19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 16, 2024
December 12, 2024
November 27, 2024
November 24, 2024
November 21, 2024
November 7, 2024
November 1, 2024
October 29, 2024
October 15, 2024
October 11, 2024

തീയേറ്ററിൽ നിന്ന് ഒടിടിയിലേക്കു മാറുമ്പോള്‍

എ വി ഫർദിസ്
December 25, 2022 8:50 am

ചലച്ചിത്രത്തിന്റെ അടിസ്ഥാനം കാഴ്ചയാണ്. കാഴ്ചയിലൂടെയാണ് അത് മറ്റുളളവരോട് സംവദിക്കുന്നത്. ഇതേ പോലെ തന്നെയാണ് കാണുന്ന ഇടത്തിന്റെ പ്രാധാന്യവും. എങ്ങനെ കാണുന്നു, എവിടെ നിന്ന് കാണുന്നുവെന്നതും ഇതിലെ പ്രധാന ഘടകമാണ്. എൺപതുകൾ വരെ സിനിമാശാലകൾ (The­atres) മാത്രമായിരുന്നു നമ്മുടെ സിനിമാ കാഴ്ചയുടെ പ്രധാന ഇടം, ഇടയ്ക്ക് ടെലിവിഷനുകളിലും സിനിമ വരാറുണ്ടെങ്കിലും. പിന്നീട് വീഡിയോ കാസറ്റുകളും സിഡികളും ബ്ലു റേകളും പെൻ ഡ്രൈവുകൾ വരെ സിനിമ കാണലിന്റെ മാധ്യമങ്ങളായി വന്നു. പക്ഷേ ഇതെല്ലാം സിനിമയുടെ രണ്ടാം കാഴ്ചക്കുള്ള ഇടങ്ങളായിരുന്നു. മറിച്ച് തൊണ്ണൂറ്റൊമ്പത് ശതമാനം പ്രേക്ഷകരും ആദ്യം സിനിമ കണ്ടിരുന്നത് തീയേറ്ററുകളിൽ തന്നെയായിരുന്നു. അതായത് പ്രേക്ഷകനിൽ സിനിമ ഒരനുഭൂതിയായി ആഴ്ന്നിറങ്ങിയത്, തീയേറ്ററുകളിൽ കൂടി മാത്രമായിരുന്നുവെന്നർഥം. മറിച്ച് അതിനു ശേഷമുള്ള രണ്ടാം കാഴ്ചയോ, സിനിമ കാഴ്ച അത്ര വലിയ താൽപര്യമില്ലാത്തവർക്ക് എപ്പോഴെങ്കിലും കാണുവാൻ ഉള്ളതായിരുന്നു മറ്റു രീതിയിലൂടെയുള്ള സിനിമകളുടെ പുറത്തിറങ്ങൽ. എന്നാൽ മൊബൈൽ ഫോണിന്റെ സാർവത്രികത നമ്മുടെ സമൂഹത്തിലുണ്ടാക്കിയ, വിവര സാങ്കേതികതയുടെ സാധാരണ വിപ്ലവം, സിനിമാ കാഴ്ചയിലും വലിയ രീതിയിൽ മാറ്റങ്ങളുണ്ടാക്കി. പ്രത്യേകിച്ച് ലോക്ക് ഡൗൺ കാലത്ത് നമ്മുടെ രാജ്യത്ത് കൂടുതൽ വ്യാപകമായ ഒടിടി (over the top) പ്ലാറ്റ് ഫോമുകൾ. ലോകമൊന്നാകെ സിനിമാശാലകൾ അടച്ചുപൂട്ടിയ ഘട്ടത്തിൽ, നല്ലൊരു പങ്ക് സിനിമാ റിലീസിംഗും ഒടിടിയിലേക്ക് മാറി.

കേരളത്തിന്റെ സാംസ്കാരികചരിത്രത്തിന്റെ തന്നെ ഭാഗമായി മാറിയിരുന്ന ഒരു കാര്യമായിരുന്നു സിനിമശാലകളും അവിടേക്കുള്ള ആളുകളുടെ പോക്കും. ബയോസ്കോപ്പും സഞ്ചരിക്കുന്ന നാടോടികളായ പ്രദർശനക്കാരിലൂടെയുമാണ് കേരളത്തിൽ സിനിമാ പ്രദർശനത്തിന് തുടക്കമാകുന്നത്. പിന്നീട് അത് ഇന്നും നാം കാണുന്ന സർക്കസുകളുടേതിനു സമാനമായ താല്ക്കാലിക കൂടാര (Tent)ങ്ങളിലേക്കു വഴിമാറി. ഇത് പുരോഗമിച്ചാണ് സിനിമാ കൊട്ടകകൾ, ടാക്കീസ്, പിക്ചർ പാലസ്, തീയേറ്റർ തുടങ്ങി മൾട്ടിപ്ലക്സുകളിൽ വരെ എത്തുന്നത്. വെറുമൊരു വിനോദമെന്നതിനപ്പുറം യുവതലമുറയുടെ സാംസ്കാരികാവബോധം (cul­tur­al Con­scious­ness) രൂപപ്പെടുത്തുന്നതിൽ വരെ അത് വലിയ പങ്ക് വഹിച്ചിട്ടുണ്ട്. എന്നാൽ പരമ്പരാഗത തീയേറ്റർ കാഴ്ച നല്കുന്ന ഗൗരവമായ ഒരന്തരീക്ഷത്തെ ഇല്ലാതാക്കുന്നതിന് കാരണമായി ഒടിടി കൾ മാറുകയാണോ എന്ന ആശങ്കയാണ് കഴിഞ്ഞ രണ്ടുവർഷത്തിനിടക്ക് പുറത്തിറങ്ങിയ, പല മലയാള ചലച്ചിത്രങ്ങളുടെയും ഒടിടി യിലൂടെയുള്ള ആദ്യ കാഴ്ചകൾ നല്കുന്നത്. ഗൗരവമായി സിനിമയെ കാണുന്ന പ്രേക്ഷകർ ഉന്നയിച്ച ഈ സന്ദേഹം, സിനിമയുടെ സാങ്കേതിക രംഗത്തെ പ്രമുഖർ വരെ കഴിഞ്ഞ മാസങ്ങളിൽ സജീവമായി ചർച്ച ചെയ്ത പ്രധാന വിഷയങ്ങളിലൊന്നായി മാറിയതും ഇതിനടിവരയിടുകയാണ്. 27 — മത് ഐഎഫ്എഫ് കെയുടെ ഭാഗമായി നടന്ന സിനിമാ ചർച്ചകളിൽ പോലും ഇക്കാര്യമടക്കം ഉയർന്നുവന്നിരുന്നു. തീയേറ്ററുകളിൽ നിന്ന് സിനിമയുടെ റിലീസിംഗ് പൂർണമായി ഒടിടി പോലുള്ള മാധ്യമങ്ങളിലേക്ക് ഒതുങ്ങുന്നത് ഗൗരവമായി ഒരു വിഷയത്തെ അതേ പോലെ അവതരിപ്പിക്കുവാൻ പറ്റാത്ത സ്ഥിതി സംജാതമാക്കി മാറ്റുന്ന രീതിയിലേക്കാണ് കാര്യങ്ങളെ കൊണ്ടുചെന്നെത്തിക്കുന്നത്.

മലയാളത്തിന്റെ താരമൂല്യത്തിൽ മുന്നിട്ടു നില്ക്കുന്ന മമ്മൂട്ടി എന്ന നടൻ ഉണ്ടായിട്ട് പോലും തീയേറ്ററുകൾക്കപ്പുറം ഒടിടി യിലൂടെ പുറത്തുവന്ന പുഴു, ജാതീയതയുടെ അധമബോധത്തെക്കുറിച്ച് / ദുരഭിമാനത്തെക്കുറിച്ച് വീണ്ടും ഏറെ ചർച്ചാ വിഷയമായി മാറിയെങ്കിലും സിനിമ പ്രേക്ഷകന് ഇപ്പോൾ സമ്മാനിച്ചതിൽ നിന്ന് ഇനിയും പതിന്മടങ്ങ് കാഴ്ചാനുഭൂതി നല്കുന്ന ഒന്നായി മാറിയേനെ അത് സിനിമാ തീയേറ്ററുകളിലൂടെയാണ് എത്തിയിരുന്നതെങ്കിൽ. പുഴുവിന്റെ ഏറ്റവും മനോഹരമായ ഘടകങ്ങളിലൊന്ന് അതിന്റെ പശ്ചാത്തല സംഗീത (Bgm)മാണ്. ഒരന്തർദേശീയ സിനിമാനിലവാരത്തിലുള്ളതാണ് ഇതിലെ പശ്ചാത്തല സംഗീതം. പ്രത്യേകിച്ച് മമ്മൂട്ടിയുടെ കേന്ദ്ര കഥാപാത്രത്തിന്റെ സന്ദർഭാനുസരണമുള്ള പല മാനറിസങ്ങൾക്കും അതിന്റേതായ ഒരു അനുഭൂതി കൂടി പ്രേക്ഷകനിൽ ഉണ്ടാക്കുവാൻ പിന്നണിയിലെ സംഗീതത്തിനാണ് ഏറെ പങ്കു വഹിക്കുവാനുണ്ടാകുക പക്ഷേ അതിനെ ഒടിടി കാഴ്ച നല്ലൊരളവോളം ഇല്ലാതാക്കുന്നുണ്ടെന്ന് ഈ സിനിമ ഹോം തീയേറ്ററിലും ഒടിടി യിലും കണ്ട പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടിരുന്നു. പശ്ചാത്തല സംഗീതം കഥാപാത്രങ്ങളുടെ വൈകാരികാനുഭവങ്ങളെ പ്രതിഫലിപ്പിക്കുവാൻ
ഒരനിവാര്യതയാണെങ്കിൽ അത് തീയേറ്ററിൽ കൂടിയേ സാധിക്കുവെന്നതിന് 2022 ലെ പ്രകടമായ ഉദാഹരണമാണ് പുഴു. ഇതോടൊപ്പം കഥാപാത്രങ്ങളുടെ വിചാര വിചാരങ്ങൾ തീയേറ്ററുകളെപ്പോലെ പ്രേക്ഷകനിലേക്ക് ആഴ്ന്നിറങ്ങുന്നതിൽ വലിയ തിരശ്ശീലക്കും പ്രധാന പങ്കു വഹിക്കാനുണ്ട്.

ജർമനിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സൈക്കോളജി ഓഫ് ജോഹന്നാസ് ഗുട്ടൻബർഗ് മ്യൂട്ടൻ മെയ്ൻസ് (jgu) 2014 — ൽ നടത്തിയ പഠനത്തിൽ കണ്ടെത്തിയത്, സ്ക്രീൻ എത്രത്തോളം വലുതാകുന്നുവോ അത് അത്രത്തോളം പ്രേക്ഷകനെ സിനിമയിലേക്കാകർഷിപ്പിക്കുമെന്നതാണ്. പ്രശസ്ത സംവിധായകൻ ശ്യാം ബെനഗൽ ഇതിനെക്കുറിച്ച് പറയുന്നതിങ്ങനെയാണ്: ‘Lights were turned out hard­ly any num­ber of the audi­ence seemed to both­er to look at the screen’. (1) കണ്ണിമവെട്ടാതെ സ്ക്രീനിലേക്ക് മാത്രം നോക്കിയിരിക്കുന്ന ഒരു കാഴ്ചക്കാരന്റെ ശ്രദ്ധ ഒരിക്കലും വേറൊരു രീതിയിൽ കാണുന്ന ആൾക്ക് കിട്ടുകയില്ല തന്നെ. ബോസ്റ്റൺ സർവകലാശാല കേന്ദ്രീകരിച്ചു ഇതു സംബന്ധമായ ഒരു പഠനം നടന്നിരുന്നു. അന്ന് കണ്ടെത്തിയത്, തീയേറ്റർ കാഴ്ചക്കാരാണ് ശാരീരികമായും മാനസികമായും മറ്റു രീതിയിൽ സിനിമ കാണുന്നവരെക്കാൾ കൂടുതൽ തീയേറ്ററിൽ ഇടപെടുന്നതെന്നാണ്. അതുപോലെ സിനിമ വിട്ടിറങ്ങിയ ശേഷവും സിനിമയെക്കുറിച്ച് ഓർമിക്കുകയോ സംസാരിക്കുകയോ ചെയ്യുന്നവരിൽ 63 ശതമാനവും തീയേറ്ററിൽ നിന്ന് സിനിമ കണ്ടവരാണ്.

ഇങ്ങനെ ഒടിടി യിലായതു കൊണ്ട് മാത്രം വേണ്ടത്ര കാഴ്ചയോ, ചർച്ചയോ നേടാതെ പോയ ചലച്ചിത്രമാണ് 2021‑ൽ പുറത്തിറങ്ങിയ സൂഫിയും സുജാതയും. സിനിമ ആവശ്യപ്പെടുന്ന ഒരു ഗൗരവമായ ശ്രദ്ധ പ്രേക്ഷകന് എത്രത്തോളം സിനിമാശാലേതര കാഴ്ചകൾക്ക് പിടിച്ചു നല്കുവാൻ സാധിക്കുകയില്ലെന്നതിന്റെ ഇര കൂടിയായിരുന്നു ജയസൂര്യ എന്ന പോപ്പുലർ താരം ഉണ്ടായിട്ടു പോലും രക്ഷപ്പെടാതിരുന്ന സൂഫിയും സുജാതയും.
ചില സമയത്ത് സിനിമയുടെ കൂടെ ഒപ്പം നടക്കു ( fol­low up )വാൻ സാധിക്കുന്നില്ലെന്നതാണ് ഒടിടി കാഴ്ചക്കാരിൽ ചിലരുടെ പരാതി. എന്നാൽ ഏതെങ്കിലുമൊരു സന്ദർഭത്തിൽ അല്പം ഇഴഞ്ഞുനീങ്ങിയാലും പ്രേക്ഷകൻ അതിനോട് പൂർണമായി പുറം തിരിഞ്ഞു നില്ക്കുന്ന സമീപനം തീയേറ്ററുകളിൽ (മുഖ്യധാരാ കൊമേഴ്സ്യൽ സിനിമകളിലല്ല ) പൊതുവെ കുറവായിരിക്കും. മമ്മൂട്ടി എന്ന നടൻ ഒരു മെഗാസ്റ്റാറായി നിറഞ്ഞു നില്ക്കുമ്പോൾ പുറത്തിറങ്ങിയ, അടൂരിന്റെ മതിലുകൾ എന്ന സിനിമയിൽ പത്തുമിനിട്ടിലധികം ജയിൽ വരാന്തയിലൂടെ അദ്ദേഹം നടക്കുന്ന സീനുണ്ട്. എന്നാൽ ഫാൻസുകാർ തിങ്ങിനിറഞ്ഞ തീയേറ്ററുകളിൽ പോലും ഇവരിൽ പലരും അവിടെത്തന്നെ ഇരുന്ന് ഇത് 1990 കളിൽ പോലും കാണുകയായിരുന്നു! ഇവരിൽ കുറച്ചുപേർ വരാന്തയിലിറങ്ങി കാപ്പി കുടിക്കുകയോ, സിഗരറ്റ് വലിക്കുകയോ ചെയ്ത ശേഷം വീണ്ടും തീയേറ്ററിനുള്ളിലേക്ക് തന്നെ കയറുകയായിരുന്നു.

എന്നാൽ ഈയൊരു ശ്രദ്ധ പുതിയ ഒടിടി പ്രേക്ഷകനിൽ നിന്ന് എപ്പോഴും ഉണ്ടായിക്കൊള്ളണമെന്നില്ല. മറിച്ച് തങ്ങൾക്കിഷ്ടമില്ലാത്ത ഷോട്ട് പോലും അവരെ മറ്റൊരു ലോകത്തേക്കെത്തിച്ചേക്കാം. ഇതാണ് സൂഫിയും സുജാതയും ഒടിടിയിൽ വന്ന സമയത്ത് തന്നെ റിലീസായ തൊണ്ണൂറുകളിൽ വീഡിയോ കാസറ്റിലൂടെ സജീവമായ വീടക സിനിമ (Home cin­e­ma) കളുടെ ഒരു വലിയ രൂപം എന്നു പറയാവുന്ന ഹലാൽ ലൗവ് സ്റ്റോറി കൂടുതൽ പ്രേക്ഷകർ കണ്ടുവെന്ന കണക്കുകൾ കാണിക്കുന്നത്. ദി ഗ്രെയിറ്റ് ഇന്ത്യൻ കിച്ചൺ എന്ന സിനിമയും പ്രമേയപരമായി ഒരു സ്ത്രീപക്ഷ കാഴ്ചപ്പാട് ഉയർത്തുമ്പോൾ തന്നെ ഇതേ പോലെ നമ്മുടെ മറ്റെല്ലാം ദൈനംദിന വ്യവഹാരങ്ങൾക്കിടയിലൂടെ സീരിയൽ പോലെ കണ്ടു പോകാമെന്നുള്ളതു കൊണ്ടു തന്നെയാണ് ഒടിടി പ്ളാറ്റ്ഫോമുകളിൽ വലിയ വിജയമായി മാറിയത്.

അന്താരാഷ്ട്ര ചലച്ചിത്രോത്സവ വേദികളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട മഹേഷ് നാരായണന്റെ അറിയിപ്പ് (Dec­la­ra­tion), ഇപ്പോൾ നെറ്റ് ഫ്ലിക്സ് പോലുള്ളവയിൽ വരുമ്പോഴും നമ്മൾ പ്രതീക്ഷിച്ചത്ര പ്രതികരണമില്ലാതാക്കുന്നതും നേരത്തെ സൂചിപ്പിച്ചതു പോലുള്ള ഗൗരവമായ ഒരു കാഴ്ചാസാഹചര്യം കൂടി ഒരുക്കുമ്പോഴെ ഇത്തരം ചലച്ചിത്രങ്ങൾ പ്രേക്ഷകനിലേക്ക് ആഴ്ന്നിറങ്ങുവെന്ന പ്രശ്നം കൊണ്ട് കൂടിയാണ്. എന്തായാലും ഒടിടി പ്ലാറ്റ് ഫോം എന്ന സിനിമാ പുറത്തിറക്കൽ സംവിധാനം വരും കാലത്ത് കാഴ്ചയുടെ സൗന്ദര്യശാസ്ത്രപരമായ ഘടകങ്ങളെ കൂടി പുതിയൊരു നിർവചനത്തിലേക്ക് കൊണ്ടുചെന്നെത്തിക്കുമെന്നതിലേക്കുള്ള ചെറിയ സൂചനകളാണ് ഇപ്പോൾ മലയാളത്തിലടക്കം നടക്കുന്ന ഇത്തരം പുതിയ കാര്യങ്ങൾ കാണിക്കുന്നത്. പക്ഷേ, അത് ഒരു കലാ മാധ്യമമെന്ന നിലക്ക് സിനിമയും സിനിമ കാണലുമെല്ലാം അത്യന്തികമായി ഒരു സംസ്കാര സമ്പന്നമായ സമൂഹത്തെ വാർത്തെടുക്കുകയെന്ന ഗൗരവമായ ലക്ഷ്യത്തിനെ ഇല്ലാതാക്കുന്നതിലേക്കെത്തരുതെന്നു മാത്രം. പശ്ചാത്യനാടുകളിലും മറ്റും സജീവമല്ലെങ്കിലും ഇപ്പോഴും പഴയ തീയേറ്ററുകളടക്കമുള്ള വയെ സ്റ്റേറ്റും / ഭരണകൂടങ്ങളുമെല്ലാം സംരക്ഷിക്കുന്നതു പോലെ നമ്മുടെ ഭരണകർത്താക്കളും ഇത്തരം വിഷയങ്ങളെക്കുറിച്ച് ആലോചിച്ച് ഒരു വ്യവസായം / വാണിജ്യം എന്നതിനപ്പുറം
തീയേറ്ററുകളടക്കം സമൂഹത്തിന് നല്കുന്ന സാമൂഹ്യആഭിപ്രായങ്ങളെ പഠിച്ച് വേണ്ട നീക്കങ്ങൾ വേണ്ട സമയത്ത് നടത്തണമെന്നു മാത്രം. അല്ലെങ്കിൽ അത് മറ്റേതെങ്കിലും രീതിയിൽ നമുക്ക് തന്നെ ദോഷകരമായി വന്നേക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.