24 December 2025, Wednesday

Related news

December 23, 2025
December 22, 2025
December 21, 2025
December 20, 2025
December 18, 2025
December 18, 2025
December 17, 2025
December 16, 2025
December 16, 2025
December 15, 2025

കേന്ദ്രത്തിനെതിരെ നിലപാട് കടുപ്പിച്ച് സുപ്രീം കോടതി കൊളീജിയം

Janayugom Webdesk
ന്യൂഡല്‍ഹി
January 19, 2023 11:42 pm

സുപ്രീംകോടതി ജസ്റ്റിസുമാരുടെ നിയമനത്തിൽ നിലപാട് കടുപ്പിച്ച് സുപ്രീംകോടതി കൊളീജിയം. അഭിഭാഷകരായ സൗരഭ് കിര്‍പാലിനെയും സോമശേഖരര്‍ സുന്ദരേശനെയും കല്‍ക്കട്ട ഹെെക്കോടതിയിലെ രണ്ട് അഭിഭാഷകരെയും ഹെെക്കോടതി ജഡ്ജിമാരായി ഉയര്‍ത്താനുള്ള മുന്‍ ശുപാര്‍ശകള്‍ കൊളീജിയം ആവര്‍ത്തിച്ചു. സൗരഭിനെ ഹെെക്കോടതി ജഡ്ജിയായി നിയമിക്കുന്നതിനുള്ള നിര്‍ദേശം അ‍ഞ്ച് വര്‍ഷത്തിലേറെയായി ആവര്‍ത്തിക്കുന്നുണ്ടെന്നും വേഗത്തില്‍ പരിഗണിക്കണമെന്നും ചീഫ് ജസ്റ്റിസ് ‍‍ഡി വെെ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ എസ് കെ കൗള്‍, കെ എം ജോസഫ് എന്നിവര്‍ ഒപ്പിട്ട കത്തില്‍ കൊളീജിയം ആവശ്യപ്പെട്ടു. അഭിഭാഷകരുടെ ലൈംഗിക ആഭിമുഖ്യമോ, നവമാധ്യമങ്ങളിലെ പ്രതികരണമോ ജഡ്ജി നിയമനത്തിന് മാനദണ്ഡമല്ലെന്ന് വ്യക്തമാക്കിയ കൊളീജിയം ഇക്കാരണങ്ങൾ കാട്ടി കേന്ദ്രം തിരിച്ചയച്ച പേരുകൾ വീണ്ടും ശുപാർശ ചെയ്തു.

സൗരഭ് സ്വവര്‍ഗാനുരാഗിയാണെന്നും അദ്ദേഹത്തിന്റെ പങ്കാളി സ്വിസ് പൗരനാണെന്നും ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ശുപാര്‍ശയെ എതിര്‍ത്തത്. എന്നാല്‍ ജ‍‍‍‍ഡ്ജി സ്ഥാനത്തേക്ക് നിയമിക്കപ്പെടാന്‍ സാധ്യതയുള്ള വ്യക്തിയെന്ന നിലയില്‍, തന്റെ സ്വത്വം മറച്ചുവച്ചിട്ടില്ലെന്നത് സൗരഭിന്റെ വിശ്വസ്തത ഉയര്‍ത്തുന്നുണ്ടെന്ന് കൊളീജിയം പറഞ്ഞു. രണ്ട് അഭിഭാഷകരുടെയും ശുപാര്‍ശ കേന്ദ്രം തള്ളാനുണ്ടായ കാരണം സുപ്രീം കോടതി പരസ്യപ്പെടുത്തിയിട്ടുണ്ട്. ഇതാദ്യമായാണ് കൊളീജിയവും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള ഔദ്യോഗിക കത്തിടപാട് പരസ്യപ്പെടുത്തുന്നത്. 2017 ഒക്ടോബറില്‍ ഡല്‍ഹി ഹെെക്കോടതിയുടെ കൊളീജിയം ഏകകണ്ഠമായി നല്‍കിയ ശുപാര്‍ശയും 2021 നവംബറില്‍ സുപ്രീം കോടതി കൊളീജിയം അംഗീകരിച്ചതുമായ സൗരഭിന്റെ ശുപാര്‍ശ പുനഃപരിശോധനയ്ക്കായി കഴിഞ്ഞ നവംബറില്‍ കേന്ദ്രം തിരിച്ചയയ്ക്കുകയായിരുന്നു. 2021 ഒക്ടോബറിലാണ് ബോംബെെ ഹെെക്കോടതി കൊളീജിയം സോമശേഖര്‍ സുന്ദരേശനെ സ്ഥാനക്കയറ്റത്തിനായി ശുപാര്‍ശ ചെയ്തത്.

തുടര്‍ന്ന് ഫെബ്രുവരിയില്‍ സുപ്രീം കോടതി കൊളീജിയവും പേര് ശുപാര്‍ശ ചെയ്തെങ്കിലും നവംബറില്‍ കേന്ദ്രം തിരിച്ചയച്ചു. കോടതിയുടെ പരിഗണനയിലുള്ള കാര്യങ്ങളില്‍ തന്റെ നിലപാട് സമൂഹമാധ്യമങ്ങളില്‍ പരസ്യപ്പെടുത്തിയിരുന്നു എന്നായിരുന്നു സോമശേഖറിന്റെ ശുപാര്‍ശ തള്ളാന്‍ സര്‍ക്കാര്‍ പറഞ്ഞ കാരണം. എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച നിലപാടുകളോ കാഴ്ചപ്പാടുകളോ അദ്ദേഹം പക്ഷപാതപരമാണെന്ന് അനുമാനിക്കാൻ ഒരു അടിത്തറയും നൽകുന്നില്ലെന്ന അഭിപ്രായത്തിലാണ് കൊളീജിയം ശുപാര്‍ശ ആവര്‍ത്തിച്ചത്. ഭരണഘടനയുടെ ആർട്ടിക്കിൾ 19(1)(എ) പ്രകാരം എല്ലാ പൗരന്മാർക്കും സംസാര സ്വാതന്ത്ര്യത്തിനും അഭിപ്രായപ്രകടനത്തിനും അവകാശമുണ്ടെന്നും കൊളീജിയം സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ചു.

ലെഫ്. ഗവര്‍ണര്‍മാര്‍ക്ക് കൂടുതല്‍ അധികാരം

ന്യൂഡല്‍ഹി: ഡല്‍ഹി ഉള്‍പ്പെടെയുള്ള ഏഴ് കേന്ദ്രഭരണപ്രദേശങ്ങളിലെ ലെഫ്റ്റനന്റ് ഗവര്‍ണര്‍മാരുടെയും അഡ്മിനിസ്ട്രേറ്റര്‍മാരുടെയും അധികാരപരിധി ഉയര്‍ത്തി വിജ്ഞാപനം. കേന്ദ്ര‑ഡല്‍ഹി സര്‍ക്കാരുകള്‍ തമ്മിലുള്ള അധികാര തര്‍ക്കം സംബന്ധിച്ച വിഷയങ്ങള്‍ നിലവില്‍ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയിലിരിക്കെയാണ് കൂടുതല്‍ അധികാരങ്ങള്‍ ചുമതലപ്പെടുത്തി രാഷ്ട്രപതി ദ്രൗപദി മുര്‍മു ഉത്തരവിറക്കിയത്. 2020ലെ ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍ കോഡ് ആന്റ് ഒക്യുപേഷണല്‍ സേഫ്റ്റി, ഹെല്‍ത്ത് വര്‍ക്കിങ് കണ്ടിഷന്‍സ് കോഡ് എന്നിവ പ്രകാരമാണ് പുതിയ അധികാരങ്ങള്‍ നല്‍കിയിരിക്കുന്നത്. ഡല്‍ഹിയെ കൂടാതെ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, ദാദ്ര നാഗര്‍ഹവേലി, ദാമന്‍ ദിയു, ചണ്ഡീഗഢ്, പുതിച്ചേരി, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ ലഫ്. ഗവര്‍ണര്‍മാര്‍ക്കും അഡ്മിനിസ്ട്രേറ്റര്‍മാര്‍ക്കും പുതിയ അധികാരം ലഭിക്കും.

Eng­lish Sum­ma­ry: Supreme Court Rec­om­mends 2 Lawyers Again
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.