December 3, 2023 Sunday

Related news

December 2, 2023
November 27, 2023
November 20, 2023
November 20, 2023
November 15, 2023
November 15, 2023
November 13, 2023
November 10, 2023
November 10, 2023
November 8, 2023

അറിവിനോട് കേരളം പറയുന്നു ‘യെസ്’

വി ശിവൻകുട്ടി
പൊതുവിദ്യാഭ്യാസ, തൊഴില്‍ മന്ത്രി
August 23, 2023 4:00 am

കേരളത്തിലെ സ്കൂളുകളിൽ ഒന്നു മുതൽ പത്താംതരം വരെ എസ്‌സിഇആർടി തയ്യാറാക്കുന്ന പാഠപുസ്തകങ്ങളാണ് പൂർണമായും ഉപയോഗിക്കുന്നത്. ഈ പാഠപുസ്തകങ്ങൾ പരിഷ്കരിക്കുന്ന പ്രവർത്തനങ്ങൾ നടന്നുവരികയാണ്. 10 വർഷത്തിനു ശേഷമാണ് സംസ്ഥാനത്തെ പാഠ്യപദ്ധതി പരിഷ്കരണ നടപടികൾ ആരംഭിച്ചിരിക്കുന്നത്. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലെ ആദ്യഘട്ട പാഠപുസ്തകങ്ങൾ അടുത്ത ജൂൺ മാസത്തോടെ വിദ്യാലയങ്ങളിൽ എത്തിക്കാന്‍ പ്രവർത്തനങ്ങൾ നടന്നുവരുന്നു. രണ്ട്, നാല്, ആറ്, എട്ട്, 10 ക്ലാസുകളിലെ പുതുക്കിയ പാഠപുസ്തകങ്ങൾ 2025 ജൂൺ മാസത്തോടെ വിദ്യാലയങ്ങളിൽ എത്തും. ദേശീയ തലത്തിൽ പുതിയ വിദ്യാഭ്യാസനയം 2020ന്റെ ചുവടുപിടിച്ചാണ് പരിഷ്കരണ പ്രവർത്തനങ്ങൾ നടന്നുവരുന്നതെങ്കിലും കേരളം തനതായ മാതൃകയിലാണ് പാഠ്യപദ്ധതി പരിഷ്കരണ നടപടികൾ നടപ്പിലാക്കുന്നത്.

അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സമൂഹത്തിൽ പാഠപുസ്തകങ്ങൾ അറിവിന്റെ വിനിമയ മാധ്യമങ്ങളിൽ വളരെ പ്രധാനപ്പെട്ടതാണ്. രാജ്യത്തിന്റെ ഭരണഘടനാ ലക്ഷ്യങ്ങളും ജനതയുടെ സംസ്കാരവും രാഷ്ട്രീയവും സാഹിത്യവും ഒക്കെ പ്രതിഫലിക്കുന്നതുകൂടി ആയതിനാൽ, അത് രാഷ്ട്രത്തെ സംബന്ധിക്കുന്ന രാഷ്ട്രീയനയരേഖ കൂടിയാണ്. അതിനാൽത്തന്നെ പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി വിപുലമായ ജനകീയ ചർച്ചകളും വിദ്യാർത്ഥിതല ചർച്ചകളും സംഘടിപ്പിച്ച് ലോകത്തിനു മുന്നിൽ കേരളം ജനാധിപത്യ മാതൃക കാട്ടിക്കൊടുത്തു.

ഇവിടെ പാഠ്യപദ്ധതി ചർച്ചകൾ നടക്കുന്ന സമയത്തുതന്നെയാണ് ദേശീയതലത്തിൽ എൻസിഇആർടി അവരുടെ പാഠപുസ്തകങ്ങളിൽ വ്യാപകമായ വെട്ടിമാറ്റലുകൾ നടത്തിയത്. ആറ് മുതൽ 12 വരെയുള്ള ക്ലാസുകളിലെ പാഠഭാഗങ്ങളാണ് വിവിധ കാരണങ്ങൾ പറഞ്ഞ് വെട്ടിക്കുറച്ചത്. ‘കോവിഡിന്റെ ഭാഗമായി കുട്ടികളുടെ പഠനഭാരം കുറയ്ക്കുക, ആവർത്തന സ്വഭാവമുള്ള പാഠങ്ങൾ മാറ്റുക, പ്രയാസമേറിയ പാഠഭാഗങ്ങൾ മാറ്റുക, കാലത്തിന് അനുയോജ്യമല്ലാത്തവ മാറ്റുക’

എന്നീ കാരണങ്ങളാണ് അവർ ഇതിന് പറഞ്ഞത്. ആറ് മുതൽ 10 വരെയുള്ള ക്ലാസുകളിലെ പാഠപുസ്തകങ്ങളിൽ നിന്നാണ് പരിണാമസിദ്ധാന്തവും പീരിയോഡിക് ടേബിളും ഒഴിവാക്കിയത്. ഇത് നമ്മെ ബാധിക്കാത്തത് ഈ ക്ലാസുകളിൽ കേരളം നമ്മുടെ പാഠപുസ്തകങ്ങളാണ് പഠിപ്പിക്കുന്നത് എന്നതുകൊണ്ടാണ്.

11,12 ക്ലാസുകളിൽ 12 വിഷയങ്ങളിലായി എൻസിഇആർടിയുടെ 44 പാഠപുസ്തകങ്ങൾ കേരളം പഠിപ്പിക്കുന്നുണ്ട്. അതിൽ സയൻസും സാമൂഹ്യശാസ്ത്രവിഷയങ്ങളും ഉൾപ്പെടും. ഈ വിഷയങ്ങളിലും എൻസിഇആർടി ഉള്ളടക്കത്തിൽ കാതലായ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. ഈ മാറ്റം സംസ്ഥാന കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി വസ്തുനിഷ്ഠമായി വിലയിരുത്തുകയും പല വിഷയങ്ങളിലും, പ്രത്യേകിച്ച് ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ്, സോഷ്യോളജി എന്നിവയിലെ ഉള്ളടക്കമാറ്റം യുക്തിപൂർവമല്ലെന്ന അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തു. എല്ലാ വിദ്യാർത്ഥികളും നിർബന്ധമായും മനസിലാക്കേണ്ട പല വസ്തുതകളും ചരിത്രപരമായ യാഥാർത്ഥ്യങ്ങളും സംഭവങ്ങളും ഒഴിവാക്കപ്പെടുന്നു എന്നത് പുരോഗമനപരമായി ചിന്തിക്കുന്ന സമൂഹത്തിന് അംഗീകരിക്കാൻ കഴിയുന്നതല്ല.

ഭരണഘടനാപരമായ മൂല്യങ്ങൾ, ഇന്ത്യയുടെ ചരിത്രവസ്തുതകൾ, രാജ്യം ഇപ്പോൾ നേരിടുന്ന വെല്ലുവിളികൾ ഒക്കെയാണ് ഒഴിവാക്കിയ പാഠഭാഗങ്ങളിലേറെയും. സംസ്ഥാന കരിക്കുലം കമ്മിറ്റിയുടെ തീരുമാനപ്രകാരം ഈ പാഠഭാഗങ്ങൾ കുട്ടികളെ പഠിപ്പിക്കാനും മൂല്യനിർണയത്തിന്റെ ഭാഗമായി ഉൾപ്പെടുത്താനും തീരുമാനിച്ചു. ഇതിന്റെ ഭാഗമായി നാല് വിഷയങ്ങളിൽ അനുബന്ധ പാഠപുസ്തകങ്ങൾ തയ്യാറാക്കി. ചരിത്രം, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ്, സോഷ്യോളജി എന്നീ വിഷയങ്ങളിലാണ് പ്രത്യേക പുസ്തകങ്ങൾ പുറത്തിറക്കുന്നത്.

രാജ്യത്തെ വിദ്യാഭ്യാസ മേഖലയിൽ രൂപപ്പെട്ട ഈ സവിശേഷ സാഹചര്യത്തോട് കേരളം അക്കാദമികമായി പ്രതികരിക്കുവാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാനം തയ്യാറാക്കിയ അനുബന്ധ പാഠപുസ്തകങ്ങളുടെ പ്രകാശനം ഇന്ന് വൈകുന്നേരം നാല് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ, തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ നിര്‍വഹിക്കും. പൊതുവിദ്യാഭ്യാസ മന്ത്രി അധ്യക്ഷനാവും. മന്ത്രിമാർ, ജനപ്രതിനിധികൾ, വിദ്യാഭ്യാസ മേഖലയിലെ പ്രമുഖർ തുടങ്ങിയവർ ചടങ്ങിന്റെ ഭാഗമാകും. കുട്ടികൾ അറിവ് നേടട്ടെ. അറിവിനോട് കേരളം ‘നോ’ പറയില്ല, കേരളം പറയുന്നു ‘യെസ്’.

 

Eng­lish Sam­mury: Arti­cle by Pub­lic Edu­ca­tion Min­is­ter V Sivankutty

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.