23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

December 8, 2023
August 23, 2023
March 30, 2023
January 18, 2023
June 12, 2022
April 5, 2022
March 27, 2022
March 23, 2022
March 22, 2022
March 15, 2022

പ്രാഥമിക വിദ്യാഭ്യാസ മികവിന്റെ പട്ടികയിൽ കേരളം ബഹുദൂരം മുന്നില്‍

ഷാജി ഇടപ്പള്ളി
കൊച്ചി
January 18, 2023 10:27 pm

പ്രാഥമിക വിദ്യാഭ്യാസത്തിൽ രാജ്യത്തെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് മികവിന്റെ പട്ടികയിൽ കേരളം മുന്നിൽ. ഏറ്റവും വലിയ ജനപങ്കാളിത്തത്തോടെ രാജ്യവ്യാപകമായി പ്രഥം എഡ്യൂക്കേഷൻ ഫൗണ്ടേഷൻ നടത്തിയ ഗ്രാമീണ സർവേയായ ആനുവൽ സ്റ്റാറ്റസ് ഓഫ് എഡ്യൂക്കേഷൻ റിപ്പോർട്ട് (എഎസ്ഇആർ) 2022 ലാണ് ഇത്തരത്തിൽ വെളിപ്പെടുത്തൽ. 2018ലാണ് ഇതിനു മുമ്പുള്ള പ്രഥം റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നത്. ജില്ലാതലത്തിൽ സ്കൂളുകളിലെ പഠനനിലവാരവും അടിസ്ഥാന സൗകര്യങ്ങളും വിലയിരുത്തി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം തയ്യാറാക്കിയ സ്കൂൾ വിദ്യാഭ്യാസ പ്രകടന സൂചികയിൽ (പെർഫോമൻസ് ഗ്രേഡ് ഇൻഡക്സ്) കഴിഞ്ഞ തവണയും കേരളം മുൻപന്തിയിൽ തന്നെയായിരുന്നു. ദേശീയ ശരാശരിയേക്കാൾ പഠന കാര്യത്തിലും അടിസ്ഥാന സൗകര്യ വികസനത്തിലും പൊതുവിദ്യാലയത്തിലെ കുട്ടികളുടെ പ്രവേശനത്തിലും ഉൾപ്പെടെ വളരെ മുന്നിലാണ് കേരളമെന്ന് റിപ്പോർട്ട് ചൂണ്ടികാട്ടുന്നു.

ഗ്രാമീണ മേഖലയിലെ 616 ജില്ലകളിലും മൊത്തം 19,060 ഗ്രാമങ്ങളിലെ മൂന്ന് മുതൽ 16 വയസ്സുവരെയുള്ള കുട്ടികളുള്ള 3,74,544 വീടുകളിലും 6,99,597 കുട്ടികളിലുമായി 2022 സെപ്റ്റംബർ മുതൽ നവംബർ വരെയുള്ള കാലയളവിൽ നടത്തിയ സർവേയുടെ റിപ്പോർട്ടാണ് ഇന്നലെ പ്രഥം പ്രസിദ്ധപ്പെടുത്തിയത്. കേരളത്തിൽ 412 സ്കൂളുകളിലും 8,392 വീടുകളിലും 13,377 കുട്ടികളിലും പഠനം നടത്തി. 9,577 പ്രൈമറി സ്കൂളുകളിലും 7,425 അപ്പർ പ്രൈമറി സ്കൂളുകളിലും സർവെയർമാർ സന്ദർശിക്കുകയും ചെയ്തു. സ്കൂളുകളിൽ പ്രവേശനം നേടുന്ന കുട്ടികളുടെ ശതമാനം 2018 ൽ 97.2 ൽ നിന്നും 2022 ൽ 98.4 ആയി. സർക്കാർ സ്കൂളുകളിൽ ചേരുന്നവരുടെ അനുപാതം 2018 ൽ 65.6 ആയിരുന്നത് 2022 ൽ 72.9 ആയി കുത്തനെ വർധിച്ചു.

അങ്കണവാടികളിൽ മൂന്ന് വയസ്സുള്ള കുട്ടികളിൽ 66.8 ശതമാനം പ്രവേശനം നേടി. ഇതര സംസ്ഥാനങ്ങളിൽ സ്വകാര്യ ട്യൂഷൻ സെന്ററുകളിൽ പോകുന്നവരുടെ നിരക്ക് എട്ടു ശതമാനം കൂടിയപ്പോൾ കേരളത്തിൽ പണമടച്ച് ട്യൂഷന് പോകുന്ന കുട്ടികളുടെ എണ്ണം 21.6 ശതമാനമായി കുറഞ്ഞു. കേരളത്തിൽ സർക്കാർ സ്കൂളുകളിൽ കുട്ടികൾക്കായി ഉപയോഗിക്കാവുന്ന കമ്പ്യൂട്ടറുകൾ 73 ശതമാനമുണ്ട്. ദേശീയതലത്തിൽ ഇത് 22.8 ശതമാനം മാത്രമാണ്. ടോയ്‌ലെറ്റ് സൗകര്യവും നൂറുശതമാനമുണ്ട്. പാഠപുസ്തകങ്ങളും കൃത്യമായി കുട്ടികൾക്ക് കേരളത്തിൽ ലഭ്യമാക്കിയെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നുണ്ട്.

ദേശീയതലത്തില്‍ കുട്ടികളുടെ വായനാശേഷി കുറഞ്ഞു

ദേശീയ തലത്തിൽ കുട്ടികളുടെ അടിസ്ഥാന വായനയും ഗണിതവും വിലയിരുത്തിയതിൽ വായനാശേഷി 2012 ന് മുൻപുള്ള നിലയിലേക്ക് താഴ്ന്നു. കോവിഡ് മഹാമാരി മൂലമുള്ള അടച്ചിടലും ഓൺലൈൻ പഠനവും ഒരു കാരണമായി വ്യാഖ്യാനിക്കാമെങ്കിലും ഇത് ഗൗരവമായി കാണണമെന്നാണ് പഠന റിപ്പോർട്ട് വെളിപ്പെടുത്തുന്നതെന്ന് കേരളത്തിൽ പഠനത്തിന് നേതൃത്വം നൽകിയ വിട്ടിൽ നിക്സൺ പറഞ്ഞു. മൂന്നാം ക്ലാസ് വിദ്യാർത്ഥികളുടെ വായനാനിലവാരം 2018 ൽ 27.3 ശതമാനം ആയിരുന്നത് 2022 ൽ 20. 5 ശതമാനമായി. അഞ്ചിലും എട്ടിലും പഠിക്കുന്ന കുട്ടികളിലും ഇടിവ് ദൃശ്യമാണ്. മൂന്ന്, അഞ്ച് ക്ലാസ്സുകളിലെ പ്രവണതകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് കുറവാണെന്നും അദ്ദേഹം വ്യക്തമാക്കി.

Eng­lish Sum­ma­ry: Ker­ala tops the list of excel­lence in pri­ma­ry education
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.