24 December 2024, Tuesday
KSFE Galaxy Chits Banner 2

ഭക്ഷ്യ സുരക്ഷയ്ക്ക് സംയോജിത നടപടികള്‍ ആസൂത്രണം ചെയ്യണം

Janayugom Webdesk
January 5, 2023 5:00 am

കോട്ടയത്ത് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച യുവതി മരിച്ച സംഭവം വീണ്ടും സുരക്ഷിത ഭക്ഷണത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുന്നു. പതിവുപോലെ മാധ്യമങ്ങള്‍ വിഷയം സജീവ ചര്‍ച്ചയ്ക്ക് വിധേയമാക്കുകയും ബന്ധപ്പെട്ട വകുപ്പുകളും ഉദ്യോഗസ്ഥരും ജീവനക്കാരും കര്‍ശന പരിശോധനകളും നടപടികളും ആരംഭിക്കുകയും ചെയ്തിരിക്കുന്നു. കോട്ടയത്ത് സംക്രാന്തിയിലുള്ള മലപ്പുറം കുഴിമന്തി ഹോട്ടലില്‍ നിന്ന് കഴിഞ്ഞ ദിവസം ഭക്ഷണം കഴിച്ച പലര്‍ക്കും ആരോഗ്യപ്രശ്നങ്ങള്‍ നേരിട്ടു. അതില്‍ ഒരാളായ നഴ്സിങ് ഓഫീസര്‍ രശ്മിയാണ് മരിച്ചത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് അതിവേഗ നടപടികള്‍ ഉണ്ടായി. വിവാദമായ ഹോട്ടലിന്റെ കെട്ടിടവും അടുക്കളയും രണ്ടിടങ്ങളിലാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും അടുക്കള കെട്ടിടത്തിന് ലൈസന്‍സ് ഇല്ലാതിരുന്നിട്ടും ഹോട്ടലിന് പ്രവര്‍ത്തനാനുമതി കൊടുത്തെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നഗരസഭ ഉദ്യോഗസ്ഥനെ സസ്പെന്റ് ചെയ്യുകയുമുണ്ടായി. ഭക്ഷ്യ സുരക്ഷാ വകുപ്പ് സട കുടഞ്ഞെഴുന്നേറ്റ്, സംസ്ഥാന വ്യാപകമായി പരിശോധന ആരംഭിച്ചു.

 


ഇതുകൂടി വായിക്കു; വെറുംവാക്കുകള്‍ കൊണ്ട് അന്നം മുട്ടിക്കരുത്


 

ശുചിത്വമില്ലാത്തതും കാലപ്പഴക്കമുള്ളതുമായ ഭക്ഷണസാധനങ്ങള്‍ വിതരണം ചെയ്യുന്നതിനെതിരെയുള്ള നടപടിയുടെ ഭാഗമായി കഴിഞ്ഞ ദിവസം 429 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി വൃത്തിഹീനമായി പ്രവര്‍ത്തിച്ച 22, ലൈസന്‍സ് ഇല്ലാത്ത 21 ഉള്‍പ്പെടെ 43 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പിച്ചു. 138 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 44 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതിന് മുമ്പ് ചെറുവത്തൂരില്‍ ഒരു കുട്ടി ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് മരിച്ചപ്പോഴും വ്യാപക പരിശോധനയുണ്ടായി. അന്നും നിരവധി സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കുകയും പിഴ ഈടാക്കുകയും ചെയ്തു. ആറുമാസംകൊണ്ട് ഇത്തരം പരിശോധനകളിലൂടെ 9.62 കോടി രൂപ പിഴയിനത്തില്‍ ഈടാക്കിയ ഘട്ടം പോലുമുണ്ട്. ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള ആറുമാസത്തിനിടെയായിരുന്നു ഇത്. ഫുഡ് സേഫ്റ്റി ലൈസൻസ്, രജിസ്‌ട്രേഷൻ ഫീ ഇനത്തിൽ 7.71 കോടി രൂപ, പിഴയായി 78.59 ലക്ഷം, അഡ്ജ്യൂഡിക്കേഷൻ മൂലമുള്ള പിഴയായി 51.51 ലക്ഷം, കോടതി മുഖേനയുള്ള പിഴയായി 3.28 ലക്ഷം, സാമ്പിൾ അനലൈസിസ് ഫീസായി 58.09 ലക്ഷം രൂപ വീതമാണ് നികുതിയേതര വരുമാനമായി ലഭിച്ചത്.

നല്ല ഭക്ഷണം നാടിന്റെ അവകാശം എന്ന ക്യാമ്പയിന്റെ ഭാഗമായി വിഷരഹിതവും ഗുണനിലവാരമുളളതുമായ ഭക്ഷ്യവസ്തുക്കളുടെ വിപണനം ഉറപ്പാക്കുന്നതിന് ഭക്ഷ്യസുരക്ഷാ വകുപ്പ് വിവിധ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. ഇക്കാര്യം കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ചോദ്യത്തിനുത്തരമായി വിശദീകരിച്ചിട്ടുണ്ട്. വ്യാപകമായ പരിശോധനകളും നടത്തുന്നുണ്ട്. ശേഖരിക്കുന്ന സാമ്പിളുകള്‍ ലാബുകളില്‍ പരിശോധിച്ച് ഗുണനിലവാരം ഇല്ലാത്തതായി കണ്ടെത്തുന്നപക്ഷം ഭക്ഷ്യ വസ്തുക്കൾ മാർക്കറ്റിൽ നിന്നും നീക്കം ചെയ്യുന്നതിന് നിര്‍ദ്ദേശിക്കുകയും ഉല്പാദിപ്പിച്ചവർക്കെതിരെയും വിറ്റവർക്കെതിരെയും പ്രോസിക്യൂഷൻ, അഡ്ജുഡിക്കേഷൻ മുതലായ നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നു. ഓണം, റംസാൻ, ക്രിസ്മസ് തുടങ്ങിയ ആഘോഷവേളകളിലും പകർച്ചവ്യാധികൾ പടർന്ന് പിടിക്കുന്ന സന്ദർഭങ്ങളിലും പ്രത്യേക ഭക്ഷ്യ സുരക്ഷാ സ്ക്വാഡുകൾ രൂപീകരിച്ച് പരിശോധനകൾ നടത്തുന്നുണ്ട്. 2021 ഏപ്രിൽ മുതൽ 2022 ഒക്ടോബർ വരെ 75,230 ഭക്ഷ്യ പരിശോധനകളാണ് നടത്തിയത്, 11,407 സ്റ്റാറ്റ്യൂട്ടറി സാമ്പിളുകൾ ശേഖരിച്ച് ലാബുകളിൽ പരിശോധിച്ചതിൽ 583 സാമ്പിളുകൾ സുരക്ഷിതമല്ലാത്തത്, 237 ഗുണനിലവാരമില്ലാത്തത്, 307 സാമ്പിളുകൾ മുദ്രകളില്ലാത്തത് എന്നീ വിഭാഗങ്ങളില്‍പ്പെട്ടതാണെന്ന് കണ്ടെത്തി. ഈ കാലയളവിൽ 521 പ്രോസിക്യൂഷൻ കേസുകളും 830 അഡ്ജുഡിക്കേഷൻ കേസുകളും ഫയൽ ചെയ്തു. ഇതിന് ശേഷമാണ് കോട്ടയത്തെ സംഭവത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ പരിശോധനയുണ്ടായത്.

 


ഇതുകൂടി വായിക്കു;  മുതിര്‍ന്ന പൗരന്‍മാര്‍ക്കൊപ്പം ജനകീയ സര്‍ക്കാര്‍


 

ഓരോ പരിശോധനാ വേളയിലും വലിയ തോതിലുള്ള ക്രമക്കേടുകളാണ് കണ്ടെത്തുന്നത് എന്നതില്‍ നിന്ന് നമ്മുടെ സംവിധാനത്തിന് ചില പോരായ്മകള്‍ ഉണ്ടെന്നാണ് മനസിലാക്കേണ്ടത്. ജീവനക്കാരുടെ കുറവും സൗകര്യങ്ങളുടെ അഭാവവും പ്രധാന പോരായ്മയായി ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാരുടെ ഒഴിവുകളില്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം 34 നിയമനങ്ങള്‍ നടന്നതായാണ് മന്ത്രി കഴിഞ്ഞ മാസം അറിയിച്ചത്. ഇനിയും ഒഴിവുകളുണ്ടെങ്കില്‍ അവ വളരെ വേഗം നികത്തുന്നതിന് നടപടിയുണ്ടാകണം. കൂടാതെ ജനങ്ങളുടെ ജീവനുമായി ബന്ധപ്പെട്ട വിഷയമാണ് എന്നതിനാല്‍ കൂടുതല്‍ തസ്തികകള്‍ ആവശ്യമാണെങ്കില്‍ സൃഷ്ടിക്കുന്നതിനുള്ള നടപടികളും ആലോചിക്കണം. അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രം വ്യാപകമായി പരിശോധന നടത്തുകയെന്ന ഇപ്പോഴത്തെ രീതി മാറ്റി, പതിവാക്കി മാറ്റണം. ഏതെങ്കിലും സംഭവങ്ങള്‍ നടക്കുമ്പോള്‍ പരിശോധനയുണ്ടാകുമെന്നും അപ്പോള്‍ പിഴയടച്ച് രക്ഷപ്പെടാമെന്നുമുള്ള മനോഭാവം അവസാനിപ്പിക്കുന്നതിന് സ്ഥിരമായ പരിശോധന ആവശ്യമാണ്. അതുപോലെതന്നെ പ്രധാനമാണ് മൂന്ന് വകുപ്പുകളുടെ ഭാഗമായുള്ള ഭക്ഷ്യ സുരക്ഷാ സംവിധാനങ്ങളുടെ ഏകോപനം. ആരോഗ്യ, തദ്ദേശ, ഭക്ഷ്യ പൊതുവിതരണ വകുപ്പുകള്‍ക്കു കീഴിലുള്ള ഭക്ഷ്യ സുരക്ഷാ വിഭാഗങ്ങളെ കൂട്ടിയോജിപ്പിച്ച് സംയുക്തനടപടികള്‍ ആസൂത്രണം ചെയ്താല്‍ ജീവനക്കാരുടെ കുറവ് ഒരു പരിധിവരെ പരിഹരിക്കുന്നതിന് സാധ്യമാകുകയും ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.