19 December 2025, Friday

അറിയാതെ പോയ പ്രണയത്തിൻ കണ്ണുകൾക്ക്

സ്മിത സംഗീത്
January 28, 2023 9:11 pm

സ്മരണതൻ വ്രണിത തീരത്ത്
എന്നേ ത്യജിച്ചൊരു ചിത തുരന്ന്
മോഹത്തിൻ കനൽച്ചീളൊരുമാത്ര
പിന്നെയും എന്നിലേക്കാഴ്ന്നിറങ്ങി.

സ്വപ്നങ്ങൾ ചേക്കൊഴിഞ്ഞ മനസ്സ്
ഓർമ്മയെ വെന്തെരിച്ചതിൽ പിന്നെ
വർഷമെത്ര അടർന്നു വീണു!
പിൻവിളി തേടാത്ത
വിരസ വർഷങ്ങൾ! 

കാലത്തെ വിഭ്രമിപ്പിച്ചെന്നുള്ളിൽ
കെടാതെരിഞ്ഞൊരാ കനലിനിന്ന്
അഗ്നിനാളത്തേക്കാൾ വശ്യത! 

ആദ്യ പ്രണയത്തിന്നാവേഗങ്ങൾ
ഉള്ളിൽ തീർത്തൊരാന്തോളനത്തിൽ
അന്ന് നിന്റെ കണ്ണുകളിൽ
നക്ഷത്രമത്സ്യങ്ങൾ
വർണ്ണചിറകുകൾ വീശി
നീന്തി തുടിച്ചു.

പണ്ടേ പറഞ്ഞുതീർത്തതും
പറയാതുള്ളിൽ കൊരുത്തതൊക്കെയും
നിനക്കെന്നോടുളളത്രമേൽ ഗാഢമാം
പ്രണയമായിരുന്നെന്നോ?

ആരും പറയാത്തൊരായിരം കഥകൾതന്നടിവേരുകളെ
ഉള്ളിലേറ്റിയ മൺതരികളറിയാതെ..
പ്രണയോന്മാദം പൂണ്ട് പൂത്തുലഞ്ഞ
പൂമരങ്ങളറിയാതെ…
നീ എന്നിൽ ചാർത്താൻ തുനിഞ്ഞ
ഹൃദയത്തിൻ പത്മരാഗങ്ങൾ,
ചുണ്ടോടടുക്കിയ മന്ത്രണങ്ങൾ
നമുക്കിടയിൽ ഉരുക്കഴിക്കാനാവാതിടറിവീണു.

തിരിച്ചറിയപ്പെടാതെപ്പോവുന്ന പ്രണയത്തീയിൽ
നീ ഉരുകിയൊലിക്കുമ്പോൾ
ഞാൻ നിന്റെ കണ്ണുകളിൽ മിന്നിതെളിഞ്ഞ
കൗതുകം മാത്രം തിരഞ്ഞു.

നഷ്ടപ്പെടലിന്റെ വ്രണിതവേദനയാൽ
ഉടഞ്ഞുപോയൊരു ഹൃദയം മറച്ചു വയ്ക്കാൻ
ഒരു പച്ച തുരുത്ത് തേടി നീ കിതക്കുമ്പോൾ
ഞാനോ അറിയാത്ത കപ്പിത്താന്റെ പായ്കപ്പലിൽ ഭാഗ്യാന്വേഷിയായി കയറി തീരം കാണാതലയുകയായിരുന്നു…

കത്തിയെരിയുന്ന ഗ്രീഷ്മാതപത്തിൽ
ഒരിലവട്ടത്തിൻ തണലിനായലഞ്ഞിട്ടും …
വ്രണിതപാദയായ് മരുഭൂവിലൊരുതരി പച്ച മണലിൻ ഗന്ധം തിരഞ്ഞിട്ടും 

സ്നേഹത്തിൻ ‑പ്രണയത്തിൻ‑കാമത്തിൻ കപടാഖ്യാനങ്ങൾക്കിടയിൽ
ഞാനിടറി കരിഞ്ഞുവീഴാതിരുന്നത്
അന്ന് നിന്റെ കണ്ണുകളിൽ പിടഞ്ഞ
വെൺ മത്സ്യത്തിന്റെ ‘ഗരിമ’ മറ്റൊന്നിലും തെളിയാത്തതിനാലാണ് ..

എത്ര ആഷാഢങ്ങൾ ആർത്തിരമ്പി..
എത്ര ശിശിരങ്ങൾ പെയ്തിറങ്ങി..
എത്ര ഗ്രീഷ്മങ്ങൾ വെന്തുരുകി..
നമ്മൾ ഇരു വഴി താണ്ടിയലയുമ്പോൾ?

എങ്കിലും, നോവിന്റെ കനത്ത മേലങ്കിയണിഞ്ഞ പഴകി പിന്നിയ ഹൃദയത്തിലേക്ക് നിന്റെ സ്നേഹമസൃണമൊരു മൊഴി എന്നെ തേടിയെത്തുന്ന മാത്രയിൽ..

പ്രിയനേ! നീ എന്നിൽ ബാക്കിയാക്കിയ
പ്രണയത്തിന്നാഴം തിരിച്ചറിയുന്നു ഞാൻ.

അതെന്റെ പ്രാണജലത്തിൽ കിടന്ന്
ജീവനായ് തുടിക്കുന്നെങ്കിലും…

അറിയുക നമ്മൾ !
കാലത്തിന്റെ വ്യാളീ മുഖങ്ങൾ
ഇരുലോകങ്ങളിൽ നമ്മെ
ബന്ധിതരായിരിക്കുന്നുവെന്ന് .
ഒരിക്കലും അഴിക്കാനാകാത്ത വിധം …
ഒരിക്കലും അകലാനാവില്ലെങ്കിലും…

Kerala State - Students Savings Scheme

TOP NEWS

December 19, 2025
December 19, 2025
December 18, 2025
December 18, 2025
December 18, 2025
December 18, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.