യമായ ദിശാബോധം പകർന്ന സമരമാണ് കരിവെള്ളൂരിലേത്. കമ്മ്യൂണിസ്റ്റ് ധീരതയും ഭരണകൂടത്തിന്റെ തീയുണ്ടകളും നേർക്കുനേർ ഏറ്റുമുട്ടിയ ഐതിഹാസികമായ ജനകീയ മുന്നേറ്റം. ഭൂമിക്കും ഭക്ഷണത്തിനും സർവോപരി സ്വാതന്ത്ര്യത്തിനുമായി നടത്തിയ കരിവെള്ളൂർ സമരം ജന്മിനാടുവാഴിത്ത വിരുദ്ധവും സാമ്രാജ്യത്വ വിരുദ്ധവുമായി ഇരമ്പി മുന്നേറി. കരിവെള്ളൂർ ഉൾപ്പെടെ ആ കാലത്തെ കർഷക സമരങ്ങൾ എല്ലാം ദേശീയ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള മഹാ പ്രക്ഷോഭങ്ങളായി മാറി. രണ്ടാം ലോകമഹായുദ്ധകാലത്ത് ഭക്ഷ്യവസ്തുക്കൾ കിട്ടാക്കനിയായതോടെ നാട്ടിൽ കരിഞ്ചന്തയും പൂഴ്ത്തിവയ്പും ശക്തമായി. അക്കാലത്ത് കരിവെള്ളൂർ പഴയ ചിറക്കൽ താലൂക്കിന്റെ ഭാഗമായിരുന്നു. കരിവെള്ളൂരിലെ പാവപ്പെട്ട ജനങ്ങൾ വിളയിച്ച നെല്ല് വാരമായും പാട്ടമായും ചിറക്കൽ രാജാവ് കൊണ്ടുപോയിരുന്നു. പട്ടിണിയിലായ കർഷകർ നെല്ല് കടത്തരുതെന്നും ന്യായവില സ്റ്റോറിലൂടെ ഇവിടെത്തന്നെ വിതരണം ചെയ്യണമെന്നും ആവശ്യപ്പെട്ടു. എന്നാൽ പൊലീസിനെ ഉപയോഗിച്ച് നെല്ല് കടത്തുമെന്ന് മനസിലായതോടെ 1946 ഡിസംബർ 16 ന് കരിവെള്ളൂർ സെൻട്രൽ എൽപി സ്കൂളിൽ യോഗം ചേർന്ന് ആ നീക്കം തടയുവാൻ തീരുമാനിച്ചു. 20 ന് രാവിലെ ചിറക്കൽ തമ്പുരാന്റെ കാര്യസ്ഥന്മാരും ഗുണ്ടകളും എംഎസ്‌പിക്കാരുടെ പിൻബലത്തിൽ നെല്ല് കടത്താൻ വന്നതോടെ എ വി കുഞ്ഞമ്പു, കൃഷ്ണൻ മാസ്റ്റർ, സദാനന്ദ പൈ, പി കുഞ്ഞിരാമൻ ഉൾപ്പെടെയുള്ള നേതാക്കളുടെ പിന്നിൽ ജനം ഒന്നടങ്കം കല്ലും കവണയും വടികളുമായി കണിയൻ പുഴയോരത്തേക്ക് കുതിച്ചു. പൊലീസ് ഭീകരതയിൽ വെടിയേറ്റ് 14 വയസ് മാത്രം പ്രായമുള്ള കീനേരി കുഞ്ഞമ്പുവും, തിടിൽ കണ്ണനും രക്തസാക്ഷികളായി.


ഇതുകൂടി വായിക്കൂ: ഉമ്മറിന്റെ ചായക്കടയിൽ നിന്നാരംഭിച്ച സമരാഗ്നി


തുടർന്ന് കരിവെള്ളൂരും പരിസര പ്രദേശങ്ങളിലും കിരാതമായ പൊലീസ് മർദനത്തിന്റെയും ഭീകരതയുടെയും നാളുകളായിരുന്നു. വീട്ടിനകത്തെ സ്ത്രീകൾപോലും മർദനത്തിനിരയായി. പയങ്ങപ്പാടൻ കുഞ്ഞിരാമന്റെ ഭാര്യ കുന്നുമ്മൽ ശ്രീദേവി, എ വി കുഞ്ഞമ്പുവിന്റെ ഭാര്യ കെ ദേവയാനി ഉൾപ്പെടെയുള്ളവര്‍ പീഡനങ്ങളും ദുരിതങ്ങളും അനുഭവിച്ചു. 197 പേരെ പ്രതി ചേർത്തു. 12പേർ ഒളിവിൽ പോയി 75 പേരെ വിചാരണ ചെയ്തു. 66 സഖാക്കളെ ജയിലിലടച്ചു. ഒരു ജനതയുടെ കൂട്ടായ്മയിൽ നടന്ന കരിവെള്ളൂർ സമരത്തിൽ നിന്നും ഊർജം ഉൾക്കൊണ്ട് കാർഷിക സാംസ്കാരിക വിദ്യാഭ്യാസ മേഖലയിൽ സ്വയംപര്യാപ്തത നേടിയ വിജയത്തിന്റെ കഥയാണ് കരിവെള്ളൂരിന് പറയാനുള്ളത്. കേന്ദ്ര ഗവൺമെന്റിന്റെ ജനവിരുദ്ധ നയങ്ങൾ മൂലം കർഷകരും, തൊഴിലാളികളും യുവാക്കളും വിദ്യാര്‍ത്ഥികളുമുൾപ്പെടെ സാധാരണ ജനവിഭാഗം നിലനില്പിനുള്ള പോരാട്ടം നടത്തുന്ന കാലത്താണ് കരിവെള്ളൂർ സമരത്തിന്റെ വാർഷിക പരിപാടികൾ നടക്കുന്നത്. സിപിഐയും സിപിഐ (എം) ഉം ചേർന്നാണ് കരിവെള്ളൂർ സമരത്തിന്റെ ഓർമ്മ പുതുക്കുന്നത്. കക്ഷി രാഷ്ട്രീയഭേദമന്യേ ഒരു നാടൊരുമിച്ച് കരിവെള്ളൂരിന്റെ രണസ്മരണ ഇന്നും അതേ ആവേശത്തോടെ നെഞ്ചിലേറ്റുന്നു. കരിവെള്ളൂരും, കയ്യൂരും, കാവുമ്പായിയും, പുന്നപ്രയും വയലാറും ഒന്നുമില്ലെങ്കിൽ ഈ ആധുനിക കേരളവുമില്ല . ഒരുപാടു മനുഷ്യരുടെ സ്വപ്നങ്ങളും പ്രതീക്ഷകളും ആദർശങ്ങളും രക്തവും ഈ വഴിയിലെങ്ങും ചിതറി നനഞ്ഞിട്ടുണ്ട്. നമ്മളെ നമ്മളാക്കിയത് കരിവെള്ളൂർ ഉൾപ്പെടെയുള്ള സമരഭൂമിയിലെ ലാഭേച്ഛയില്ലാത്ത വലിയ മനുഷ്യരുടെ നീണ്ട നിരയാണ്. അവർ കാട്ടിത്തന്ന നേരിന്റെ പാതയിലൂടെ നമുക്ക് സഞ്ചരിക്കാം. അടയാത്ത കണ്ണുകളുമായി ചരിത്രത്തിന്റെ കാവൽക്കാരായി അവർ നമ്മുടെ മുന്നിലുണ്ട്. കുത്തകകൾക്ക് കീഴടങ്ങുന്ന ഇന്ത്യൻ ഭരണാധികാരികളുടെ വികലനയങ്ങളും വർഗീയ ഫാസിസ്റ്റ് കടന്നാക്രമണങ്ങളും ചെറുക്കാൻ കരിവെള്ളൂരിന്റെ രണസ്മരണ എന്നും ആവേശം പകരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.