23 December 2025, Tuesday

Related news

December 21, 2025
December 20, 2025
December 20, 2025
December 20, 2025
December 19, 2025
December 16, 2025
December 15, 2025
December 13, 2025
December 13, 2025
December 12, 2025

പാകിസ്ഥാനില്‍ സാമ്പത്തിക, ഊര്‍ജ പ്രതിസന്ധി രൂക്ഷം

Janayugom Webdesk
ഇസ്‌ലാമാബാദ്
January 4, 2023 10:30 pm

വിദേശനാണ്യശേഖരം കുറഞ്ഞതോടെ പാകിസ്ഥാനില്‍ സാമ്പത്തിക, ഊര്‍ജ പ്രതിസന്ധി അതിരൂക്ഷം. ഷോപ്പിങ് മാളുകളും മാര്‍ക്കറ്റുകളും ഓഡിറ്റോറിയങ്ങളും രാത്രി നേരത്തേ അടച്ചിടുന്നത് ഉള്‍പ്പെടെയുള്ള ഊര്‍ജ സംരക്ഷണ നടപടികള്‍ സ്വീകരിക്കാന്‍ പാകിസ്ഥാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. മാളുകള്‍ രാത്രി 8.30നും റെസ്റ്റോറന്റുകളും കല്യാണമണ്ഡപങ്ങളും രാത്രി 10 മണിക്കും അടയ്ക്കും. വൈദ്യുതി ഉപഭോഗം 30 ശതമാനം കുറയ്ക്കാന്‍ എല്ലാ സര്‍ക്കാര്‍ വകുപ്പുകളോടും പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഉത്തരവിട്ടിട്ടുണ്ട്. ഇതിലൂടെ ഏകദേശം 62 ബില്യണ്‍ പാകിസ്ഥാന്‍ രൂപ (273 ദശലക്ഷം ഡോളര്‍) ലാഭിക്കാമെന്ന് പ്രതീക്ഷിക്കുന്നതായി പ്രതിരോധ മന്ത്രി ഖവാജ ആസിഫ് പറഞ്ഞു. രാത്രിയിലെ വിവാഹപാര്‍ട്ടികള്‍ക്കും കര്‍ശന നിയന്ത്രണമുണ്ട്.

ഇന്‍കാഡസന്റ് ബള്‍ബുകളുടെ ഉപയോഗം, പഴയ ഫാനുകളുടെ ഉപയോഗം തുടങ്ങിയവയ്ക്ക് കഴിഞ്ഞ ജൂലൈ മുതല്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതിലൂടെ ഏകദേശം 22 ദശലക്ഷം ഡോളര്‍ ലാഭിച്ചുവെന്നാണ് സര്‍ക്കാരിന്റെ കണക്ക്. മറ്റ് പഴയ ഗൃഹോപകരണങ്ങളുടെ ഉപയോഗത്തിലും നിയന്ത്രണമുണ്ട്. വീടുകളിലെ ബള്‍ബുകളുടെ ആകെ ഉപയോഗം പരിമിതപ്പെടുത്തണമെന്നും സര്‍ക്കാര്‍ ജനങ്ങളോട് ആവശ്യപ്പെട്ടു. ജലത്തിന്റെ ഉപയോഗം കുറയ്ക്കാനും സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ട്. വിദേശ നാണയ ശേഖരം ഇപ്പോള്‍ ഒരു മാസത്തെ ഇറക്കുമതിക്ക് മാത്രമാണ് കൈവശമുള്ളതെന്നാണ് കണക്കുകള്‍. ഇതില്‍ ഭൂരിഭാഗം തുകയും ഊര്‍ജ വാങ്ങലുകള്‍ക്കായി ചെലവഴിക്കേണ്ടതായി വരും.

അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) പദ്ധതിക്കുകീഴില്‍ കീഴില്‍ പാകിസ്ഥാന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഫണ്ട് വൈകുന്നതും തിരിച്ചടിയായി മാറി. സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കിക്കൊണ്ട് രാജ്യത്തെ പണപ്പെരുപ്പം 23 ശതമാനത്തിലേറെയായി കുതിച്ചുയര്‍ന്നിട്ടുണ്ട്. വ്യാപാരക്കമ്മി നാലുമാസം കൊണ്ട് വാര്‍ഷിക പ്രതീക്ഷിത പരിധിയും കടന്നു. 115 ശതമാനമാണ് രാജ്യത്തെ വ്യാപാരക്കമ്മി. കഴിഞ്ഞവര്‍ഷം പാകിസ്ഥാനിലുണ്ടായ വന്‍ പ്രളയമാണ് സ്ഥിതിഗതികള്‍ ഏറെ വഷളാക്കിയത്. 1500 ലധികം ജീവന്‍ നഷ്ടമായ പ്രളയത്തില്‍ ശതകോടികളുടെ കൃഷിനാശവുമുണ്ടായി.

Eng­lish Sum­ma­ry: Pak­istan to shut malls, mar­kets ear­ly in ener­gy sav­ing plan
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.