1 May 2024, Wednesday

Related news

April 3, 2024
April 1, 2024
January 25, 2024
January 5, 2024
January 1, 2024
November 24, 2023
November 13, 2023
October 4, 2023
February 15, 2023
January 11, 2023

സാമ്പത്തികരംഗത്ത് ഇന്ന് മുതല്‍ നിരവധി മാറ്റങ്ങള്‍

Janayugom Webdesk
ന്യൂഡല്‍ഹി
April 1, 2024 9:36 am

പുതിയ സാമ്പത്തിക വർഷത്തില്‍ സാമ്പത്തിക രംഗത്ത് നിരവധി പരിഷ്കാരങ്ങള്‍ ഇന്ന് മുതല്‍ പ്രാബല്യത്തിൽ വരും. നികുതി ഘടന, ക്രെഡിറ്റ് കാർഡ്, ‍ ‍ഡെബിറ്റ് കാര്‍ഡ്, ഫാസ് ടാഗ്, ബാങ്കിങ്, നിക്ഷേപ ചട്ടങ്ങളിലെ നിരവധി മാറ്റങ്ങൾ ഇവയില്‍ ഉള്‍പ്പെടുന്നു.
ആദായനികുതിയുമായി ബന്ധപ്പെട്ട് കേന്ദ്ര ബജറ്റ് മുന്നോട്ടുവച്ച നിർദേശങ്ങള്‍ ഇന്ന് മുതല്‍ നിലവില്‍ വരും. ഇതനുസരിച്ച് പുതിയ നികുതി ഘടന സ്വാഭാവിക രീതിയായി നടപ്പിലാക്കും. വ്യക്തികൾ പഴയ നികുതി ഘടന തിരഞ്ഞെടുക്കുന്നില്ലെങ്കില്‍ പുതിയ നികുതി ഘടനയായിരിക്കും ബാധകമാവുക. ഇടക്കാല ബജറ്റിൽ നികുതി ഘടന സംബന്ധിച്ച് മാറ്റങ്ങളൊന്നും പ്രഖ്യാപിച്ചിരുന്നില്ല. 

എൻപിഎസ് അക്കൗണ്ടുകൾക്ക് ഇരട്ട സുരക്ഷയുമായി പുതിയ ലോഗിൻ സംവിധാനം നിലവില്‍ വരും. യൂസർ ഐഡി-പാസ്‌വേഡ് അധിഷ്‌ഠിത ലോഗിൻ പ്രക്രിയയുമായി ആധാർ സംയോജിപ്പിക്കും. എൻപിഎസ് ചട്ടക്കൂടിനുള്ളിലെ സുരക്ഷാ ഭീഷണികൾ പരിഹരിക്കാനാണ് പുതിയ ലോഗിൻ പ്രക്രിയ ശ്രമിക്കുന്നതെന്ന് പെൻഷൻ ഫണ്ട് റെഗുലേറ്ററി ആന്റ് ഡെവലപ്‌മെന്റ് അതോറിറ്റി (പിഎഫ്ആർഡിഎ) സര്‍ക്കുലറില്‍ പറയുന്നു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ചില ഡെബിറ്റ് കാർഡുകളുമായി ബന്ധപ്പെട്ട വാർഷിക ചാർജുകളിൽ 75 രൂപ വർധന പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ 125 രൂപയായിരുന്നത് ഇനി 200 രൂപയാകും. എസ്ബിഐ കാർഡ് റിവാർഡ് പോയിന്റ് നയങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്. ചില ക്രെഡിറ്റ് കാർഡുകൾക്ക് വാടക പേയ്‌മെന്റുകളിലെ റിവാർഡ് പോയിന്റുകൾ നിർത്തലാക്കും. ഓറും, എസ്ബിഐ കാർഡ് എലൈറ്റ്, സിംപ്ലി ക്ലിക്ക് എസ്ബിഐ കാർഡ് എന്നിവയിലെ റിവാർഡ് പോയിന്റുകളാണ് നിർത്തലാക്കുക. 

ഐസിഐസിഐ ബാങ്ക് കോംപ്ലിമെന്ററി എയർപോർട്ട് ലോഞ്ച് പ്രവേശനത്തിനുള്ള മാനദണ്ഡങ്ങളും പരിഷ്കരിച്ചു. യെസ് ബാങ്കും ലോഞ്ച് പ്രവേശന ആനുകൂല്യങ്ങൾ പുനഃക്രമീകരിച്ചു. ആക്സിസ് ബാങ്ക് മാഗ്നസ് ക്രെഡിറ്റ് കാർഡ് നിരവധി ആനുകൂല്യങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ട്.
മ്യൂച്വൽ ഫണ്ടുകളില്‍ കെവൈസി പുതുക്കാത്ത നിക്ഷേപകരെ ഇടപാടുകളൊന്നും ചെയ്യാൻ അനുവദിക്കില്ല. വിദേശ ഇടിഎഫുകളിലെ പുതിയ നിക്ഷേപം തടഞ്ഞുകൊണ്ടുള്ള സെക്യൂരിറ്റീസ് ആന്റ് എക്സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി)യുടെ നിര്‍ദേശവും ഇന്ന് മുതല്‍ പ്രാബല്യത്തിലാകും. പുതുക്കിയ കെവൈസി വിവരങ്ങൾ ഇല്ലാത്ത ഫാസ്‌ടാഗുകൾ നിർജീവമാകും. ബാലൻസ് ഉണ്ടെങ്കിൽപ്പോലും ഇടപാടുകള്‍ നടക്കില്ല,
ഇൻഷുറൻസ് പോളിസികളുടെ നിർബന്ധിത ഡിജിറ്റലൈസേഷൻ നടപ്പിലാക്കും. ലൈഫ്, ഹെൽത്ത്, ജനറൽ ഇൻഷുറൻസ് ഉൾപ്പെടെ വിവിധ വിഭാഗങ്ങളിലുള്ള എല്ലാ ഇൻഷുറൻസ് പോളിസികളും ഇലക്ട്രോണിക് ആയി നൽകും. 

ഇന്‍ഷുറന്‍സ് പോളിസി സറണ്ടർ മൂല്യം സംബന്ധിച്ച നിയമങ്ങളിലും മാറ്റമുണ്ട്. പോളിസി കാലാവധിയെത്തും മുമ്പേ അവസാനിപ്പിക്കുമ്പോൾ ലഭിക്കുന്ന തുകയാണ് സറണ്ടർ മൂല്യം. മൂന്ന് വർഷത്തിനുള്ളിൽ പോളിസികൾ സറണ്ടർ ചെയ്താൽ സറണ്ടർ മൂല്യം കുറയും. നാലാം വര്‍ഷത്തിലും ഏഴാം വര്‍ഷത്തിലും സറണ്ടര്‍ ചെയ്താല്‍ മൂല്യം അല്പം ഉയരുമെന്നും പുതിയ ചട്ടങ്ങളിലുണ്ട്.

Eng­lish Sum­ma­ry: Many changes in the finan­cial sec­tor from today

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.