1 April 2025, Tuesday
KSFE Galaxy Chits Banner 2

ആഗോള സമ്പദ്‌വ്യവസ്ഥയിലെ കാര്‍മേഘങ്ങള്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയിലേക്കും

പ്രൊഫ. കെ അരവിന്ദാക്ഷൻ
January 11, 2023 4:30 am

കോവിഡിന്റെ മൂന്നുതരംഗങ്ങള്‍ ഉയര്‍ത്തിയ ഗുരുതരമായ വെല്ലുവിളികള്‍ സാമാന്യം തൃപ്തികരമായ നിലയില്‍ത്തന്നെ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് അതിജീവിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നുതന്നെ വിശ്വസിക്കാനും അവകാശപ്പെടാനും നമുക്ക് അര്‍ഹതയുണ്ട്. കേന്ദ്രസര്‍ക്കാരും ധനമന്ത്രി നിര്‍മ്മലാ സീതാരാമനും ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത് ദാസ് നല്കുന്ന ഉറപ്പിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സ്ഥിരമായി വളര്‍ച്ചയുടെ പാതയിലേക്കുള്ള യാത്രയിലാണെന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിക്കുയും ചെയ്യുന്നു. 2023 ധനകാര്യ വര്‍ഷത്തിലെ ജിഡിപി വളര്‍ച്ചാനിരക്ക് ആര്‍ബിഐ ആദ്യ ഘട്ടത്തില്‍ കണക്കാക്കിയിരുന്നത് ഏഴ് ശതമാനമായിരുന്നു, പിന്നീട് 6.8 ശതമാനത്തിലേക്ക് താഴ്ത്തുകയായിരുന്നു. ഒമിക്രോണിനുശേഷം ഇന്ന് കോവിഡിന്റെ പുതിയ വകഭേദത്തിന്റെ വരവോടെ എത്രമാത്രം ലോക്ഡൗണുകളും മറ്റ് നിയന്ത്രണങ്ങളും ആവശ്യമായി വരുമെന്ന് കൃത്യമായി ഇതുവരെ കണക്കാക്കപ്പെട്ടിട്ടില്ലെങ്കിലും ഈ സാധ്യത കൂടി കണക്കിലെടുത്താല്‍ ജിഡിപി നിരക്കില്‍ ഇനിയും ഇടിവുണ്ടാകാനാണ് വഴിയൊരുക്കുക. മാത്രമല്ല, ആഗോള സാമ്പത്തിക സ്ഥിതിഗതികളും ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളുടെ സുഗമമായ സാമ്പത്തിക സ്ഥിരതയ്ക്കും വളര്‍ച്ചയ്ക്കും അനുഗുണവുമല്ല.

സാര്‍വദേശീയ നാണയനിധി (ഐഎംഎഫ്) 2022 ഒക്ടോബറിലെ വേള്‍ഡ് ഇക്കണോമിക്ക് ഔട്ട് ലൂക്ക് എന്ന അതിന്റെ രേഖയില്‍ സൂചിപ്പിച്ചിരിക്കുന്നത് 2021ല്‍ ആറ് ശതമാനമായിരുന്ന ആഗോള വളര്‍ച്ചാനിരക്ക് 2022ല്‍ 3.2 ശതമാനമായും 2023ല്‍ വീണ്ടും 2.7 ശതമാനമായും ഇടിയുമെന്നാണ്. കാര്യങ്ങള്‍ ഈ നിലയ്ക്കാണ് മുന്നേറുകയെങ്കില്‍ യുഎസിലും യൂറോപ്യന്‍ യൂണിയന്‍ മേഖലയിലും കടുത്ത സാമ്പത്തിക മാന്ദ്യം തന്നെ ഉണ്ടായാലും അത്ഭുതപ്പെടേണ്ടതില്ല. ചെെനയുടെ കാര്യം ഇതിലേറെ മോശമാണ്. ഇത്തരമൊരു ആഗോള സാമ്പത്തിക പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ വികസന സാധ്യതകള്‍ വിലയിരുത്തപ്പെടേണ്ടത്. ആഗോളതലത്തില്‍ കേന്ദ്ര ബാങ്കുകള്‍ സ്വീകരിക്കുന്ന നടപടികള്‍ മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര സമ്പദ്‌വ്യവസ്ഥകളില്‍ സ്വാധീനം ചെയ്യാതിരിക്കില്ല.
ആഗോളതലത്തില്‍ രൂപപ്പെട്ടുവരുന്ന മൂന്ന് പ്രതിസന്ധികളാണ് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് അഭിമുഖീകരിക്കേണ്ടിവന്നിട്ടുള്ളത്. ഇതിലൊന്ന് ധനകാര്യ മേഖലയിലേതും രണ്ടാമത്തേത് സേവന ചരക്കുല്പാദന മേഖലയിലേതും മൂന്നാമത്തേത് വ്യാപാരമേഖലയിലേതുമാണ്. ഇതില്‍ത്തന്നെ ഒന്നും രണ്ടും പ്രതിസന്ധികളാണിപ്പോള്‍ മൂര്‍ധന്യാവസ്ഥയിലായിരിക്കുന്നത്. മൂലധന ബഹിര്‍ഗമന പ്രക്രിയ ഗുരുതര രൂപത്തിലെത്തിയതിനുശേഷം ഏറെക്കുറെ സ്ഥിരത കെെവരിച്ചിരിക്കുന്നതായി കാണുന്നു. അതുപോലെതന്നെ ഊര്‍ജ ഉല്പന്നങ്ങളുടെയും ലോഹങ്ങളുടെയും വിലവര്‍ധനവും ഒരുവിധം നിയന്ത്രണവിധേയമായിരിക്കുകയാണ്. അതേസമയം ഈ അനുകൂലസ്ഥിതി എത്രനാള്‍ തുടരുമെന്നതിന് യാതൊരുവിധ ഗ്യാരന്റിയും നല്കാനും സാധ്യമല്ല.


ഇതുകൂടി വായിക്കൂ: ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ – ഭാവി എന്ത് ?


ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം അടുത്ത ധനകാര്യ വര്‍ഷത്തിലും നിലവിലുള്ളതിലും ഗുരുതരാവസ്ഥയിലാകാന്‍ സാധ്യതയുള്ള പ്രതിസന്ധി വ്യാപാരമേഖലയുമായി ബന്ധപ്പെട്ടതാണ്. ചരക്കുകളുടെയും സേവനങ്ങളുടെയും വ്യാപാരം ഒരുപോലെ പ്രതിസന്ധി അഭിമുഖീകരിക്കേണ്ടിവരും. 2023ല്‍ ആഗോള വ്യാപാരത്തില്‍ വന്‍തോതിലുള്ള ഇടിവാണ് നേരിടേണ്ടിവരുക എന്ന് ലോകവ്യാപാരസംഘടനയും ഐഎംഎഫും തങ്ങള്‍ക്കുള്ള ഭയാശങ്കകള്‍ ഇതിനകം തന്നെ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കാര്യങ്ങള്‍ ഏതുവഴിക്കാണ് നീങ്ങുന്നതെന്ന് വ്യക്തമായി സൂചിപ്പിക്കുന്ന വിധമാണ് കയറ്റുമതി മേഖലയിലെ പ്രവണതകളെ അടിസ്ഥാനമാക്കി നമുക്ക് ഒക്ടോബര്‍ മാസത്തില്‍ത്തന്നെ വായിച്ചെടുക്കാന്‍ കഴിഞ്ഞിട്ടുള്ളത്. ലോകവ്യാപാര സംഘടനയുടെ കണ്ടെത്തലനുസരിച്ച് 2022 ഒക്ടോബറില്‍ ചരക്കു കയറ്റുമതി ഇടിവുമാത്രം 16.7 ശതമാനത്തോളമാണെന്നാണ്. സേവന മേഖലയിലേതാണെങ്കില്‍ മാറ്റമില്ലാതെ തുടരുകയുമാണ്. കറന്റ് അക്കൗണ്ട് കമ്മി (സിഎഡി)യാണെങ്കില്‍ ഇക്കാരണത്താല്‍ മയപ്പെടാനുള്ള സാധ്യത കാണുന്നുമില്ല. നിലവില്‍ ഇന്ത്യയുടെ സിഎഡിയാണെങ്കില്‍ ജിഡിപിയുടെ 4.4 ശതമാനവുമാണ്. 2022ല്‍ ഇത് 2.2 ശതമാനം മാത്രമായിരുന്നു (‘ബിസിനസ് സ്റ്റാന്‍ഡേര്‍ഡ്’, 2022 ഡിസംബര്‍ 30). അതുകൊണ്ടുതന്നെ രൂപയുടെ വിനിമയമൂല്യം തുടര്‍സമ്മര്‍ദ്ദങ്ങള്‍ക്ക് വിധേയമായിരിക്കുകയും ചെയ്യും. അതേ അവസരത്തില്‍ ആര്‍ബിഐക്ക് മുന്‍പെന്നപോലെ രൂപയുടെ മൂല്യശോഷണം തടയാന്‍ വിദേശ വിനിമയ ശേഖരം വിപണിയിലിറക്കാനുള്ള സാധ്യതകളും കുറവായിരിക്കും. കാരണം വിദേശ വിനിമയ ശേഖരത്തില്‍ 2022–23 ധനകാര്യ വര്‍ഷത്തില്‍ 2022 ഡിസംബര്‍ 16ന് അവസാനിക്കുന്ന വാരത്തില്‍ 571 മില്യന്‍ ഡോളര്‍ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്നതുതന്നെ. ഈ പ്രവണത തുടരുമോ ഇല്ലയോ എന്ന് ഉറപ്പാക്കാനും വയ്യ (‘ബിസിനസ് സ്റ്റന്‍ഡേര്‍ഡ്’ 2022 ഡിസംബര്‍ 24);
‍ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം, ആഭ്യന്തര ധനകാര്യ സ്ഥിരത ഇന്നത്തെ സാഹചര്യത്തില്‍ ഒരുവിധം നിയന്ത്രണവിധേയം തന്നെയാണ്.

കോവിഡിന്റെ പുതിയ തരംഗം ഏതുവിധേന രൂപപ്പെടുമെന്നതിലാണ് ആശങ്കയുള്ളത്. ബാങ്കിങ് ധനകാര്യ മേഖല ഒരളവോളം ശക്തമായ നിലയിലാണ്. ഇപ്പോള്‍ പ്രവര്‍ത്തനം നടത്തിവരുന്നതും. എന്നാല്‍, എക്സ്ട്ര ടെറിറ്റോറിയല്‍ അതായത് അതിര്‍ത്തിക്കപ്പുറമുള്ള ശക്തികളുടെ സമ്മര്‍ദ്ദം ആഭ്യന്തര സ്ഥിരതയെ പ്രതികൂലമായി ബാധിക്കാനും സാധ്യത ഏറെയാണ്. ബാങ്കുകളുടെ അറ്റകിട്ടാക്കട ബാധ്യത പിന്നിട്ട 10 വര്‍ഷക്കാലയളവില്‍ ഏറ്റവും താണ നിലവാരത്തിലാണെന്ന് ആര്‍ബിഐയുടെ ധനകാര്യ സ്ഥിരതാ റിപ്പോര്‍ട്ട് അവകാശപ്പെടുന്നുണ്ടെങ്കിലും അതായത് 2022 സെപ്റ്റംബറില്‍ 1.3 ശതമാനം എന്നത് ഈ നിരക്കിലെത്തുന്നതിന് എത്ര ലക്ഷം (കോടി) രൂപയാണ് എഴുതിത്തള്ളിയത് എന്നത് കൂടി കണക്കാക്കിയാല്‍ എത്രമാത്രം യാഥാര്‍ത്ഥ്യമാണ് പ്രതിഫലിപ്പിക്കുന്നതെന്ന് ഉറപ്പാക്കുക പ്രയാസമാണ്. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ ഇപ്പോള്‍ പ്രവര്‍ത്തനം നടത്തിവരുന്ന സംരംഭങ്ങള്‍ പ്രതിസന്ധികള്‍ക്കെതിരെ ശക്തമായ പ്രതിരോധമുയര്‍ത്തുന്നതില്‍ വന്‍വിജയമാണെന്നാണ് ഔദ്യോഗിക അവകാശവാദം. ആഭ്യന്തര ഡിമാന്‍ഡും ശക്തമായിത്തന്നെ തുടരുകയാണ്. ലോക്ഡൗണ്‍ കാലഘട്ടത്തിലെ തളര്‍ച്ചയില്‍ നിന്നും ഉണര്‍വുണ്ടായതിന്റെ പ്രതിഫലനം കൂടിയാണ് ഈ ഡിമാന്‍ഡ് എന്നതും ശ്രദ്ധേയമാണ്. ഇത് ശാശ്വത സ്വഭാവത്തോടെയുള്ളതാണെന്നു കരുതാനും സാധ്യമല്ല.


ഇതുകൂടി വായിക്കൂ: ആരോഗ്യം ക്ഷയിച്ച് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ


സമ്പദ്‌വ്യവസ്ഥയുടെ ആരോഗ്യസ്ഥിതിയില്‍ ഊറ്റംകൊള്ളുന്നവര്‍ ഓര്‍ത്തിരിക്കേണ്ട ഒന്നുരണ്ട് വസ്തുതകളുണ്ട്. ഇതിലൊന്നാണ് ഭക്ഷ്യ‑ഊര്‍ജ ഉല്പന്നങ്ങളുടെ വിലവര്‍ധന. രണ്ടാമത്തേത് വികസ്വരരാജ്യങ്ങള്‍ പൊതുവില്‍ അഭിമുഖീകരിക്കുന്ന വര്‍ധിച്ചുവരുന്ന കടബാധ്യതകളാണ്. ഇത്തരം പ്രശ്നങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കാന്‍ ഇടയാക്കുന്ന ദിശയിലേക്കാണ് റഷ്യയുടെ ഉക്രെയ്ന്‍ ആക്രമണം. മിസെെല്‍ പ്ര യോഗം വരെ എത്തിയിരിക്കുന്ന അന്തരീക്ഷം ഉടലെടുത്തിരിക്കുന്നതെന്നതും നാം അവഗണിക്കരുത്.

ആഭ്യന്തര ധനകാര്യ സ്ഥിരത നിലവിലുണ്ടെന്നതിന്റെ മാത്രം അടിസ്ഥാനത്തില്‍ സമ്പദ്‌വ്യവസ്ഥയുടെ ഭാവി വികസന സാധ്യതകളെല്ലാം സുരക്ഷിതമാണെന്ന നിഗമനത്തിലെത്താന്‍ ആര്‍ബിഐ ഗവര്‍ണര്‍ ശക്തകാന്ത് ദാസിന് എങ്ങനെ കഴിയുന്നു എന്നതാണ് അത്ഭുതകരമായി തോന്നുന്നത്. ആഗോളീകരണം സമസ്ത മേഖലകളെയും ബാധിച്ചിരിക്കുന്നൊരു സാഹചര്യം നിലവിലിരിക്കെ ഇന്ത്യന്‍ ക്രെഡിറ്റ് റേറ്റിങ് ഏജന്‍സി (ഇക്രിയുടെ മുഖ്യസാമ്പത്തികോപദേഷ്ടാവ് അദിഥി നായര്‍ ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി അതിന്റെ പരമാവധി ലിമിറ്റിനും അപ്പുറമായിട്ടുണ്ടെന്ന ശ്രദ്ധേയമായ മുന്നറിയിപ്പും നല്കുന്നുണ്ട് (ബിസിനസ് സ്റ്റാന്‍ഡേര്‍ഡ്’ 2022 ഡിസംബര്‍ 30) ഇതിനോടൊപ്പമോ ഇതിലേറെ പ്രാധാന്യത്തോടെയും ഗൗരവത്തോടെയും നിരീക്ഷിക്കേണ്ടൊരു പ്രശ്നമാണ്. യുവജനങ്ങള്‍ക്കിടയില്‍ തൊഴിലില്ലായ്മ ഒരു ‘അഖിലീസ് ഹീല്‍’ കണക്കെ നമ്മെ അഭിമുഖീകരിക്കുന്നത്. സാമ്പത്തികനയ രൂപീകരണ മേഖലയുമായി ബന്ധപ്പെട്ടവരെ സമ്മര്‍ദ്ദത്തിലാക്കുമെന്ന് ഉറപ്പുള്ളതാണ് 15–29ഏജ് ഗ്രൂപ്പില്‍പ്പെടുന്ന വിഭാഗം നേരിടുന്ന തൊഴിലില്ലായ്മ. മാത്രമല്ല, ഏറ്റവുമൊടുവില്‍ കിട്ടുന്ന വിവരമനുസരിച്ച് ഇന്ത്യന്‍ ജനസംഖ്യയുടെ 50 ശതമാനത്തോളം യുവജനങ്ങളാണെന്ന വസ്തുത കൂടിയാണ് വിഷയത്തില്‍ ഗൗരവം വര്‍ധിപ്പിക്കുന്നത്.


ഇതുകൂടി വായിക്കൂ: ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ വികസന വൈരുധ്യങ്ങളുടെ ഉറവിടമോ?


യുവാക്കള്‍ക്കിടയില്‍ പെരുകിവരുന്ന തൊഴിലില്ലായ്മാ പ്രശ്നത്തിന് പുറമെ, 2022–23 ധനകാര്യ വര്‍ഷത്തില്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ കാര്‍മേഘങ്ങള്‍ സൃഷ്ടിച്ച ഘടകങ്ങള്‍ വേറെയുമുണ്ട്. കുതിച്ചുയരുന്ന മഞ്ഞ ലോഹത്തിന്റെ വിലക്കയറ്റം ഒരു വശത്തും മൂല്യം തകര്‍ന്നടിയുന്ന ഇന്ത്യന്‍ കറന്‍സിയായ രൂപ മറുവശത്തും നാണക്കേടുണ്ടാക്കിയപ്പോള്‍ ഒരുവിധം തകര്‍ച്ചയില്‍ വീഴാതെ പിടിച്ചുനിന്നത് ഇന്ത്യന്‍ ഓഹരിവിപണി മാത്രമാണ്. ഇതോടൊപ്പം സ്വര്‍ണവിപണിയും കൂടുതല്‍ ശക്തിപ്രാപിച്ചിട്ടുണ്ട്.

ആഗോള കോര്‍പറേറ്റ് സമ്പദ്‌വ്യവസ്ഥയില്‍ വന്ന മാറ്റങ്ങളുടെ ഭാഗമായി ഇന്ത്യന്‍ കോര്‍പറേറ്റ് മേഖലയിലും അതിന്റെ പ്രതിഫലനം കാണാനിടയായി. ഫോര്‍ബ്സിന്റെ ശതകോടീശ്വരന്മാരെ സംബന്ധിക്കുന്ന കണക്കെടുപ്പിന്റെ ഭാഗമായി പുറത്തുവന്ന പട്ടികയില്‍ ബെര്‍നാര്‍ഡ് അര്‍നോള്‍ട്ട് ഇലോണ്‍ മസ്കിനെ ഒന്നാം സ്ഥാനത്തുനിന്നും താഴെയിറക്കി തല്‍സ്ഥാനത്തെത്തിയപ്പോള്‍ ഇന്ത്യന്‍ വ്യവസായിക്കും മോഡി സര്‍ക്കാരിനോട് ഒട്ടിനില്ക്കുന്ന കോര്‍പറേറ്റുമായ ഗൗതം അഡാനി മൂന്നാം സ്ഥാനത്തെത്തിയതും 2022ല്‍ ആയിരുന്നു. ലോക മുതലാളിത്തത്തിന്റെ ആധിപത്യം ഇന്നും നിലനിര്‍ത്തിവരുന്ന അമേരിക്കയില്‍ സമ്പന്നരുടെയും അതിസമ്പന്നരുടെയും പട്ടികയിലും മാറ്റങ്ങള്‍ ഉണ്ടാവാതിരുന്നില്ല. ഈ പട്ടികയിലെ ആദ്യത്തെ പത്ത് പേരില്‍ നിന്നും മാര്‍ക്ക് സുക്കര്‍ബര്‍ഗ് പുറത്താക്കപ്പെടുകയും അതോടെ മെറ്റ ഓഹരികള്‍ ആദ്യഘട്ടത്തില്‍ നേരിട്ട മൂല്യത്തകര്‍ച്ച കൂടുതല്‍ ഗുരുതരാവസ്ഥയിലെത്തുകയും ചെയ്തു.

ചുരുക്കത്തില്‍ ഒരു കാര്യം ഇതിനോടകം വ്യക്തമായിരിക്കുന്നു. കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക വളര്‍ച്ചാ സംബന്ധമായ കണക്കുകളും അവകാശവാദങ്ങളും പൊള്ളയാണെന്ന് പണപ്പെരുപ്പ നിരക്കും തൊഴിലില്ലായ്മാ നിരക്കിലെ കുതിപ്പും വിദേശ വിനിമയ നിരക്കിലെ അധോഗതിയും വര്‍ധിച്ചതോതിലുള്ള കറന്റ് അക്കൗണ്ടുകള്‍ക്ക് പുറമെ, ആഭ്യന്തര ധനകാര്യ കമ്മിയിലെ ഉയര്‍ച്ചയും ഏറ്റവുമൊടുവില്‍ ലഭ്യമാകുന്ന കണക്കുകള്‍ (‘ദി ഹിന്ദു’ 2022 ഡിസംബര്‍ 31) നമ്മെ ബോധ്യപ്പെടുത്തേണ്ടതാണ്. കോവിഡിനെത്തുടര്‍ന്നുണ്ടായ വികസനപ്രതിസന്ധികളും ആഗോള സാമ്പത്തിക മാന്ദ്യവും അനുദിനം ഗുരുതരമായി വരുന്ന റഷ്യ‑ഉക്രെയ്ന്‍ സെെനിക ഏറ്റുമുട്ടലുകളും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചാ പ്രതീക്ഷകളെ തകര്‍ത്തെറിയുന്നതില്‍ സാരമായ പങ്കാണ് വഹിച്ചിട്ടുള്ളതെന്ന സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തലും അര്‍ഹിക്കുന്ന ഗൗരവത്തോടെ കാണേണ്ടതാണ്. അതേ അവസരത്തില്‍ ഇതിന്റെ മറവില്‍ സാമ്പത്തിക വികസന മേഖലയില്‍ മോഡി സര്‍ക്കാരിന് ഏറ്റുവാങ്ങേണ്ടിവന്നിട്ടുള്ള തിരിച്ചടികള്‍ക്കുള്ള നീതീകരണമാകുന്നത് അനുവദിക്കാനാവില്ല.

ആഗോള സമ്പദ്‌വ്യവസ്ഥയില്‍ ഉരുണ്ടുകൂടുന്ന കാര്‍മേഘങ്ങള്‍ ഇന്ത്യന്‍ അന്തരീക്ഷത്തേയും ഇരുട്ടിലാക്കാതിരിക്കാനാവശ്യമായ സത്വര നടപടികള്‍ സ്വീകരിക്കാന്‍ മോഡി സര്‍ക്കാര്‍ സന്നദ്ധമാവുകതന്നെ വേണം. കേരള സംസ്ഥാന ഭരണകൂടവും സ്ഥിതിഗതികള്‍ പിടിവിട്ടുപോകാതിരിക്കാന്‍ മുന്‍കരുതലെടുക്കേണ്ടതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.