25 November 2024, Monday
KSFE Galaxy Chits Banner 2

Related news

January 7, 2023
January 7, 2023
January 6, 2023
January 6, 2023
January 5, 2023
January 5, 2023
January 5, 2023
January 5, 2023
January 5, 2023
January 5, 2023

സാധാരണക്കാരുടെ സംഘനൃത്ത അധ്യാപകൻ

Janayugom Webdesk
കോഴിക്കോട്
January 4, 2023 5:12 pm

കലോത്സവത്തിലെ ഏറ്റവും തിളക്കമാർന്ന മത്സരയിനമാണ് സംഘനൃത്തം. വർണ്ണശബളമായ സംഘനൃത്തം പക്ഷേ അവതരിപ്പിക്കണമെങ്കിൽ വലിയ ചിലവാണ് വേണ്ടിവരുന്നത്. അഞ്ച് ലക്ഷം രൂപ വരെ ചെലവാക്കിയാണ് ഓരോ സ്കൂളുകളും മത്സരാർത്ഥികളെ കലോത്സവ വേദികളിലെത്തിക്കുന്നത്. ഇവിടെയാണ് നൃത്താധ്യാപകനായ അരുൺ നമ്പലത്ത് മാതൃകയാവുന്നത്. ലളിതമായ വിഷയങ്ങളെടുത്ത് വളരെ ചെറിയ ചിലവിലാണ് അരുൺ മത്സരയിനങ്ങൾ ഒരുക്കുന്നത്. ഇതിലൂടെ സാധാരണക്കാരുടെ മക്കളെയും സംഘനൃത്തത്തിന്റെ ചിലങ്കയണിയിക്കാൻ പ്രാപ്തമാക്കുകയാണ് തൃശ്ശൂർ സ്വദേശിയായ അരുൺ. പത്ത് വർഷത്തിലധികമായി ഇദ്ദേഹം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സംഘനൃത്തം, നാടോടി നൃത്തം, കുച്ചുപ്പുടി എന്നീ ഇനങ്ങളിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നുണ്ട്.

ചിരുത എന്ന വിപ്ലവ നായികയുടെ കഥയുമായി അരുൺ നമ്പലത്തിന്റെ ശിക്ഷണത്തിലെത്തിയത് പീലിക്കോട് കെഎൻഎസ്ജിഎച്ച്എസ് എസിലെ വിദ്യാർത്ഥികളാണ്. കാസർകോട് ജില്ലയിൽ നിന്നുമെത്തിയ സാധാരണ കുടുംബത്തിൽ പെട്ട കുട്ടികൾ അരുണിന്റെ ശിക്ഷണത്തിൽ മികച്ച വിജയം കരസ്ഥമാക്കി. മാറുമറയ്ക്കാൻ അവകാശം ഇല്ലാതിരുന്ന താഴ്ന്ന ജാതിയിലെ സ്ത്രീകൾക്ക് വേണ്ടി പ്രതികരിച്ച് രക്തസാക്ഷി ആകേണ്ടിവന്ന ചിരുത എന്ന നായികയുടെ കഥ മനോഹരമായി അവതരിപ്പിച്ച പീലിക്കോട് സ്കൂളിലെ വിദ്യാർത്ഥിനികൾ മുഴുവൻ കാണികളുടെയും കയ്യടി നേടി. ലക്ഷങ്ങൾ ചെലവഴിച്ചുവരുന്ന വസ്ത്രവിധാനത്തിനല്ല നൃത്തത്തിനും വിഷയത്തിനുമാണ് പ്രാധാന്യം നൽകേണ്ടതെന്ന് അരുൺ നമ്പലത്തും വ്യക്തമാക്കുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.